ഒരച്ഛൻ മകൾക്ക് അയയ്ക്കാത്ത കത്ത് !

HIGHLIGHTS
  • കത്തെഴുതിയ വിദ്യാർഥിയെ മറ്റൊരു സ്കൂളിലേക്കു മാറ്റാൻ തീരുമാനിച്ച വിവരവും ഹെഡ്മാസ്റ്റർ പറഞ്ഞു
  • കുംഭകോണത്തുനിന്നു വന്ന തമിഴരശൻ എന്ന മേസ്തിരിക്കായിരുന്നു മതിൽ പണിയുടെ ചുമതല
penakathy-cloumn-vinod-nair-illustration
വര: മുരുകേശ് തുളസിറാം
SHARE

മകളുടെ പ്രണയ വിവരം അറിഞ്ഞയുടനെ ബാലേട്ടൻ ചെയ്തത് വീടിനു മുന്നിൽ വലിയൊരു മതിൽ കെട്ടുകയാണ്. വൈകാതെ അതിൽ അങ്കമാലിയിലെ നിറച്ചാർത്ത് ടെക്സ്റ്റൈൽസിന്റെ  പരസ്യവും വന്നു. 

നിറങ്ങളിൽ നീരാടൂ,

സ്വപ്നങ്ങളിൽ ജീവിക്കൂ, 

ആഘോഷങ്ങളെ പ്രണയിക്കൂ...

എന്നും എപ്പോഴും...

നിറച്ചാർത്ത് ഫേഷൻസ്, അങ്കമാലി, കറുകുറ്റി..!

വൈപ്പിനിൽ നിന്നു വന്ന, ശ്വാസംമുട്ടിക്കുന്ന ജീൻസിട്ട, മുടി നീട്ടി വളർത്തിയ മൂന്നു ചെറുപ്പക്കാർ മുള കൊണ്ടു കെട്ടിയ ഏണിയിൽ തല കീഴായി നിന്ന് മൂന്നു രാത്രി കൊണ്ട് 12 തരം പെയിന്റുകൾ ഉപയോഗിച്ച് എഴുതിയതായിരുന്നു ആ പരസ്യം. 

രാത്രിയിലായിരുന്നു മതിലെഴുത്തുകാർ പ്രധാനമായും ജോലി ചെയ്തിരുന്നത്. അതിലൊരുത്തന് ഒരു രാത്രിയിൽ കട്ടൻചായയും ടർപ്പൻടൈനും മാറിപ്പോയി. രണ്ടും ചെറിയ കുപ്പിഗ്ളാസിൽ നിറച്ച് അടുത്തു വച്ചിരിക്കുകയായിരുന്നു. കട്ടൻ ചായ എടുത്ത് പെയിന്റിൽ ഒഴിച്ചു ! ടർപ്പൻടൈൻ കുടിച്ചു !

പിറ്റേന്ന് രാവിലെ പരസ്യ ഡിസൈനർ ഗബ്രിയ ഡിസൂസ മട്ടാഞ്ചേരിയിൽ നിന്ന് മതിലെഴുത്ത് വിലയിരുത്താനും അവസാന മിനുക്കുപണികൾ പറഞ്ഞുകൊടുക്കാനും വന്നു. ടർപ്പൻടൈൻ സംഭവം കേട്ടപ്പോൾ ഒരു നിമിഷം കണ്ണടച്ചു നിന്നിട്ട് ഗബ്രിയ പറഞ്ഞു... ഒരേ ഛായ, അതേ ചായ !  

പെയിന്റിങ് തുടങ്ങുന്നതിനു മുമ്പ് മതിലിൽ അടയാളത്തിനായി വരച്ച പെൻസിൽ സ്കെച്ചിന്റെ മാർക്കുകൾ രണ്ടാം പാവാട പോലെ ചിലയിടങ്ങളിൽ അൽപാൽപം പുറത്തു കാണുന്നുണ്ടായിരുന്നു. അതു കണ്ടെത്തി ടച്ച് ഹിയർ, ടച്ച് ദെയർ, മേക്ക് ഇറ്റ് ബ്രൈറ്റ് എന്നൊക്കെ നിർദേശം കൊടുത്ത് ഗബ്രിയ നിൽക്കുമ്പോൾ ബാലേട്ടൻ വീട്ടിൽ നിന്നു പുറത്തു വന്നിട്ടു പറഞ്ഞു...  പ്രണയിക്കൂ എന്ന വാക്ക് ഈ മതിലിനു ചേരുന്നില്ല. അതു മാറ്റണം.

