എല്ലാ വിഷയങ്ങൾക്കും തോറ്റു പോയ ആളാണ് ഞാൻ. പഠിക്കുന്നത് എനിക്ക് ഭയങ്കര വെറുപ്പായിരുന്നു. എന്നെ തല്ലാത്തവരായി ഒരു സാറും ഈ സ്കൂളിൽ ഉണ്ടാവില്ല. എന്നും കാണുന്ന ഏഞ്ചൽ ബസിന്റെ പേരു പോലും ഇംഗ്ളീഷിലെഴുതിയാൽ വായിക്കാൻ എനിക്ക് ഇന്നും അറിയില്ല. ഇടുക്കിയിലെ തടിയമ്പാട് എന്ന ഗ്രാമത്തിലെ സ്കൂൾ വാർഷികത്തിന് മുഖ്യാതിഥിയായി വന്ന വെൺമണി സുരേഷ് പ്രസംഗം തുടങ്ങിയത് ഇങ്ങനെയാണ്.
ഹെഡ്മാസ്റ്ററും റിട്ടയർ ചെയ്യുന്ന മൂന്ന് അധ്യാപകരും സ്റ്റേജിൽ ഇരിപ്പുണ്ട്. ശബ്ദമുണ്ടാക്കുന്ന കുട്ടികളെ നുള്ളാനും തല്ലാനായി കുറെ സാറന്മാർ പിന്നിൽ ചൂരലും ഒളിപ്പിച്ച് ഓഡിറ്റോറിയത്തിൽ പലയിടത്തായി നിൽക്കുന്നു.
സുരേഷ് പ്രസംഗം തുടർന്നു.. പഠിക്കുന്ന കാലത്ത് ദിവസവും അതിരാവിലെ എന്നെ വിളിച്ചുണർത്തിയിട്ട് നിലവിളക്കു കത്തിക്കുമ്പോൾ അമ്മയ്ക്ക് ഒരു പ്രാർഥനയേ ഉണ്ടായിരുന്നുള്ളൂ. ഇവന് മലയാള ഭാഷ തെറ്റാതെ എഴുതാനും വായിക്കാനും പറ്റണേ ! അതു സാധിച്ചു തരാൻ ഈശ്വരൻ വിചാരിച്ചിട്ടും കഴിഞ്ഞില്ല. ഞാൻ ഒന്നും പഠിച്ചില്ല.
ഞങ്ങളെല്ലാം സിനിമാ കാണാൻ പോകുന്നത് കോതമംഗലത്തായിരുന്നു. ആ ടൗണിന്റെ പേരു തെറ്റിച്ച് എഴുതിയതിന് മലയാളം സാർ ഇമ്പോസിഷൻ ഇട്ടു. കോതമംഗലം എന്ന് നൂറു തവണ എഴുതിക്കൊണ്ടു വരണം. ഏതപ്പാ കോതമംഗലം ! ഇംപോസിഷൻ എഴുതാൻ ഞാൻ എളുപ്പവഴി കണ്ടുപിടിച്ചു. കോതമംഗലത്തിന്റെ തുടക്കത്തിലുള്ള വള്ളി ആദ്യം നൂറു തവണ താഴേക്ക് എഴുതും. പിന്നെ ക, ക, ക എന്ന് നൂറ്. അതു കഴിഞ്ഞ് അടുത്ത 100 വള്ളി. കുറെ താഴോട്ടു ചെല്ലുമ്പോൾ വള്ളിയെല്ലാം പോയി കേതമംഗലമായി. ഒടുവിൽ കേതമലവും. അതിനും കിട്ടി അടി. അങ്ങനെ കിട്ടിക്കിട്ടി സാറന്മാരുടെ അടി എനിക്കു പുല്ലായി.
സ്കൂൾ വാർഷികത്തിന് വന്ന അതിഥി അധ്യാപകരുടെ അടിയെ പരസ്യമായി വെല്ലുവിളിക്കുന്നതു കേട്ടപ്പോൾ കുട്ടികൾ സന്തോഷത്തോടെ കൈയടിച്ചു. അതുകേട്ട് അധ്യാപകർ ചൂരലിൽ വിരലമർത്തി പല്ലു കടിച്ചു.
ഹെഡ്മാസ്റ്റർ മൈക്കിലൂടെ പറഞ്ഞു.. സൈലൻസ്..
