ആണുങ്ങളുടെ കുളിയും പെണ്ണുങ്ങളുടെ നനയും കുട്ടികളുടെ കളിയും കഴിഞ്ഞ് അമ്പലക്കുളം ഒന്നു വിശ്രമിക്കുമ്പോഴാണ് എന്നും സുധാമണിയുടെ വരവ്.
അന്നേരമാണ് പതിനൊന്നരയുടെ സെന്റ് ജോർജ് ബസ് പാലായ്ക്കു പോകുന്നത്.
അമ്പലക്കുളത്തിന്റെ അപ്പുറം പാടം. പാടത്തിന്റെ അതിരിലൂടെ റോഡ്. പണ്ട് ഇതൊരു വരമ്പായിരുന്നു. പെരുമ്പാമ്പിനു മേൽ ലോറി കയറിയതുപോലെ വശങ്ങളിലേക്ക് വീതി കൂടി ഒടുവിലതു ടാറിട്ട റോഡായി മാറി. കാലത്തിന്റെ മാറ്റം അറിയാത്ത പൂച്ചകൾ ലോറിയിടിച്ചു മരിക്കുന്ന റോഡ്.
റോഡിന് അപ്പുറം നാലഞ്ചു കടകളാണ്. ഒരെണ്ണം തട്ടുകട. രാത്രിയിലേ ഉണരൂ. രണ്ടാമത്തേത് ചിന്നമ്മച്ചേടത്തിയുടെ പച്ചമീൻകട. ചേടത്തിക്ക് കണ്ണിനു കാഴ്ച കുറവാണ്. മണം പിടിച്ചാണ് മീനുകളെ തിരിച്ചറിയുന്നത്. അടുത്തത് രാജപ്പന്റെ പലചരക്കു കട.
ആ കടയുടെ കൊച്ചുതിണ്ണയിലാണു നാലു വൃദ്ധന്മാരുടെ ഇരിപ്പ്.
കൊച്ചേട്ടൻ, അപ്പച്ചൻ, സുകുമാരൻ, വാവച്ചൻ. നാലുപേരും എഴുപതു കഴിഞ്ഞവർ.
സെന്റ് ജോർജ് പോയിക്കഴിഞ്ഞാൽ നാലുപേരും രാജപ്പന്റെ കടയിലെത്തും.
70 കഴിഞ്ഞ പുരുഷനും പാമ്പിനെത്തല്ലുന്ന വടിയും ഒരേ പോലെയാണ്. ഒരു വീടിന്റെ ദൈനംദിന പ്രവർത്തനങ്ങളിൽ ഇവരുടെ ആവശ്യവും പ്രസക്തിയും സാന്നിധ്യവും പേരിനു മാത്രമാകും. ആ ശൂന്യതയിൽ നിന്നു രക്ഷപ്പെടാനാണ് ഇവർ നാലാളും രാവിലെ വീട്ടിൽ നിന്നു ചാടുന്നതും കടത്തിണ്ണയിൽ ഒത്തുകൂടി എന്തെങ്കിലും പറഞ്ഞും കൊറിച്ചും നാലുംകൂട്ടി മുറുക്കിയും സമയം പോക്കുന്നതും.
∙
രാജപ്പന്റെ കടയിൽ നിന്ന് ഒരു കല്ലേറിനപ്പുറമാണ് അമ്പലക്കുളം. കൊച്ചേട്ടനും സംഘവും കടത്തിണ്ണയിലെ ഇരിപ്പു തുടങ്ങിയതോടെ ഒരു കണ്ണേറിനപ്പുറം എന്നായി മാറി. അവിടെയാണ് എന്നും പതിനൊന്നരയ്ക്കു സുധാമണി കുളിക്കാൻ വരുന്നത്.
രാവിലെ ഉണർന്നാൽ കൈയും കാലും കണ്ണും വായും മാത്രമായി പെരുമാറുന്ന ഒരു സാധാരണ വീട്ടമ്മ താനൊരു സ്ത്രീയാണെന്ന് തിരിച്ചറിയുന്നത് കുളിക്കാൻ വരുമ്പോഴാണ്. കുളം അവളുടെ ഭാരമെല്ലാം ഏറ്റെടുത്ത് അവളെ ഒരു തൂവലാക്കി താലോലിക്കും.
