പഠനവൈഭവം

HIGHLIGHTS
  • വൈകി ആരംഭിച്ച് പഠനത്തിൽ മികവു കാട്ടിയവർ
Kadhakkoottu-art-img-2021-October-16
ഡി. ദാമോദരൻ പോറ്റി, സി.പി. നായർ, ബാബു ജേക്കബ്, സേതു
SHARE

വിദ്യയ്ക്കോ ഉച്ചക്കഞ്ഞിക്കു വേണ്ടിയെങ്കിലുമോ അഞ്ചാം വയസ്സിൽ തന്നെ സ്കൂളിൽ പോയിത്തുടങ്ങാത്ത കുട്ടികൾ ഇന്നു കുറവായിരിക്കും.

പക്ഷേ, പണ്ട് ഇങ്ങനെയായിരുന്നില്ല. സമ്പന്നരിലെ ജാതിചിന്തയുള്ളവർ അവരുടെ കുട്ടികളെ സ്കൂളിലയയ്ക്കാതെ വീട്ടിലിരുത്തി പഠിപ്പിക്കാൻ അധ്യാപകരെ കണ്ടെത്തി.

അന്നൊക്കെ നമ്പൂതിരിക്കുട്ടികൾ ഉപനയനത്തിനും സമാവർത്തനത്തിനും ശേഷമേ സ്കൂളിൽ ചേർന്നു പഠിക്കാറുണ്ടായിരുന്നുള്ളൂ. അതുകാരണം വാസ്തുശിൽപ വിദഗ്ധൻ കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് ആദ്യമായി സ്കൂളിൽ ചേർന്നത് ആറാം ക്ലാസിലാണ്.

അന്നു വൈകി സ്കൂളിൽ ചേരാൻ ഒരു എളുപ്പവഴിയുണ്ടായിരുന്നു. പ്രായത്തിനനുസരിച്ചു ചേരാവുന്ന ക്ലാസിൽ ചേർക്കാൻ ഒരു അപേക്ഷ നൽകുക. അപ്പോൾ ഹെഡ്മാസ്റ്റർ, ആ ക്ലാസിലേക്കുള്ള പ്രവേശനത്തിനായി ഒരു പരീക്ഷ നടത്തും. ജയിച്ചാൽ ആ ക്ലാസിൽ പ്രവേശിപ്പിക്കും. തോറ്റാലും വലിയ നഷ്ടം ഉണ്ടാവില്ല. തൊട്ടുതാഴത്തെ ക്ലാസിൽ ചേർക്കും.

വീട്ടിൽ ട്യൂഷൻ ഉണ്ടായിരുന്നതിനാൽ മഹാകവി അക്കിത്തം പതിനഞ്ചാം വയസ്സിലാണ് സ്കൂളിൽ ചേരുന്നത്. ഇംഗ്ലിഷ് പഠിക്കണമെന്നു ചെറുപ്പത്തിലേ ആഗ്രഹമുണ്ടായിരുന്നു. സ്വന്തം പേരെഴുതാൻ മാത്രമുള്ള ഇംഗ്ലിഷ് അറിയാമായിരുന്ന അച്ഛൻ സമ്മതിച്ചില്ല. ‘‘കുടുമ മുറിക്കേണ്ടി വരും. അതു പറ്റില്ല. സംസ്കൃതം പഠിച്ചാൽ മതി’’– അദ്ദേഹം പറഞ്ഞു.

ഒരു ദിവസം പരസ്പരം സംസാരിച്ചുകൊണ്ട് നടന്നുവന്ന രണ്ടുപേർ അക്കിത്തം അമ്പലക്കുളത്തിൽ കുളിച്ചുകൊണ്ടു നിൽക്കുന്നതു കണ്ട് സംസാരം ഇംഗ്ലിഷിലാക്കി. അതു തന്നെ അപമാനിക്കാനാണെന്നു മനസ്സിലായ അക്കിത്തം ഇംഗ്ലിഷ് പഠിക്കണമെന്നു തീരുമാനിച്ചു. കടുത്ത ശാരീരിക പീഡകൾക്കു ശേഷമാണ് ഇംഗ്ലിഷ് പഠിക്കാൻ അനുവാദം കിട്ടിയത്. 