അതിനു പകരം ആഘോഷിക്കൂ, പാരമ്പര്യങ്ങളെ മുറുകെപ്പിടിക്കൂ എന്നു ചേർക്കാനായിരുന്നു ബാലേട്ടന്റെ നിർദേശം. 

അത്ര ദേഷ്യമായിരുന്നു കക്ഷിക്ക് പ്രണയം എന്ന വാക്കിനോട്. ആയിടെ അതുവഴി വന്ന വലന്റൈൻസ് ഡേയെ കക്ഷി വടിയെടുത്ത് കണ്ടം വഴി ഓടിച്ചു.

വിവേകോദയം ഹൈസ്കൂളിൽ പത്താം ക്ളാസിൽ പഠിക്കുന്ന മകൾ ലയ ബാലചന്ദ്രന്റെ കെമിസ്ട്രി നോട്ട് ബുക്കിൽ നിന്ന് ഒരു കത്ത് കണ്ടെത്തിയതോടെയായിരുന്നു ബാലേട്ടൻ കുട്ടികളുടെ പ്രണയകാര്യത്തിൽ ചിന്താവിഷ്ടനായത്. 

നോട്ടു ബുക്കുകൾ പരിശോധിക്കുന്നതിനുടെ കെമിസ്ട്രി അധ്യാപിക എമിലി മാർട്ടിന്റെ കൈയിലാണ് കത്ത് കിട്ടിയത്. തൊണ്ണൂറുകളിലാണ് സംഭവം. അന്ന് കുട്ടികളിൽ നിന്ന് കത്തു പിടിക്കുന്നത് അധ്യാപകരുടെ പ്രസ്റ്റീജ് ജോലിയായിരുന്നു. 

കത്തു പിടിച്ചാൽ ഹെഡ്മാസ്റ്റർ കുട്ടിയെയും രക്ഷാകർത്താവിനെയും സ്കൂളിലേക്കു വിളിപ്പിക്കും. രണ്ടുപേരെയും കുറെ സമയം മുറിക്കു പുറത്ത് കാത്തുനിർത്തി തിരക്ക് അഭിനയിച്ചിട്ടേ ഹെഡ്മാസ്റ്റർ മുറിയിലേക്കു വിളിക്കൂ.

ബാലേട്ടനും മകളും ഓഫിസ് മുറിയിലേക്കു കയറി വരുമ്പോൾ മേശപ്പുറത്തിരുന്ന ഭൂഗോളം കറക്കിക്കൊണ്ട് സാവന്ന പുൽമേടുകൾ എവിടെയാണെന്ന് തിരയുകയായിരുന്നു ഹെഡ്മാസ്റ്റർ. അദ്ദേഹം ഇത്രയേ പറഞ്ഞുള്ളൂ... നമ്മുടെ വിവേകോദയം സ്കൂളിന് സമൂഹത്തിൽ ഒരു സൽപ്പേരുണ്ടെന്ന് കുട്ടിക്ക് അറിയാമല്ലോ. അത് കളയരുതെന്നേ എനിക്കു പറയാനുള്ളൂ. കുട്ടിയുടെ അച്ഛന് എന്താണ് പറയാനുള്ളത് ?

ബാലേട്ടൻ പറഞ്ഞു.. അവിവേകം !

ലയയുടെ ബുക്കിൽ നിന്ന് കിട്ടിയ കത്ത് ഹെഡ്മാസ്റ്റർ വാങ്ങി അലമാരിയിൽ വച്ചു. കുട്ടികളിൽ നിന്ന് പിടിച്ചെടുക്കുന്ന കോംപസ്, കത്തി, കത്രിക, കോപ്പിയടി വസ്തുക്കൾ, അപാര പുസ്തകങ്ങൾ, സിഗററ്റ് പാക്കറ്റ് തുടങ്ങിയ കാര്യങ്ങൾ സൂക്ഷിച്ചു വയ്ക്കുന്ന ആ അലമാരയുടെ താക്കോൽ ഹെഡ്മാസ്റ്റർ കസ്റ്റഡിയിൽ വയ്ക്കുകയാണ് പതിവ്. ആ അലമാരയ്ക്കുള്ളിൽത്തന്നെയാണ് മഹാത്മജിയുടെ ചിത്രവും  സ്വാതന്ത്ര്യ ദിനത്തിൽ ഉയർത്താനുള്ള ദേശീയ പതാകയും സൂക്ഷിച്ചു വച്ചിരിക്കുന്നത്. 

