‘കരിമീൻ കഴിക്കാൻ വേണ്ടി സഞ്ചാരികൾ കേരളത്തിലേക്കു വരുന്ന കാലം...’
ഭക്ഷണവിഭവങ്ങൾക്കു ഭൗമസൂചികാപ്പട്ടം ലഭിക്കുക എന്നത് വളരെ പ്രധാനമാണ്. ഫ്രാൻസിലെ ഷാംപെയ്ൻ എന്ന പ്രദേശത്തു വിളയുന്ന മുന്തിരിയുടെ വൈനിന് ലോകത്ത് ഏറ്റവും അധികം ആരാധകരുള്ളതാണ്. ഇറ്റലിയിലെ പീത്‌സയ്ക്കും പാസ്തയ്ക്കും എല്ലാ രാജ്യങ്ങളിലും ആരാധകരുണ്ട്. ജപ്പാനിലെ സൂഷി വളരെ പ്രസിദ്ധമാണ്. അതുപോലെയാണ് ശ്രീലങ്കയിലെ കുത്തുറൊട്ടി. എല്ലാ ലോകരാജ്യങ്ങളിലുംം സ്ട്രീറ്റ് ഫുഡുകളിൽ ആദ്യം ആവശ്യപ്പെടുന്നത് ശ്രീലങ്കയിലെ കുത്തുറൊട്ടിയാണ്. അതുപോലെ ഇന്ത്യയിലെ ഹൈദരാബാദി ബിരിയാണി, ലക്നൗവിലെ അവാധി ബിരിയാണി, പഞ്ചാബിലെ ബട്ടർ ചിക്കൻ എന്നിവ ലോകപ്രസിദ്ധമാണ്. അങ്ങനെ നോക്കുമ്പോൾ, ഒരുപാടു വിഭവങ്ങള്‍ ലോകത്തിനു നൽകാൻ കേരളത്തിനു പറ്റും. അതിലേറ്റവും പ്രധാനമാണ് കേരളത്തിൽ മാത്രം കാണപ്പെടുന്ന കരിമീൻ. ഇംഗ്ലിഷിൽ പേൾ സ്പോട്ട് എന്നു പറയുന്ന കരിമീന്‍ നമുക്ക് കേരളത്തിന്റെ തനതു വിഭവമായി ലോകത്തിനുമുന്നിൽ മാർക്കറ്റ് ചെയ്യാം.
‘അയല പൊരിച്ചതുണ്ട്.... കരിമീൻ വറുത്തതുണ്ട്...’
കരിമീൻ സ്വാദേറിയ ഭക്ഷ്യമൽസ്യമാണ്. കരിമീനിന്റെ വായ് ചെറുതാണ്. തലയുടെ മുന്നറ്റത്താണ് വായുടെ സ്‌ഥാനം. കീഴ്‌ത്താടി മേൽത്താടിയേക്കാൾ അൽപം മുമ്പോട്ടു തള്ളിനിൽക്കുന്നു. വായ്‌ക്കുള്ളിൽ രണ്ടുവരി പല്ലുകളുണ്ടാവും. പാർശ്വച്ചിറകിൽ ബലമേറിയ മുള്ളുകളുണ്ട്. ഇത് സ്വരക്ഷയ്‌ക്കുവേണ്ടിയാണ്.
ജലത്തിലെ പായൽ, മറ്റു ജല സസ്യങ്ങൾ എന്നിവയാണ് ഇവയുടെ ആഹാരം. ഒപ്പം കൊതുകിന്റെ മുട്ടയും ലാർവകളെയും ചെമ്മീൻ കുഞ്ഞുങ്ങളെയും അകത്താക്കാറുണ്ട്. പക്ഷേ സ്‌പൈറൊഗൈറ എന്ന ഒരിനം ജലസസ്യമാണ് കരിമീന്റെ ഇഷ്‌ടഭക്ഷണമെന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു. ചൂണ്ടയിലെ ഇരയെ കൊത്തിവിഴുങ്ങുന്ന കരിമീൻ വലയിൽ വീഴാൻ ബുദ്ധിമുട്ടാണ്. വലകൾക്കിടയിലൂടെ വിദഗ്‌ധമായി ഒഴിഞ്ഞുമാറാനും ചെളിയിൽ പുതഞ്ഞു കിടക്കാനും ഇവയ്‌ക്കു സാധിക്കും.
സഞ്ചാരികൾ കരമീൻ തേടി വരുന്ന കാലം
മലയാളികൾ മാത്രമല്ല, കേരളം സന്ദർശിക്കുന്നവരെല്ലാം ചോദിച്ചു വാങ്ങി കഴിക്കുക, അല്ലെങ്കിൽ കരിമീൻ കഴിക്കാൻ വേണ്ടിമാത്രം കേരളത്തിലേക്കു വിദേശികളെത്തുക എന്ന രീതിയിൽ നമ്മുടെ ഔദ്യോഗിക മത്സ്യമായ കരിമീനിനെ മാർക്കറ്റ് ചെയ്യാൻ നമുക്കു കഴിയണം.
