കടൽത്തീരത്ത് ഒരു കന്യക
കന്യക കുര്യാക്കോസിനോടു കടൽ ചോദിച്ചു.. തനിച്ചായി അല്ലേ.. പേടിയുണ്ടോ ? കടൽത്തീരത്തിനടുത്തുള്ള ബീച്ച് ഹോസ്പിറ്റലിലേക്കു നോക്കി കന്യക കുര്യാക്കോസ് പറഞ്ഞു.. പേടിയുണ്ട്. ഐസിയുവിനെ.. അവിടം എനിക്ക് ഇഷ്ടമല്ല. ഐസിയുവിൽ കിടന്നാൽ ഡൈ ചെയ്യാൻ പറ്റില്ല. നൈറ്റ്ഡ്യൂട്ടി കഴിഞ്ഞ് ബീച്ച് ഹോസ്പിറ്റലിലെ നഴ്സുമാർ
കന്യക കുര്യാക്കോസിനോടു കടൽ ചോദിച്ചു.. തനിച്ചായി അല്ലേ.. പേടിയുണ്ടോ ? കടൽത്തീരത്തിനടുത്തുള്ള ബീച്ച് ഹോസ്പിറ്റലിലേക്കു നോക്കി കന്യക കുര്യാക്കോസ് പറഞ്ഞു.. പേടിയുണ്ട്. ഐസിയുവിനെ.. അവിടം എനിക്ക് ഇഷ്ടമല്ല. ഐസിയുവിൽ കിടന്നാൽ ഡൈ ചെയ്യാൻ പറ്റില്ല. നൈറ്റ്ഡ്യൂട്ടി കഴിഞ്ഞ് ബീച്ച് ഹോസ്പിറ്റലിലെ നഴ്സുമാർ
കന്യക കുര്യാക്കോസിനോടു കടൽ ചോദിച്ചു.. തനിച്ചായി അല്ലേ.. പേടിയുണ്ടോ ? കടൽത്തീരത്തിനടുത്തുള്ള ബീച്ച് ഹോസ്പിറ്റലിലേക്കു നോക്കി കന്യക കുര്യാക്കോസ് പറഞ്ഞു.. പേടിയുണ്ട്. ഐസിയുവിനെ.. അവിടം എനിക്ക് ഇഷ്ടമല്ല. ഐസിയുവിൽ കിടന്നാൽ ഡൈ ചെയ്യാൻ പറ്റില്ല. നൈറ്റ്ഡ്യൂട്ടി കഴിഞ്ഞ് ബീച്ച് ഹോസ്പിറ്റലിലെ നഴ്സുമാർ
കന്യക കുര്യാക്കോസിനോടു കടൽ ചോദിച്ചു.. തനിച്ചായി അല്ലേ.. പേടിയുണ്ടോ ?
കടൽത്തീരത്തിനടുത്തുള്ള ബീച്ച് ഹോസ്പിറ്റലിലേക്കു നോക്കി കന്യക കുര്യാക്കോസ് പറഞ്ഞു.. പേടിയുണ്ട്. ഐസിയുവിനെ.. അവിടം എനിക്ക് ഇഷ്ടമല്ല. ഐസിയുവിൽ കിടന്നാൽ ഡൈ ചെയ്യാൻ പറ്റില്ല.
നൈറ്റ്ഡ്യൂട്ടി കഴിഞ്ഞ് ബീച്ച് ഹോസ്പിറ്റലിലെ നഴ്സുമാർ വെളുത്ത തേനീച്ചകൾ കൂട്ടിൽ നിന്നിറങ്ങുന്നതു പോലെ പുറത്തേക്കു വരുന്നു... ഡ്യൂട്ടി കഴിഞ്ഞു വരുമ്പോൾ നഴ്സുമാരുടെ മുഖം ഒഴുക്കുവെള്ളത്തിൽ വീണ നന്ത്യാർവട്ടപ്പൂക്കളെ ഓർമിപ്പിക്കും. പലരും കൈകൾ കോർത്തുപിടിച്ചാണ് നടക്കുന്നതെന്ന് കന്യക ശ്രദ്ധിച്ചു. ചിലർ സഹപ്രവർത്തകയുടെ കൈത്തണ്ടകൾ വെറുതെ ചുംബിക്കുന്നു.
