Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എളുപ്പം തയാറാക്കാം ഈ സ്പഗെറ്റി ബൊളൊനൈസ് പാസ്ത

ഏറ്റവും എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്നൊരു വിഭവമാണ് പാസ്ത. ഒരോ രാജ്യത്തിനും അവരുടെ തനതായ പാസ്ത വിഭവങ്ങൾ ഉണ്ട്!. പറഞ്ഞുവരുമ്പോൾ ഏറ്റവും പ്രസിദ്ധം ഇറ്റലിയിലെ പാസ്ത രുചികളാണ്. ധാന്യപ്പൊടി, മുട്ട, വെള്ളം ഈ മൂന്ന് ഘടകങ്ങളായിരുന്നു ആദ്യകാലത്ത് പാസ്തവിഭങ്ങളുടെ കൂട്ട്. ഇന്ന് വിവിധതരത്തിലും രൂപത്തിലും പാസ്ത ലഭ്യമാണ്. പാസ്തയുടെ ജന്മദേശത്തെക്കുറിച്ച് പതിമൂന്നാം നൂറ്റാണ്ടിൽ മാർക്കോ പോളോ എഴുതിയിട്ടുണ്ട്.

ദ് ട്രാവൽ ഓഫ് മാർക്കോ പോളോ എന്ന പുസ്തകത്തിൽ സൂചിപ്പിക്കുന്നത് ചൈനക്കാരാണ് ധാന്യപ്പൊടി ഉപയോഗിച്ച് ഈ വിഭവം ആദ്യം പരീക്ഷിച്ചതെന്നാണ്. എന്തായാലും ഒരു അടിപൊളി പാസ്തവിഭവം തയാറാക്കി നോക്കാം.

ചേരുവകൾ

പാസ്ത – 200 ഗ്രാം

(ഒരു പാനിൽ ആവശ്യത്തിന് വെള്ളവും ഉപ്പും എണ്ണയും ചേർത്ത് 7–8 മിനിറ്റ് വേവിച്ച്, വെള്ളം അരിച്ചു കളഞ്ഞ് അൽപം എണ്ണ തൂവി വയ്ക്കണം)

മിൻസ്ഡ് ബീഫ് – 200 ഗ്രാം

ഒലിവ് ഓയിൽ – ആവശ്യത്തിന്

വൈറ്റ് ഒനിയൻ – 1 കപ്പ്

കാരറ്റ് ഗ്രേറ്റ് ചെയ്തത് – 1 കപ്പ്

സെലറി – 2 ടേബിൾ സ്പൂൺ

റെഡ് വൈൻ – ആവശ്യത്തിന്

റോസ്മേരി – 1 ടീസ്പൂൺ

ഒറിഗാനോ – 1 ടീസ്പൂൺ

കുരുമുളക് പൊടി – ആവശ്യത്തിന്

ടൊമാറ്റോ പ്യൂരേ – 1 കപ്പ്

തക്കാളി – 1 കപ്പ് (തൊലിയും കുരുവും മാറ്റിയത്)

പാൽ – അര കപ്പ്

ഉപ്പ് – ആവശ്യത്തിന്

പർമീസൻ ചീസ് – അലങ്കരിക്കാൻ

പാചകവിധി

പാൻ ചൂടാക്കി ഒലിവ് ഓയിൽ ഒഴിച്ച് വൈറ്റ് ഒനിയനും കാരറ്റും സെലറിയും ചേർത്തിളക്കുക. നിറം മാറി വരുമ്പോൾ ഇതിലേക്ക് മിൻസ്ഡ് ബീഫ് ചേർത്ത് നന്നായി യോജിപ്പിക്കുക. റെഡ് വൈൻ ചേർത്തുകൊടുക്കാം. റോസ്മേരി, ഒരു ടീസ്പൂൺ ഒറിഗാനോയും ഉപ്പും ചേർക്കാം.

∙ ടൊമാറ്റോ പുരിയും തക്കാളിയും ചേർത്ത ശേഷം ബീഫ് സ്റ്റോക്കും പാലും ഇതിലേക്ക് ഒഴിക്കണം.

∙തയാറാക്കി വച്ചിരിക്കുന്ന പാസ്ത ചേർത്ത് നന്നായി യോജിപ്പിക്കാം.

പർമീസൻ ചീസ് മുകളിൽ അലങ്കരിച്ച് വിളമ്പാം.