കത്തെഴുതിയ വിദ്യാർഥിയെ മറ്റൊരു സ്കൂളിലേക്കു മാറ്റാൻ തീരുമാനിച്ച വിവരവും ഹെഡ്മാസ്റ്റർ പറഞ്ഞു.  ഇംഗ്ളീഷ് മീഡിയത്തിലേക്കാണ് മാറ്റിയത്. കാരണം കത്തിലുള്ള ഇംഗ്ളീഷ് അത്ര മെച്ചമല്ല.  

മകളെയും കൂട്ടി വീട്ടിലേക്കു മടങ്ങുംവഴി ബാലേട്ടൻ വല്ലാത്ത ആശയക്കുഴപ്പത്തിലായി. റോഡിൽ വച്ച് മലയാളികൾ ആശയക്കുഴപ്പത്തിലായാൽ മുന്നിൽ കാണുന്ന കരിയില, മെറ്റൽ കഷണം, വെള്ളയ്ക്കാ എന്നിവയെ വെറുതെ തൊഴിക്കുക എന്നതാണ് പൊതുവേയുള്ള രീതി.  ബാലേട്ടനും അതു തന്നെ ചെയ്തുകൊണ്ടിരുന്നു.

കത്ത് എഴുതിയത് മകളുടെ സഹപാഠിയായ ഒരു പയ്യനാണെന്ന് ഹെഡ്മാസ്റ്റർ പറഞ്ഞ് ബാലേട്ടൻ അറിയാം. പക്ഷേ എന്താണ് എഴുതിയിരിക്കുന്നത് എന്ന് അറിയാൻ കഴിഞ്ഞില്ല.  അക്കാര്യം അറിയണമെന്നും മകളോട് അതെപ്പറ്റി ചോദിക്കണമെന്നും ബാലേട്ടന്റെ മനസ്സു പറയുന്നുണ്ട്. അന്നൊക്കെ ഈശ്വരഭക്തി, ആരോഗ്യം, മഴ നനയുന്നതുകൊണ്ടുള്ള പ്രശ്നങ്ങൾ, തല മുതിർന്നവരെ ബഹുമാനിക്കേണ്ട രീതി, ഷിഫർ പേനയും മികച്ച കൈയക്ഷരവും, ഇംഗ്ളീഷ് പഠനം  തുടങ്ങിയ കാര്യങ്ങളെപ്പറ്റിയാണ് അച്ഛന്മാർ മക്കളോടു സംസാരിക്കാറുള്ളത്.  അമ്മമാർ മാത്രമേ മക്കളുടെ മുഖത്തു നോക്കി സംസാരിക്കുമായിരുന്നുള്ളൂ. അച്ഛന്മാർ പൊതുവേ മക്കളോട് സംസാരിച്ചിരുന്നത് വിദൂരതയിലേക്കു നോക്കിയായിരുന്നു. 

എത്ര ശ്രമിച്ചിട്ടും ആ വിഷയത്തിലേക്ക് കടക്കാതിരിക്കാൻ‍ ബാലേട്ടനു കഴിഞ്ഞില്ല. 

ബാലേട്ടൻ സംസാരിക്കാൻ തുടങ്ങി... ഒരച്ഛൻ മകൾക്ക് അയച്ച കത്തുകൾ എന്നു മോൾ കേട്ടിട്ടുണ്ടോ?

ഉണ്ടച്ഛാ, ജവാഹർലാൽ നെഹൃ ഇന്ദിരാ പ്രിയദർശിനിക്ക് ജയിലിൽ നിന്ന് എഴുതിയ കത്തുകളല്ലേ? ഏഴാം ക്ളാസിലെ സോഷ്യൽ സ്റ്റഡീസിൽ ഞാനതു പഠിച്ചിട്ടുണ്ട്.

ഇതൊക്കെ ക്ളാസിൽ പഠിച്ചിട്ടും എന്തിനാ ആ ചെറുക്കൻ മോൾക്കു കത്തെഴുതിയത് ? 

അവൻ ആ ലെസൺ പഠിച്ചിട്ടുണ്ടാവില്ലച്ഛാ, അവന്റെ അച്ഛനും അമ്മയും ഗൾഫിലായിരുന്നു. അവിടെ അറേബ്യൻ നൈറ്റ്സ് ഒക്കെയല്ലേ പഠിപ്പിക്കുന്നത്...