കന്യക കുര്യാക്കോസ് വിചാരിച്ചു... അവിവാഹിതരായ പെൺകുട്ടികൾക്ക് കൈത്തണ്ടകളോട് വല്ലാത്ത ക്രഷ് ഉണ്ട്.
കോഴിക്കോട് ബീച്ചിൽ രാവിലെ നടക്കാൻ വന്നതാണ് ഡോ. കന്യക കുര്യാക്കോസ്. റിട്ടയർ ചെയ്ത ഗൈനക്കോളജിസ്റ്റാണ് അവർ. കോഴിക്കോട്ട് ഏറ്റവും അധികം പ്രസവം കണ്ട ഡോക്ടർ. അവിവാഹിത യാണ്. പ്രായം 64. കണ്ടാൽ 46. വേഷത്തിൽ 36. കോഴിക്കോട്ടെ ബീച്ച് എന്നും രാവിലെ നടപ്പുകാരുടെ കടലാണ്. അവരിൽ ഈ നാലുപേർ ഒരു എന്നും ഗ്രൂപ്പായിരുന്നു.
വരദരാജ് ശ്രീനിവാസൻ.
ക്രിസ് മാത്യൂ
ആന്റണി പത്മനാഭൻ
കന്യക കുര്യാക്കോസ്.
ഈ സംഘത്തിന് ഒരു പേരുണ്ട് – റെഡ് ഹൽവ !
ഇവരിൽ ഇപ്പോൾ ഡോ. കന്യക മാത്രം ബാക്കി. മറ്റു മൂന്നു പേരും ഒരു വർഷത്തിനിടെ മരിച്ചു പോയി. ഒരു കുലയിലെ മാമ്പഴം ഓരോ കാറ്റിലെന്ന പോലെ..
ആദ്യം മരിച്ചത് വരദരാജ് ആണ്. 54 വയസ്. കൂട്ടത്തിൽ ഏറ്റവും ചെറുപ്പം. കുളിക്കുന്നതിനിടെ സോപ്പ് തേക്കാൻ കൈയുയർത്തുമ്പോൾ നെഞ്ചിലൊരു മിന്നൽ. ഹാർട്ട്അറ്റാക്കായിരുന്നു. അദ്ദേഹത്തെപ്പറ്റി മെട്രോ സപ്ളിമെന്റിൽ വന്ന ഫീച്ചറിൽ നിന്നാണ് റെഡ് ഹൽവ എന്ന വാക്ക് ആദ്യം പുറത്തറിയുന്നത്.
ഉത്തരേന്ത്യയിലെ ഒരു എൻഐടിയിൽ ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് വിഭാഗത്തിൽ ഫെലോ ആയിരുന്നു വരദരാജ്. രണ്ടു വർഷം മുമ്പ് അഭിലാഷ് ടോമിയുടെ ഏകാന്ത കടൽ സഞ്ചാരത്തിന്റെ കഥ വായിച്ച അദ്ദേഹത്തിന് പെട്ടെന്ന് കടലിനോട് ഇഷ്ടം തോന്നുന്നു. ജോലി രാജിവച്ച് നേരെ കോഴിക്കോട്ടേക്ക് വച്ചുപിടിക്കുന്നു.
കോഴിക്കോട്ട് എത്തുമ്പോൾ രാത്രി 12 മണി. അന്നേരം തന്നെ കടൽത്തീരത്തു പോകുന്നു. അവിടെ ചെല്ലുമ്പോൾ കടൽപ്പാലത്തിൽ ഒരു മെല്ലിച്ച ചെറുപ്പക്കാരൻ നിൽക്കുന്നതു കണ്ടു. കടലിനെ സ്നേഹിക്കുന്ന മറ്റൊരാളെക്കണ്ട ആവേശത്തിൽ വരദരാജ് കടൽപ്പാലത്തിൽ വലിഞ്ഞുകയറി അയാളുടെ അടുത്തേക്കു തത്തിത്തത്തി നടന്നു.
അയാൾ ഉറക്കെ വിളിച്ചു പറഞ്ഞു.. അടുത്തു വരരുത്..
വരദരാജ് പറഞ്ഞു.. വരും.
