മരിക്കാൻ ഒരു തീയതി നിശ്ചയിച്ചു കിട്ടിയാൽതന്നെ പാതി ജീവൻ പോകും. അപ്പോൾ മരിക്കാൻ ഇടയുള്ള പല തീയതികൾ എഴുതിക്കിട്ടിയതായി തോന്നിയാലോ?
ആയുർ ദൈർഘ്യത്തിന് പല അവസരങ്ങളിലും വരാവുന്ന തടസ്സങ്ങളെപ്പറ്റി ജ്യോത്സ്യൻ പറഞ്ഞിട്ടുള്ളതുകൊണ്ട് കവി കടമ്മനിട്ട രാമകൃഷ്ണന് ഇടയ്ക്കിടെ മരണഭയം ഉണ്ടാകുമായിരുന്നെന്ന് ഭാര്യ ശാന്ത പറയുന്നു.
ജാതകപ്രകാരം മുപ്പത്തിരണ്ടാമത്തെ വയസ്സിൽ മരണം ഏതാണ്ട് ഉറപ്പായിരുന്നുവെന്നു കരുതി മരണത്തെ കവി കാത്തിരുന്നു. ‘‘കൊച്ചാട്ടന് ആ സമയത്ത് വലിയ പേടിയായിരുന്നു. ഞാനിപ്പ ചാവുമെടിയേ എന്ന് ഇടയ്ക്കിടെ പറഞ്ഞുകൊണ്ടിരിക്കും.’’
അതുകഴിഞ്ഞതോടെ ജാതകത്തിൽ അടുത്തതായി പറഞ്ഞിരിക്കുന്നത് നാൽപത്തൊൻപതിലാണ്. ‘‘ആ സമയത്തും കൊച്ചാട്ടൻ നന്നായി പേടിച്ചു. ഞാൻ ഈ വർഷം തന്നെ മരിക്കുമെന്ന് വരുന്നവരോടും പോകുന്നവരോടുമൊക്കെ ചുമ്മാ പറഞ്ഞുകൊണ്ടിരുന്നു. അന്നും കാലൻ തോറ്റോടിയതിൽ കൊച്ചാട്ടൻ ആശ്വസിച്ചു.’’
ജാതകപ്രകാരം അടുത്ത ദശാസന്ധി എഴുപത്തിരണ്ടാം വയസ്സിലാണ്. ‘‘അന്നും കാലൻ കുരുക്കിടാൻ വന്നുവെന്ന് പറഞ്ഞ് കൊച്ചാട്ടൻ ചിരിക്കുമായിരുന്നു. ഇനി ഞാൻ മരിക്കില്ലെന്നു പറഞ്ഞായിരുന്നു ആ ചിരി’’ എന്ന് ‘ദീപിക’യുമായുള്ള അഭിമുഖത്തിൽ ശാന്ത പറഞ്ഞു.
എഴുപത്തിരണ്ട് പൂർത്തിയാക്കി ഏതാനും നാളുകൾ കഴിഞ്ഞപ്പോൾ കടമ്മനിട്ട കടന്നുപോയി.
‘സാഹിത്യവാരഫല’ത്തിലൂടെ യശസ്വിയായ എം. കൃഷ്ണൻനായരും ജീവിതം നീട്ടിക്കിട്ടിയ ആളാണ്. കൃഷ്ണൻ നായർക്ക് ഒരു അനിയത്തിയുണ്ടായപ്പോൾ ജാതകം എഴുതാൻ കൃഷ്ണൻനായരുടെ ജാതകം കുറിച്ച കരിച്ചൽ കേശവനെത്തന്നെ വിളിച്ചു.
കേശവൻ വന്നു. ‘‘ഞാൻ വീണ്ടും മിഥുനം 22ന് വരാം’’ എന്നു മാത്രം പറഞ്ഞിട്ട് പോയി.
മിഥുനം 22ന് ലളിത മരിച്ചു. ലളിതയ്ക്ക് രണ്ടു വയസ്സായിരുന്നു.
കൃഷ്ണൻനായർ പറയുന്നു. കേശവൻ എന്ന വലിയ ജ്യോത്സ്യൻ എഴുതിയ എന്റെ ജാതകത്തിൽ അറുപതാം വയസ്സിൽ ഞാൻ മരിക്കുമെന്ന് അസന്ദിഗ്ധമായി പറഞ്ഞിരുന്നു. അറുപതു കഴിഞ്ഞയുടനെ ഞാൻ ആ ജാതകം തീയിലേക്കെറിഞ്ഞു. എൺപത്തിനാലു വയസ്സുവരെ അദ്ദേഹം നമ്മോടൊപ്പമുണ്ടായിരുന്നു.
തനിക്ക് മുപ്പത്തേഴു വയസ്സു വരെയേ ആയുസ്സൂള്ളുവെന്ന് എല്ലാ ജ്യോത്സ്യന്മാരും പറഞ്ഞിട്ടുണ്ടെന്ന് കെ. ബാലകൃഷ്ണൻ കൗമുദിയിലെ ചോദ്യോത്തരപംക്തിയിൽ പറഞ്ഞിരുന്നു. ഷഷ്ടിപൂർത്തി ആഘോഷിച്ച ശേഷമാണ് അദ്ദേഹം വിടവാങ്ങിയത്.
