ഉപ്പും മുളകുമിട്ട് സ്പെഷൽ വിഭവമൊരുക്കി നീലു; കാണുമ്പോൾ തന്നെ കൊതിയാകും!
ഉപ്പും മുളകും എന്ന ജനപ്രിയ പരമ്പരയിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരമാണ് നിഷ സാരംഗ്. 'വിശപ്പി'ന്റെ അസുഖമുള്ള കേശുവടക്കം അഞ്ചു മക്കളാണ് പരമ്പരയിൽ നിഷയുടെ കഥാപാത്രമായ നീലുവിനുള്ളത്. വിശപ്പിന്റെ അസുഖം ഉണ്ടെങ്കിലും ഇല്ലെങ്കിലും വീട്ടിൽ മക്കളുണ്ടെങ്കിൽ രുചികരമായ എന്തെങ്കിലും സ്വന്തം കൈ കൊണ്ടു വച്ചുവിളമ്പി കൊടുക്കുന്നതാണ് തനിക്ക് ഇഷ്ടമെന്നു പറയുകയാണ് നിഷ. അങ്ങനെ പ്രത്യേകമായി ഉണ്ടാക്കുന്ന വിഭവങ്ങളിൽ ഒന്നാണ് കരിമീൻ പൊള്ളിച്ചത്. അധികം ബുദ്ധിമുട്ടൊന്നും കൂടാതെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാവുന്ന ഈ സ്പെഷൽ വിഭവം മനോരമ ഓൺലൈനുമായി നിഷ സാരംഗ് പങ്കു വയ്ക്കുന്നു.
ഇതെന്റെ സ്വന്തം പരീക്ഷണം
"സാധാരണ എല്ലാവരും മീൻ പൊള്ളിക്കുന്നതു പോലെ തന്നെയാണ് ഞാനും വീട്ടിൽ ചെയ്യുന്നത്. പക്ഷേ, അതിലേക്ക് എന്റേതായ ചില കാര്യങ്ങൾ കൂടി കൂട്ടിച്ചേർക്കും. അങ്ങനെയാണ് വ്യത്യസ്തമായ രുചി ഒരുക്കുന്നത്,"– നിഷ സാരംഗ് പറഞ്ഞു.
"സാധാരണ മീൻ വറുക്കുന്നതിന് മസാല പുരട്ടി വയ്ക്കാറില്ലേ? അതുപോലെ മീനിൽ ഉപ്പും മുളകും മഞ്ഞളും കുരുമുളകും ചേർത്ത മസാല പുരട്ടി വയ്ക്കും. പിന്നെ, ഒരു വാഴയില എടുത്ത് അതിലേക്ക് ഈ മീൻ എടുത്ത് വച്ച്, ചതച്ചെടുത്ത ചെറിയുള്ളിയും പച്ചമുളകും വേപ്പിലവും കശുവണ്ടിയും കിസ്മിസും സ്റ്റഫ് ചെയ്ത് പൊതിഞ്ഞെടുക്കണം. ഇനി ഇരുമ്പ് ചീനചട്ടിയിൽ വച്ച് പൊള്ളിച്ചെടുക്കാം," മിനി സ്ക്രീനിലെ നീലു തന്റെ സ്പെഷൽ വിഭവത്തിന്റെ രുചിക്കൂട്ട് പങ്കു വച്ചു.
ഇവിടം കൊണ്ട് തീരുന്നില്ല മീൻ പൊള്ളിച്ചതിന്റെ രുചിയുടെ രഹസ്യങ്ങൾ. "ഇത് പൊള്ളിച്ചെടുക്കുന്നതിലും ഞാനൊരു സൂത്രം പ്രയോഗിക്കാറുണ്ട്. ഇരുമ്പ് ചീനച്ചട്ടിയിലാണ് ഞാനിത് പാകം ചെയ്യാറുള്ളത്. ചീനച്ചട്ടിയിൽ ആദ്യം ഈർക്കിലി ഒടിച്ചു വച്ച് ഒരു ചെറിയ തട്ടു പോലെയുണ്ടാക്കും. വെളിച്ചെണ്ണ ഈ തട്ടിനു താഴെ വരെയാണ് ഒഴിക്കുക. ഈ ഈർക്കിലി തട്ടിലേക്ക് വാഴയിലയിൽ പൊതിഞ്ഞ മീൻ വച്ച് ചെറുതീയിൽ രണ്ടു ഭാഗവും മറിച്ചിട്ട് വേവിച്ചെടുക്കും," പാചകത്തിന്റെ ടെക്നിക് നിഷ വെളിപ്പെടുത്തി.
"എണ്ണയുടെ ആവിയിൽ ഈർക്കിലിയുടെ മുകളിൽ കിടന്ന് സ്റ്റഫ് ചെയ്ത മീൻ നന്നായി വെന്തു വരും. ചതച്ച ചെറിയുള്ളി മൂപ്പിക്കാതെയാണ് സ്റ്റഫ് ചെയ്യുന്നത്. വെളിച്ചെണ്ണയുടെ ആവിയിൽ ഉള്ളി നന്നായി വെന്ത് അതിന്റെ നീരൊക്കെ മീനിൽ നന്നായി പിടിക്കും. ഇത് ആലോചിക്കുമ്പോൾ തന്നെ വായിൽ വെള്ളം വരുന്നില്ലേ?" കുസൃതിച്ചിരിയോടെ നിഷ ചോദിക്കുന്നു.
"എന്റെ വീട്ടിൽ കുട്ടികൾക്ക് ഇത് വലിയ ഇഷ്ടമാണ്. മരുമകൻ വന്നപ്പോഴും ഞാനീ വിഭവം ഉണ്ടാക്കി കൊടുത്തിരുന്നു. എല്ലാവർക്കും അത് ഇഷ്ടമായി," നിഷ പറഞ്ഞു.