അതോടെ അയാൾ കടലിലേക്ക് ഒറ്റച്ചാട്ടം. ആത്മഹത്യ ചെയ്യാൻ ചാടിയതായിരുന്നു അയാൾ. കുട്ടികൾ വലകൊണ്ടുള്ള ബാസ്കറ്റിലേക്കു ചാടുന്നതുപോലെ കുസൃതിയായിട്ടേ വരദരാജിനു തോന്നിയുള്ളൂ. വരദരാജും കൂടെച്ചാടി.
മരിക്കാൻ ചാടിയവനെയും കൂട്ടി എങ്ങിനെയോ നീന്തി കര പറ്റി. തീരത്ത് തളർന്നിരിക്കുമ്പോൾ വരദരാജ് പറഞ്ഞു. കോഴിക്കോട്ടെ കടൽ വെള്ളത്തിൽ 3.4 ശതമാനം സാൾട്ടുണ്ട്. 2.2 ശതമാനമാണ് ഇന്റർനാഷനൽ സ്റ്റാൻഡാർഡ്. ചെന്നൈയിൽ 2.7. മുംബൈയിൽ 3.4.
ഉള്ളിൽക്കയറിയ ഉപ്പിന്റെ കടൽ ഛർദിച്ചുകൊണ്ടിരിക്കുകയായിരുന്ന ആ ചെറുപ്പക്കാരൻ അതു കേട്ട് പറഞ്ഞു.. സാമ്പാറിന് വേണ്ടത് 3 ശതമാനം സാൾട്ട്. നാരങ്ങാ പിക്കിളിന് 13. മാങ്ങായാണെങ്കിൽ 20 വരെയാകാം.. പായസത്തിനു പോലും ഉപ്പ് വേണം. പോയിന്റ് രണ്ടു ശതമാനം !
അടുക്കളയിലെ ഉപ്പുപോലെ അന്ന് അയാളെ കൂടെക്കൂട്ടിയതാണ്. അതിൽപ്പിന്നെ രണ്ടു വർഷമായി അയാളാണ് വരദരാജിന്റെ പാചകക്കാരൻ. നന്നായി ഭക്ഷണമുണ്ടാക്കും.
രാവിലെ നടക്കാൻ വരുമ്പോൾ വരദരാജിന്റെ കൈയിൽ ഒരു പൊതികാണും. ഹൽവ, കൊഴുക്കട്ട, പരിപ്പുവട, ബജി, നൂൽപ്പുഴുക്ക് അങ്ങനെ ഓരോ ദിവസവും ഓരോന്ന്.. ഇതു കഴിച്ചാൽ കൊലസ്ട്രോൾ കൂടും... വരദരാജ് പൊതി അഴിക്കുമ്പോൾ ക്രിസ് മാത്യു പറയും.. പുള്ളി കൊലസ്ട്രോൾ എന്നേ പറയൂ.. ള എന്ന വാക്ക് വഴങ്ങില്ല. പുള്ളിക്ക് അറിയാവുന്ന പെൺകുട്ടികൾ കൈയിൽ വലയും കാലിൽ തലയുമാണിടുന്നത്. വാവാ സുരേഷിനെ കണ്ടാൽ അദ്ദേഹത്തിന്റെ ഭാഷയിലെ പാമ്പുകൾ മാലത്തിൽ ഒലിക്കും !
ഇങ്ങനെയൊക്കെ പറയുമെങ്കിലും വരദരാജന്റെ പൊതിയിൽ നിന്ന് ആദ്യ പങ്കെടുക്കുന്നത് ക്രിസ് തന്നെയായിരിക്കും. ബീച്ചിനടുത്ത് ഒറ്റമുറിയിൽ ചിന്നപ്പൈയുടെ ദോശക്കടയുണ്ട്. ചില ദിവസങ്ങളിൽ നടപ്പു തീരുന്നത് ആ കടയിലെ തടിബെഞ്ചിലാണ്.
