ഈ കടവും കടന്ന്.. !
കോളജ് അധ്യാപകനായിരുന്ന കാലത്ത് അച്ഛന് ഒരു പ്രണയമുണ്ടായിരുന്നു എന്ന് തോന്നിയിരുന്നു. അത് ടീച്ചറോടായിരുന്നു എന്ന് തീരെ പ്രതീക്ഷിച്ചില്ല. ഞാനും ആദ്യം പ്രതീക്ഷിച്ചിരുന്നില്ല. അദ്ദേഹം തീരെ എക്സ്പ്രസീവ് ആയിരുന്നില്ല. വീട്ടിലും മൂപ്പര് അങ്ങനെ തന്നെയായിരുന്നു.
കോളജ് അധ്യാപകനായിരുന്ന കാലത്ത് അച്ഛന് ഒരു പ്രണയമുണ്ടായിരുന്നു എന്ന് തോന്നിയിരുന്നു. അത് ടീച്ചറോടായിരുന്നു എന്ന് തീരെ പ്രതീക്ഷിച്ചില്ല. ഞാനും ആദ്യം പ്രതീക്ഷിച്ചിരുന്നില്ല. അദ്ദേഹം തീരെ എക്സ്പ്രസീവ് ആയിരുന്നില്ല. വീട്ടിലും മൂപ്പര് അങ്ങനെ തന്നെയായിരുന്നു.
കോളജ് അധ്യാപകനായിരുന്ന കാലത്ത് അച്ഛന് ഒരു പ്രണയമുണ്ടായിരുന്നു എന്ന് തോന്നിയിരുന്നു. അത് ടീച്ചറോടായിരുന്നു എന്ന് തീരെ പ്രതീക്ഷിച്ചില്ല. ഞാനും ആദ്യം പ്രതീക്ഷിച്ചിരുന്നില്ല. അദ്ദേഹം തീരെ എക്സ്പ്രസീവ് ആയിരുന്നില്ല. വീട്ടിലും മൂപ്പര് അങ്ങനെ തന്നെയായിരുന്നു.
കോളജ് അധ്യാപകനായിരുന്ന കാലത്ത് അച്ഛന് ഒരു പ്രണയമുണ്ടായിരുന്നു എന്ന് തോന്നിയിരുന്നു. അത് ടീച്ചറോടായിരുന്നു എന്ന് തീരെ പ്രതീക്ഷിച്ചില്ല.
ഞാനും ആദ്യം പ്രതീക്ഷിച്ചിരുന്നില്ല. അദ്ദേഹം തീരെ എക്സ്പ്രസീവ് ആയിരുന്നില്ല.
വീട്ടിലും മൂപ്പര് അങ്ങനെ തന്നെയായിരുന്നു. അമ്മയാണ് എന്നും ആദ്യം ജോലിക്കു പോകാൻ ഇറങ്ങിയിരുന്നത്. ആ സമയത്ത് അച്ഛൻ പത്രമെടുത്ത് നിവർത്തി അതിൽ നോക്കി ഒരു നോട്ടുബുക്കിൽ എന്തോ കുറിച്ചു കൊണ്ടിരിക്കും. അമ്മയ്ക്കാണെങ്കിൽ പടി കടക്കുന്നതു വരെ കണ്ണുകൊണ്ടെങ്കിലും ഒന്നു കൂടെ വന്നു കൂടേ എന്നൊരു ആഗ്രഹമുണ്ടായിരുന്നു.
അരുൺ മൂർത്തി എന്ന മകനും അവന്റെ അച്ഛന്റെ പ്രണയിനിയായ പ്രഫ. ഗായത്രി മഞ്ജുവും തമ്മിലുള്ള കൂടിക്കാഴ്ച നടക്കുകയാണ്. അരുണിന്റെ അച്ഛൻ പ്രഫ. ഗോവിന്ദനുണ്ണിയും ഗായത്രി മഞ്ജുവും ഒരേ കോളജിൽ അധ്യാപകരായിരുന്നു.
