മുണ്ടിൻകഥ
ഗാന്ധിജിയെ ഒരു അടയാളചിഹ്നമാക്കിയതിൽ വേഷത്തിനുള്ള സ്ഥാനം ചെറുതല്ല. ആ വേഷം ഗാന്ധിജി തിരഞ്ഞെടുത്തത് ഒരു മലയാളിയുടെ വീട്ടിൽവച്ചാണ്. ആ ചരിത്ര നിമിഷത്തിനിപ്പോൾ നൂറു വയസ്സാകുന്നു. യുവാവായിരുന്നപ്പോൾ സായ്പിനെക്കാൾ വൃത്തിയായി സ്യൂട്ട് ധരിച്ചു നടന്ന ഗാന്ധിജി ദക്ഷിണാഫ്രിക്കയിലെ സമരദിനങ്ങൾക്കുശേഷം
ഗാന്ധിജിയെ ഒരു അടയാളചിഹ്നമാക്കിയതിൽ വേഷത്തിനുള്ള സ്ഥാനം ചെറുതല്ല. ആ വേഷം ഗാന്ധിജി തിരഞ്ഞെടുത്തത് ഒരു മലയാളിയുടെ വീട്ടിൽവച്ചാണ്. ആ ചരിത്ര നിമിഷത്തിനിപ്പോൾ നൂറു വയസ്സാകുന്നു. യുവാവായിരുന്നപ്പോൾ സായ്പിനെക്കാൾ വൃത്തിയായി സ്യൂട്ട് ധരിച്ചു നടന്ന ഗാന്ധിജി ദക്ഷിണാഫ്രിക്കയിലെ സമരദിനങ്ങൾക്കുശേഷം
ഗാന്ധിജിയെ ഒരു അടയാളചിഹ്നമാക്കിയതിൽ വേഷത്തിനുള്ള സ്ഥാനം ചെറുതല്ല. ആ വേഷം ഗാന്ധിജി തിരഞ്ഞെടുത്തത് ഒരു മലയാളിയുടെ വീട്ടിൽവച്ചാണ്. ആ ചരിത്ര നിമിഷത്തിനിപ്പോൾ നൂറു വയസ്സാകുന്നു. യുവാവായിരുന്നപ്പോൾ സായ്പിനെക്കാൾ വൃത്തിയായി സ്യൂട്ട് ധരിച്ചു നടന്ന ഗാന്ധിജി ദക്ഷിണാഫ്രിക്കയിലെ സമരദിനങ്ങൾക്കുശേഷം
ഗാന്ധിജിയെ ഒരു അടയാളചിഹ്നമാക്കിയതിൽ വേഷത്തിനുള്ള സ്ഥാനം ചെറുതല്ല. ആ വേഷം ഗാന്ധിജി തിരഞ്ഞെടുത്തത് ഒരു മലയാളിയുടെ വീട്ടിൽവച്ചാണ്. ആ ചരിത്ര നിമിഷത്തിനിപ്പോൾ നൂറു വയസ്സാകുന്നു.
യുവാവായിരുന്നപ്പോൾ സായ്പിനെക്കാൾ വൃത്തിയായി സ്യൂട്ട് ധരിച്ചു നടന്ന ഗാന്ധിജി ദക്ഷിണാഫ്രിക്കയിലെ സമരദിനങ്ങൾക്കുശേഷം മടങ്ങുമ്പോൾ വേഷം അവിടത്തെ ഗുജറാത്തി തൊഴിലാളികളുടെ വെള്ള കുർത്തയും ദക്ഷിണേന്ത്യൻ ശൈലിയിലുള്ള ദോത്തിയുമായിരുന്നു.
ദക്ഷിണേന്ത്യൻ പര്യടനത്തിനിടയ്ക്കു മധുരയിലെത്തിയ ഗാന്ധിജി താമസിച്ചത് ബാരിസ്റ്റർ ജോർജ് ജോസഫിന്റെ വീട്ടിലാണ്. ജോർജ് ജോസഫിനെ ഓർമയില്ലേ? മോട്ടിലാൽ നെഹ്റുവിന്റെ ‘ഇൻഡിപെൻഡന്റി’ന്റെയും ഗാന്ധിജിയുടെ ‘യങ് ഇന്ത്യ’യുടെയും പത്രാധിപരായിരുന്ന സ്വാതന്ത്ര്യസമര നേതാവ്. ഗാന്ധിജിയുടെ മുതൽ മുഹമ്മദലി ജിന്നയുടെ വരെ പത്രാധിപരായിരുന്ന പോത്തൻ ജോസഫിന്റെ സഹോദരൻ. ഗാന്ധിജി ഒരിക്കൽ ചെങ്ങന്നൂരിൽ വന്നപ്പോൾ ഇവരുടെ ഈരയിൽ എന്ന കുടുംബവീട്ടിലാണു താമസിച്ചത്.