പുലർച്ചെ തുറന്നു വരുന്ന കടയിൽ കയറി ചൂടു ദോശയും ചമ്മന്തിയും കഴിക്കുന്നത് അതിരാവിലെ അമ്പലത്തിൽ പോകുന്നതുപോലെ സുന്ദരമായ അനുഭവമാണ്. രണ്ടിടത്തും അലയടിക്കുന്നത് സൗമ്യമായ അഗർബത്തിയുടെ മണം, മുല്ലപ്പൂമാല, അല്ലെങ്കിൽ ഗുരുവായൂരപ്പന്റെ കീർത്തനം !
അവധി ദിവസങ്ങളിൽ ബീച്ചിൽ വെളുത്ത കുതിരയുമായി ഒരു തമിഴൻ പയ്യൻ വരും. പയ്യന്റെ പേര് പളനിവേൽ. കുതിരയുടെ പേര് രജനീകാന്ത് ! പഴശ്ശി രാജയിൽ മമ്മൂട്ടി സാർ ഓട്ടിയത് ഇന്ത കുതിര എന്ന് പയ്യൻ പറയുന്നത് കേട്ട് കന്യകയ്ക്ക് അവന്റെ മുകളിൽ കയറാനൊരു ഒരു മോഹം.
പിറ്റേന്ന് ക്രിസ് മാത്യു വന്നത് മമ്മൂട്ടിയുടെ ജനനത്തീയതിയും പൊക്കിപ്പിടിച്ചു കൊണ്ടാണ്. പ്രായത്തിലല്ല, കാഴ്ചയിലാണ് കാര്യം എന്നായി കന്യകയുടെ വാദം. കാഴ്ചപ്പാടിലാണെന്ന് വരദരാജന്റെ തർക്കുത്തരം.
ഇങ്ങനെ തർക്കങ്ങൾ പതിവാണെങ്കിലും ഓരോ തർക്കവും തീരുമ്പോൾ അവർക്കിടിയിൽ സൗഹൃദത്തിന്റെ ഒരു പൂവിരിയുമായിരുന്നു.
ജന്മനാട് തഞ്ചാവൂരായിട്ടും നീയെന്തിനാ കോഴിക്കോട്ടു വന്നതെന്ന് വരദരാജിനോട് ഒരിക്കൽ കന്യക ചോദിച്ചു. അയാൾ പറഞ്ഞു.. വഴിയെ പോകുന്ന ചില പെൺകുട്ടികളെ കാണുമ്പോൾ കുറച്ചു നാൾ കൂടെക്കൂട്ടിയാലോ എന്നു തോന്നുന്നതുപോലെ നമ്മൾക്ക് ഇഷ്ടം തോന്നുന്ന ചില നഗരങ്ങളുണ്ട്. അതുപോലെ ഒന്നാണ് കോഴിക്കോട്.
ഇഷ്ടം തീർന്നാൽ താൻ തിരിച്ചു പോകുമോ എന്നായി അന്നേരം ക്രിസിന്റെ സംശയം. ഇഷ്ടം തീരുന്നതിനു മുമ്പേ മടങ്ങിപ്പോകുന്നതിലാണു കാര്യം എന്ന് വരദരാജിന്റെ മറുപടി. അയാൾ പോയി..
വരദരാജിന്റെ മരണശേഷം സംഘത്തിൽ അവർ മൂന്നു പേരായി. പിന്നെ ഒരു ആഴ്ചത്തേക്ക് ആരും നടക്കാൻ പോയില്ല. ബീച്ചിലെ ബഞ്ചിൽ കന്യകയെ നടുക്കിരുത്തി ഓർമകളുടെ കടലിലേക്കു നോക്കിയിരുന്നു. ഓരോ തിരയിലും സങ്കടങ്ങൾ കരയ്ക്കടിഞ്ഞു.
ആ മൂഡ് ഓഫ് തീർന്നത് ആന്റണി പത്മനാഭൻ ഒരു വീഡിയോ ക്ളിപ്പുമായി വന്ന ദിവസമാണ്. വാട്ടർ ടാങ്ക് ക്ളീൻ ചെയ്യാൻ ടെറസിനു മുകളിൽ കയറിയപ്പോൾ അയാൾ കണ്ടതാണ്.
അപ്പുറത്തെ ഫ്ളാറ്റിന്റെ ബാൽക്കണിയിൽ രണ്ടുപിള്ളേർ. ടീനേജിലുള്ള ഒരു പയ്യനും പെൺകുട്ടിയും. ആദ്യം കാണുന്നത് പാരപ്പെറ്റിനു മുകളിൽ അവരുടെ തലകൾ മാത്രം.