അരുൺ പറഞ്ഞു... പത്രങ്ങളിലെ ചരമപ്പേജ് തമിഴ്നാട്ടിലെ പൂപ്പാടം പോലെയാണ്. അതിൽ മരിച്ചവരുടെ മുഖങ്ങൾ കൃത്യമായ അകലത്തിൽ പൂത്തു നിൽക്കുന്നു. ഓരോ ചെടിയുടെയും ചുവട്ടിൽപ്പോയി മക്കളുടെ പേരുകൾ മാത്രം അച്ഛൻ വായിക്കും. അതിൽ നിന്ന് ഇഷ്ടം തോന്നുന്നവ കുറിച്ചെടുക്കും. വേരുകൾ തേടുമ്പോൾ മരിച്ചത് ആരാണെന്ന കാര്യം അച്ഛൻ ഒരിക്കലും ശ്രദ്ധിച്ചിരുന്നേയില്ല.
ചരമപ്പേജ് മാത്രമല്ല, അരുൺ, പണ്ടത്തെ ടെലിഫോൺ ഡയറക്ടറി, കോളജിലെ അഡ്മിഷൻ ലിസ്റ്റ് ഒക്കെ അദ്ദേഹം വായിക്കുമായിരുന്നു. അവയിൽ നിന്ന് എഴുതിയെടുത്ത പേരുകൾ ചേർത്താണ് ആ പുസ്തകം പ്രസിദ്ധീകരിച്ചത് – പേരായിരം ! ഞാനാണ് ആ പേര് സജസ്റ്റ് ചെയ്ത്തത്. കണ്ണായിരം എന്ന വാക്കിൽ നിന്നാണ് എനിക്ക് ആ പേരു കിട്ടിയത്.
അമ്മയ്ക്ക് ആ പുസ്തകത്തിന്റെ പേര് ഒട്ടും ഇഷ്ടമായിരുന്നില്ല. എന്നിട്ടും അതു തന്നെ വേണമെന്ന് അച്ഛൻ വാശി പിടിച്ചു. അമ്മയെ അത് വല്ലാതെ ഇറിറ്റേറ്റ് ചെയ്തിരുന്നു.
അതെങ്ങനെ എന്ന് ഗായത്രി മഞ്ജു മുഖം സംശയിച്ചു. ഒരു പുസ്കത്തിന്റെ പേര് എങ്ങനെയാണ് അദ്ദേഹത്തിന്റെ ഭാര്യയെ വേദനിപ്പിക്കുന്നത്. ആ പുസ്തകം വായിക്കാതെ അവോയ്ഡ് ചെയ്താൽപ്പോരേ! എത്ര എഴുത്തുകാരെ ആളുകൾ അങ്ങനെ അവഗണിക്കുന്നു.
അരുൺ വിശദീകരിച്ചു.. ആ പുസ്തകത്തിന് പേരുകൾ, വേരുകൾ എന്ന പേര് ഇടണമെന്നായിരുന്നു അമ്മയുടെ ആഗ്രഹം. അതെപ്പറ്റി പറയുമ്പോൾ അവർ പരസ്പരം കുത്തി സംസാരിക്കുമായിരുന്നു.
കുത്ത് ദാമ്പത്യത്തിൽ സാധാരണമാണ് അരുൺ. ഭാര്യയും ഭർത്താവും തമ്മിൽ വഴക്കിടുമ്പോൾ അത് കുത്തും, കാമുകനും കാമുകിയും തമ്മിലാകുമ്പോൾ കോമയുമാകുന്നു.
അരുൺ ചിരിച്ചു.. ടീച്ചർക്ക് ഞാൻ കരുതിയതിനെക്കാൾ ഹ്യൂമർ സെൻസ് ഉണ്ട്. അച്ഛൻ പ്രണയ സംഭാഷണങ്ങളിൽ എങ്ങനെയായിരുന്നു?
