ഒരു കുട്ടനാടൻ പെണ്ണുകാണൽ

HIGHLIGHTS
  • പെണ്ണുകാണൽ ചടങ്ങിന് കുഞ്ഞന്നത്തിന്റെ വേഷം ചട്ടയും മുണ്ടുമായിരുന്നു
  • കുഞ്ഞന്നത്തിന്റെ വീട്ടിലെ സ്വീകരണ മുറിയിൽ നടുക്ക് വെള്ള വിരിയിട്ട കസേരയിൽ വികാരിയച്ചൻ ഇരുന്നു
penakathy-column-oru-kuttanadan-pennukanal-article-image
വര: മുരുകേശ് തുളസിറാം
SHARE

യൂണിഫോമിട്ട താറാവുകൾ അതിരാവിലെ സ്കൂളിൽ പോകുന്ന കുട്ടനാട്ടിലാണ് കുഞ്ഞന്നത്തിന്റെ വീട്.

തോട്ടിലെ വെള്ളത്തിലേക്ക് വലതുകാൽ ഇറക്കി വച്ചു നിൽക്കുന്ന ആ വീട്ടിൽ കുഞ്ഞന്നത്തെ പെണ്ണുകാണാൻ വന്നതായിരുന്നു ഫ്രെഡി.

ഫ്രെഡി ഐടിയാണ്. കുറച്ചുനാൾ ഓൺസൈറ്റായി കലിഫോർണിയയിലായിരുന്നു. രണ്ടു വർഷമായി മിക്കവാറും വർക് ഫ്രം ഹോമാണ്. ബാർബി ക്യു എന്റെ നേഷനാണ്, അവിടത്തെ സ്റ്റാഫൊക്കെ എന്റെ സഹോദരീ സഹോദരന്മാരാണ്, ഞാനവിടത്തെ ഗ്രിൽഡ് ചിക്കനെ സ്നേഹിക്കുന്നു എന്നൊക്കെ പറയുന്ന ചെറുപ്പക്കാരൻ.

ഫ്രെഡിയുടെ പപ്പ ലോയറാണ്. മമ്മി ബ്യൂട്ടിഷ്യനും. വക്കീലായതിനാ‍ൽ ചെറിയ കള്ളത്തരമൊക്കെ കാര്യമായിട്ടെടുക്കില്ല എന്ന മെച്ചമുണ്ട്. എന്തു തെറ്റു ചെയ്താലും അതിനു കൊടുക്കാവുന്ന പരമാവധി ശിക്ഷയെക്കുറിച്ച് നല്ല ധാരണയുമുണ്ട്. ഫ്രെഡിയുടെ മമ്മി ലേഡീസിന്റെ  ഷോൾഡറിൽ ടാറ്റൂ വരയ്ക്കുന്നതിൽ സ്പെഷലിസ്റ്റായതിനാൽ പെൺകുട്ടികൾ സ്ളീവ് ലെസ് ഇടുന്നതിൽ എതിർപ്പുണ്ടാവില്ല. ഇങ്ങനെയൊക്കെ ആലോചിച്ചാണ് കുഞ്ഞന്നം പെണ്ണുകാണൽ പരിപാടിക്ക് സമ്മതിച്ചത്.

കുഞ്ഞന്നത്തിന്റെ അച്ഛൻ നെൽപ്പുര സാബു രാമങ്കരി പഞ്ചായത്തിന്റെ അവാർഡ് നേടിയ നെൽകർഷകനാണെങ്കിൽ അമ്മ ജോളി കുര്യൻ പലഹാരങ്ങൾ ഉണ്ടാക്കുന്നതിൽ സ്പെഷലിസ്റ്റാണ്. അച്ഛൻ തവളക്കണ്ണൻ വിതച്ച് നൂറുമേനി വിളയിക്കും. അമ്മ നാടൻ നെല്ലിന്റെ അരിപ്പൊടി കൊണ്ട് നെയ്യപ്പം, അച്ചപ്പം, കുഴലപ്പം, ഉണ്ണിയപ്പം, ഇണ്ട്രിയപ്പം, അവിൽ വിളയിച്ചത്, അവലോസുണ്ട, അരിയുണ്ട  തുടങ്ങി നാനാതരം പലഹാരങ്ങൾ ഉണ്ടാക്കി വീടുകളിലും കടകളിലും വിൽക്കും. പള്ളിമണി എന്നാണ് പലഹാരക്കമ്പനിയുടെ ബ്രാൻഡ് നെയിം.