ആന്റണിയുടെ മൊബൈൽ ഫോൺ ക്യാമറ മെല്ലെ ടോപ് ആംഗിളിലേക്ക് ഉയരുന്നുണ്ട്.
അപ്പോൾ കാണാം. പാരപ്പെറ്റിന്റെ മറവിൽ അവർ കെട്ടിപ്പിടിച്ചിരിക്കുകയാണ്. എത്ര സൂം ചെയ്തിട്ടും പ്രണയത്തിന്റെ ഉൽസവങ്ങളുടെ വിശദാംശങ്ങളിലേക്ക് ക്യാമറയ്ക്ക് എത്താൻ കഴിയുന്നില്ല.
കന്യക കുര്യാക്കോസ് പറഞ്ഞു.. രണ്ടുപേരുടെയും മുഖം കാണാൻ പറ്റുന്നില്ല.
അവർ അങ്ങോട്ടു തിരിഞ്ഞിരുന്നാൽ ഞാൻ എന്തുചെയ്യും. നാളെ ഒന്നൂടെ നോക്കാം. വാട്ടർ ടാങ്കിന്റെ ഏറ്റവും ടോപ്പിൽ വരെ കയറണം. അതാണ് പ്രശ്നം.
ക്രിസ് പറഞ്ഞു.. അതു മാത്രമല്ല, സൂം ചെയ്യണം. അതിന് ഇതുപോലുള്ള ഊള ഫോൺ പോരാ.. 3000 പിക്സൽസ് വേണം. വേറെ ക്യാമറ കിട്ടുമോ എന്നു ഞാൻ നോക്കട്ടെ..
ഇപ്പോഴത്തെ പിള്ളേർക്ക് എന്തായാലും ഭയങ്കര ധൈര്യമാണ് എന്ന് കന്യക പറഞ്ഞതും എനിക്ക് അതിലും ധൈര്യമാണന്നു പറഞ്ഞ് ക്രിസ് അവരെ ബീച്ചിൽ വച്ച് പരസ്യമായി കെട്ടിപ്പിടിച്ചതും ഒറ്റ നിമിഷത്തിൽ സംഭവിച്ചു.
കന്യക പറഞ്ഞു... മതി.. ഇനി കൈയെടുക്ക്.. !
ആന്റണിയുടെ സങ്കടം.. ഈ രംഗം ഷൂട്ട് ചെയ്യാൻ എന്റെ ഊള ഫോണായാലും മതി. പെട്ടെന്നായതുകൊണ്ട് പക്ഷേ, പറ്റിയില്ല.
പെട്ടെന്ന് ആയിരുന്നു ക്രിസ് മാത്യുവിന്റെ മരണം. ഇന്റീരിയർ ഡിസൈനറായ ക്രിസിന് ചില അസുഖങ്ങളും എക്സെൻട്രിസിറ്റിയുമുണ്ടായിരുന്നു.
പാമ്പുകടിച്ചായിരുന്നു മരണം. അണിവിരലിന്റെ തുമ്പിൽ ഉമ്മവയ്ക്കുന്നതുപോലെ അണലി മൂന്നു കൊത്തി. കൊത്തുന്നത് അറിഞ്ഞെങ്കിലും കാൽ അനക്കാൻ കഴിഞ്ഞില്ല. കാരണം നനഞ്ഞ മണ്ണിന്റെ ഉള്ളിൽ ഒരു മാളമുണ്ടാക്കി അതിൽ കാലുകൾ രണ്ടും വച്ച് ഇളവെയിൽ കാഞ്ഞിരിക്കുകയായിരുന്നു ക്രിസ്.
പിഞ്ചുകുഞ്ഞുങ്ങൾ പാൽപ്പല്ലു കരുകരുക്കുമ്പോൾ അമ്മയുടെ മാറിൽ കടിക്കുന്നതുപോലെ ഒരു സുഖം ! അങ്ങനെ തോന്നി. അത് മരണമാണെന്ന് തിരിച്ചറിഞ്ഞില്ല.