കേരളത്തിൽ നൂറിലേറെ മത്സ്യഇനങ്ങളുണ്ട്, കായലിലും കടലിലും പുഴയിലും തടാകങ്ങളിലും കുളങ്ങളിലുമൊക്കെയായി. എന്നാല്‍ അതിൽ നിന്നൊക്കെ വ്യത്യസ്തമായ കരിമീന്‍ കേരളത്തില്‍ മാത്രം കാണപ്പെടുന്ന, മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ്. ഇപ്പോൾ മറ്റു ചില സംസ്ഥാനങ്ങളിലടക്കം ഇതു കൃഷി ചെയ്യുന്നുണ്ടെങ്കിലും ഓര്‍ഗാനിക് ആയി ലഭിക്കുന്നത് കേരളത്തിലെ കായലുകളിൽ പ്രത്യേകിച്ച് കൊല്ലത്തെ അഷ്ടമുടി കായലിലും വേമ്പനാട് കായലിലും തിരുവനന്തപുരത്തെ വെള്ളായണി കായലിലുമാണ്. അതിൽത്തന്നെ, കരിമീന്റെ പ്രത്യേകതരം ബ്രീഡായ, ഗുണമേന്മ കൂടിയ കുണ്ടറയിലെ കാഞ്ഞിരോട് കായലിലെ കരിമീൻ വളരെയധികം പ്രസിദ്ധമാണ്.
കേരളാ ടൂറിസത്തിന്റെ വളർച്ചയിൽ വലിയ മാറ്റം കൊണ്ടുവരുവാൻ കരിമീൻ നിമിത്തമായേക്കും. ഇപ്പോഴും നമ്മൾ ആയുർവേദം, കായൽ, കടൽ എന്നൊക്കെ പറഞ്ഞാണ് വിദേശികളെ ഇങ്ങോട്ടു ക്ഷണിക്കുന്നത്. കേരളത്തിൽ വന്നാൽ കരിമീൻ കഴിക്കാം എന്ന രീതിയിൽ സഞ്ചാരികളെ ആകർഷിക്കണം. ഉദാഹരണത്തിന്. ബഹമാസിൽ പോയാൽ അവിടെ ശംഖ് ഇറച്ചിയാണ്. ആ രാജ്യത്ത് പല മത്സ്യ വിഭവങ്ങളും കിട്ടുമെങ്കിലും ശംഖ് എപ്പോഴും ഏറ്റവും കൂടുതൽ കിട്ടുന്നതുകൊണ്ട് അവർ ശംഖിനെയാണ് പ്രൊമോട്ട് ചെയ്യുന്നത്. ശംഖ് ഇറച്ചി ഉപയോഗിച്ച് സലാഡുകൾ, ഫ്രൈകൾ, പലതരം കറികൾ എന്നിവയെല്ലാം അവിടെ കിട്ടും.
ഇനി ലോകം മുഴുവൻ കേരളത്തിൽ വന്നാണ് മികച്ച കരിമീൻ കഴിക്കേണ്ടത്. ബാക്കിയെല്ലാ മത്സ്യങ്ങളും പലയിടത്തും കിട്ടും. ഒരിക്കലും കരിമീൻ യൂറോപ്പിലോ മറ്റോ കിട്ടില്ല. അറ്റ്ലാന്റിക്കിൽനിന്നു കിട്ടുന്ന സാൽമൺ, നോർവീജിയൻ സാൽമൺ, സ്കോട്ട്ലന്‍ഡിലെ സാൽമൺ ഒക്കെ വളരെ പ്രസിദ്ധമാണ്. അതൊക്കെ പലയിടത്തും കയറ്റി അയയ്ക്കപ്പെടുന്നതാണ്. അതുപോലെ കേരളത്തിലെ കരിമീനിന് ഒരു മാർക്കറ്റ് ഉണ്ടായിക്കഴിഞ്ഞാൽ അതു പലയിടത്തേക്കും കയറ്റിയയ്ക്കാം.
ഇത്രമാത്രം പുഴയും കായലും കടലും കുളവുമൊക്കെയുള്ള നമുക്ക് ഇപ്പോൾ ലഭ്യമാകുന്നതിന്റെ ഇരട്ടി കരിമീൻ കൃഷി ചെയ്യാന്‌കഴിയും. ഇതിനൊരു ആഗോളമാർക്കറ്റ് ഉണ്ടായിക്കഴിഞ്ഞാൽ കേരളത്തിനുണ്ടാകുന്ന നേട്ടം നമുക്കെല്ലാവർക്കും അഭിമാനിക്കാവുന്നതാകും.