പാത്രത്തിനൊത്തു വെള്ളം രൂപം മാറുന്നതുപോലെ കുളം അവസരത്തിനൊത്ത് അവതാരം മാറുന്നു. പുരുഷൻ കുളിക്കാൻ ഇറങ്ങുമ്പോൾ കുളം അലകളും ചുഴികളുമുള്ള സ്ത്രീയായി മാറുന്നു. സ്ത്രീയെ സ്വീകരിക്കുമ്പോൾ ഉടലൊഴുക്കുകളെ തഴുകുന്ന പുരുഷനാവുന്നു.
∙
സുധാമണി പണ്ട് നർത്തകിയായിരുന്നു. കവലയിലെ ലൈബ്രറി കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നാട്യരഞ്ജിനി എന്ന പേരിൽ ഡാൻസ് സ്കൂൾ നടത്തിയിരുന്നു. താഴത്തെ നിലയിലെ രണ്ടു മുറികളിൽ കിരൺ സൗണ്ട്സ് എന്ന ഉച്ചഭാഷിണിക്കടയാണ്.
കടയുടമ ബൈജു കലാസ്വാദകനാണ്. വൈകുന്നേരമായാൽ കോളാമ്പികൾ പുറത്തെടുത്ത് പാട്ടു വയ്ക്കും. പൊൽത്തിങ്കൾ കല പൊട്ടു തൊട്ട ആ പാട്ടുകൾക്കൊപ്പിച്ചു മുകൾ നിലയിൽ സുധാമണി ടീച്ചറും കുട്ടികളും നൃത്തം ചെയ്യും.
ഡാൻസ് ക്ളാസ് കഴിഞ്ഞ് ടീച്ചറും പന്ത്രണ്ടു ശിഷ്യകളും മുകൾ നിലയിൽ നിന്ന് ഇറങ്ങി വരുമ്പോൾ തടി ഗോവണിയും നൃത്തം ചവിട്ടും. അതിനൊപ്പിച്ച് ബിജു പുതിയ പാട്ടു വയ്ക്കും, ‘കിലും, കിലുകിലും, കിലു കിളിമരത്തോണീ..’
വിവാഹം കഴിഞ്ഞതോടെ സുധാമണി ഡാൻസ് സ്കൂൾ നിർത്തി. എന്നിട്ടും ട്യൂണിങ് ഫോർക്കിലെ തുടർചലനങ്ങൾ പോലെയോ, അയച്ചു വിട്ട സ്പ്രിങ്ങിന്റെ ഇളക്കങ്ങൾ പോലെയോ നടക്കുമ്പോഴും ചിരിക്കുമ്പോഴും കൈകൾ ഇളക്കുമ്പോഴും നൃത്തം അവളിൽ ബാക്കി നിന്നു. എന്താ എന്ന് ചോദിക്കുമ്പോൾ കൈമുദ്രകളിൽ പൂ വിരിയുന്നു, ഒന്നുമില്ല എന്നു പറയുമ്പോൾ പൂ വാടുന്നു...
∙
ഒരിക്കൽ കുളിക്കുമ്പോൾ സുധാമണിയുടെ കൈയിൽ നിന്നു സോപ്പ് കുളത്തിലേക്കു വീണു. പച്ച സ്ഫടികം പോലെ സുതാര്യമായ വെള്ളത്തിന്റെ അടിത്തട്ടിൽ ഇളം പച്ച നിറമുള്ള സോപ്പ് കിടന്നു തിളങ്ങുന്നു. ഓരോ തവണയും മുങ്ങാംകുഴിയിട്ടു പിടിക്കാൻ ആയുമ്പോൾ കുസൃതിയെപ്പോലെ അതു തെന്നി മാറുന്നു.
മറുകടവിലേക്ക് നീന്തിച്ചെന്ന് കഴുത്തോളം വെള്ളത്തിൽ ഉയർന്നു നിന്ന് കടയിലേക്കു നോക്കി അവൾ ഉറക്കെ വിളിച്ചു പറഞ്ഞു.. ‘രാജപ്പേട്ടാ, ഒരു സോപ്പ് ഇങ്ങു കൊടുത്തുവിട്വോ?’