കുഞ്ഞന്നം എന്ന പേരു വന്നതിനു പിന്നിലും ഒരു കഥയുണ്ട്.

കുഞ്ഞന്നത്തിന്റെ അച്ഛന്റെ വീട് നീലംപേരൂരാണ്.  പടയണിയുടെ നാടാണ് നീലംപേരൂർ. ചിങ്ങമാസമായാൽ പള്ളി ഭഗവതി ക്ഷേത്രത്തിൽ പടയണി കൊടിയേറും. പിന്നെ പുലരുവോളം ഉൽസവപ്പറമ്പിൽ നിന്ന് വല്യന്നം വന്നേ, ചെറിയന്നം വന്നേ, തെയ്‍ത തിന്തകോം എന്ന വായ്ത്താരി മുഴങ്ങുന്ന രാത്രികളാണ്.  ഈ താളം നീലംപേരൂരുകാരുടെ ജീവശ്വാസമാണ്. 

പൂർണ ഗർഭിണിയായ ജോളിയെ പ്രസവത്തിനായി ചങ്ങനാശേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന സമയം. ചിങ്ങമാസമാണ്. പടയണിക്കാലം. പ്രസവ മുറിക്കു പുറത്ത് അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയായിരുന്ന സാബു ടെൻഷൻ ഒഴിവാക്കാൻ ഇങ്ങനെ മൂളിക്കൊണ്ടിരുന്നു. വല്യന്നം വന്നേ, കു‍ഞ്ഞന്നം വന്നേ... വല്യന്നം വന്നേ, കുഞ്ഞന്നം വന്നേ...

തന്നെയും പിന്നെയും ഇതുതന്നെ പാടിക്കൊണ്ട് പ്രസവ മുറിയുടെ പുറത്തുകൂടി സാബു അങ്ങോട്ടുമിങ്ങോട്ടും നടക്കുമ്പോഴാണ് പിറന്ന കുഞ്ഞുമായി നഴ്സ് പുറത്തു വന്നത്. 

ഓടിയെത്തി കു‍ഞ്ഞിനെ കൈനീട്ടി വാങ്ങുമ്പോൾ സാബു പറയുന്നത് നഴ്സ് കേട്ടു... കുഞ്ഞന്നം വന്നേയ്, കുഞ്ഞന്നം വന്നേയ്.

അവർ അകത്തുപോയി ജോളിയോടു പറഞ്ഞു... ജോളിച്ചേച്ചീ, കൊച്ചിന്റെ അപ്പൻ കൊച്ചിനു പേരിട്ടു കേട്ടോ, കുഞ്ഞന്നം !

നഴ്സ് അപ്പോൾത്തന്നെ അത് ആശുപത്രി റജിസ്റ്ററിലും ചേർത്തു. കു‍ഞ്ഞന്നം, ഡോട്ടർ ഓഫ് സാബു ആൻഡ് ജോളി.  

അന്ന സാബു നെൽപ്പുരയെന്നാണ് അവളുടെ സ്കൂളിലെ പേര്. ആൾ അത്ര പഠിപ്പിസ്റ്റൊന്നുമല്ല. ഹോംസയൻസായിരുന്നു കോളജിലെ സബ്ജക്ട്. യുട്യൂബാണ് ആഹാരം. വീട്ടിൽ ഒരു വളർത്തു തത്തയുണ്ട്;  മോബി. അവളാണ് കുഞ്ഞന്നത്തിന്റെ പ്രിയപ്പെട്ട കൂട്ടുകാരി.

ഫ്രെഡിയുടെ കാ‍ർ ദൂരെ നിന്നു വരുമ്പോൾ മുറ്റത്തെ മാവിൻ കൊമ്പിൽ ഇരിക്കുകയായിരുന്നു മോബി. പാടത്തിനു നടുവിലൂടെയുള്ള റോഡിൽ പൊടി ഉയരുന്നതുകണ്ട് അവൾ പറന്നു നോക്കിയിട്ടു വന്ന് കുഞ്ഞന്നത്തോടു പറഞ്ഞു... പണിയായി.. പണിയായി...