സുരേഷ് തുടർന്നു.. എന്റെ അച്ഛന് ഒരു ചെറിയ ബാർബർ ഷോപ്പായിരുന്നു. അമ്മയ്ക്ക് ജോലിയൊന്നുമില്ല. വീട്ടിൽ പല ദിവസവും ഭക്ഷണം ഉണ്ടായിരുന്നില്ല. അതൊന്നും എന്റെ പഠിത്തത്തെ ബാധിക്കാതിരിക്കാൻ അമ്മ ഒരുപാടു പരിശ്രമിച്ചു. ഉച്ചഭക്ഷണം തന്നു വിടാൻ പറ്റാത്ത ദിവസങ്ങളിൽ എനിക്ക് കഴിക്കാൻ എന്തെങ്കിലും കൊടുക്കണമെന്ന് സ്കൂളിനടുത്ത് ചായക്കട നടത്തുന്ന രാജുച്ചേട്ടനോട് അമ്മ പറഞ്ഞിരുന്നു. അവിടെ നല്ല പുട്ടും കടലയും ദോശയും ചമ്മന്തിയും കിട്ടുമായിരുന്നു. അവിടത്തെ ഉഴുന്നു വട ചില ദിവസം പരിപ്പു വടയെക്കാൾ രുചിയുള്ളതായിരുന്നു. ചില ദിവസം പരിപ്പുവട ഉഴുന്നുവടയെ തോൽപ്പിക്കും. ഇതെല്ലാം എനിക്ക് കൊതിയായിരുന്നു.
അമ്മ തന്നു വിടുന്ന ചോറ് സ്കൂളിനടുത്തുള്ള തോട്ടിൽ കളഞ്ഞിട്ട് ഞാൻ രാജുച്ചേട്ടന്റെ ചായക്കടയിൽ നിന്ന് കഴിക്കാൻ തുടങ്ങി. അതുകൊണ്ട് വൈകുന്നേരം വീട്ടിൽ ചെല്ലുമ്പോൾ പലദിവസവും എനിക്ക് ഒട്ടും വിശപ്പുണ്ടായിരുന്നില്ല. എന്റെ വയറിന് എന്തോ അസുഖമാണെന്നാണ് പേടിച്ച് പാവം എന്റമ്മ വിശപ്പു കൂടാനുള്ള മരുന്ന് സർക്കാരിന്റെ ഹോമിയോ ആശുപത്രിയിൽ നിന്നു വാങ്ങിത്തന്നു. അതു കുടിച്ചിട്ട് കൂടുതൽ വിശപ്പു വന്നു. അതോടെ ഞാൻ കൂടുതൽ പരിപ്പുവടയും പുട്ടും തിന്നു.
മാർച്ചിലെ പരീക്ഷ കഴിഞ്ഞ് സ്കൂളടച്ചപ്പോൾ ഒരു ദിവസം ചായക്കടക്കാരൻ രാജുച്ചേട്ടൻ അമ്മയെ അന്വേഷിച്ച് വീട്ടിൽ വന്നു. ചായക്കടയിൽ നിന്ന് ഞാൻ കഴിച്ചതിന്റെ ബില്ല് പരീക്ഷയ്ക്ക് എനിക്കു കിട്ടിയ മാർക്കിന്റെ കൂടെ മൂന്നു പൂജ്യം കൂടി ചേർന്നുള്ള തുകയായി. അമ്മയ്ക്ക് കൊടുക്കാവുന്നതിനെക്കാൾ വലുതായിരുന്നു എന്റെ വിശപ്പിന്റെ കടം. അതിനും കിട്ടി അമ്മയുടെ തല്ല്. അന്നേരം അമ്മ കരയുന്നുണ്ടായിരുന്നു.
എട്ടിലും ഒമ്പതിലുമൊക്കെ മൂന്നും നാലും വർഷം പഠിച്ചിട്ടുണ്ട് ഞാൻ. പഠിക്കാൻ പത്തും പന്ത്രണ്ടും പുസ്തകങ്ങളും ബുക്കുകളും എന്തിനാണെന്ന് ഞാൻ ആലോചിച്ചിട്ടുണ്ട്. രാവിലെ എഴുന്നേറ്റ് സ്കൂളിലേക്ക് ഓടാൻനേരം ഇതെല്ലാം കൂടി തപ്പിപ്പിടിച്ചെടുക്കുമ്പോൾ ഒന്നും രണ്ടും എണ്ണം കാണാതെ പോകും.