ടി. ഉണ്ണിക്കൃഷ്ണമേനോനായിരുന്നു ഇംഗ്ലിഷ് ട്യൂട്ടർ. ‘‘അദ്ദേഹം ഇല്ലായിരുന്നെങ്കിൽ ഞാനുമില്ല, എന്റെ കവിതയുമില്ല’’ എന്ന് അക്കിത്തം പറയുന്നു.

കേരള നിയമസഭാ സ്പീക്കറായിരുന്ന ഡി. ദാമോദരൻ പോറ്റി കൊട്ടാരക്കര ഹൈസ്കൂളിൽ പഠിക്കാനെത്തുംമുൻപ് പള്ളിക്കൂടം കണ്ടിട്ടുപോലുമില്ലായിരുന്നു. വീട്ടിൽ അധ്യാപകരെ വരുത്തി പഠിപ്പിക്കുകയായിരുന്നു അതുവരെ. സ്കൂളിൽ ചേർക്കാൻ കൊണ്ടുപോകുമ്പോൾ ‘പള്ളിക്കൂടം എങ്ങനെയായിരിക്കുമെന്നോർത്തു പേടിച്ച് എനിക്കു കരച്ചിൽ വന്നു’ എന്നു ദാമോദരൻ പോറ്റി എഴുതിയിട്ടുണ്ട്.

കുഞ്ഞായിരിക്കുമ്പോഴേ ത്വക്ക് രോഗം വന്നതിനാൽ സംസ്കൃത പണ്ഡിതൻ ഡോ. എം.എസ്. മേനോനെ എട്ടാം വയസ്സിലാണ് സ്കൂളിൽ ചേർത്തത്. പക്ഷേ, എട്ടു വർഷത്തെ സ്കൂൾ പഠനം ഡബിൾ പ്രമോഷൻ വഴി നാലു വർഷംകൊണ്ടു പൂർത്തിയാക്കി അദ്ദേഹം നഷ്ടപ്പെട്ട വർഷങ്ങൾ വീണ്ടെടുത്തു.

അച്ഛന്റെ കൂടെ അഞ്ചു വയസ്സുവരെ പുണെയിലായിരുന്ന നോവലിസ്റ്റ് സേതു നാട്ടിൽ വന്ന് രണ്ടാം ക്ലാസിൽ ചേരാൻ പരീക്ഷയെഴുതി. ഹെഡ്മാസ്റ്റർ സേതുവിന്റെ വൈഭവംകണ്ട് മൂന്നാം ക്ലാസിൽ ചേർത്തു. ആ വൈഭവം ഇപ്പോൾ അദ്ദേഹത്തിന്റെ ആത്മകഥയ്ക്കു പേരിടുന്നതിലും സേതു കാട്ടിയിരിക്കുന്നു; അക്കങ്ങളിൽ കൊത്തിയ അക്ഷരങ്ങൾ.

സംസ്ഥാന ചീഫ് സെക്രട്ടറിയായിരുന്ന സി.പി. നായരെ സ്കൂളിൽ ചേർക്കുന്നതു നാലാം ക്ലാസിലാണ്. തിരുവല്ലയിൽനിന്നു ഡിവിഷനൽ സ്കൂൾ ഇൻസ്പെക്ടർ ചെങ്ങന്നൂർ കീഴ്ച്ചേരിമേൽ മലയാളം പ്രൈമറി സ്കൂളിൽ വന്നു ഭാഷയും കണക്കും പരീക്ഷയിട്ടു. അറുപതു ശതമാനത്തിൽ കൂടുതൽ മാർക്ക് കിട്ടിയതിനാൽ നാലാം ക്ലാസിലെടുത്തു. എസ്എസ്എൽസി. പരീക്ഷയെഴുതുമ്പോൾ പതിനാലു വയസ്സിൽ കുറവാകയാൽ വിദ്യാഭ്യാസ ഡയറക്ടർ സുന്ദരരാജ നായിഡുവിന്റെ പ്രത്യേകാനുമതി വേണ്ടിവന്നു.