ക്രിസും പോയതോടെ കടൽത്തീരത്ത് ആന്റണിയും കന്യകയും മാത്രമായി.
ആന്റണിയുടെ ഫോൺ രണ്ടു ദിവസമായി സ്വിച്ച് ഓഫ് ആണ്. വിളിച്ചാൽ ആരോ തമിഴിൽ അസുഖകരമായ ശബ്ദത്തിൽ എന്തൊക്കെയോ പറഞ്ഞു കൊണ്ടിരിക്കുന്നു.
ഇപ്പോൾ ലഭ്യമല്ലെന്നു മാത്രം കന്യകയ്ക്കു മനസ്സിലായി.
ഓരോ തവണ ഫോണിൽ കിട്ടാതെ വരുമ്പോഴും കന്യകയ്ക്ക് അയാളെ കാണണമെന്നുള്ള ആഗ്രഹം പെരുകി. ബീച്ചിലും റോഡിലുമെല്ലാം പഴയ ഓർമകളുടെ ഇടങ്ങളിലൂടെ അയാളെയും കൂട്ടി ഒന്നുകൂടി നടക്കണം. കുറച്ചു ദൂരം അതിവേഗം നടക്കണം. ഓടണം. പിന്നെ കുറച്ചുദൂരം മെല്ലെ നടക്കണം. കടൽത്തീരത്തെ ബഞ്ചിൽ ഇരിക്കണം. ചിലപ്പോൾ ആ നടപ്പിനിടെ അയാളുടെ കൈയിൽ താൻ മുറുക്കെപ്പിടിച്ചെന്നിരിക്കും. അപ്പോൾ അയാൾ പിടിവിടുവിക്കരുത്. താൻ എന്തു ചെയ്താലും അയാൾ അനുസരിക്കണം.
ഒരു തവണ കൂടി രജനീകാന്തിന്റെ പുറത്തു കയറണം. ഇതൊന്നും ഒരു ദിവസം കൊണ്ട് ചെയ്തു തീർക്കണമെന്നില്ല. പക്ഷേ ഇതൊക്കെ ചെയ്യണം. ഇതിനൊക്കെ ഒരാൾ കൂടെ വേണം. എന്തൊക്കെ തോന്നലുകളാണ് ! കന്യകയ്ക്ക് തന്നോടുതന്നെ കൗതുകവും അവിശ്വാസവും തോന്നി.
രാവിലെ നടക്കാൻ വരുന്നവർ വെറുതെയങ്ങു നടക്കുക മാത്രമല്ല ചെയ്യുന്നത്. ശരീരത്തിന്റെ ആരോഗ്യം മാത്രമല്ല, മനസ്സിന്റെ ആവശ്യം കൂടിയാണ് അത്തരം നടപ്പുകൾ. മനസ്സിന് പല പല ആവശ്യങ്ങൾ. ചിലത് നിഗൂഢം. ചിലത് വിചിത്രം, ചിലത് പൈപ്പ് വെള്ളം പോലെ ലളിതം.
നാലഞ്ചു ദിവസത്തിനു ശേഷം ആന്റണി പത്മനാഭൻ വന്നു. മരണത്തിന്റെ പേടി അയാളെ ബാധിച്ചിരുന്നു എന്ന് കന്യകയ്ക്കു മനസ്സിലായി. രണ്ടു ദിവസമായി ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഒന്നോ രണ്ടോ ദേവാലയങ്ങളിൽ സമയം ചെലവിടുകയായിരുന്നു എന്ന് അയാൾ പറഞ്ഞു. ആ ദേവാലയങ്ങളുടെ മുറ്റത്ത് കുറെ പ്രാവുകളെ അയാൾ കണ്ടിരുന്നു. അയാൾ അവയ്ക്ക് പിന്നെയും പിന്നെയും തീറ്റ കൊടുക്കാൻ ശ്രമിച്ചിരുന്നു. ആവശ്യത്തിലധികം തീറ്റ കണ്ടതോടെ പ്രാവുകൾ അയാളെ കണ്ടാലുടൻ പറന്നുപോകാൻ തുടങ്ങി.
കോഴിക്കോട് ബീച്ചിലെ സിമിന്റ് ബെഞ്ചിൽ അരികെ ഇരിക്കുമ്പോൾ ആന്റണി കന്യകയോടു പറഞ്ഞു.. എന്റെ ഹാർട്ബീറ്റ് ഒന്നു നോക്കാമോ?