പുസ്തകമില്ലാതെ വന്നതിന് ഹിന്ദി സാർ എന്നെ പുറത്തിറക്കി നിർത്തും. ക്ളാസിനു പുറത്ത് ചെങ്കല്ലിന്റെ മതിലുണ്ടായിരുന്നു. ആ മതിലിൽ മഴയത്ത് കിളിർക്കുന്ന ഇളംപുല്ലും പായലും നഖം കൊണ്ടു നുള്ളിപ്പറിക്കുകയായിരുന്നു പുറത്തിറക്കി വിടുമ്പോൾ എന്റെ വിനോദം. അങ്ങനെ മതിലിന്റെ മുഖം മൊത്തം ക്ളീൻ ഷേവായി. എന്റെ നഖമൊക്കെ പച്ചപ്പെയിന്റടിച്ചു.
ഒരു ദിവസം നോക്കിയപ്പോൾ ആ മതിലിൽ ഞാൻ കോറി വരച്ചതു കണ്ടാൽ ഹിന്ദി സാറിന്റെ മുഖം പോലെ തോന്നും. ഞാനതിന് രണ്ടു കൊമ്പും കൂടി വരച്ചു. നന്നായിട്ടുണ്ടെന്ന് കെമിസ്ട്രി ടീച്ചർ പറഞ്ഞു. എന്നിട്ടും എനിക്കു തല്ലു കിട്ടി.
അവസാനത്തെ പിരീഡ് എന്നും കണക്കാണ്. കണക്കെന്നു കേട്ടാൽ എനിക്ക് അപ്പോ ഉറക്കം വരും.
ഉറങ്ങുന്നതു കണ്ടാലുടനെ സാറു ചോദ്യം ചോദിക്കും. ലസാഗുവും ഉസാഘയും തമ്മിലുള്ള വ്യത്യാസം എന്താടാ ?
ഞാൻ ചാടിയെഴുന്നേറ്റു കണ്ണും മിഴിച്ചു നിൽക്കുന്നതു കാണുമ്പോൾ സാറിനു ദേഷ്യം വരും. പഠിച്ചിട്ട് നീ ഇരുന്നാൽ മതി. അതു വരെ എഴുന്നേറ്റു നിൽക്ക്..
അതിനു മുമ്പുള്ള ആറു പീരീഡും എഴുന്നേൽപ്പിച്ചു നിർത്തിയതാണ് എന്നെ. അതു പറഞ്ഞാൽ എന്നാൽ നീ ബഞ്ചിൽ കയറി നിൽക്ക്.. എന്നായിരിക്കും സാറിന്റെ മറുപടി.
ചായക്കടയിലെ പുട്ടും മുട്ടയുമൊക്കെ കഴിച്ച് എനിക്ക് നല്ല തടിയുണ്ട് ഞാൻ കയറി നിന്നാൽ ബഞ്ചു പൊങ്ങും. ക്ളാസിലെ തടിയന്മാരായ മൂന്നു കുട്ടികളെക്കൂടി ആ ബഞ്ചിലേക്ക് മാറ്റിയിരുത്തും.
എന്നിട്ട് ആ ബഞ്ചിലേക്കു ചൂണ്ടി സാറു ചോദിക്കും – ഇത് സയൻസിലെ ഒരു തിയറിയാണ്. എന്താണെന്ന് അറിയാമോ ?
രണ്ടായി മുടി പിന്നിയിട്ട് അതിന്റെ തുമ്പിൽ ചുവന്ന റിബണിന്റെ ബട്ടർഫ്ളൈ വച്ച ശാലിനി കെആർ ചാടിയെഴുന്നേറ്റു പറയും – സാർ ഞാമ്പറയാം.. പ്ളവന തത്വം !
അതായിരുന്നു എന്റെ സ്കൂൾ ജീവിതം. പ്ളവന തത്വം !
