ലെബനൻ ജനതയുടെ ആരോഗ്യ രഹസ്യം സാലഡിൽ!, ടബുലേയും ഫെറ്റൂഷും

ഗോതമ്പു നുറുക്കും ഒലിവ് എണ്ണയും നാരങ്ങാനീരും പുതിനയിലകളുമൊക്കെച്ചേർന്ന, ലബനീസ് കുന്നിൻചരിവുകളിലെ കാറ്റുപോലെ രുചിക്കാവുന്ന ടബുലേ കിഴക്കൻ മെഡിറ്ററേനിയൻ തീൻമേശകളിലെ പ്രസിദ്ധമായ സാലഡാണ്. മധ്യപൂർവദേശത്തെയാകെ കീഴടക്കിയ ടബൂലേയ്ക്ക് ടർക്കിഷ്, അമേരിക്കൻ, സൈപ്രസ് വകകഭേദങ്ങളുമുണ്ട്. ടബുലേയ്ക്കൊപ്പം തന്നെ പ്രസിദ്ധമാണ് ഫെറ്റൂഷ് എന്ന സാലഡും. ലെബനനീസ് പർവതമേഖലയിൽ ജനിച്ചെന്നു കരുതപ്പെടുന്ന ഈ സാലഡുകൾ ഇപ്പോൾ മധ്യപൂർവദേശത്തു മുഴുവൻ പേരെടുത്തുകഴിഞ്ഞു.

Click here to read this recipe in English

അറബ് മേഖലയിലെ ഏറ്റവും ആരോഗ്യപൂർണമായ രാജ്യമായാണ് ലെബനൻ അറിയപ്പെടുന്നത്. ധാരാളം ധാന്യങ്ങൾ, ഒലിവ് എണ്ണ, ചെറുനാരങ്ങാനീര്, വെളുത്തുള്ളി, ജീരകം എന്നിവയൊക്കെയാണ് ഇവരുടെ ഭക്ഷണത്തിലെ പ്രധാന ചേരുവകൾ. സാലഡുകൾ കഴിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് വ്യത്യസ്തമായി പരീക്ഷിക്കാവുന്ന രണ്ട് ആരോഗ്യകരമായ ലെബനീസ് വിഭവങ്ങളാണ് ടബുലേയും ഫെറ്റൂഷും.

1)

ടബുലേ

നുറുക്കിയ ഗോതമ്പ് – 1 കപ്പ് (ഇളംചൂടു വെള്ളത്തിൽ 20 മിനിറ്റ് വയ്ക്കണം)

ചെറി ടൊമാറ്റോ – 2 കപ്പ്

പാഴ്സ്‌ലി – 1 കപ്പ്

സാലഡ് വെള്ളരിക്ക – 1 കപ്പ്

സ്പ്രിങ് ഒനിയൻ – അര കപ്പ്

മിന്റ് ലീവ്സ് – 1 കപ്പ്

നാരങ്ങാനീര് – പകുതി നാരങ്ങയുടെ

ഉപ്പ് – ഒരു ടീസ്പൂൺ

കുരുമുളക് പൊടി – ആവശ്യത്തിന്

ഒലിവ് ഓയിൽ

ഇളം ചൂടുവെള്ളത്തിലിട്ട നുറുക്കിയ ഗോതമ്പിൽ അൽപം ഒലിവ് ഓയിൽ ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇതിലേക്ക് രണ്ടു കപ്പ് ചെറി ടൊമാറ്റോ, ഒരു കപ്പ് പാഴ്സലി അരിഞ്ഞത്, വെള്ളരിക്ക ചെറുതായി അരിഞ്ഞത്, മിന്റ് ലീവ്സ്, നാരങ്ങാ നീര്, ഉപ്പ്, ആവശ്യത്തിന് കുരുമുളകുപൊടി ഒലിവ് ഓയിൽ എന്നിവ ചേർത്ത് ഫോർക്ക് ഉപയോഗിച്ച് നന്നായി യോജിപ്പിക്കുക. ആരോഗ്യകരവും വ്യത്യസ്തവുമായ ഈ സാലഡ് പരീക്ഷിച്ചു നോക്കാൻ മടിക്കണ്ട, വേഗമാകട്ടേ.

2)

ഫെറ്റൂഷ്

റൊമെയ്ൻ ലെറ്റ്യൂസ് - 1 bunch

തക്കാളി – 1 കപ്പ് (ചെറിയ ചതുരക്കഷണങ്ങളാക്കിയത്)

തക്കാളി – അരക്കപ്പ് (നീളത്തിൽ അരിഞ്ഞത്)

സാലഡ് കുക്കുംബർ – 1 കപ്പ്

സവോള – 1 കപ്പ് (ചെറുതായി അരിഞ്ഞത്)

സ്പ്രിങ് ഒനിയൻ – 1 കപ്പ്

പാഴ്സലി – 1 കപ്പ് ( ചെറുതായി അരിഞ്ഞത്)

ബ്ലാക്ക് ഒലിവ്– അരക്കപ്പ് (ചെറുതായി അരിഞ്ഞത്)

റോസ്റ്റഡ് പീറ്റാ ബ്രഡ് – 1 കപ്പ്

റൊമെയ്ൻ ലെറ്റ്യൂസ് ചെറുതായി അരിഞ്ഞതിലേക്ക് തക്കാളി, സാലഡ് കുക്കുംബർ, സവോള, സ്പ്രിങ് ഒനിയൻ, പാഴ്സലി, ബ്ലാക്ക് ഒലിവ്, റോസ്റ്റ് ചെയ്ത പീറ്റാ ബ്രഡ് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇതിലേക്ക് ചേർക്കാൻ ഒരു ചെറിയ രുചിക്കൂട്ടു കൂടിയുണ്ട്. ഒരു ടീസ്പൂൺ ഡിജോൻ മസ്റ്റാഡ്, ഒരു ടീസ്പൂൺ വൈൻ വിനഗർ, ആവശ്യത്തിന് ഉപ്പ്, ഒലിവ് ഓയിൽ എന്നിവ ഒരു ചെറിയ ബൗളിൽ ഇട്ട് ഹാൻഡ് ബീറ്റർ ഉപയോഗിച്ച് നന്നായി മിക്സ് ചെയ്ത് സാലഡിലേക്കു ചേർക്കാം.

സാലഡ് ഡ്രസിങ്

ദിൽ ലീഫ്സ് (ചതകുപ്പ) – 1 ടേബിൾസ്പൂൺ (അരിഞ്ഞത്)

തൈര് – 4 ടേബിൾ സ്പൂൺ

എള്ള് പേസ്റ്റ് – 1 ടേബിൾ സ്പൂൺ

നാരങ്ങനീര് – പകുതി നാരങ്ങയുടേത്

ഉപ്പ് – ആവശ്യത്തിന്

ചെറുതായി അരിഞ്ഞ ദിൽ ലീഫ്സ്, തൈര്, എള്ള് അരച്ചത്, നാരങ്ങാനീര്, ഉപ്പ് എന്നിവ ഒരു ബൗളിലെടുത്ത് ഹാൻഡ് ബീറ്റർ ഉപയോഗിച്ച് നന്നായി യോജിപ്പിക്കുക. തയാറാക്കി വച്ചിരിക്കുന്ന വെജിറ്റബിൾ മിശ്രിതത്തിലേക്ക് ദിൽ ലീഫ്സ് മിശ്രിതം ചേർത്ത് അൽപം ലെമൺ സെസ്റ്റും ഡ്രൈ ബെയ്സിലും മുകളിൽ വിതറി വിളമ്പാം.