Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രുചികരമായൊരു സ്റ്റഫ്ഡ് കാബേജ് റോൾ എങ്ങനെ തയാറാക്കാം?

ഇലക്കറികളുടെ രാജാവാണ് കാബേജ്; വലുപ്പത്തിൽ മാത്രമല്ല പോഷകത്തിലും ഗുണത്തിലും. യൂറോപ്യൻ ഭക്ഷണക്കൂട്ടിലെ പ്രധാന താരമാണ് കാബേജ്. വിറ്റാമിൻ C യുടെ കലവറയായ കാബേജിൽ കാൽസ്യം, മഗ്നീഷ്യം, ഇരുമ്പ് എന്നീ പോഷകങ്ങളുമുണ്ട്. ബാക്ടീരിയ, ഫംഗസ് തുടങ്ങിയവ മൂലമുണ്ടാകുന്ന രോഗങ്ങളെ പ്രതിരോധിക്കാനും കാൻസർ, പ്രമേഹം തുടങ്ങിയ രോഗങ്ങളെ ചെറുക്കാനും ഇതിനു കഴിവുണ്ട്. ഹൃദയത്തിന്റെയും ആമാശയത്തിന്റെയും ആരോഗ്യത്തിനു മികച്ചതാണ് കാബേജ്. ബ്രൊക്കോളിയും കോളിഫ്ലവറുമൊക്കെ ഇദ്ദേഹത്തിന്റെ കുടുംബക്കാരാണ്.

Click here to read this recipe in English

ഊണിനൊപ്പമുള്ള കാബേജ് തോരനാണ് നമ്മുടെ നാട്ടിലെ ഹീറോ. ആലൂപറാത്ത, വട, ബജി, കൂട്ടുകറികൾ, പച്ചടി, വെജ്–ചൈനീസ് ടോസ്റ്റ്, വെജ് ലോലിപോപ്പ്, പൈ, സ്റ്റാർ ഫ്രൈ, റാപ്പ്, സാലഡ് എന്നിങ്ങനെ നോക്കെത്താദൂരത്തോളം നിരന്നു കിടക്കുകയാണ് കാബേജ് സ്പെഷൽ രുചിക്കൂട്ടുകൾ. നാലുമണിപ്പലഹാരമാക്കാവുന്ന, അരിയും ബീഫും നിറച്ച രുചിയൂറുന്നൊരു സ്റ്റഫ്ഡ് കാബേജ് റോൾ എങ്ങനെയാണ് തയാറാക്കുന്നതെന്നു നോക്കിയാലോ?

കാബേജ് – 1

വൈറ്റ് ഒനിയൻ – 2

പാഴ്സലി– 2 കപ്പ്‍‌

ഡിൽ ലീവ്സ് – 1 കപ്പ്

മിൻസ് ചെയ്ത ബീഫ് – 200 ഗ്രം

വൈറ്റ് റൈസ് – അരക്കപ്പ്

കുരുമുളകുപൊടി

ഒലിവ് ഓയിൽ

ഉപ്പ്

ഡ്രൈ ഒറിഗാനോ – 1 ടേബിൾ സ്പൂൺ

കാരറ്റ് – 2

വൈറ്റ് ഒനിയൻ – 1 കപ്പ്

സെലറി സ്റ്റിക്ക് – 10

മുട്ടയുടെ മഞ്ഞ – 2

കോൺഫ്ലോർ – 2 ടേബിൾ സ്പൂൺ

നാരങ്ങാ നീര് – അരക്കപ്പ്

പാകം ചെയ്യുന്ന വിധം

ഒരു പാത്രം വെള്ളത്തിൽ ഒരു ടീസ്പൂൺ ഉപ്പു ചേർത്ത് കാബേജ് മുഴുവനോടെ ഇറക്കി പത്തു മിനിറ്റ് ചെറുതീയിൽ വയ്ക്കണം. ഇങ്ങനെ വേവിച്ചാൽ കാബേജ് ഇലകൾ മൃദുവായിക്കിട്ടും. പിന്നീട് കാബേജ് ഇലകൾ അടർത്തി, ഒരു ബൗളിലാക്കി വയ്ക്കുക.

ഇനി റോളിൽ നിറയ്ക്കാനുള്ള കൂട്ട്

രണ്ട് വൈറ്റ് ഒനിയൻ ചെറുതായി മുറിച്ചത്, രണ്ട് കപ്പ് പാഴ്സലി ചെറുതായി അരിഞ്ഞത്, ഒരു കപ്പ് ഡിൽ ലീവ്സ്, ഒരു ടേബിൾ സ്പൂൺ ഉപ്പ്, കുറച്ച് ഒലിവ് ഓയിൽ എന്നിവ ചേർത്ത് മിക്സിയിൽ നന്നായി അരച്ചെടുക്കുക. ഈ അരപ്പിലേക്ക് 200 ഗ്രാം മിൻസ് ചെയ്ത ബീഫ്, അരക്കപ്പ് വൈറ്റ് റൈസ്, ഒരു ടീസ്പൂൺ ഉപ്പ്, ആവശ്യത്തിന് കുരുമുളകുപൊടി, ഒലിവ് ഓയിൽ, ഒരു ടേബിൾ സ്പൂൺ ഡ്രൈ ഒറിഗാനോ എന്നിവ ചേർത്ത് സ്പൂൺ ഉപയോഗിച്ച് നന്നായി മിക്സ് ചെയ്യുക.

കാബേജ് റോൾസ്

അടർത്തി വച്ചിരിക്കുന്ന കാബേജ് ഇലകളുടെ പുറം തണ്ട് ചെറുതായി മുറിച്ചു കളയാം. തയാറാക്കി വച്ചിരിക്കുന്ന കൂട്ട് നടുവിലായി വച്ച് ഇലകൾ ദീർഘചതുരാകൃതിയിൽ മടക്കിയെടുക്കുക. ഒരു പാനിൽ നാല് കാരറ്റ്, ഒരു കപ്പ് വൈറ്റ് ഒനിയൻ, 10 സെലറി സ്റ്റിക്ക് അതിന് മുകളിലായി അടർത്തിയെടുത്തു

വച്ചിരിക്കുന്ന നാല് കാബേജ് ഇലകൾ എന്നിവ നിരത്തി നികക്കെ വെള്ളം ഒഴിക്കുക. അതിന് മുകളിലായി കാബേജ് റോൾസ് നിരത്തുക. 45 മിനിറ്റ് മൂടി വച്ച് വേവിക്കുക.

സോസ് ഉണ്ടാക്കുന്നതെങ്ങനെ

മുട്ടയുടെ മഞ്ഞ ചേർത്തുള്ള സോസ് ആണ് ഈ വിഭവത്തിന് ഫ്‌ളേവർ നൽകുന്നത്. രണ്ടു മുട്ടയുടെ മഞ്ഞ, രണ്ട് ടേബിൾ സ്പൂൺ കോൺഫ്ലവർ, അരക്കപ്പ് നാരങ്ങാ നീര് എന്നിവ നന്നായി മിക്സ് ചെയ്ത് പാൻ തുറന്ന് വശങ്ങളിൽ കൂടി ഒഴിച്ചു കൊടുക്കാം. പത്തു മിനിറ്റു കൂടി പാകം ചെയ്യണം. ബീഫിന്റെ രുചി ഉള്ളിൽ ഒളിപ്പിച്ച സ്റ്റഫ്ഡ് കാബേജ് റോൾ റെഡി.