ചെമ്മീനെന്നു കേട്ടാൽ മലയാളികളുടെ ചുണ്ടിൽ ഓടിയെത്തുന്നത് “മാനസ മൈനേ വരൂ” എന്നല്ലേ?... അല്ലെങ്കിൽപ്പിന്നെ ‘ചെമ്മീന്‍ ചാടിയാല്‍ മുട്ടോളം, പിന്നേം ചാടിയാല്‍ ചട്ടിയോളം...’ എന്ന ചൊല്ല്. പക്ഷേ തീൻമേശയിൽ എത്തുമ്പോൾ ഇതൊന്നും ബാധകമല്ല. രാജ്യാന്തര വിപണിയിലെ മിന്നും താരമാണു ചെമ്മീൻ. കബാബ്, വിന്താലൂ, റോസ്റ്റ്, ഫ്രൈ എന്നു വേണ്ട എണ്ണിയാൽ തീരാത്ത സ്പെഷലുകളായി ഞൊടിയിടയിൽ വേഷം മാറുന്നൊരു ഇന്ദ്രജാലക്കാരനാണ് ഈ ഇത്തിരിക്കുഞ്ഞൻ. മീൻവർഗത്തിൽ പെടാത്ത ജലജീവിയാണ് ചെമ്മീൻ! കൊഞ്ചും ചെമ്മീനുമൊക്കെ ബ്ലൂ റെവല്യൂഷ്യന്റെ ഈ കാലത്തെ സൂപ്പർ താരങ്ങളാണ്.
ചെമ്മീൻ കൊണ്ടൊരു തീയൽ പരിചയപ്പെടാം
ചെമ്മീൻ – 500 ഗ്രാം
ചെറിയ ഉള്ളി – 1 കപ്പ്
ഇഞ്ചി – 1 ടേബിൾസ്പൂൺ
പച്ചമുളക് – 2 എണ്ണം
മുളകുപൊടി – 1 ടീസ്പൂൺ
മഞ്ഞൾപൊടി – 1 ടീസ്പൂൺ
മല്ലി – 1 ടേബിൾസ്പൂൺ
തേങ്ങ ചുരണ്ടിയത് – 1 കപ്പ്
ഉള്ളി –3 എണ്ണം
ഉണക്കമുളക് – 3 എണ്ണം
വെള്ളം
പുളി അരച്ചത് – 1 കപ്പ്
ഉപ്പ് – 1 ടേബിൾസ്പൂൺ
പാചകവിധി
പാനിൽ എണ്ണ ചൂടാക്കി ഉള്ളി മൂപ്പിക്കുക. ഇതിലേക്ക് ഇഞ്ചി നീളത്തിലരിഞ്ഞതും പച്ചമുളകും ഉപ്പും ചേർക്കാം. ഈ കൂട്ടിലേക്ക് മുളകുപൊടിയും മഞ്ഞൾപ്പൊടിയും ചേർത്ത് മാറ്റിവയ്ക്കാം.
∙ പാനിൽ മല്ലി ഇട്ട് ചൂടായി വരുമ്പോൾ തേങ്ങാചുരണ്ടിയതും ചെറിയുള്ളിയും വറ്റൽമുളകും ചേർത്ത് നല്ല ബ്രൗൺനിറമാകുന്നതു വരെ വഴറ്റണം. ആവശ്യത്തിന് വെള്ളം ചേർത്ത് അരച്ചെടുത്ത് വഴറ്റിവച്ചിരിക്കുന്ന ഉള്ളിയിലേക്ക് ഈ അരപ്പ് ചേർക്കാം. ആവശ്യത്തിന് വെള്ളവും ചേർക്കണം. ഈ അരപ്പ് തിളച്ചു വരുമ്പോൾ പുളി അരച്ചത് ചേർക്കാം. കഴുകി വൃത്തിയാക്കി വച്ചിരിക്കുന്ന ചെമ്മീൻ കഷണങ്ങൾ ഇതിലേക്ക് ചേർക്കാം. ചെമ്മീൻ തീയലിന്റെ രുചി ചൂടാറാതെ വിളമ്പാം.