എടുക്കുക, അതേ സ്ഥാനത്തു തിരിച്ചു വയ്ക്കുക. അതായിരുന്നു അദ്ദേഹത്തിന് പ്രണയം. എന്റെ നെറ്റിയിലെ ബിന്ദിയൊക്കെ ശ്രദ്ധയോടെ പറിച്ചെടുക്കും. എന്നിട്ട് അവിടെത്തന്നെ വീണ്ടും വയ്ക്കും. കൈയിലെ വളയും മോതിരവും ഊരും, അടുത്ത നിമിഷം മറുകൈയിൽ തിരിച്ചിടും. ഒരിക്കൽ എന്റെ മോതിര വിരലിൽ നിന്ന് ഊരിയെടുത്ത മോതിരം ഇട്ടത് അണിവിരലിലായിപ്പോയി. പിന്നെ ഊരാൻ പറ്റുന്നില്ല. എന്താ ചെയ്യുക. സ്വർണപ്പണിക്കന്റെ അടുത്തു പോയി മുറിച്ചെടുക്കാം എന്നു ഞാൻ പറഞ്ഞു. അദ്ദേഹം സമ്മതിച്ചില്ല. പിന്നെ കുറേ നേരം ഞങ്ങൾ ചെറുതുരുത്തിയിലെ കലാമണ്ഡലത്തിന്റെ പിന്നിലുള്ള പടവുകളിൽ ഒന്നും മിണ്ടാതെ പരസ്പരം നോക്കിയിരുന്നു. അതു കഴിഞ്ഞ് വെറുതെ ഇങ്ങ് ഊരിപ്പോന്നു !
ഈ അണിവിരലല്ലേ, പുതിയകാലത്ത് ദേഷ്യം വരുമ്പോൾ മിഡിൽ ഫിംഗറായി മാറിയത് !
ഗായത്രി മഞ്ജു പറഞ്ഞു... അരുൺ വിഷയത്തിൽ നിന്ന് വേഗം മാറിപ്പോകുന്നു. അച്ഛന്റെ അതേ സ്വഭാവം. ഡിപ്പാർട്ട്മെന്റിൽ ഇരിക്കുമ്പോൾ കൊലീഗ്സിനെ വിഷ്ണു നാരായണൻ മാഷേ, എലിസബത്തേ, മോളീ, മാലിനീ, കാകളീ എന്നൊക്കെ വിളിക്കുമ്പോൾ എന്നെ മാത്രം അദ്ദേഹം ഒരു മുറിച്ചോക്കു കൊണ്ട് എന്തുകൊണ്ട് എറിയുന്നു അതാണ് എനിക്ക് ആദ്യം സംശയം തോന്നിയത്.
അരുൺ ചോദിച്ചു... ഏറ് മറ്റ് അധ്യാപകരൊക്കെ കാണില്ലേ? അധ്യാപകരുടെ കണ്ണേറു പോലും കുട്ടികൾ രഹസ്യമായി നോട്ടീസ് ചെയ്യാറുണ്ട്.
മലയാളം അധ്യാപകർക്കിടയിൽ പൊതുവേ ശൃംഗാരം അൽപം കൂടുതലായിരുന്നു അന്നൊക്കെ. യുജിസി സാലറി നടപ്പായതു മുതൽ വന്ന മാറ്റമാണ് അത്. വിദ്യാർഥി സമരം മൂലം ക്ലാസ് നേരത്തെ വിടുന്ന ദിവസങ്ങളിൽ പ്രണയ കവിതകൾ കൊണ്ട് അന്താക്ഷരി കളിക്കുന്ന അധ്യാപകരൊക്കെ ഉണ്ട്.
അച്ഛൻ ഇടയ്ക്കിടെ ചെറുതുരുത്തിയിൽ പോകാറുണ്ടായിരുന്നു എന്നു കേട്ടിട്ടുണ്ട്. ടീച്ചറും കൂടെയുണ്ടായിരുന്നു എന്ന് ഇപ്പോഴാണ് അറിഞ്ഞത്.
ചെറുതുരുത്തി സീനിയറായ ആളുകളുടെ പ്രണയത്തിന് പറ്റിയ ഇടമാണ്. കലാമണ്ഡലം, ഇരുമ്പിന്റെ അംശം കൂടുതലുള്ള പാലം, അധികം വെള്ളമില്ലാത്ത പുഴ, ദൂരെ അമ്പലം, വല്ലപ്പോഴും കേൾക്കാൻ സോപാന സംഗീതം... ഇങ്ങനെ കുറെ ഇലമെന്റ്സുണ്ട്.
ടീച്ചർ ഒരു നിമിഷം നിർത്തി. ദൂരെ അനാഥനായ ഒരു തീവണ്ടി കൂവി.
നിളയുടെ മണൽത്തട്ടിൽ വേനലാകുമ്പോൾ വെളുത്ത നിറത്തിലുള്ള പൂക്കൾ വിടരും. കമൽപ്പുല്ല് എന്നാണ് നാട്ടുകാർ വിളിക്കുന്നത്. കമലിന്റെ സിനിമകളിൽ കൂടുതലായി വളരുന്നതുകൊണ്ട് സിനിമക്കാർ പറയുന്ന പേരാണത്. പ്രണയികൾക്ക് അത് വിശേഷമാണ്. ഈ പുല്ല് ദൂരെ നിന്നു കാണാനാണ് നല്ലത്. അടുത്തു നിന്നാൽ ചിലർ തുമ്മും. അദ്ദേഹത്തിന് ഇത് അറിയില്ലായിരുന്നു. ഒരിക്കൽ തിരിച്ചു വരുമ്പോൾ ബസിൽ ഇരുന്ന് ഞങ്ങൾ രണ്ടാളും മാറി മാറി തുമ്മാൻ തുടങ്ങി. അതു വലിയ കോമഡിയായിരുന്നു.
അരുൺ പറഞ്ഞു... ചെറുതുരുത്തിയെന്നു കേട്ടാൽ മനസ്സിൽ വരുന്നത് ഭാരതപ്പുഴയുടെ മുകളിലെ റയിൽപ്പാളമാണ്. അച്ഛന്റെ ഓർമകളുടെ സെല്ലുകൾ ഇപ്പോൾ അതുപോലെയാണ്. ഇടയ്ക്കിടെ ഗ്യാപ്പുകൾ. ബ്ലാങ്കായ നോക്കിയിരിപ്പുകൾ കൂടിക്കൂടി വരുന്നു.
അച്ഛന്റെ പ്രണയിനി ഒന്നും മിണ്ടിയില്ലെന്ന് അരുൺ ശ്രദ്ധിച്ചു. മറുകൂവലിന് കാതോർത്ത് കേൾക്കാതെ വന്ന പെൺകുയിലിന്റേതുപോലെ നിരാശയോടെ അവരുടെ മുഖം.
നിന്റെ അമ്മ ഇപ്പോൾ..?
അരുൺ പറഞ്ഞു... ആക്ടീവാണ്. തിരക്കിനിടയിലൂടെ ഫോർ വീലറൊക്കെ കൂളായി ഓടിക്കും. ഓൺലൈനായി 50 വിദേശിക്കുട്ടികളെ ഹിന്ദി പഠിപ്പിക്കുന്നുണ്ട്.
ഗായത്രി മഞ്ജു ടീച്ചർ പറയാൻ തുടങ്ങി... കോളജിലെ വിലാസത്തിൽ അദ്ദേഹം എനിക്കു കത്തയ്ക്കുമായിരുന്നു. എന്റെ പേരും മേൽവിലാസവും ഹിന്ദിയിൽ എഴുതും. ഉള്ളിലെ കത്ത് തനി മലയാളത്തിൽ. അതെപ്പറ്റി ചോദിച്ചപ്പോൾ ഇന്ത്യ തന്നെ അങ്ങനെയല്ലേ മഞ്ജൂ എന്നായിരുന്നു അദ്ദേഹത്തിന്റെ കമന്റ്. മേൽവിലാസം ഹിന്ദിയിൽ, ഉള്ളിൽ പല സംസ്ഥാനങ്ങൾ, പല ഭാഷകൾ !
ടീച്ചർ ഹിന്ദിയിൽ എന്തെങ്കിലും ഒരു വാചകം എഴുതാമോ?
പേപ്പർ കിട്ടാതെ വന്നപ്പോൾ സ്വന്തം കൈവെള്ളയിലാണ് അവർ എഴുതിയത്. സ്വപ്നങ്ങളെല്ലാം യാഥാർഥ്യമായാൽ പിന്നെ സ്വപ്നം കാണുന്ന മനസ്സ് ആർക്കാണു വേണ്ടത് എന്ന് അർഥം വരുന്ന ഒരു മുറി ഹിന്ദിക്കവിത. എന്നിട്ടു ചോദിച്ചു... അദ്ദേഹത്തിന്റെ ആരോഗ്യം എങ്ങനെ?
കാഴ്ചയിൽ പണ്ടത്തേതു പോലെ തന്നെ. നമ്മൾക്കു വളരെ പ്രധാനമെന്നു തോന്നുന്ന കാര്യങ്ങൾ അദ്ദേഹം നിസ്സാരമായി മറക്കുന്നു. എത്ര നിർബന്ധിച്ചാലും ഓർമിക്കാൻ ശ്രമിക്കുന്നുമില്ല. ഓർമക്കുറവിന് ചില ഗുളികകൾ ഉണ്ട്. അവ ചിലപ്പോൾ കട്ടിലിന്റെ ചുവട്ടിൽ വീണു കിടക്കും. അവയെടുത്തിട്ട് കുട്ടികളെപ്പോലെ മുകളിലേക്ക് എറിഞ്ഞു കളിക്കും.
ചെറുതുരുത്തിയിൽ കലാമണ്ഡലം കടവു കടന്ന് റോഡിലേക്ക് കയറുന്നിടത്ത് ഒരു മെഡിക്കൽ സ്റ്റോറുണ്ട്. അവിടെ പേശി വേദനയ്ക്കു വിശേഷപ്പെട്ട ബാം വിൽക്കുന്നുണ്ടായിരുന്നു. അതിന്റെ പേരായിരുന്നു വിശേഷം – സാധകം. നൃത്തം, കഥകളി ഒക്കെ പ്രാക്ടീസ് ചെയ്യുന്ന കുട്ടികൾ ധാരാളം ചോദിച്ചു വരും. അതൊക്കെ പറഞ്ഞാൽ ചിലപ്പോൾ അദ്ദേഹം ഓർമിച്ചേക്കും.
എന്റെ അമ്മയെ കണ്ടിട്ടുണ്ടോ?
ഒരിക്കൽ. കോളജിന്റെ അശീതി വാർഷികമായിരുന്നു. പരിപാടിയുടെ അവതാരകയായി ഞാൻ സ്റ്റേജിൽ. അദ്ദേഹത്തോടൊപ്പം മുൻനിരയിൽ ഇരിക്കുന്നതു കണ്ടു. വെള്ളി ബോർഡറിട്ട കടുംനീല സാരി ഓർമയിലുണ്ട്. അത്ര നിറമുള്ള സാരികൾ എനിക്ക് ഒരിക്കലും ചേരില്ലെന്ന ബോധ്യത്തോടെയാണ് ഞാൻ അന്ന് മുഴുവൻ സമയവും സ്റ്റേജിൽ നിന്നത്. അക്കാര്യമൊക്കെ ഓർമയുണ്ട്.
അരുൺ പറഞ്ഞു... ചെറുതുരുത്തിയിലേക്ക് ഒരിക്കൽ അച്ഛനെ കൊണ്ടുവരണമെന്നുണ്ട്.
അതു വേണ്ട. കൃത്രിമമാകും. വികാരങ്ങൾ നിങ്ങൾ ആഗ്രഹിക്കുന്നതുപോലെ തിരിച്ചു കൊണ്ടുവരാനാകില്ല. ചെമ്മീനിന്റെ അമ്പതാം വാർഷികത്തിൽ മധുവും ഷീലയും തൃശൂരിലെ കടപ്പുറത്ത് വന്നത് ഓർമ വരുന്നു. പണ്ടത്തെപ്പോലെ ചിരിക്കൂ മധു സാർ, ഷീലാമ്മയെ നോക്കി പാടൂ എന്നൊക്കെ പറഞ്ഞ് ചില ഫൊട്ടോഗ്രഫർമാർ നിർബന്ധിക്കുന്നുണ്ടായിരുന്നു. അതൊക്കെ കേട്ട് അദ്ദേഹം നിസ്സഹായനായി നിൽക്കുന്നു. കഷ്ടമാണത്.
പിന്നെ കുറെ നേരം അവർ അധികമൊന്നും മിണ്ടാതെയിരുന്നു. ഓരോ കാപ്പി വാങ്ങിക്കുടിച്ചു.
ഗായത്രി മഞ്ജു ചോദിച്ചു... അദ്ദേഹം എന്റെ മുഖവും മറന്നു കാണുമോ ആവോ?
അവരുടെ കൈയിൽ പിടിച്ച് യാത്ര പറയുമ്പോൾ അരുൺ മൂർത്തിക്കു തോന്നി... എന്റെ അമ്മയുടെ കൈകൾ എത്ര സോഫ്റ്റാണ്.
Content Summary: Penakathy Column by Vinod Nair on Memories