വെള്ളക്കടല നാരങ്ങനീരും വെളുത്തുള്ളിയും ഒലിവ് ഓയിലും ചേർത്ത് അരച്ചെടുത്ത ഹമസ്, ഗ്രിൽഡ് ചിക്കനൊപ്പം ചേരുമ്പോൾ രുചിയുടെ പഞ്ചാരിമേളം തീർക്കുമെന്ന കാര്യത്തിൽ സംശയമില്ല. ഒലിവ് ഓയിലിന്റെ സമൃദ്ധിയുള്ള വിഭവങ്ങൾക്കൊക്കെ ഒരു അറേബ്യൻ ബന്ധം കാണുമല്ലോ? അറേബ്യയിൽ മാത്രമല്ല, നോർത്ത് അമേരിക്കയിലും യൂറോപ്യൻ നാടുകളിലും പ്രചാരത്തിലുള്ളൊരു ഡിഷാണ് ഹമസ്. പീറ്റാ ബ്രഡ്, ചിക്കൻ വിഭവങ്ങൾക്കൊപ്പം ചേർക്കാൻ സൂപ്പർ കോംപിനേഷൻ.
ചേരുവകൾ
ചിക്കൻ ബ്രസ്റ്റ് – 2
നാരങ്ങാ നീര്
ഏലയ്ക്ക (ഗ്രീൻ) – 10
ഗ്രാമ്പൂ – 10
കുരുമുളക് – 1 ടേബിൾസ്പൂൺ
കറുവാപട്ട – 2
ജീരകം – 1 ടേബിൾസ്പൂൺ
വെളുത്തുള്ളി – 12 അല്ലി
മുളകുപൊടി – 1 ടേബിൾസ്പൂൺ
ജാതിക്കാ പൊടിച്ചത് – അര ടീസ്പൂൺ
റെഡ് വൈൻ വിനഗർ – 1 ടേബിൾസ്പൂൺ
തൈര് – 1 കപ്പ്
എണ്ണ
ഉപ്പ് – 1 ടീസ്പൂൺ
∙ ചിക്കൻ ബ്രസ്റ്റ് ചെറുതായി വരഞ്ഞുവയ്ക്കുക. ഇതിലേക്ക് നാരങ്ങാനീരും ഉപ്പും നന്നായി തേച്ചു പിടിപ്പിക്കുക.
∙ മിക്സിയിൽ ഏലയ്ക്ക, ഗ്രാമ്പൂ, കുരുമുളക്, കറുവാപട്ട, ജീരകം, വെളുത്തുള്ളിയല്ലി, മുളകുപൊടി, ജാതിക്കാ പൊടിച്ചത് എന്നിവ ചേർത്ത് പൊടിച്ചെടുക്കുക.
∙ ഈ പൊടിയിലേക്ക് റെഡ് വൈൻ, വിനഗർ, തൈര്, എണ്ണ, ഉപ്പ് എന്നിവ ചേർത്ത് ഒരു ഹാൻഡ് മിക്സർ കൊണ്ട് നന്നായി യോജിപ്പിക്കുക.
∙ തയാറാക്കിയ അരപ്പ് നാരങ്ങാനീരു പുരട്ടി വച്ചിരിക്കുന്ന ചിക്കൻ ബ്രസ്റ്റിലേക്ക് കൈകൊണ്ട് നന്നായി തേച്ചു പിടിപ്പിച്ച് മൂന്നു മണിക്കൂർ ഫ്രിജിൽ വയ്ക്കണം. പിന്നെ ഫ്രൈയിങ് പാനിൽ എണ്ണയൊഴിച്ച് വറുത്തെടുക്കാം.
ഹമസ് തയാറാക്കാൻ
വെള്ളത്തിലിട്ട് കുതിർത്ത വെള്ളക്കടല – 200 ഗ്രാം
നാരങ്ങാനീര് – 1 കപ്പ്
എള്ള് – 1 കപ്പ്
നാരങ്ങാത്തൊലി ചുരണ്ടിയത് –– 1 ടേബിൾസ്പൂൺ
ഒലിവ് ഓയിൽ
ഉപ്പ് – 1 ടീസ്പൂൺ
∙ മിക്സിയുടെ ജാറിൽ വെള്ളക്കടല നാരങ്ങാനീരും ഉപ്പും ചേർത്ത് ഒന്ന് അടിക്കുക.ഇതിലേക്ക് എള്ളും ഒലിവ് ഓയിലും ഐസ് വാട്ടറും ചേർത്ത് നന്നായി അരയ്ക്കാം. ഇതിലേക്ക് നാരങ്ങാത്തൊലി ചുരണ്ടിയതും ഒലിവ് ഓയിലും ചേർത്ത് ഒന്നു കൂടി കറക്കിയെടുത്താൻ ഗ്രിൽഡ് ചിക്കനൊപ്പമുള്ള ഹമസ് തയാർ.