ജോർജ് ജോസഫിന്റെ മധുരയിലെ വീട്ടിൽ ഗാന്ധിജിയെ കാണാൻ വന്നവരെല്ലാം അൽപവസ്ത്രധാരികളാണെന്നതു ഗാന്ധിയെ ഞെട്ടിക്കുകയുണ്ടായി. തന്റെ ഗുജറാത്തിലും ഉത്തരേന്ത്യയിലൊക്കെയും ആളുകൾ പുറത്തിറങ്ങുന്നത് മോടിയായി വസ്ത്രധാരണം ചെയ്തുകൊണ്ടാണ്. ഇവിടെ എന്തേ ഇങ്ങനെ എന്നു ജോർജിനോടും രാജാജിയോടും ഗാന്ധിജി ചോദിച്ചപ്പോൾ ദാരിദ്ര്യം കാരണം അവർക്ക് ഇതിനേ കഴിവുള്ളൂവെന്ന മറുപടി ഗാന്ധിജിയെ കൂടുതൽ ഞെട്ടിച്ചു.
അന്നു രാത്രി ഉണർന്നിരുന്ന സമയമത്രയും ഗാന്ധിജി ആലോചിച്ചത് ഇക്കാര്യമാണ്. രാവിലെ അദ്ദേഹം മുറിയിൽനിന്നു പുറത്തുവന്നത് പിന്നീട് തന്റെ ട്രേഡ് മാർക്കായിത്തീർന്ന വേഷത്തിലാണ്: മുട്ടോളമുള്ള മുണ്ടും തോൾ മൂടാൻ ഒരു ഷാളും. വിദേശയാത്രയിൽ പോലും ഗാന്ധിജിയുടെ വേഷം ഇതായിരുന്നു. അതുകൊണ്ടാണ് അദ്ദേഹത്തിന് ‘അർധനഗ്നനായ ഫക്കീർ’ എന്ന പരിഹാസപ്പേരിടാൻ ചർച്ചിലിനു കഴിഞ്ഞത്.
പല പുസ്തകങ്ങളിലും ഈ വസ്ത്രമാമോദീസയുടെ തീയതി പല വിധത്തിലാണ്. ചിലതിൽ 1923. മറ്റുചിലതിൽ 1925. ജോർജ് ജോസഫിന്റെ വീട്ടിൽവച്ച് എന്നു പല പുസ്തകങ്ങളിലും കൃത്യമായി പറയുന്നെങ്കിലും മധുരയിൽവച്ച് എന്നു മാത്രമേ മറ്റു ചില പുസ്തകങ്ങളിൽ പറയുന്നുള്ളൂ. വസ്ത്രങ്ങളെപ്പറ്റിയുള്ള ഏറ്റവും നല്ല ഫലിതം ഗാന്ധിജി പറഞ്ഞത് ഇതിനൊക്കെ ശേഷമാണ്. പത്തു വർഷം കഴിഞ്ഞ് 1931ൽ ഇംഗ്ലണ്ടിലെത്തി ബ്രിട്ടിഷ് ചക്രവർത്തിയെ കാണുമ്പോൾ ഗാന്ധിജിയുടെ വേഷം മുട്ടറ്റമുള്ള ഈ ധോത്തിയും മേൽമുണ്ടും തന്നെയായിരുന്നു. കണ്ടിറങ്ങുമ്പോൾ ഒരു പത്രലേഖകൻ ചോദിച്ചു: ചക്രവർത്തി ദർശനത്തിനു വേഷം അൽപം കമ്മിയായിപ്പോയില്ലേ?
‘‘ഞങ്ങൾ രണ്ടു പേർക്കും വേണ്ടത്ര വസ്ത്രം ചക്രവർത്തി ധരിച്ചിരുന്നല്ലോ’’ എന്നായിരുന്നു ഗാന്ധിജിയുടെ നർമം.
ചില ക്ഷേത്രങ്ങളിൽ കയറാൻ പുരുഷന്മാർ ഷർട്ട് ഊരണമെന്ന നിബന്ധനയുള്ള തിരുവിതാംകൂറിൽ ആലപ്പുഴ കടൽപാലത്തിൽ കയറാൻ ചെല്ലുന്നവരൊക്കെ ഉടുപ്പു ധരിച്ചിരിക്കണമെന്ന് ഒരുകാലത്തു നിയമം ഉണ്ടായിരുന്നു. കടൽപാലത്തിന്റെ നിർമാതാവും പരിഷ്കാരാഭിലാഷിയുമായ വർണിഡ് സായ്പ് ഇത് ആലപ്പുഴയിലാകെ വിളംബരം ചെയ്യുക മാത്രമല്ല, ഉടുപ്പില്ലാത്തവരെ കയറ്റിവിടാതിരിക്കാൻ ആറു രൂപ ശമ്പളത്തിൽ ഒരാളെ ഏർപ്പാടാക്കുകകൂടി ചെയ്തു. മനോരമ പത്രത്തിൽ നൂറു വർഷത്തിനപ്പുറം വന്ന വാർത്തകൾ ഉദ്ധരിച്ചുചേർക്കുന്ന ‘നൂറു വർഷം മുൻപ്’ എന്ന പംക്തിയിൽ ഞാൻ വായിച്ചതാണിത്.