മോബിയുടെ വെപ്രാളം കണ്ടപ്പോൾ കുഞ്ഞന്നം വിചാരിച്ചു വികാരിയച്ചന്റെ വരവാണെന്ന്. അവൾ വേഗം എഴുന്നേറ്റ് കർത്താവിന്റെ രൂപത്തിനു മുന്നിൽ മെഴുകുതിരി കൊളുത്തി. 

അന്നേരത്തേക്കും ഫ്രെഡിയുടെയും മാതാപിതാക്കളുടെയും കാർ മുറ്റത്തു വന്നു.

ഫ്രെഡി പുറത്തിറങ്ങി ചുറ്റും ഒന്നു നോക്കിയിട്ടു പറഞ്ഞു, ബ്യൂട്ടിഫുൾ !

പെണ്ണുകാണൽ ചടങ്ങിന് കുഞ്ഞന്നത്തിന്റെ വേഷം ചട്ടയും മുണ്ടുമായിരുന്നു. മേടനിലാവിൽ അലക്കി വെളുപ്പിച്ച ചട്ടയും മീനവെയിലിൽ കാച്ചിയെടുത്ത കാശുമാലയുമിട്ട് നിൽക്കുന്ന കുഞ്ഞന്നത്തെക്കണ്ട് ഫ്രെഡിയുടെ മമ്മി വല്ലാതെ ഇംപ്രസ്ഡ് ആയി. ട്രഡീഷനൽ, നാചുറൽ, ഹോംലി, ഫാംലി, വീട്ടിലൂണുപോലെ !

ഫ്രെഡിയുടെ മമ്മി ചോദിച്ചു... കുഞ്ഞന്നത്തിന്റെ ഈ കോസ്റ്റ്യൂം ആരാ സെലക്ട് ചെയ്തത്?

ജോളി പറഞ്ഞു... സാബുച്ചാന്റെ അമ്മച്ചി. 

എന്നാൽപ്പിന്നെ ആദ്യം തന്നെ ആ അമ്മച്ചിയെ കണ്ടേക്കാമെന്നായി വിരുന്നുകാർ. അടുത്ത മുറിയിൽ കിടന്നുറങ്ങുകയായിരുന്നു തറമ്മ ഇട്ടി എന്ന 80 വയസ്സുള്ള അമ്മച്ചി. 

വാതിൽ തുറക്കുമ്പോഴേ കേൾക്കാം കൂർക്കം വലിയുടെ താളം. 

കുഞ്ഞന്നം പറഞ്ഞു... അമ്മച്ചി അമേരിക്കയിൽ നിന്നു വന്നിട്ട് ഒരു മാസമായതേയുള്ളൂ. അവിടത്തെ ടൈം സോണിൽ നിന്നു മാറാതിരിക്കാൻ പകൽ ഉറങ്ങും, രാത്രിയിൽ ഉണർന്നിരിക്കും. 

ഫ്രെഡി പറഞ്ഞു... അമേസിങ് അമ്മച്ചി ! ലവ് യു !

രാത്രി ഉണർന്നിരുന്ന് യുട്യൂബ് വീഡിയോകൾ കാണുന്നതാണ് പ്രധാന വിനോദം. ട്രംപിന്റെ വീഡിയോകൾ മ്യൂട്ട് ചെയ്തു കാണാൻ ഭയങ്കര ഇഷ്ടമാണ്. അടുത്തമാസം ചിലപ്പോൾ അമേരിക്കയിലേക്കു തിരിച്ചു പോകും. 

ഫ്രെഡിയുടെ മമ്മി ചോദിച്ചു... ഞങ്ങൾ വരുന്ന കാര്യം ഈ അമ്മച്ചി അറിഞ്ഞില്ലേ?

കുഞ്ഞന്നം നാണത്തോടെ പറഞ്ഞു... അമ്മച്ചി വിചാരിച്ചു കാണും വരുന്നത് നാളെയാണെന്ന്. അമേരിക്കയിൽ എല്ലാം ഒരുദിവസം പിന്നോട്ടല്ലേ.. !

അമ്മച്ചീടെ കൂർക്കംവലി കുറെ നേരം ശ്രദ്ധിച്ചിട്ട് ഫ്രെഡിക്കു സംശയം, എവിടെയോ കേട്ടതു പോലെ.

കുഞ്ഞന്നം പറഞ്ഞു... ബിടിഎസിന്റെ പാട്ടല്ലേ, ഡൈനമൈറ്റ്. എനിക്കും തോന്നാറുണ്ട് !