മകൾ അതീവ ബുദ്ധിമതിയാണെന്ന് ബാലേട്ടനു മനസ്സിലായി. ഇവളെ സ്വാധീനിക്കാൻ എളുപ്പമല്ല. 

penakathy-column-the-love-letter-illustration-the-love-letter
വര: മുരുകേശ് തുളസിറാം

ബാലേട്ടൻ പറയാൻ തുടങ്ങി... ഞങ്ങൾ സ്കൂളിൽ പഠിച്ചിരുന്ന കാലത്ത് കത്തെഴുതുമായിരുന്നു. അത് പക്ഷേ, നെഹൃവിനും ഗാന്ധിജിക്കുമൊക്കെയായിരുന്നു.  കത്തെഴുതിയാൽ ആദ്യം സ്കൂളിലെ ഹെഡ്മാസ്റ്റർ എൻ. കൃഷ്ണൻ നായർ സാറിനു കൈമാറും. അദ്ദേഹം അത് വായിച്ച് അക്ഷരത്തെറ്റുകൾ ചുവന്ന മഷിയിൽ അണ്ടർലൈൻ ചെയ്തു തരും. ചില വാക്കു‍കൾ മാറ്റി പുതിയത് എഴുതാൻ നിർദേശിക്കും. റെൻഡവസ്, ഇഗ്നൈറ്റഡ് എന്നൊക്കെയുള്ള വാക്കുകൾ അങ്ങനെയാണ് ഞാൻ പഠിച്ചത്. ഭാരതമാതാവേ വന്ദനം, ജനനിയോ ജന്മഭൂമിയോ എന്നൊക്കെ നല്ല തലക്കെട്ടുകൾ ഹെഡ്മാസ്റ്റർ തന്നെ ഇട്ടുതരും.  ഇഷ്ടപ്പെട്ട കത്തുകൾ സ്കൂളിലെ നോട്ടീസ് ബോർഡിലും ഇടും.

മകൾ ചോദിച്ചു.. ലെറ്റർ റൈറ്റിങ് കോംപെറ്റീഷനല്ലേ? അതൊക്കെ ഇപ്പോഴും ഉണ്ട്. ഇത് അത്തരം കത്തല്ലല്ലോ അച്ഛാ?

ബാലേട്ടനു ദേഷ്യം വന്നു... ഇത് പിന്നെ എത്തരം കത്താണ്?! കത്തല്ല, കുത്ത്, തരംതാഴ്ന്ന കത്ത്,  കുന്തം.. ! ഒരേ ക്ലാസിൽ പഠിക്കുന്ന രണ്ടു പേർ തമ്മിൽ എന്തിനാ ഈ കത്തും കുത്തുമൊക്കെ ? എന്തെങ്കിലും ടെക്സ്റ്റ്ബുക്കോ പ്രൊട്ടാക്ടറോ ഒക്കെ ആവശ്യമുണ്ടെങ്കിൽ നേരിട്ടു ചോദിച്ചാൽപ്പോരേ?! അല്ലെങ്കിൽ ക്ളാസ് ടീച്ചറിനോടു പറയണം. 

മകൾ പിന്നെയൊന്നും മിണ്ടിയില്ല.

ബാലേട്ടൻ പറഞ്ഞു... വേഗം നടക്കൂ. മഴക്കോള് വരുന്നുണ്ട്. 

അവൾ ആകാശത്തേക്കു നോക്കി. കാക്കച്ചിറകിന്റെ നിഴൽ പോലുമില്ലാതെ മീനമാസത്തിലെ ആകാശം. 

ആ വാശിക്കാണ് വീട്ടിനു മുന്നിൽ മതിൽ കെട്ടാൻ ബാലേട്ടൻ തീരുമാനിച്ചത്.  ഗൾഫിൽ  ജോലിക്കുപോയവർ നാട്ടിലെത്തി വലിയ വീടുകൾ പണിയാൻ തുടങ്ങുന്ന കാലമായിരുന്നു അത്. അതിനായി തമിഴ്നാട്ടിൽ നിന്ന് മേസ്തിരിമാർ ധാരാളമായി കേരളത്തിലേക്കു വന്നത് ബാലേട്ടന് അനുഗ്രഹമായി. അവർ വളരെ വേഗം മതിലുകൾ പണിയുകയും മതിലുകൾക്കു മുകളിൽ കുപ്പിച്ചില്ലുകളും ആണികളും പതിക്കുകയും ചെയ്യാൻ തുടങ്ങി. 