ഇന്നൊക്കെ സ്കൂളിൽ പഠിക്കാൻ യൂണിഫോം നിർബന്ധിതമാണെങ്കിലും മാർത്തോമ്മാ വലിയ മെത്രാപ്പൊലീത്ത ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം ആദ്യമായി സ്കൂളിൽ പോയത് ഒറ്റത്തോർത്തു മാത്രം ഉടുത്തായിരുന്നു. കോണകവും അതിനു മുകളിൽ ‘കുറിയാണ്ട്’ എന്നു നാട്ടിടകളിൽ പറയുന്ന ഒറ്റത്തോർത്തുമായിരുന്നു ആദ്യ ക്ലാസിൽ കടമ്മനിട്ട രാമകൃഷ്ണന്റെ വേഷം.
വേളൂർ കൃഷ്ണൻകുട്ടിയുടെ കാലമായപ്പോഴേക്ക് വള്ളിനിക്കറായെങ്കിലും ഉടുപ്പില്ലായിരുന്നു. ഉടുപ്പിന്റെ അഭാവം ആ രണ്ടു വള്ളികളാണ് പരിഹരിച്ചിരുന്നത്.
മുണ്ട് ഒരിക്കലും നന്നായി മുറുക്കിയുടുക്കാത്ത എം.ടി. വാസുദേവൻ നായരെപ്പറ്റി ഡോ. പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ ഒരു തട്ടുണ്ട്: മുണ്ടുടുപ്പിക്കാൻ ഒരാളെ ശമ്പളം കൊടുത്തു നിർത്തിയാലും തെറ്റില്ല. കേരളത്തിൽ മന്ത്രിയായിരുന്ന ടി.വി. തോമസിന്റെ ട്രേഡ് മാർക്ക് വേഷമാണ് സൈഡിൽ ബട്ടൺ ഘടിപ്പിച്ചുള്ള ജൂബ. ഇതു ടിവിയുടെ മുഖമുദ്രയാവുന്നത് ചലച്ചിത്ര നടൻ ആലപ്പി വിൻസന്റ് മദ്രാസിൽനിന്നു സമ്മാനമായി കൊണ്ടുകൊടുത്തതിനുശേഷമാണ്.
മന്ത്രി കെ. എം. മാണി ദിവസവും മൂന്നു നേരം കുളിക്കുകയും മൂന്നു നേരവും വസ്ത്രം മാറുകയും ചെയ്യുമായിരുന്നു. നൂറ്റിയേഴാം വയസ്സിലും നമ്മോടൊപ്പമുള്ള തിരുവനന്തപുരത്തെ അഡ്വ. കെ. അയ്യപ്പൻപിള്ള ദിവസവും മൂന്നു നേരം വേഷം മാറും. വൈകുന്നേരം പരിപാടിയുണ്ടെങ്കിൽ കുളിക്കാതെ പുറപ്പെടില്ല.
അധ്യാപകനും എഴുത്തുകാരനും പ്രസാധകനുമായിരുന്ന എം.പി. പോളിനെപ്പറ്റി മകൾ റോസി തോമസ് പറയുന്നു: ‘‘ജൂബയോ ഉടുപ്പോ ദേഹത്തിടുന്നത് എന്തായാലും മണിക്കൂറുകൾ കൂടുമ്പോൾ ഊരി കൊട്ടയിലേക്കെറിയും. ഒരിക്കൽ ദേഹത്തു തൊട്ടാൽപിന്നെ അതു കൈകൊണ്ടു തൊടില്ല. അപ്പന്റെ അതേ സ്വഭാവം ഇളയമകനും പകർന്നു കിട്ടിയിട്ടുണ്ട്. ഒരു ഉടുപ്പിട്ട് തൊട്ടടുത്ത കടയിൽ പോയി പഴം വാങ്ങി വന്നതേയുള്ളൂവെങ്കിൽപോലും അതു പിന്നെ അലക്കാതെ ബോധിക്കില്ല.’’
English Summary: ‘Kadhakoottu’ Column written by Thomas Jacob on using different types of cloths