വൈകാതെ വികാരിയച്ചനും വന്നു. ബുള്ളറ്റിൽ മുറ്റത്തു വന്നിറങ്ങിയ അച്ചനെ കണ്ട് മോബി ഉറക്കെ ചിലച്ചു... സ്തുതി, സ്തുതി, സ്തുതി. 

വികാരിയച്ചനും സന്തോഷമായി. മോബിക്ക് ചെറിയ അനുസരണക്കേടുണ്ടെന്ന് അച്ചനു പരാതിയുണ്ടായിരുന്നു. ഒരിക്കൽ പുള്ളി പാടവരമ്പിലൂടെ ബുള്ളറ്റിൽ വരികയായിരുന്നു. നേരെ എതിർ വശത്തു നിന്ന് കുഞ്ഞന്നം സൈക്കിളിലും വന്നു. ഒരു വണ്ടി പോകാൻ മാത്രമേ ഇടയുള്ളൂ.  ഒരുവശം വിതച്ചിട്ട പാടം. മറുവശം താറാവുകൾ നീന്തുന്ന തോട്. രണ്ടിടത്തേക്കും ഇറങ്ങാൻ പറ്റില്ല. 

രണ്ടിലൊരാൾ വണ്ടി പിന്നോട്ട് എടുത്താലേ പറ്റൂ.

അച്ചൻ പറഞ്ഞു... വഴി മാറൂ കുട്ടീ, ഞാൻ ഒരു കൂദാശയ്ക്കു പോവുകയാ.

കുഞ്ഞന്നം പറ‍ഞ്ഞു... അയ്യോ, അച്ചോ ഞാൻ രാവിലത്തെ കുർബാനയ്ക്ക് പള്ളിയിൽ പോകുവാ. ഇപ്പോത്തന്നെ വൈകി...

അച്ചൻ ആശയക്കുഴപ്പത്തിലായി. അതുകണ്ട് വികൃതിയായ തത്ത പറഞ്ഞു... പോടാ അച്ചാ..

കുഞ്ഞന്നത്തിന്റെ സൈക്കിളിന്റെ ഹാൻഡിലിൽ ഇരിക്കുകയായിരുന്ന മോബിത്തത്തയെ വികാരിയച്ചൻ അന്ന് നോട്ടമിട്ടതാണ്. പിന്നീട് ഇപ്പോഴാണ് തമ്മിൽ കാണുന്നത്. 

കുഞ്ഞന്നത്തിന്റെ വീട്ടിലെ സ്വീകരണ മുറിയിൽ നടുക്ക് വെള്ള വിരിയിട്ട കസേരയിൽ വികാരിയച്ചൻ ഇരുന്നു. അച്ചന്റെ ഇടതു വശത്ത് പയ്യനും വീട്ടുകാരും. വലതു വശത്ത് കുഞ്ഞന്നവും വീട്ടുകാരും. അങ്ങനെയായിരുന്നു സീറ്റിങ് ക്രമീകരിച്ചിരുന്നത്. നടുക്ക് നിലവിളക്കും വിശുദ്ധ വേദപുസ്തകവും.

അച്ചൻ പറഞ്ഞു... വിവാഹ ബന്ധങ്ങളെ ദൈവത്തിന്റെ തീരുമാനമായിട്ടാണ് തിരുസഭ കാണുന്നത്. വിവാഹ ബന്ധങ്ങളിൽ സ്വർണവും പണവും കൈമാറുന്ന പതിവുണ്ടല്ലോ.  കൊടുക്കേണ്ടത് സ്നേഹവും തിരിച്ചു കൊടുക്കേണ്ടത് ആദരവുമാണ് എന്നാണ് എന്റെ അഭിപ്രായം.  ഫ്രെഡിയുടെയും കുഞ്ഞന്നത്തിന്റെയും വീട്ടുകാർക്ക് എന്തെങ്കിലും ഡിമാന്റുണ്ടോ?

അങ്ങനെയൊന്നുമില്ലച്ചോയെന്ന മട്ടിൽ രണ്ടുകൂട്ടരും നിഷ്കളങ്ക ചിത്തരായി ഇരിക്കുന്നത് കണ്ട് വികാരിയച്ചൻ പറഞ്ഞു... മറ്റൊന്നും പറയാനില്ലെങ്കി‍ൽ കാപ്പിയെടുക്കാം.