കാട്ടുകള്ളൻ വീരപ്പൻ പ്രത്യേക ദൗത്യസേനയുടെ വെടിയേറ്റു മരിച്ചത് 2004 ഒക്ടോബറിലാണ്. വീരപ്പന്റെ ജാതകം പിന്നീട് ദൗത്യസേനയുടെ കൈകളിലെത്തി. ഈ മനുഷ്യൻ നിഷ്ഠുരനും കൗശലക്കാരനുമായിരിക്കുമെന്ന് അതിൽ പറയുന്നു. 2004 നുശേഷമുള്ള ഒരു കാര്യവും അതിൽ പറയുന്നുമില്ല.
താൻ ഇരുന്ന അതേ പദവിയിൽ മകനും കൊച്ചുമകനും ഇരിക്കുമെന്ന് മുൻ വിദേശകാര്യ സെക്രട്ടറി കെ.പി.എസ്. മേനോന്റെ ജാതകത്തിലുണ്ടായിരുന്നുവത്രേ. അതെന്തായാലും കെ.പി.എസിന്റെ മകൻ കെ.പി.എസ്. മേനോൻ ജൂനിയറും ആ മകന്റെ സഹോദരീ പുത്രൻ ശിവശങ്കർ മേനോനും വിദേശകാര്യ സെക്രട്ടറിമാരായി.
സി. വി. രാമൻപിള്ളയുടെ കൊച്ചുമകനായ ഗോപിനാഥന്റെ കാര്യത്തിൽ ജ്യോതിഷപ്രവചനം എത്ര കിറുകൃത്യമായിരുന്നുവെന്നു നോക്കുക. കന്യാകുമാരിയിലേക്ക് ഒരു ഉല്ലാസയാത്ര പോയ ഗോപിനാഥൻ അക്കാലത്തു പ്രശസ്തയായിരുന്ന ‘മുരുകൻ ജ്യോത്സ്യർ’ എന്ന സ്ത്രീയെ കണ്ടു. അവർ തമിഴ് കലർന്ന മലയാളത്തിൽ പറഞ്ഞു: ‘നീ ഉലകത്തോട് പേശിക്കൊണ്ടേയിരിക്കും... ആർക്കും ഉന്നോട് തിരുമ്പ പേശ മുടിയാത്.’
അവർ പറഞ്ഞതുപോലെ ഗോപിനാഥൻ ലോകത്തോട് സംസാരിച്ചുകൊണ്ടേയിരുന്നു. തിരിച്ച് ആർക്കും ഒന്നും ചോദിക്കാനും കഴിഞ്ഞില്ല.
‘ആകാശവാണി, വാർത്തകൾ വായിക്കുന്നത് ഗോപൻ’ എന്ന പേരിൽ നാം അദ്ദേഹത്തെ അറിയുന്നു.
ഒരു ദുശ്ശകുനത്തെപ്പറ്റിക്കൂടി പറയട്ടെ.
മേയ് 20, 1991. ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാനായി രാജീവ് ഗാന്ധിയും സോണിയ ഗാന്ധിയും നിർമാൺ ഭവനിലെ പോളിങ് ബൂത്തിൽ എത്തുന്നു. പത്തൊൻപതു വയസ്സു തികഞ്ഞതിനാൽ ആദ്യമായി വോട്ടവകാശം വിനിയോഗിക്കാനായി പ്രിയങ്കാഗാന്ധിയുമുണ്ട് കൂടെ. ഫൊട്ടോഗ്രഫർമാരുടെ പ്രളയം.
എല്ലാം ശുഭമാവട്ടെ എന്നാശംസിക്കാൻ ഒരു പാർട്ടിപ്രവർത്തകൻ പൂജാതാലിയുമായി പ്രത്യക്ഷപ്പെടുന്നു. നേതാക്കളുടെയും പത്രപ്പടയുടെയും ഇടയിലൂടെ പരിഭ്രമത്തോടെ നീങ്ങി രാജീവിന്റെ മുന്നിലെത്തി സിന്ദൂരം അണിയിക്കാൻ ശ്രമിക്കുന്നതിനിടെ പൂജാപാത്രം അയാളുടെ കയ്യിൽ നിന്നും താഴെപ്പോയി. രാജീവിന്റെ തൊട്ടുപിന്നിലുണ്ടായിരുന്ന സോണിയ ഗാന്ധി നിന്ന നിൽപിൽ മരവിച്ചു.
വോട്ടുചെയ്യാനെത്തിയപ്പോൾ ഒട്ടേറെ സ്ഥാനാർഥികളുടെ പേരും ചിഹ്നവുമുള്ള വലിയ ബാലറ്റ് പേപ്പറിൽ കോൺഗ്രസ് സ്ഥാനാർഥിയുടെ ‘കൈ’ ചിഹ്നം കണ്ടുപിടിക്കാൻ തന്നെ സോണിയ ബുദ്ധിമുട്ടുന്നു. വോട്ടു രേഖപ്പെടുത്താൻ കഴിയാതെ മടങ്ങേണ്ടിവരുമോ എന്നുപോലും താൻ ഭയന്നുപോയെന്ന് സോണിയ പിന്നീടൊരിക്കൽ പറഞ്ഞിട്ടുണ്ട്.
പിറ്റേന്ന് പത്രങ്ങളിൽ വന്ന, രാജീവ് ഗാന്ധിയുടെ ജീവനോടെയുള്ള അവസാനത്തെ ചിത്രമായിരുന്നു അത്. ആ പിറ്റേന്ന് ശ്രീപെരുംപുത്തൂരിൽ അദ്ദേഹം കൊല്ലപ്പെട്ടു.
English Summary: Kadhakkoottu column written by Thomas Jacob on predictions