കുംഭകോണത്തുനിന്നു വന്ന തമിഴരശൻ എന്ന മേസ്തിരിക്കായിരുന്നു മതിൽ പണിയുടെ ചുമതല. അയാളുടെ കീഴിൽ ആറു പണിക്കാർ കല്ലിന്മേൽ കല്ലു ശേഷിപ്പിച്ച് ജോലി ചെയ്യാൻ തുടങ്ങിയതോടെ ബാലേട്ടന്റെ വീട്ടുമുറ്റത്തെ മതിൽ വേഗം ഉയർന്നു വന്നു.

മുറ്റത്തു നിന്ന് മുടി കോതുകയായിരുന്ന ലയയെ നോക്കി തമിഴരശൻ തമിഴിൽ ഇങ്ങനെ പാടി.

വാനത്തിക്ക് ചുവരിരുക്കാ...?

കടല് മേലെ ചുവരിരുക്കാ...?

മനസ്സിക്കുള്ളെ ചുവരിരുക്കാ..? ആനാ,

ഉനക്കുമെനക്കും

എതുക്ക് ചുവര് കണ്ണമ്മാ..!

തമിഴരശന്റെ കവിത കേട്ട് അടുത്ത നിമിഷം ലയ മലയാളത്തിൽ മറുപടി പാടി... 

മതിലുകൾക്കും മുകളിൽ പറക്കാൻ

ബുദ്ധമയൂരികളുടെ ദുർബലമായ ചിറകുകൾ മതി

ആകാശത്തെ നക്ഷത്രങ്ങളാവട്ടെ 

ഭൂമിയിലെ മതിലുകൾ കാണാറേയില്ല

തമിഴരശൻ കൈകൂപ്പി പറഞ്ഞു...  പ്രമാദം ! 

പണി തീരുന്നതിന്റെ തലേ ദിവസം രാവിലെ തമിഴരശൻ തന്റെ ജോലിക്കാരെ വിളിച്ച് ചതുരത്തിൽ ചെത്തി മിനുക്കിയ ഒരു കല്ല് കൈമാറി.  മതിൽ തുടങ്ങുന്ന ഭാഗം ചെറുതായി പൊളിച്ച് ഈ കല്ല് ഉൾപ്പെടുത്താനും അത് പുറത്തു കാണാതെ പൂർണമായും സിമിന്റ് പ്ളാസ്റ്റർ ചെയ്ത് മായ്ക്കാനും അയാൾ ജോലിക്കാർക്കു നിർദേശം നൽകി. പിന്നെ കൈയിലും കാലിലും പറ്റിയ സിമിന്റ് പൊടി കഴുകിക്കള‍ഞ്ഞ് അയാൾ കുംഭകോണത്തേക്കു മടങ്ങി.

അങ്ങനെ ബാലേട്ടന്റെ ചന്ദ്രികാസദനം എന്ന വീടും മുറ്റത്തെ പൂന്തോട്ടവും പുറംകാഴ്ചകളിൽ നിന്നു മാഞ്ഞു. 

വർഷങ്ങൾ മുന്നോട്ടോടി. ലയ വളർന്നു വലുതായി കാനഡയിൽ ചേക്കേറി. തെക്കെപ്പറമ്പിലെ മാവു വെട്ടി കാലം ബാലേട്ടനു കിടക്കയൊരുക്കി. 

കഴി‍ഞ്ഞ മാസം കുംഭാരമേഘങ്ങൾ വാശിയോടെ വന്ന് കുടം കമിഴ്ത്തിയ ദിനങ്ങളിൽ മണിമലയാർ കര കവിഞ്ഞ് ബാലേട്ടന്റെ നാട്ടിലും വെള്ളം കയറി. വീടുകൾ തകർന്നു, മരങ്ങൾ കടപുഴകി. മലവെള്ളത്തിന്റെ കലിയിൽ കാലിടറിപ്പോയ മതിൽ നിലംപൊത്തി, അതിനുള്ളിൽ തമിഴരശൻ ഒളിപ്പിച്ച കല്ലു പുറത്തു വന്നു. 

അതിൽ തമിഴിൽ ഇങ്ങനെ എഴുതിയിരുന്നു – 

വെള്ളം വന്ത് ചുവരുകൾ ഇടിയും

പെൺകൾ സുതന്തിരമാകും...

കൂട്ടൈ ഉടൈത്ത് പറക്കും...

(പ്രളയം വന്ന് മതിലുകൾ ഇടിയും

പെൺകുട്ടികൾ സ്വതന്ത്രരായി

കൂടു തകർത്തു പറക്കും !)

Content Summary : Penakathy Column by Vinod Nair - The Love Letter

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS