ബിരിയാണി രുചികൾ ഏറെ ഇഷ്ടപ്പെടുന്നവരാണ് മലയാളികൾ. ചിക്കൻ ബിരിയാണി, മട്ടൻ ബിരിയാണി, ഫിഷ് ബിരിയാണി...പലവിധത്തിലുള്ള രുചികൾ നമുക്ക് പരിചിതമാണ്. വെജിറ്റേറിയൻസിനും കഴിക്കാൻ പറ്റുന്ന പുതുമയുള്ളൊരു  ‘കടല ബിരിയാണി’ ഏറ്റവും എളുപ്പത്തിൽ തയാറാക്കുന്നതിന്റെ സൂത്രവിദ്യകൾ പരിചയപ്പെടുത്തുകയാണ് പാചകവിദഗ്ധ ലക്ഷ്മി നായർ.

ചേരുവകൾ

  • വെള്ളക്കടല – 1 കപ്പ് (തലേന്ന് വെള്ളത്തിൽ ഇട്ട് കുതിർത്തത്)
  • ബസ്മതി റൈസ് – 2 കപ്പ്
  • സവാള – 2 എണ്ണം (ചെറുതായി അരിഞ്ഞത്)
  • തക്കാളി – 1 എണ്ണം (തക്കാളിയുടെ അരി കളഞ്ഞത്)
  • പച്ചമുളക് – 2 എണ്ണം (രണ്ടായിട്ട് കീറിയത്)
  • നെയ്യ്   –  3 ടേബിൾ സ്പൂൺ
  • മഞ്ഞൾപ്പൊടി – അര ടീസ്പൂൺ
  • മുളകുപൊടി  – 1 ടീസ്പൂൺ
  • കറുവാപ്പട്ട– 2 തണ്ട്
  • ഗ്രാമ്പൂ – 5 എണ്ണം
  • ഏലക്ക –6 എണ്ണം 
  • വെള്ളം – 3 കപ്പ്
  • ഉപ്പ് – ആവശ്യത്തിന്
  • മല്ലിയില – ആവശ്യത്തിന്

തയാറാക്കുന്ന വിധം

∙ഒരു തവയിൽ നെയ്യ് ചൂടാക്കി കറുവാപ്പട്ട, ഗ്രാമ്പൂ, ഏലക്ക എന്നിവ ചേർത്ത് വഴറ്റി ഇതിലേക്ക് സവാളയും പച്ചമുളകും ഉപ്പും ചേർത്ത് വഴറ്റണം. ഇതിലേക്ക് മഞ്ഞൾപ്പൊടിയും മുളകുപൊടിയും ചേർത്തിളക്കുക.

∙ ഇതിലേക്ക് തക്കാളി ചേർത്ത് ചെറുതായിട്ട് വഴറ്റുക. കുറച്ച് മല്ലിയിലയും ചേർക്കുക. ഇനി അരിയിട്ട് നന്നായി യോജിപ്പിക്കുക. അരി 2 – 3 മിനിറ്റ് ഇളക്കി മൂപ്പിച്ച ശേഷം കടല ചേർത്ത് ഇളക്കുക.

∙ ഇനി ഇതൊരു പ്രഷർ കുക്കറിലേക്ക് മാറ്റുക. ഇതിലേക്ക് മൂന്ന് കപ്പ് തിളച്ചുകൊണ്ടിരിക്കുന്ന വെള്ളം ഒഴിക്കുക. മീഡിയം തീയിൽ രണ്ട് വിസിൽ അടിച്ചു കഴിഞ്ഞ് ഗ്യാസ് ഒാഫ് ചെയ്ത് വയ്ക്കുക ആവി മുഴുവൻ പോയി കഴിഞ്ഞ് കുക്കർ തുറന്ന് കുറച്ച് മല്ലിയില കൂടി ചേർത്ത് സേർവിങ് പ്ലേറ്റിലേക്ക് മാറ്റി സാലഡോ തൈരോ കൂട്ടി ഉപയോഗിക്കാം. നാലോ അഞ്ചോ പേർക്ക് കഴിക്കാം.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT