നിങ്ങളിലാർക്കൊക്കെ ഷെഫ് ആകണം? തേങ്ങാ ലഡ്ഡു കൊടുത്ത് ഷെഫ് ചോദിച്ചു
ജീവിതത്തിൽ ആദ്യമായി ഒരു പ്രഫഷനൽ ഷെഫിനെ കണ്ട സന്തോഷത്തിലായിരുന്നു കുമരകം വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിലെ അഞ്ചാം ക്ലാസിലെ വിദ്യാർഥികൾ. കുട്ടികൾക്കായി തേങ്ങാ ലഡ്ഡു തയാറാക്കി അവരോട് പാചക വിശേഷങ്ങൾ പങ്കു വയ്ക്കാനെത്തിയതോ, കൊച്ചി ബോൾഗാട്ടിയിലുള്ള ഗ്രാൻഡ് ഹയാത്ത് ഹോട്ടലിലെ മലബാർ കഫേയിലെ സൂ ഷെഫ് അശ്വനി ഗീതാ ഗോപാലകൃഷ്ണൻ! നിമിഷങ്ങൾക്കകം ഷെഫും കുട്ടികളും കട്ടക്കമ്പനിയായി.
‘നിങ്ങളിലാർക്കൊക്കെ ഷെഫ് ആകണം’ എന്നായിരുന്നു ഷെഫ് അശ്വനി ആദ്യം ചോദിച്ചത്. മറുപടിയായി നിരവധി കുഞ്ഞിക്കൈകൾ ഉയർന്നു. 'കാണുന്ന പോലെ എളുപ്പമല്ലാട്ടോ, നല്ല ബുദ്ധിമുട്ടുള്ള പരിപാടിയാ!', ഷെഫ് പറഞ്ഞു. ‘വീട്ടിലെ അടുക്കളയിൽ ചെയ്യുന്നതിനെക്കാൾ ആയാസമുണ്ട് ഹോട്ടലിലെ പാചകം. മണിക്കൂറുകളോളം നിന്നു കൊണ്ടുതന്നെ പണിയെടുക്കേണ്ടി വരും. പക്ഷേ, കുറെയാളുകളെ പരിചയപ്പെടാം. സെലിബ്രിറ്റികൾക്കായി ഭക്ഷണം തയാറാക്കാം. അങ്ങനെ രസമുള്ള പരിപാടികളുമുണ്ട്,’ - ഷെഫ് പുഞ്ചിരിയോടെ പങ്കു വച്ചു.
കുട്ടികൾക്കായി തേങ്ങാ ലഡ്ഡു തയാറാക്കിക്കൊണ്ടാണ് ഷെഫ് അശ്വനി സ്കൂളിലെത്തിയത്. ഈ ലഡ്ഡു വീട്ടിലെങ്ങനെ ഉണ്ടാക്കാമെന്നായി കുട്ടികൾ. അവർക്കായി അതു ഷെഫ് വിശദീകരിച്ചു. ഒടുവിൽ ലഡ്ഡുവും കഴിച്ച് ഷെഫിനൊപ്പം സെൽഫിയും എടുത്താണ് കുട്ടിപ്പട്ടാളം ക്ലാസുകളിലേക്ക് മടങ്ങിയത്.
തേങ്ങാ ലഡ്ഡു തയാറാക്കാൻ ആവശ്യമായ സാധനങ്ങൾ
- തേങ്ങാ– രണ്ടര എണ്ണം ചിരകിയത്
- നെയ്യ്– 300 ഗ്രാം
- അണ്ടിപ്പരിപ്പ്– 100 ഗ്രാം
- കിസ്മിസ്– 50 ഗ്രാം
- വറുത്ത റവ– 300 ഗ്രാം
- പഞ്ചസാര– 300 ഗ്രാം
- ഏലക്ക– 10 എണ്ണം
തയാറാക്കേണ്ട വിധം
ഉരുളിയിൽ നെയ്യ് ഒഴിച്ച് അണ്ടിപ്പരിപ്പും കിസ്മിസും വറുത്തു കോരുക. സ്വർണനിറമാണ് പാകം. അതിനുശേഷം അതേ നെയ്യിലേക്ക് ചിരകി വച്ച തേങ്ങ ചേർക്കുക. നല്ലോണം മൂത്തു വരുന്നതു വരെ ഇളക്കിക്കൊണ്ടിരിക്കണം. ഇതിലേക്ക് വറുത്ത റവ ചേർത്തു കൊടുക്കുക. ഇളം ബ്രൗൺ നിറമാകുമ്പോൾ പഞ്ചസാര ചേർക്കുക. പഞ്ചസാരയും തേങ്ങയും റവയും നല്ല വണ്ണം കുറുകി വരുമ്പോൾ ഏലക്കാ പൊടിച്ചതും അണ്ടിപ്പരിപ്പും കിസ്മിസും ചേർത്തിളക്കുക. അടുപ്പിൽനിന്നു വാങ്ങി വച്ചതിനു ശേഷം ചെറുചൂടോടെ ഉണ്ടകളാക്കി ലഡ്ഡു ഉരുട്ടിയെടുക്കാം.