ഒന്നാംക്ലാസിൽ ഇരുത്താതെ നേരെ നാലാം ക്ലാസിലേക്കു പ്രമോഷൻ ലഭിച്ച കുട്ടിയാണ് കേരള ചീഫ് സെക്രട്ടറിയായിരുന്ന ബാബു ജേക്കബ്.

കെ.സി.എസ്. പണിക്കർ 1936ൽ മദ്രാസ് സ്കൂൾ ഓഫ് ആർട്സിൽ ചേരാൻ ചെന്നപ്പോൾ വിഖ്യാത ചിത്രകാരൻ ഡി.പി. ചൗധരിയായിരുന്നു പ്രിൻസിപ്പൽ. ചിത്രകലാ വിദ്യാർഥിക്കപ്പുറം ഒരു മികച്ച ചിത്രകാരൻ തന്നെയാണ് പണിക്കരെന്നു മനസ്സിലാക്കിയ ചൗധരി ആറു വർഷത്തെ കോഴ്സിൽ പണിക്കർക്കു മൂന്നാം വർഷത്തിലേക്കു നേരിട്ടു പ്രവേശനം നൽകി.

പതിനെട്ടാം വയസ്സിൽ സ്കൂളിൽ ചേർന്ന ചരിത്രമാണ് സംസ്കൃത പണ്ഡിതൻ ഡോ. കെ.പി. നാരായണ പിഷാരടിയുടേത്. എട്ടാം വയസ്സിൽ വലിയമ്മാവൻ ശേഖര പിഷാരടി കൂട്ടിക്കൊണ്ടുപോയി. എല്ലാം കേട്ടു പഠിക്കണം. എഴുതിവയ്ക്കാൻ പാടില്ല. നേരത്തേ പഠിച്ച ശ്ലോകങ്ങൾ ഓരോ ദിവസവും 50 തവണ ചൊല്ലി മനസ്സിലുറപ്പിക്കണം. പുതുതായി അന്നു പഠിക്കുന്ന ശ്ലോകങ്ങൾ 25 തവണ ചൊല്ലണം. പഞ്ചാംഗവും നിഴലിന്റെ അടി അളന്ന് നാഴിക, വിനാഴിക തിരിക്കാൻ അടിയളവും പഠിക്കണം.

അങ്ങനെ അമ്മാവന്റെ കൂടെ പഠനം തുടരുമ്പോഴാണ് തൃത്താല സംസ്കൃത സ്കൂളിൽ ചേരാൻ അവിടത്തെ അധ്യാപകൻ ഗോവിന്ദമേനോൻ നിർദേശിച്ചത്. ആറാം ക്ലാസ് പാഠ്യക്രമത്തിലുള്ള മാഘകാവ്യം പഠിച്ചിട്ടുള്ളതിനാൽ നാരായണനെ ആറാം ക്ലാസിലിരുത്തി.

മൂന്നു ദിവസംകൊണ്ട് നാരായണന്റെ അറിവിന്റെ ആഴം മനസ്സിലാക്കിയ അധ്യാപകൻ ഏഴാം ക്ലാസിലേക്കു കയറ്റം കൊടുത്തു. ഒരു മാസം കഴിഞ്ഞപ്പോൾ അധ്യാപകർ പറഞ്ഞു: ‘‘നാരായണൻ എട്ടാം ക്ലാസിലെ പരീക്ഷയ്ക്കു പണം അടച്ചുകൊള്ളുക.’’ അന്ന് എട്ടാം ക്ലാസിലാണ് കോളജിലേക്കുള്ള പ്രവേശന പരീക്ഷ.

അങ്ങനെ ഒരേ വർഷം മൂന്നു ക്ലാസിൽ!

Cntent Summary: ‘Kadhakoottu’ Column written by Thomas Jacob on Learning Skills

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS