ഏത് കറിക്കും ഒരു പൊടി ഗരംമസാല ചേർത്താൽ കറിയുടെ സ്വഭാവംതന്നെ മാറും. നാലു ചേരുവകൾകൊണ്ട് മണവും രുചിയുമുള്ള ഗരം മസാല വീട്ടിൽ തന്നെ തയാറാക്കുന്നതെങ്ങനെയെന്നു പരിചയപ്പെടുത്തുകയാണ് പാചകവിദഗ്ധ ലക്ഷ്മി നായർ. കേടുകൂടാതിരിക്കാൻ വായു കടക്കാത്ത കുപ്പിയിലാക്കി സൂക്ഷിച്ചു വയ്ക്കാം.

ചേരുവകൾ

  • പെരുംജീരകം – 50 ഗ്രാം
  • ഏലയ്ക്ക – 20 ഗ്രാം
  • കറുവപട്ട – 20 ഗ്രാം
  • ഗ്രാമ്പൂ –20 ഗ്രാം

തയാറാക്കുന്ന വിധം

ഒരു ഫ്രൈ പാനിൽ 50 ഗ്രാം പെരുംജീരകവും കറുവപ്പട്ട, ഏലയ്ക്ക, ഗ്രാമ്പൂ (മൂന്നും 20 ഗ്രാം വീതം) ഇതെല്ലാം കൂടി ഇട്ട് ഇളക്കി അഞ്ച് മിനിറ്റ് നേരം ചൂടാക്കണം. ചൂടാക്കുന്നതു കൊണ്ട് ഇത് നന്നായി പൊടിഞ്ഞു കിട്ടും കൂടാതെ നല്ല മണവും കിട്ടും. ഇങ്ങനെ ചൂടാക്കുമ്പോൾ പെരുംജീരകം പൊട്ടാൻ തുടങ്ങും അപ്പോൾ തീ ഓഫ് ചെയ്യുക .

അടുപ്പിൽ നിന്നു വാങ്ങിയാലുടൻ മറ്റൊരു പാത്രത്തിലേക്ക് മാറ്റി തണുക്കാൻ വയ്ക്കുക അല്ലെങ്കിൽ ചൂട് കൂടി പോകും. നന്നായി തണുത്തതിനുശേഷം മിക്സിയുടെ ജാറിൽ നന്നായി പൊടിച്ചു എടുക്കാം. (ചിലർ തക്കോലവും കുരുമുളകും ജീരകവും ചേർക്കാറുണ്ട്) ഇവിടെ പെരുംജീരകവും കറുവപട്ടയും ഏലയ്ക്കയും ഗ്രാമ്പൂവും മാത്രമേ ചേർത്തിട്ടുള്ളൂ.