മലേഷ്യൻ ന്യൂഡിൽസ് ഫ്രൈ

മലേഷ്യൻ രുചിക്കൂട്ടാണ് മി–ഗൊരാങ്. ന്യൂഡിൽസും ചിക്കനും പ്രോൺസും എല്ലാം ഇതിലെ താരങ്ങളാണ്. പോഷകഗുണം കൂട്ടുന്ന പച്ചക്കറികളും ന്യൂഡിൽസിനൊപ്പം വേവിച്ചെടുക്കും.

എഗ് നൂഡിൽസ് – 250 ഗ്രാം
പ്രോൺസ് – 12 എണ്ണം
ചിക്കൻ ബ്രസ്റ്റ് – 1 കപ്പ്
മുട്ട – 1
ബോക് ചോയി – 1 കപ്പ്
ബീൻ സ്പ്രൗട്ട്സ് – 100 ഗ്രാം
കാരറ്റ് – 1
സ്പ്രിങ് ഒനിയൻ – 1
റെഡ് കറി പെയ്സ്റ്റ് – 1 ടീസ്പൂൺ
ഡാർക് സോയ സോസ് – 2 ടേബിൾസ്പൂൺ
ഒയിസ്റ്റർ സോസ് – 2 ടേബിൾ സ്പൂൺ
സ്വീറ്റ് സോയ സോസ് – 1 ടേബിൾ സ്പൂൺ
ടുമാറ്റോ സോസ് – 1 ടീസ്പൂൺ
വെളുത്തുള്ളി – ആവശ്യത്തിന്
ഉള്ളി – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
കുരുമുളക് – ആവശ്യത്തിന്
ചിക്കൻ സ്റ്റോക്ക് – ആവശ്യത്തിന്
എണ്ണ – ആവശ്യത്തിന്

പാചകരീതി

ഒരു പാത്രത്തില്‍ വെള്ളം തിളപ്പിച്ച് ആവശ്യത്തിന് ഉപ്പും എണ്ണയും ചേര്‍ത്ത് 250 ഗ്രാം നൂഡിൽസ് 2 മിനിറ്റ് വേവിച്ചശേഷം അരിച്ചു മാറ്റിവയ്ക്കുക. മറ്റൊരു പാനില്‍ എണ്ണ ഒഴിച്ച് ചൂടാക്കി 12 ചെമ്മീന്‍ വഴറ്റിയെടുക്കുക. അതിലേക്കു ഒരു ടേബിള്‍ സ്പൂണ്‍ അരിഞ്ഞ വെളുത്തുള്ളി, ഒരു കപ്പ് നീളത്തിലരിഞ്ഞ ചിക്കന്‍, ഒരു ടേബിള്‍ സ്പൂണ്‍ ചുവന്നുള്ളി അരിഞ്ഞതും ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് ഒരു മുട്ടയും നീളത്തില്‍ അരിഞ്ഞ കാരറ്റും ബോക് ചോയിയും ചേര്‍ത്ത് അടച്ചുവെച്ചു വേവിക്കുക. പാതി വേവാകുമ്പോള്‍ ഒരു കപ്പ് അരിഞ്ഞ സ്പ്രിംഗ് ഒനിയന്‍, ഒരു ടീസ്പൂണ്‍ റെഡ് കറി പേസ്റ്റ്, രണ്ട് ടേബിള്‍ സ്പൂണ്‍ ഡാര്‍ക് സോയാ സോസ്, ഒരു ടേബിള്‍ സ്പൂണ്‍ ഒയിസ്റ്റര്‍ സോസ്, ഒരു ടേബിള്‍ സ്പൂണ്‍ സ്വീറ്റ് സോയാ സോസ്, ഒരു ടീസ്പൂണ്‍ ടോമാറ്റോ സോസ്, ഒരു ടീസ്പൂണ്‍ ഉപ്പ്, ആവശ്യത്തിന് കുരുമുളക് പൊടി എന്നിവ ചേര്‍ത്ത ശേഷം കുറച്ച് ചിക്കന്‍ സ്റ്റോക്ക് ചേര്‍ത്തിളക്കുക. ഇതിലേക്ക് മുമ്പ് വേവിച്ച് വെച്ച നൂഡില്‍സ്, രണ്ട് കപ്പ് ബീന്‍സ് സ്പ്രൗട്ട്സ് എന്നിവ ചേര്‍ത്ത് ഇളക്കി വേവിച്ച ശേഷം ചെറുചൂടോടെ കഴിക്കാം.