എന്നാൽ കാപ്പിയെടുക്കട്ടേ എന്നു പറഞ്ഞ് കുഞ്ഞന്നത്തിന്റെ അമ്മ അകത്തേക്കു പോയി.

ഫ്രെ‍‍ഡിയുടെ പപ്പ വികാരിയച്ചനോടു ചോദിച്ചു... അച്ചനു ബുള്ളറ്റാണോ ഇഷ്ടം?

എങ്ങനെ മനസ്സിലായി?

ഇഷ്ടപ്പെട്ട വാഹനം, ഇഷ്ടമുള്ള ഭക്ഷണം, ആവശ്യമുള്ളത്ര പണം എന്നിവ കൈവശമുള്ളവരെ കള്ളന്മാർ‍ക്കും പൊലീസുകാർക്കും വക്കീലന്മാർക്കും വേഗം തിരിച്ചറിയാൻ കഴിയും. 

അച്ചൻ പറഞ്ഞു... ഇവർക്കു മാത്രമല്ല, ദൈവത്തിനും മനസ്സിലാകും ! ബുള്ളറ്റിൽ യാത്ര ചെയ്യുമ്പോൾ എന്റെ കുപ്പായം കാറ്റുനിറഞ്ഞ് വലിയൊരു ബലൂൺ പോലെ വീർക്കും. എനിക്ക് അത് വലിയ ഇഷ്ടമാണ്.  ഗലീലിയ തടാകത്തിലൂടെ ഒഴുകുന്ന ഒരു വെളുത്ത കുമിളയാണു ഞാനെന്ന് അന്നേരം എനിക്കു തോന്നാറുണ്ട്. 

penakathy-column-oru-kuttanadan-pennukanal-article-image-illustration
വര: മുരുകേശ് തുളസിറാം

വികാരിയച്ചനും വിരുന്നുകാരും കുറെ നേരം സംസാരിച്ചിരുന്നിട്ടും കുഞ്ഞന്നത്തിന്റെ അമ്മയെ കാണാതെ വന്നപ്പോൾ ഞാനൊന്നു നോക്കിയേച്ചു വരാമെന്നു പറ‍ഞ്ഞ് സാബുവും അകത്തേക്കു പോയി. പുള്ളിക്കാരനും തിരിച്ചു വരാൻ‍ വൈകിയതോടെ കാര്യമെന്താണെന്നു തിരക്കി കുഞ്ഞന്നവും അടുക്കളയിലേക്കു പോയി.

കുറെ നേരമായിട്ടും ആരെയും കാണുന്നില്ല. 

ഫ്രെഡി ചോദിച്ചു... ഈ നാട്ടിൽ കോഫി ഉണ്ടാക്കാൻ ഇത്രയും ടൈം എടുക്കുമോ?

വികാരിയച്ചൻ പറഞ്ഞു... പൊതുവേ കുട്ടനാടിന് ഒരു പതിഞ്ഞ താളമുണ്ട്. നതോന്നതയാണ് ഞങ്ങളുടെ ദേശീയഗാനം. 

മോബി പറന്ന് അടുക്കള വരെ പോയി നോക്കിയിട്ട് തിരിച്ചു വന്നു ചിലയ്ക്കാൻ തുടങ്ങി... സീരിയസ് ഇഷ്യൂ, സീരിയസ് ഇഷ്യൂ...

അതോടെ വികാരിയച്ചന്റെ നേതൃത്വത്തിൽ അതിഥികളെല്ലാം കൂടി കുഞ്ഞന്നത്തിന്റെ വീട്ടിലെ അടുക്കളയിലേക്കു പോയി. വിശാലമായ ഡൈനിങ് റൂമിനു നടുവിൽ കടഞ്ഞ തേക്കുകാലുള്ള വലിയ ഡൈനിങ് ടേബിൾ. മേശപ്പുറത്ത് അച്ചപ്പവും കുഴലപ്പവും അവിലും മിക്സ്ചറുമെല്ലാം ആവശ്യത്തിലധികം അളവിൽ പാത്രങ്ങളിൽ അതിഥികളെ കാത്തിരിപ്പുണ്ട്. ഡൈനിങ് ടേബിളിനു ചുറ്റും ഫോണും നോക്കിയിരിക്കുകയാണ് കുഞ്ഞന്നത്തിന്റെ അച്ഛനും അമ്മയും. കുഞ്ഞന്നവും വീട്ടിലെ ജോലിക്കാരിയും അൽപം മാറി നിന്ന് ഫോണിൽ എന്തോ നോക്കുന്നുണ്ട്.

