പേര് കേൾക്കുമ്പോഴേ അറിയാം ഇതൊരു ജാപ്പനീസ് ഡിഷ് ആണ്. സോയ സോസിൽ മുങ്ങി നിവർന്ന ചിക്കൻ ചെറുതായി എണ്ണ ഒഴിച്ച് ഗ്രിൽചെയ്തെടുത്തതാണ് സംഭവം. ജപ്പാനിൽ 17–ാം നൂറ്റാണ്ടിലുണ്ടായ നഗരവൽക്കരണം, കാർഷിക മേഖലയിലുണ്ടായ മാറ്റം എന്നിവയൊക്കെ പുത്തൻ പാചക പരീക്ഷണങ്ങൾക്ക് കാരണമായി. അത്തരം മാറ്റങ്ങളുടെ സമ്മാനമാണ് ടെറിയാക്കി വിഭവങ്ങളുമെന്ന് ചരിത്രം പറയുന്നു. സോയ സോസും ഷുഗറും റൈസ് വൈനായ മിറിനും ചേർത്ത് ഭക്ഷണം ഗ്രിൽ ചെയ്തെടുക്കുന്ന രീതിയാണിത്. ജപ്പാനിൽ സാധാരണ മീൻ ഇനങ്ങളാണ് ടെറിയാക്കി ചെയ്യുക; പാശ്ചാത്യർ റെഡ് മീറ്റും. ഇപ്പോൾ ടെറിയാക്കി വിഭവങ്ങളെ ലോകമറിയുന്നത് ജാപ്പനീസ് വിഭവങ്ങളിൽ പ്രധാനിയായിട്ടാണ്.
ഇപ്പോൾ നമുക്ക് ടെറിയാക്കി ചിക്കൻ പരീക്ഷിക്കാം
സോസിന്
സോയ സോസ് – 4 ടേബിൾ സ്പൂൺ
വെളുത്തുള്ളി അരിഞ്ഞത് –1 ടേബിൾ സ്പൂൺ
ഇഞ്ചി കനം കുറച്ച് നീളത്തിൽ അരിഞ്ഞത് – 1 ടേബിൾ സ്പൂൺ
ബ്രൗൺ ഷുഗർ – 1 ടേബിൾ സ്പൂൺ
എള്ളെണ്ണ – 1 ടേബിൾ സ്പൂൺ
റൈസ് വൈൻ വിനഗർ – 1 ടേബിൾ സ്പൂൺ
റെഡ് വൈൻ (ഓപ്ഷണൽ)– ആവശ്യത്തിന്
സോസ് തയാറാക്കാൻ ഈ ചേരുവകൾ ഹാൻഡ് മിക്സർ ഉപയോഗിച്ച് നന്നായി യോജിപ്പിക്കുക.
ചിക്കൻ പാകം ചെയ്യുന്ന വിധം
രണ്ട് കഷണം ചിക്കൻ ബ്രസ്റ്റ്, കാൽ ഭാഗം സോസിൽ നന്നായി മാരിനേറ്റ് ചെയ്യുക. ഒരു മണിക്കൂറിനു ശേഷം ചിക്കൻ ചെറുതായി എണ്ണ ഒഴിച്ച് ഗ്രിൽ ചെയ്യുക .
ഇനി ഗ്രേവി തയാറാക്കാം
ചേരുവകൾ
വെളുത്തുള്ളി അരിഞ്ഞത് – 1 ടീസ്പൂൺ
ഇഞ്ചി അരിഞ്ഞത് – 1 ടീസ്പൂൺ
ബ്രൊക്കോളി – 2 കപ്പ്
കാരറ്റ് – 1 കപ്പ്
ഗ്രീൻ പീസ് – അരക്കപ്പ്
കുരുമുളക് പൊടി – ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
ഗ്രേവിക്കുള്ള ചേരുവകൾ ഒരുമിച്ച് പാനിൽ നന്നായി വഴറ്റിയെടുത്തതിനു ശേഷം ചിക്കൻ സ്റ്റോക്ക് കൂടി ചേർത്ത് വേവിക്കുക. മിച്ചം വന്ന സോസും ഇതിനൊപ്പം ചേർക്കാം. തിളച്ചു കഴിയുമ്പോൾ കോൺസ്റ്റാർച്ച് ചേർക്കാം. വൈറ്റ് റൈസിനൊപ്പം ഒരു അടിപൊളി കോംപിനേഷനാണ് ടെറിയാക്കി ചിക്കൻ.