രാജപ്പൻ ചോദിച്ചു.: ‘നിനക്കോ, സാരിക്കോ?’
‘എനിക്കാ....ചന്ദ്രിക മതി’.
കടയ്ക്കുള്ളിലെ റാക്കിൽ ഇരുന്ന മറ്റു സോപ്പുകളോടു രാജപ്പൻ പറഞ്ഞു : ‘ചന്ദ്രിക അവളുടെ അമ്മയുടെ പേരാ, അതാ..’
കൊച്ചേട്ടന്റെ കൈയിലാണ് സോപ്പ് കൊടുത്തു വിട്ടത്. കുളക്കടവിൽ രണ്ടാമത്തെ പടവിലിറങ്ങിനിന്ന് സോപ്പ് ഇട്ടുകൊടുക്കുമ്പോൾ കൊച്ചേട്ടന്റെ മുന്നിലെ വെള്ളത്തിൽ സുധാമണി പ്രതിബിംബിച്ചു. പിന്നെ സുധാമണി മറുകടവിലേക്കും കൊച്ചേട്ടൻ കടത്തിണ്ണയിലേക്കും നീന്തിയാണ് പോയത്.
∙
തിരിച്ചുവന്ന് കുളത്തിലേക്ക് നോക്കിയിരിക്കുമ്പോൾ കൊച്ചട്ടനോടു സുകുമാരൻ ചോദിച്ചു. ‘എന്താടോ ആകെ നനഞ്ഞിരിക്കുന്നത് ?
‘നനഞ്ഞിട്ടില്ല, പക്ഷേ ചെറിയ കുളിരുണ്ട്.’
‘ഈ പ്രായത്തിലോ?’
‘തീയിൽത്തൊട്ടാൽ തനിക്ക് പൊള്ളില്ലേ, മുളകു കടിച്ചാൽ എരിക്കില്ലേ, മുല്ലപ്പൂ മണത്താൽ വാസനിക്കില്ലേ, മഴ നനഞ്ഞാൽ കുളിരില്ലേ, ഭരണിയിൽ ലഡു ഇരിക്കുന്നതു കണ്ടാൽ തിന്നാൻ തോന്നാറില്ലേ? ബുള്ളറ്റു കണ്ടാൽ ഓടിക്കാൻ തോന്നില്ലേ.. ഇതൊക്കെ തനിക്കും തന്റെ കൊച്ചുമകനും ഒരുപോലെയല്ലേ.. പിന്നെ പ്രായത്തിലെന്താടോ കാര്യം !’
‘സത്യത്തിൽ തനിക്കെത്ര വയസ്സുണ്ട് ?’
‘17.’
‘തിരിച്ചിട്ടു അല്ലേ, എന്നാൽ എനിക്ക് 27.’
‘അപ്പോ, ഈ പ്രായത്തിൽ അൽപം കുസൃതി ഒക്കെ ആകാം.’
‘അതു ശരിയാ..’
‘അതു മാത്രമാണ് ശരി. പ്രായമുള്ളവർ പരസ്പരം പ്രായത്തെപ്പറ്റി പരാതി പറഞ്ഞു കൊണ്ടിരുന്നാൽ പ്രായം പിന്നെയും കൂടുകയേയുള്ളൂ.’
‘എന്നാൽ നമ്മൾക്ക് വേറെന്തെങ്കിലും സംസാരിക്കാം. ഈ പ്രായത്തിൽ തന്റെ ഏറ്റവും വലിയ ആഗ്രഹമെന്താണെന്ന് പറയെടോ?’
‘ദേ വീണ്ടും ഈ പ്രായത്തിൽ.. ഏതു പ്രായത്തിലാ? ഈ നിമിഷത്തിലെ ആഗ്രഹം വേണമെങ്കിൽ പറയാം. മുട്ടുവേദന, തിമിരം, ബിപി, വാതം ഇങ്ങനെയൊക്കെയുള്ള പരസ്യ ബോർഡുകൾ നിരോധിക്കണം.’
നാലുപേരും വലിയ ശബ്ദത്തിൽ ചിരിച്ചു.
