ലോകമിങ്ങനെ ചെറുതായി ചെറുതായി നമ്മുടെ വിരൽത്തുമ്പിലേക്ക് ഒതുങ്ങിയപ്പോൾ വലുതായി വന്നത് കാഴ്ചകളും രുചികളുമൊക്കെയാണ്. ആ വഴിയിൽ മലയാളിയുടെ രുചിയിലേക്കു കയറി വന്ന ഐറ്റമാണ് പാസ്ത. പാശ്ചാത്യ രീതിയിലും തനി നാടൻ രീതിയിലും പാസ്ത തയാറാക്കാം. പ്രാതലിന് ദോശയും ഇഡ്ഡലിയും അപ്പവും ഒക്കെ കഴിച്ചു മടുത്തെങ്കിൽ, പാസ്ത പരീക്ഷിക്കാവുന്നതാണ്. പല രുചികളിൽ പാസ്ത തയാറാക്കാമെന്നതാണ് ഒരു പ്രത്യേകത. 

പാലോ പാലുത്പന്നങ്ങളോ പോലും കഴിക്കാത്ത വീഗൻ സുഹൃത്തുക്കൾക്ക് ധൈര്യമായി പരീക്ഷിക്കാവുന്ന പാസ്ത രുചിയാണ് ഗ്രാൻഡ് ഹയാത്ത് കൊച്ചിയിലെ മലബാർ കഫെയിലെ സൂ ഷെഫായ അശ്വനി ഗീതാ ഗോപാലകൃഷ്ണൻ പരിചയപ്പെടുത്തുന്നത്. നല്ല വെളിച്ചെണ്ണയും നാളികേര പാലും ചേർത്തു തയാറാക്കാൻ കഴിയുന്ന വീഗൻ പാസ്ത ഫിഷ് മൊയ്​ലിയുടെ രുചിയാണെങ്കിലും പക്കാ വെജിറ്റേറിയനാണ്. 

ചേരുവകൾ

  • തേങ്ങാപ്പാൽ– 1 കപ്പ്
  • കരിക്കിന്റെ കാമ്പ് പേസ്റ്റാക്കിയത്– 1/2 കപ്പ്
  • പാസ്ത– 100 ഗ്രാം
  • സവോള– 1 എണ്ണം
  • തക്കാളി– 1 എണ്ണം
  • ഇഞ്ചി– 1 ചെറിയ കഷ്ണം
  • പച്ചമുളക്– 2 എണ്ണം
  • ചെറുനാരാങ്ങ– 1 എണ്ണം
  • വെളിച്ചെണ്ണ– 5 1/2 ടീസ്പൂൺ
  • മഞ്ഞപ്പൊടി– 1/2 ടീസ്പൂൺ
  • കറിവേപ്പില– ആവശ്യത്തിന്
  • ഉപ്പും കുരുമുളകും– ആവശ്യത്തിന്

തയാറാക്കുന്ന വിധം

ആദ്യം പാസ്ത വേവിച്ചെടുക്കണം. അതിനായി തിളച്ച വെള്ളത്തിലേക്ക് അൽപം ഉപ്പും വെളിച്ചണ്ണയും ചേർക്കുക. ഇതിലേക്ക് പാസ്ത ഇടുക. ഏകദേശം 10–12 മിനിറ്റ് നേരത്തേക്കു അടച്ചു വച്ചു വേവിക്കണം. നല്ലോണം മൃദുവാകുന്നതു വരെ വേവിച്ചാലും കുഴപ്പമില്ല. പാസ്ത വെന്തിട്ടുണ്ടോ എന്ന് അറിയാൻ ഒരെണ്ണം എടുത്തു മുറിച്ചു നോക്കുക. വെള്ള നിറമൊന്നും കാണുന്നില്ലെങ്കിൽ പാസ്ത വെന്തിട്ടുണ്ടെന്ന് മനസിലാക്കാം. പാസ്ത വെന്തതിനുശേഷം വെള്ളം ഊറ്റിക്കളയാം. അതിനുശേഷം കുറച്ചു കൂടി വെളിച്ചെണ്ണ പാസ്തയിൽ ചേർത്തിളക്കുക. വെന്ത പാസ്ത പരസ്പരം ഒട്ടിപ്പിടിക്കാതെ ഇരിക്കാനാണ് ഇത്. 

ഇനി പാസ്തയുടെ സോസ് തയാറാക്കാം. അതിനായി ഒരു നോൺസ്റ്റിക്ക് പാനിൽ കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് ചെറുതായി അരിഞ്ഞു വച്ചിരിക്കുന്ന ഇഞ്ചി, സവോള എന്നിവ ചേർത്തിളക്കുക. ഇവ നന്നായി വഴന്നു വരുമ്പോൾ അരിഞ്ഞു വച്ചിരിക്കുന്ന പച്ച മുളക് ചേർത്തു കൊടുക്കണം. ഇതിലേക്ക് പാകത്തിന് മഞ്ഞൾപ്പൊടിയും ചേർക്കാം. ഇവ നന്നായി ചേർന്നു കഴിയുമ്പോൾ അതിലേക്കു തേങ്ങാപ്പാൽ ഒഴിച്ചു കൊടുക്കാം. തേങ്ങാപ്പാൽ തിളച്ചു കഴിയുമ്പോൾ അതിലേക്ക് വേവിച്ചു വച്ചിരിക്കുന്ന പാസ്ത ചേർക്കാം. അതിനു ശേഷം, പാകത്തിന് ഉപ്പും ഫ്രഷ് ആയി പൊടിച്ചെടുത്ത കുരുമുളകും ചേർത്തിളക്കുക. ഇതിലേക്കു പേസ്റ്റാക്കിയ കരിക്ക് കാമ്പ് ചേർക്കുക. അതിനൊപ്പം അരിഞ്ഞു വച്ചിരിക്കുന്ന തക്കാളിയും ചേർക്കാം. ഒരു പഞ്ചിന് കുറച്ച് നാരങ്ങാനീരും ചേർക്കുക. അതിനു ശേഷം തീയണയ്ക്കാം. കുറച്ചു വെളിച്ചെണ്ണയും കറിവേപ്പിലയും ചേർത്ത് ഫിനിഷ് ചെയ്താൽ സ്വാദിഷ്ടമായ വീഗൻ പാസ്ത തയാർ!