ഈ പ്രസംഗം അധികം നീട്ടി നിങ്ങളെ ബോറടിപ്പിക്കുന്നില്ല. നല്ല അറിവുള്ള ആളുകൾ തയാറാക്കിയ കാര്യങ്ങളാണ് നിങ്ങൾ പഠിക്കുന്നത്. അതെപ്പറ്റി ഒന്നും അഭിപ്രായം പറയാൻ മണ്ടനായ എനിക്കറിയില്ല.
എനിക്കു പറയാനുള്ളത് ഒരു കാര്യം മാത്രം.
എന്റെ ജീവിതത്തിൽ നിന്ന് ഞാൻ പഠിച്ച കാര്യം.
ഈ പഠിത്തമെല്ലാം കഴിഞ്ഞ് ജോലി കിട്ടിക്കഴിയുമ്പോൾ നിങ്ങളിൽ ആരെങ്കിലും അമ്മയെയും അച്ഛനെയും നേരാംവണ്ണം നോക്കിയില്ലെങ്കിൽ നിങ്ങൾക്കു കിട്ടിയ മാർക്കിൽ നിന്ന് 10 ശതമാനം കുറയ്ക്കണം. നിങ്ങൾ പത്താം ക്ളാസിലെത്തുമ്പോഴേക്കും കുറഞ്ഞത് രണ്ടു കറിയെങ്കിലും വയ്ക്കാൻ പഠിച്ചില്ലെങ്കിൽ നിങ്ങളുടെ എസ്എസ്എൽസി ബുക്കിൽ നിന്ന് പത്തു മാർക്കു കുറയ്ക്കണം. അച്ഛനും അമ്മയും പനി പിടിച്ചു കിടന്നാൽ ഒരു നേരം ആഹാരം വച്ചു കൊടുക്കാനെങ്കിലും പഠിച്ചില്ലെങ്കിൽ പിന്നെ എന്തു പഠിത്തമാണ് !
അധ്യാപകർക്ക് അതു കേട്ടു സന്തോഷമായി. കുട്ടികളുടെ മാർക്ക് കുറയ്ക്കുന്ന കാര്യമല്ലേ.. കുട്ടികൾ ആശങ്കയോടെ പരസ്പരം നോക്കി.
സുരേഷ് പ്രസംഗം തുടരുകയാണ് : ഇനി പറയുന്നത് സർക്കാർ ജോലിക്കാർക്ക് ഇഷ്ടപ്പെടാത്ത കാര്യമാണ്. അവരുടെ ശമ്പളത്തിന്റെ പത്തു ശതമാനം അവരെ വളർത്തിയ അച്ഛനും അമ്മയ്ക്കും നേരിട്ടു കിട്ടാൻ നിയമം വരണം. അത് കൊടുത്തിട്ടേ ബാക്കി ശമ്പളം കൊടുക്കാവൂ.
അധ്യാപകരും മാതാപിതാക്കളും എനിക്ക് പറഞ്ഞു തന്നത് ഗുണമായിരുന്നു എന്ന് എനിക്ക് ഇപ്പോളറിയാം. അന്ന് അൽപം ചരിഞ്ഞാണ് ഞാൻ അതിലേക്കു നോക്കിയത്. അതോടെ ആ ഗുണ ചിഹ്നം കുരിശാണെന്നാണ് എനിക്കു തോന്നിയത്.
അതെപ്പറ്റി ഈയിടെ ഞാനൊരു കവിത എഴുതിയിട്ടുണ്ട്.
ഗുണമായുള്ളത് എന്തായാലും
ഒന്നു തിരിഞ്ഞാൽ കുരിശല്ലേ..
കുരിശായുള്ളത് എന്തായാലും
ഒന്നുതിരിഞ്ഞാൽ ഗുണമല്ലേ..
എന്റെ ഈ കവിതയ്ക്ക് കുരിശിന്റെ ഫലം എന്നു പേരിട്ടത് സാക്ഷാൽ ഗാനഗന്ധർവൻ യേശുദാസാണ്.
എത്ര ശ്രമിച്ചിട്ടും പഠിക്കില്ലെന്നു മനസ്സിലായപ്പോൾ അച്ഛനൊരു കത്രിക എടുത്തു എന്റെ കൈയിൽ വച്ചു തന്നിട്ടു പറഞ്ഞു. ഇതാണ് നിനക്കു ചേരുന്നത് ! സത്യത്തിൽ അതാണ് എനിക്കു ചേർന്നത് ! ഞാനിപ്പോൾ ഒരു ബാർബറായി സന്തോഷമായി ജീവിക്കുന്നു.