കന്യക പറഞ്ഞു.. ഇടതു കൈ എന്റെ മടിയിൽ വയ്ക്കൂ..
അയാൾ അനുസരണയുള്ള കുട്ടിയെപ്പോലെ രണ്ടുകൈകളും കന്യകയുടെ മടിയിൽ വച്ചു. ജീവന്റെ തുടിപ്പുകളറിയാൻ കന്യക അയാളുടെ മണിബന്ധത്തിൽ അണിവിരൽ കൊണ്ടു തൊട്ടു. ജീവൻ വെള്ള നൂലിന്റത്ര നേർത്ത ഒരു ചെറിയ അരുവിയാണ്. ഉടലിലൂടെ അനുസ്യൂതം ആ അരുവി ഒഴുകുന്നു. അതിന്റെ ഓരത്ത് ഒഴുക്കിനെത്തൊട്ട് നിൽക്കുന്ന കുഞ്ഞിലയുടെ ഇളക്കമാണ് വിരലിൽ അറിയുന്ന ഹൃദയമിടിപ്പ്.
ആന്റണിയുടെ ഹൃദയം മിടിക്കുന്നില്ലെന്ന് കന്യകയ്ക്കു തോന്നി. ഒഴുക്കു നിലച്ച അരുവിയുടെ തീരത്ത് നിൽക്കുന്ന ഇലയാണ് തന്റെ വിരലെന്ന് കന്യകയ്ക്കു തോന്നി.
ആന്റണി ചോദിച്ചു.. ഞാൻ ഒരു കവിത ചൊല്ലട്ടേ..
അയാൾ ചൊല്ലാൻ തുടങ്ങി. കനിമൊഴിയുടെ ഒരു തമിഴ് കവിത..
......എവിടെയോ ഏറ്റ മുറിവുകൾക്ക്
മരുന്നായ്
അവളുടെ മടിയിൽ
തല ചായ്ക്കുമ്പോൾ
എനിക്കു താങ്ങായ് തീർത്ത ഗന്ധം ;
അതും കൂടി ചേർന്നതാണ്
അവൾ...
ആന്റണി പത്മനാഭൻ (61). അച്ഛൻ തമിഴനും അമ്മ മലയാളിയുമാണ്. പല്ലാവരം സ്വദേശി. ഫോട്ടോഗ്രഫിയാണ് ഇഷ്ടവിഷയം എന്നൊക്കെ പത്രത്തിൽ വന്ന വാർത്തയിൽ നിന്നാണ് കന്യക മനസ്സിലാക്കിയത്.
നാലുപേരുള്ള ആ നടപ്പുസംഘത്തിൽ ഇനി ഡോ. കന്യക കുര്യാക്കോസ് എന്ന ഗൈനക്കോളജിസ്റ്റ് മാത്രമേ ബാക്കിയുള്ളൂ എന്നും ആന്റണിയുടെ ചരമ വാർത്തയ്ക്കൊപ്പം നാലാം പേജിലെ പെട്ടിക്കുള്ളിൽ വന്ന ഒരു പ്രത്യേക വാർത്തയിൽ എഴുതിയിരുന്നു.
അന്ന് ആരൊക്കെയോ കന്യകയുടെ ഫോൺ നമ്പർ തേടിപ്പിടിച്ച് അവരെ വിളിച്ചു. മെഡിക്കൽ കോളജിൽ കന്യകയുടെ സീനിയറായ ഒരു ഡോക്ടർ അവരെ ഫോണിൽ വിളിച്ച് വിവാഹാഭ്യർഥനയും നടത്തി.
രണ്ടു ഡോക്ടർമാർ ഒരുമിച്ച് ജീവിക്കുമ്പോൾ ഒരാൾക്ക് മറ്റൊരാളെ സൂക്ഷ്മമായി നിരീക്ഷിക്കാനാകും എന്നതാണ് അദ്ദേഹം പറയുന്ന ന്യായം.