കാപ്പിക്കു വച്ച പാൽ തിളച്ചു തൂവുന്നു, കഞ്ഞിക്കുക്കർ വിസിലടിക്കുന്നു. അടുത്ത വീട്ടിലെ പശു കരയുന്നു. 

വികാരിയച്ചൻ ചോദിച്ചു... നിങ്ങളെല്ലാവരും ഓൺലൈനിൽ കുർബാന സ്വീകരിക്കുകയാണോ? കോവിഡ് വന്നതിനു ശേഷം ഞായറാഴ്ച രാവിലെ ഇടവകക്കാരുടെ വീട്ടിൽ ചെല്ലുമ്പോൾ എല്ലാവരും ഇങ്ങനെ ഫോണിൽ നോക്കിയിരിക്കുന്നതു കാണാറുണ്ട്. 

ജോളി പറഞ്ഞു... അല്ലച്ചോ, കുഞ്ഞന്നവും ഫ്രെഡിയും കല്യാണം കഴിച്ച് ഒരു ആൺകുട്ടിയുണ്ടായാൽ എന്തു പേരിടണമെന്ന് ഞങ്ങൾ ഗൂഗിളിൽ നോക്കുകയായിരുന്നു.

വികാരിയച്ചനു ദേഷ്യവും ചിരിയും ഒരുമിച്ചു വന്നു. അദ്ദേഹം ചോദിച്ചു... അതെന്താ ആൺ‍കുഞ്ഞ് മാത്രമേ ഉണ്ടാകൂ എന്ന് ഗബ്രിയേൽ മാലാഖ വന്നു പറഞ്ഞോ? പെൺ‍കുഞ്ഞാണെങ്കിൽ പേരിടുന്നില്ലേ?

കുഞ്ഞന്നവും ജോലിക്കാരി സരസമ്മയും സേർച്ച് ചെയ്യുന്നത് പെൺകു‍ഞ്ഞിന്റെ പേരാണച്ചോ എന്ന് കുഞ്ഞന്നത്തിന്റെ അച്ഛൻ പറഞ്ഞതോടെ ഫ്രെഡി പറ‍ഞ്ഞു... ഈ വില്ലേജ് എനിക്ക് ഭയങ്കര ഇഷ്ടായി.  ഇതുപോലെ ഈ നാട്ടിൽ വേറെയും ആളുകളുണ്ടോ?! 

മേശപ്പുറത്തു നിന്ന് ഒരു അച്ചപ്പമെടുത്ത് ഒരല്ലി അടർത്തിയെടുത്ത് കറുമുറുക്കം നോക്കിയിട്ട് വികാരിയച്ചൻ ചോദിച്ചു... കുഞ്ഞന്നത്തിന് ഈ വിവാഹത്തിനു സമ്മതമാണോ?

അവൾ മറുപടി പറയുന്നതിനു മുമ്പ് മോബി പറന്നു വന്ന് തോളിലിരുന്നിട്ട് ഫ്രെഡിയുടെ മമ്മിയോടു ചോദിച്ചു.. നിങ്ങളുടെ വീട്ടിൽ പൂച്ചയുണ്ടോ? ഐ മീൻ പെറ്റ് ക്യാറ്റ് ?

മമ്മി പറഞ്ഞു.. ഇല്ല.

കുറുവാൽ ഉയർത്തി വായുവിൽ ഒരു ലവ് സിംബൽ വരച്ചിട്ട് പറന്നുപോകുന്നതിനിടയിൽ മോബി പറഞ്ഞു... തേങ്ക്സ്. എന്നാൽ എനിക്കും സമ്മതം. 

അതുകേട്ട് ഫ്രെഡി അവളുടെ പിന്നാലെ ഓടിച്ചെന്ന് മോബിക്കൊരു ഫ്ളൈയിങ് കിസ് എറിഞ്ഞു കൊടുത്തു ! അവൾ പറന്നു പോയ വഴിയിലൊരു മരതക മഴവില്ലു വിരിഞ്ഞു !

Content Summary : Penkathy Column by Vinod Nair - Oru Kuttanadan Pennukanal

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS