കുറെ നാളായി ശരത് സിതാര മുകുന്ദനെ വിളിക്കുന്നു; സിത്തൂ, വാടീ, നമുക്കൊരു യാത്ര പോകാം.
പല തവണയായപ്പോൾ സിതാര പറഞ്ഞു... ഒരു ദിവസത്തേക്കാണെങ്കിൽ കുഴപ്പമില്ല. പക്ഷേ തിരിച്ചു വന്ന് അമ്മയോട് എല്ലാ വിവരവും പറയാൻ പറ്റണം, എല്ലാം!
അങ്ങനെയൊരു മറുപടി വന്നപ്പോൾ ശരത് ഒരു നിമിഷം ആശയക്കുഴപ്പത്തിലായി. അവൾ വിശദീകരിച്ചു...
കഴിഞ്ഞ ദിവസം നീ ഫ്രണ്ട്സിനോടൊപ്പം പോയി ചില്ലായ കാര്യം എന്നിൽ നിന്ന് ഒളിച്ചു വച്ചു. അതിനു മുമ്പ് ബൈക്കിൽപ്പോയി കഴക്കൂട്ടം പൊലീസിന്റെ മുന്നിൽപ്പെട്ടതും അതുകഴിഞ്ഞ് കെമിസ്ട്രി മിസ്സിനെയും മോളെയും ബവ്റിജസിന്റെ മുന്നിൽക്കണ്ടതും വള്ളി പുള്ളി തെറ്റാതെ പറയുകയും ചെയ്തു. അതുപോലെ പറ്റില്ലാന്ന്.
അവൻ ആത്മഗതം പോലെ പറഞ്ഞു... അമ്മയോട് എല്ലാ വിവരങ്ങളും പറയാൻ പറ്റുന്ന ഒരു യാത്ര. ഞാൻ അങ്ങനെയൊരു സംഭവം ഇതുവരെ ആലോചിച്ചിട്ടില്ല.
സിതാര ചോദിച്ചു... നമ്മൾ എന്തിനാണ് ഈ യാത്ര പോകുന്നത്? നിനക്ക് വല്ല പ്ളാനുമുണ്ടോ?
അവന് ആവേശം കൂടി... എന്റെ ഉള്ളിലെ ഇഷ്ടം നിന്റെ മുന്നിൽ തുറന്നു പറയാൻ.
ഇഷ്ടം എന്താ ചാക്കിനകത്ത് കെട്ടി വച്ചിരിക്കുന്ന പൂച്ചക്കുട്ടിയാണോ തുറന്നു വിടാൻ!
മനസ്സു തുറന്ന് സംസാരിക്കാൻ, അടുത്തിരിക്കാൻ, ഇഷ്ടമുള്ള ഭക്ഷണം ഷെയർ ചെയ്യാൻ എന്നൊക്കെ അവൻ പറഞ്ഞെങ്കിലും അതൊക്കെ യാത്ര പോകാതെ തന്നെ പറ്റുമല്ലോ എന്നായി സിതാര.
അതോടെ അവൻ ചോദിച്ചു.. അപ്പോൾ നീയെന്തിനാണ് യാത്രയ്ക്കു വരുന്നത്?
നിന്റെ ബൈക്ക് ഓടിക്കാൻ. ശരിക്കു പറഞ്ഞാൽ അരിക്കൊമ്പനെ കൊണ്ടുപോയ ചിന്നക്കനാൽ റൂട്ടിലൂടെ, വളവും തിരിവുമുള്ള റോഡിലൂടെ രണ്ടുവശത്തേക്കും കാൽ കവച്ചിരുന്ന് ബുള്ളറ്റ് ഓടിക്കുമ്പോൾ കിട്ടുന്ന ഒരു രസം !
കോളജ് അടയ്ക്കുന്ന സമയമായിരുന്നു. ഇനി രണ്ടു മാസം ഏതെങ്കിലും ഐടി കമ്പനികളിൽ ഇന്റേൺഷിപ്. അതു തീരുമ്പോഴേക്കും പ്ളേസ്മെന്റാകും, പിന്നെ എല്ലാവരും പല വഴിക്ക്. അതിനു മുമ്പ് ഒരുമിച്ച് ഒരു യാത്ര. അതായിരുന്നു ശരത്തിന്റെ മനസ്സിലെ പ്ളാൻ. വേനലിൽ മൂന്നാറാണ് ഐഡിയൽ. നല്ല തണുപ്പുണ്ട്.
കാർ വേണ്ട. ബൈക്ക് മതിയെന്നു പറഞ്ഞത് സിതാരയാണ്. ബൈക്കിൽ പോകുമ്പോൾ അവളുടെ പ്രിയപ്പെട്ട ഏവിയേറ്റർ ഗ്ളാസ് വയ്ക്കാം.
പിറ്റേന്ന് ക്യാംപസിൽ വച്ചു കാണുമ്പോൾ അവൻ പറഞ്ഞു... ഞാൻ ഇന്നലെ ഓരോന്ന് ആലോചിച്ച് ഉറങ്ങിയില്ല!
അവൾ ചിരിച്ചു... നീ എന്റെ അമ്മയെ ഇതുവരെ വിട്ടില്ലേ?
അമ്മയും നീയുമായി എന്തൊക്കെയാണ് ഏറ്റവും അധികം സംസാരിക്കാറുള്ളത്?
അവൾ കണ്ണിറുക്കിച്ചിരിച്ചിട്ടു പറഞ്ഞു... രണ്ടേ രണ്ടു കാര്യങ്ങൾ, കുളിയെപ്പറ്റി, കുളി തെറ്റുന്നതിനെപ്പറ്റി !
അവന് അത് ഇഷ്ടപ്പെട്ടില്ല. അതല്ല അവൻ ചോദിച്ചത്. അമ്മയോട് അവൾ പറയാറുള്ള വിഷയങ്ങൾ എന്തൊക്കെയെന്ന് അവനറിയണം. അത് അവൾക്കു മനസ്സിലായി.
അവൾ വിശദീകരിക്കാൻ തുടങ്ങി... ഞാൻ ഏറ്റവുമധികം തവണ പറഞ്ഞിട്ടുള്ളത് പീരീഡ്സിനെപ്പറ്റിയാണ്. അമ്മ പറയാറുള്ളത് എന്റെ കുളിയെപ്പറ്റിയും മുടിയെപ്പറ്റിയും. ഒരുപാടു സമയമെടുത്താണ് എന്റെ കുളി. പാട്ടു കേട്ടും പാട്ടു പാടിയും കുളിക്കും. ഷവർ തുറന്നിട്ടും അതിനടിയിൽ നിന്നു ദൂരെ മാറി നിന്നും കളിക്കും.
ശരത് ചോദിച്ചു.. കുറെ നേരം ബാത്ത് റൂമിൽ ഇരുന്നാൽ നിന്റമ്മ വാതിലിൽ തട്ടുമോ?
തട്ടും, അന്നേരം ഞാൻ തുറക്കുകയും ചെയ്യും.
ഞങ്ങൾ തുറക്കില്ല. അതാണ് ആൺകുട്ടികളും പെൺകുട്ടികളും തമ്മിലുള്ള ജെൻഡർ വ്യത്യാസം!
സിതാര പറഞ്ഞു... ഒരു വ്യത്യാസം കൂടിയുണ്ട്. ആൺകുട്ടികളോട് മുടി വെട്ടാനും പെൺകുട്ടികളോട് വെട്ടരുതെന്നും പറയുന്ന യാഥാർഥ്യമാണ് അമ്മ!
ഉറങ്ങുമ്പോൾ അവളെ ഉണർത്താതെ അമ്മ വന്ന് അരികിലിരുന്ന് വയലിൻ തന്ത്രികൾ മീട്ടുംപോലെ അവളുടെ മുടിയിലൂടെ വിരലോടിക്കുന്നത് അവൾ അറിയാറുണ്ട്. മുടിയിഴകളുടെ മിനുക്കും മിനുസവും തൊട്ടറിയാനാണ്. സ്വന്തം മുടി കൊഴിയും തോറും അമ്മയ്ക്ക് മകളുടെ മുടിയോട് ഇഷ്ടം കൂടിക്കൂടി വരുന്നു. ഉറക്കത്തിൽ ഉടൽ മാറിക്കിടക്കുന്ന അവളുടെ മേലാട അമ്മ താഴ്ത്തിയിടാറുണ്ട്. ഒരു തവണ അവൾ പറഞ്ഞു; അമ്മ കണ്ടാൽ നാണം തോന്നുന്ന ഒന്നും എനിക്കു വേണ്ട. അമ്മ കണ്ടിട്ടില്ലാത്ത ഒന്നും എനിക്കില്ല.
യാത്രയുടെ ഒരുക്കങ്ങളിലായിരുന്നു ശരത്തും സിതാരയും. അവൾ ഫേഷ്യലും പെഡിക്യൂറും ചെയ്തു. ചില ഓർണമെന്റ്‍സും കൈയിലും കാലിലും പുരട്ടാൻ ക്രീമുകളും വാങ്ങി. അവനാകട്ടെ പെർഫ്യൂമുകൾ സെലക്ട് ചെയ്തു. ബൈക്ക് സർവീസ് ചെയ്തു.
വേനൽ തുടങ്ങിയിരുന്നു. ക്യാംപസിലെ ഒഴിഞ്ഞ കോണുകളിൽ കുട്ടികളുടെ കൂട്ടക്ഷരങ്ങൾ കൂടുതലായി കാണപ്പെട്ടു. വോളിബോൾ ഗ്രൗണ്ടിലൂടെ വെറുതെ നടക്കുമ്പോൾ ശരത് വീണ്ടും അതേ വിഷയം എടുത്തിട്ടു... എന്റെ അമ്മ എന്തു കാര്യം പറയുമ്പോഴും അച്ഛനുമായി താരതമ്യം ചെയ്യും. എന്റെ പെരുമാറ്റം, ഫോൺ വിളി, പൈസ ചെലവാക്കൽ, ബൈക്കിന്റെ സ്പീഡ് ഒക്കെ. മക്കൾക്കു ലൈസൻസ് കിട്ടിയാൽ അച്ഛന്മാർ ബൈക്ക് ഓടിക്കുന്നതും ജീൻസിടുന്നതും നിരോധിക്കണം !
അവൾ ചിരിച്ചു... എന്റെ അച്ഛൻ സത്യത്തിൽ വളരെ പ്ളെയിനാണ്. കക്ഷി അമ്മയെക്കാൾ മോഡേൺ ആണെന്നു വരുത്താൻ ശ്രമിക്കും. സത്യത്തിൽ ഒട്ടും അല്ല.
അവനതു മനസ്സിലായില്ല. സിതാര വിശദീകരിച്ചു... ഉദാഹരണത്തിന് നീ എന്നെ ഹഗ് ചെയ്യുന്നു എന്നു വിചാരിക്കുക. വെറുതെ വിചാരിച്ചാൽ മതി. ശരിക്കും ഹഗ് ചെയ്യുന്നില്ല. അതു മറക്കണ്ട.
അതിന്റെ ഫോട്ടോ കണ്ടാൽ അമ്മ ആദ്യം മുഖത്തു നോക്കും. അച്ഛൻ ശരീരത്തിലും! അമ്മയ്ക്കു കാര്യം മനസ്സിലാകും. അച്ഛൻ തെറ്റിദ്ധരിക്കും.
അപ്പോൾ അമ്മയോട് എല്ലാം പറയാൻ എളുപ്പമാണല്ലോ.
സത്യത്തിൽ അല്ല. അമ്മയോടു കള്ളം പറയാൻ എളുപ്പമല്ല. ഇത്രയും മതി. ഓവറായി. ഇനി ഈ വിഷയം നമ്മൾ ചർച്ച ചെയ്യില്ലെന്ന് അവൾ പറഞ്ഞതോടെ അന്നു സന്ധ്യയായി.
യാത്രയുടെ തലേന്നത്തെ രാത്രി. ഉറങ്ങാതെ കിടക്കുകയായിരുന്നു ശരത്. ക്ണിം എന്ന ശബ്ദത്തിൽ അവന്റെ വാട്സാപ്പിൽ മണി കിലുങ്ങി. സിതാരയുടെ മെസേജ്... നാളെ ഒരു ജോഡി സ്പെയർ ഡ്രസ് കൂടി എടുക്കാൻ മറക്കരുത്.
അവൻ ചോദിച്ചു.. എന്തിനാ?
പോകുന്ന വഴിയിലെ മരങ്ങളിൽ ധാരാളം ദേശാടനപ്പക്ഷികളുണ്ട്. അവയുടെ ഡൂപ്പിങ് വീണാൽ മാറ്റാൻ ഡ്രസ് വേണ്ടേ? അതിനാണ്. അതിനു വേണ്ടി മാത്രം!
അവൻ ഒരു ചമ്മിയ സ്മൈലി അയച്ചിട്ട് ഡ്രസ് പാക്ക് ചെയ്തു വച്ചു.
തണുത്ത കപ്പിലെ കടുംചായ പോലെ മൂന്നാർ. യാത്രയുടെ ഉന്മാദം ശ്വാസക്കാറ്റു പോലെ അവരുടെ മൂക്കിലൂടെ ഉള്ളിലേക്കു കയറി ശ്വാസനാളത്തിലൂടെ ഒഴുകിയിറങ്ങി നെഞ്ചിൽ നിറഞ്ഞ് ശ്വാസകോശങ്ങളിൽ പൂത്തു വിരിഞ്ഞ് രക്തത്തിലൂടെ ഒഴുകി തിരിച്ചിറങ്ങി കാറ്റിൽ അലിഞ്ഞു.
പഴയകാല ഹിന്ദി സിനിമകളിലെ പ്രണയരംഗങ്ങളുടെ ബ്ളാക്ക് ആൻഡ‍് വൈറ്റ് ഫോട്ടോകൾ കൊണ്ട് അലങ്കരിച്ച ഹോട്ടലിലെ ഡൈനിങ് റൂം. നൂഡിൽസ് കഴിക്കുകയാണ് രണ്ടു പേരും.
ശരത് ചോദിച്ചു... അമ്മ ഇപ്പോൾ ഫോൺ വിളിച്ചാൽ നീയെന്തു പറയും?
അവൾക്കു ദേഷ്യം വന്നു... സന്ദർഭത്തിനു തീരെ ചേരാത്ത ചോദ്യം! നിങ്ങൾ ആൺകുട്ടികൾക്ക് ഒരു കുഴപ്പമുണ്ട്. പെൺകുട്ടികൾ പറയുന്നതു മുഴുവനായി ശ്രദ്ധിക്കില്ല. എന്നിട്ട് സ്വന്തം നിഗമനങ്ങളിലെത്തും. അല്ലെങ്കിൽ യഥാർഥ അർഥം മനസ്സിലാക്കാതെ വേറെ വല്ലതും ധരിക്കും.
അവന്റെ മുഖം മങ്ങി. പെൺകുട്ടി എന്ന വാക്കിന്റെ യഥാർഥ അർഥം അവനു മനസ്സിലാകുന്നില്ല.
സിതാര പറഞ്ഞു... അമ്മയോട് എല്ലാം വിളിച്ചു പറയും എന്നു ഞാൻ പറഞ്ഞില്ല. യാത്ര കഴിഞ്ഞു വരുമ്പോൾ, ഒരു കാര്യവും പറയുമ്പോൾ എനിക്കു കുറ്റബോധം തോന്നരുത്. മനസ്സിലായോ?
അതോടെ അവന് എന്തൊക്കെയോ മനസ്സിലായെന്നു തോന്നി.
സ്നേഹം കൊണ്ട് പൊറുതി മുട്ടി അവൻ സ്വന്തം മുഖം സിത്തുവിന്റെ മുഖത്തോടു ചേർത്തു. അവർ മ എന്ന അക്ഷരം രണ്ടു തവണ ചേർത്ത് ഒരു കൂട്ടക്ഷരമെഴുതി. പിന്നെയത് ചിൽ അക്ഷരമായി മാറി !