∙
ശബ്ദം കേട്ട് സുധാമണി തിരിഞ്ഞു നോക്കി.
കുളത്തിലേക്ക് നോക്കിയിരിക്കുന്ന നാലുവൃദ്ധന്മാരുടെ കണ്ണുകൾ അവൾ കുറെ നാളുകളായി ശ്രദ്ധിക്കാറുണ്ട്. അതുകൊണ്ട് നനയുമ്പോഴും തുവർത്തുമ്പോഴും അവൾ അൽപം അസ്വസ്ഥയായിരുന്നു.
കുളിയുടെ സമയം മാറ്റിയാലോ എന്ന് ഒരുവേള ആലോചിച്ചെങ്കിലും പകൽ ജീവിതത്തിന്റെ പലവ്യഞ്ജനങ്ങൾക്കിടയിൽ ഇത്ര സൗകര്യപ്രദമായ മറ്റൊരു സമയം കണ്ടെത്താൻ സുധാമണിക്കു കഴിഞ്ഞില്ലെന്നതാണു സത്യം.
അരയ്ക്കൊപ്പം വെള്ളത്തിലിറങ്ങി നിൽക്കേ അവൾ ആലോചിച്ചു. എപ്പോഴാണ് ഞാൻ വളർന്നത്? വലുതായത് ? നൃത്തം ചെയ്യാൻ തുടങ്ങിയത് ? ആളുകൾ ശ്രദ്ധിക്കാൻ തുടങ്ങിയത് ?
നാലാം വയസ്സിൽ അമ്മ ഈ കുളത്തിൽ കുളിപ്പിക്കാൻ കൊണ്ടുവരുമായിരുന്നു. നിറയെ മണികളുള്ള കൊലുസിട്ട്, പാദം മൂടാൻ വെള്ളമുള്ള പടവിൽ നിൽക്കുമ്പോഴാണ് വെള്ളത്തുള്ളികളുടെ നൃത്തം സുധാമണി ആദ്യം കണ്ടത്. കുട്ടികളെ കാണുമ്പോൾ നൃത്തം ചെയ്യുന്ന കുളം !
ഉടുപ്പും പെറ്റിക്കോട്ടും നനയ്ക്കാനായി അമ്മ ആദ്യമേ അഴിച്ചു വാങ്ങും. ചുവപ്പിൽ വെള്ള വെള്ള പൂക്കളുള്ള കുഞ്ഞുനിക്കർ മാത്രമിട്ട് പടവുകളിൽ തുള്ളിനിൽക്കുന്ന കുഞ്ഞിനോട് നിക്കറും കൂടി ഊരിക്കൊടുക്കാൻ അമ്മ പറയും.
മടിയില്ലാതെ ഊരിയെറിഞ്ഞ് ഉണ്ണിക്കണ്ണനെപ്പോലെ നിൽക്കുമ്പോൾ അമ്മ കളിയാക്കും.. ‘അയ്യേ, വെള്ളത്തിലേക്ക് ഇറങ്ങി നിൽക്കൂ, നാണക്കേട്..’
എന്നാലും വേഗമൊന്നും അവൾ ഇറങ്ങില്ല. അത്ര തണുപ്പാണ് വെള്ളത്തിന്.
ഒടുവിൽ ഒരു കുടന്ന വെള്ളം കോരി അമ്മ അവളുടെ ദേഹത്തേക്ക് എറിയും.
ആയിരം തുള്ളികളായി അതു തുളുമ്പുന്നതും അവൾ കുളത്തിലേക്ക് ഓടിയിറങ്ങുന്നതും എത്ര വർഷം മുമ്പായിരിക്കണം..? അന്നും കണ്ടിട്ടുള്ളതല്ലാതെ വേറെന്താ പുതുതായിട്ട് ഇവർക്ക് ഇപ്പോൾ കാണാനുള്ളത്....?!
അതും വിചാരിച്ച് സുധാമണി മുന്നോട്ടു കുതിച്ച് നീന്തിത്തുടിച്ചു. .
കുളം അതു കണ്ട് ചിരിച്ചുമറിഞ്ഞു.
Content Summary : Penakathi Column by Vinod Nair - The Great Indian Pond