വയനാടൻ രുചിയിൽ പുളിയില ഇട്ട തേങ്ങാപ്പാൽ മീൻ കറി
വയനാടൻ ആദിവാസി കുടുംബങ്ങളിൽ തയാറാക്കിയിരുന്ന രുചികരമായ മീൻകറി തയാറാക്കുന്നതെങ്ങനെയെന്നു നോക്കിയാലോ?
ചേരുവകൾ
- മീൻ – 750 ഗ്രാം
- തേങ്ങാപ്പാൽ (ഒന്നാം പാല്‍)– 1/2 കപ്പ്
- തേങ്ങാപ്പാൽ (രണ്ടാം പാൽ)– 4 കപ്പ്
- വെളിച്ചെണ്ണ – 4 ടേബിൾ സ്പൂൺ
- പച്ചമുളക് – 6 എണ്ണം
- പുളിയില – 1 പിടി
- കറിവേപ്പില – 7 തണ്ട്
- വെളുത്തുള്ളി – 6 എണ്ണം
- ചെറുതായി അരിഞ്ഞ ഇഞ്ചി – 1 ടേബിൾ സ്പൂൺ
- ചെറുതായി അരിഞ്ഞ ചെറിയ ഉള്ളി – 5 ടേബിൾ സ്പൂണ്‍
- തക്കാളി – 1 എണ്ണം
- ഉലുവ – 1 നുള്ള്
- കുരുമുളക് – 1 നുള്ള്
- മല്ലിപ്പൊടി– 1 1/2 ടീസ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം
മൺചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി അതിലേക്ക് കുറച്ച് ഉലുവ ഇടുക. ഉലുവ പൊട്ടിയതിനു ശേഷം ഇതിലേക്ക് കുറച്ച് കുരുമുളക് ഇടുക. അതിനുശേഷം വെളുത്തുള്ളിയും ഇഞ്ചിയും ചതച്ചു േചർക്കുക. ഇഞ്ചിയും വെളുത്തുള്ളിയും മൂക്കുന്ന കൂട്ടത്തിൽ തന്നെ ചെറിയ ഉള്ളിയും ചേർക്കാം.
ഇതിലേക്ക് പുളിയിലയും കറിവേപ്പിലയും അരിഞ്ഞു വച്ചിരിക്കുന്ന പച്ചമുളകും അരച്ചെടുത്തത് ചേർക്കാം. ആവശ്യത്തിന് ഉപ്പ് ചേർക്കണം. ഇതിലേക്കു മല്ലിപ്പൊടിയും ചേർത്ത് യോജിപ്പിച്ചശേഷം രണ്ടാം പാലൊഴിച്ച് തിളയ്ക്കാൻ വയ്ക്കുക. മീന്‍ കറിയുടെ ഗ്രേവി നന്നായി തിളച്ച ശേഷം മീന്‍ (ചൂര) കഷ്ണങ്ങൾ ചേർക്കാം. ഈ ചട്ടി നല്ലോണം ഒന്ന് കറക്കി തിളപ്പിച്ചെടുക്കാം.
മീൻ വെന്തതിനു ശേഷം ഇളക്കാതിരിക്കുക, മീൻ കഷണം പൊടിഞ്ഞുപോകും. ഒന്നു കൂടി ഇളക്കിയശേഷം തയാറാക്കി വച്ചിരിക്കുന്ന ഒന്നാം പാൽ ഒഴിക്കാം. ഒന്നാം പാലൊഴിച്ച് നന്നായി തിള വന്നു കഴിഞ്ഞ് തീ കുറച്ചിട്ട് അരിഞ്ഞു വച്ചിരിക്കുന്ന തക്കാളിയും കുറച്ച് കറിവേപ്പിലയും പച്ചവെളിച്ചെണ്ണയും ഒഴിച്ച് അടച്ചു വയ്ക്കുക. വയനാടൻ മീൻകറി റെഡി.