എല്ലാവർക്കും നമസ്കാരം..
സുരേഷ് പ്രസംഗം നിർത്തി. കുട്ടികളുടെ കൈയടി ഓഡിറ്റോറിയത്തിൽ പക്ഷിക്കൂട്ടങ്ങളെപ്പോലെ ചിറകടിച്ചുയർന്നു. അധ്യാപകരാവട്ടെ, മഹാകവി ജി ശങ്കരക്കുറുപ്പ് കവിതയിൽ പറഞ്ഞതുപോലെ നിർനിമേഷരായി നോക്കിനിന്നു.
എംഎൽഎമാരും ഐഎഎസുകാരും എൻട്രൻസ് ഒന്നാം റാങ്കുകാരും വലിയ പൊലീസുദ്യോഗസ്ഥരുമൊക്കെയാണ് സാധാരണ സ്കൂളിൽ പ്രസംഗിക്കാൻ വരാറുള്ളത്. അവർക്കു തുറക്കാൻ വിജയങ്ങളുടെ സ്വർണഖനികളുണ്ട്. എടുത്തു കാട്ടാൻ മഹാത്മാക്കുളുടെ കഥകളുണ്ട്. ഇതൊന്നുമില്ലാത്ത, പണ്ടത്തെ ക്ളാസിലെ പരാജയപ്പെട്ട വിദ്യാർഥിയായി മുഖ്യാതിഥി.
സുരേഷ് ഒരു പരീക്ഷയിലും ജയിച്ചിട്ടില്ല.
പത്താംക്ളാസ് പാസായിട്ടില്ല.
പിന്നെന്തിന് സുരേഷ് സ്കൂളിലെ മുഖ്യാതിഥിയായി ക്ഷണിച്ചു !
സ്വന്തം ഗ്രാമമായ വെൺമണിയിലെ എല്ലാ കുട്ടികളുടെയും പഠനസഹായിയാണ് സുരേഷ്.
കാൽ നൂറ്റാണ്ടായി മാറാല പിടിച്ച് പൂട്ടിക്കിടന്ന ലൈബ്രറിയുടെ വാതിൽ സുരേഷ് തുറന്നു. അവിടെ ഇപ്പോൾ കഥപ്പുസ്തകങ്ങളല്ല. എൽകെജി മുതലുള്ള കുട്ടികൾക്കു വേണ്ട പഠന സഹായികളും ഡിക്‌ഷനറികളുമുണ്ട് അവിടെ. നാട്ടിലെ എല്ലാ കൂട്ടികളും അതിൽ അംഗങ്ങൾ. അവർക്ക് വേണ്ട ഗൈഡിന്റെ പേരു പറഞ്ഞാൽ അടുത്തയാഴ്ച അത് അവിടെ എത്തിക്കും സുരേഷ്.
നാട്ടുകാരായ ചെറുപ്പക്കാർ വൈകുന്നേരങ്ങളിൽ കലുങ്കിലെ ഇരിപ്പു നിർത്തി. ഇപ്പോൾ ലൈബ്രറിയിൽ വന്ന് കുട്ടികൾക്ക് സൗജന്യമായി ട്യൂഷനെടുക്കുന്നു.
സ്കൂൾ തുറക്കുമ്പോൾ സ്കൂൾ ബാഗുകളും കുടയുമെല്ലാം പറ്റാവുന്നിടത്തു നിന്നെല്ലാം സംഘടിപ്പിച്ച് ലൈബ്രറിയിലെത്തിക്കും. ഒരു പൈസ പോലും ലാഭമെടുക്കാതെ എല്ലാ കുട്ടികൾക്കും കുറഞ്ഞ വിലയ്ക്ക് നൽകുന്നു.
എല്ലാ കുട്ടികളുടെയും പേരും ജനനത്തീയതിയും ലൈബ്രറിയിൽ എഴുതി വച്ചിട്ടുണ്ട്. കുട്ടികളുടെയെല്ലാം പിറന്നാൾ ആഘോഷവും കേക്ക് മുറിക്കലും ലൈബ്രറിയിലാണ്.
എങ്ങനെയുണ്ട് ഈ സുരേഷ് !
English Summary : Web Column Penakathy :Venmony Suresh