ഇപ്പോൾ ഫ്രീയല്ലെന്നു പറഞ്ഞ് കന്യക ഫോൺ കട്ട് ചെയ്തു. പിറ്റേന്നു രാവിലെ പതിവുപോലെ കന്യക കടൽത്തീരത്ത് നടക്കാൻ വന്നു. കോഴിക്കോട്ടെ കടൽ പൊതുവേ, രാവിലെയും വൈകിട്ടും വളരെ ഫ്രണ്ട‍്‍ലിയാണ്. അന്നെന്തോ കടൽ പതിവില്ലാതെ അശാന്തമായിരുന്നു.തീരത്തുകൂടി തനിയെ നടന്നു കൊണ്ടിരുന്ന കന്യകയുടെ അരികിലേക്ക് അയാൾ നടന്നു വന്നു. വരദരാജന്റെ പാചകക്കാരൻ പയ്യൻ.. !
കന്യകയ്ക്ക് അത്ഭുതം തോന്നി. വരദരാജന്റെ മരണ ശേഷം കുറെക്കാലമായി ഇവനെക്കുറിച്ച് ഒരു കാര്യവും അറിയുന്നുണ്ടായിരുന്നില്ല. വേറെ ആരുടെയെങ്കിലും അടുക്കളയിൽ ജോലിക്കു കയറിക്കാണുമെന്നാണ് കരുതിയത്. ജീവിക്കാൻ പണം കൈയിൽ വന്നാൽ ആളുകൾ തൊഴിലാളികളെ വെറുതെ അവിശ്വസിക്കാൻ തുടങ്ങുമെന്ന് എവിടെയോ വായിച്ചത് കന്യക ഓർമിച്ചു.
പാവം ! ഇവനെ വെറുതെ അവിശ്വസിച്ചു.
കന്യക ചോദിച്ചു.. എന്താ നിന്റെ പേര് ?
അഭിനന്ദു.
നല്ല പേര്. ന്ദ എന്ന അക്ഷരം ചേർന്ന പേരുകൾക്ക് ഒരു നാടൻ ഭംഗിയുണ്ട്. ചന്ദനം, നന്ദന, ചാന്ദ്നി, ഇന്ദു, മന്ദാരം..
അവൻ കൈയിൽ കരുതിയിരുന്ന പൊതിയഴിച്ചു. അതിൽ രണ്ടു കൊഴുക്കട്ടകൾ. കന്യകയ്ക്ക് വരദരാജിനെ ഓർമ വന്നു.
പാചകക്കാരൻ പയ്യൻ പറഞ്ഞു.. ഡോക്ടർ ഇതിൽ ഒരെണ്ണം എടുത്തോളൂ..
കന്യക ചോദിച്ചു... ഒരെണ്ണം മാത്രം ?
അവൻ പറഞ്ഞു.. അരിപ്പൊടി കൊണ്ട് ഉണ്ടാക്കിയതാണ്. ഒരെണ്ണം മധുരമുള്ളത്. രണ്ടാമത്തേത് ഉപ്പ്. ഇഷ്ടമുള്ളത് എടുക്കാം.
കന്യക ഒരെണ്ണം എടുത്തു.
പയ്യൻ പറഞ്ഞു... മധുരം ഉള്ളിൽ വച്ച കൊഴുക്കട്ടയാണ് ഡോക്ടർ എടുത്തത്. എനിക്കു വേണ്ടത് ഉപ്പുള്ളതാണ്.
അവൻ അതുമായി നടന്നുപോകുന്നതു കണ്ട് കന്യക വിളിച്ചു.. അഭിനന്ദൂ, നിൽക്കൂ..
തിരിഞ്ഞു നോക്കാതെയുള്ള മറുപടി... ഡോക്ടർ അടുത്തു വരരുത്..
കന്യക പറ്റാവുന്നത്ര ശബ്ദത്തിൽ വിളിച്ചു പറഞ്ഞു.. നീയുണ്ടാക്കുന്ന പലഹാരങ്ങൾ എനിക്കും ഇഷ്ടമായിരുന്നു. നാളെയും നടക്കാൻ വരും ഞാൻ.. എന്തു കൊണ്ടു വരും നീ.. ?
അതുകേട്ട് കടൽ ഒരു നിമിഷം നിശ്ചലമായി !
English Summary : Four Friends Evening Walk By The Sea Side