അരി, ഗോതമ്പ്,റവ,റാഗി എന്നിവ കൊണ്ട് പുട്ട് ഉണ്ടാക്കുന്നത് സാധാരണമാണ് എന്നാൽ മൈദ കൊണ്ടും രുചികരമായ പുട്ട് ഉണ്ടാക്കാം എന്നാണ് ലക്ഷ്മി നായർ പുതിയ വ്ളോഗിൽ കാണിക്കുന്നത്. മൂന്ന് വ്യത്യസ്ത രീതിയിലുള്ള പുട്ട് രുചികൾ പരിചയപ്പെടാം. 

അരി പുട്ട്

  • വറുത്ത അരിപ്പൊടി – 1 കപ്പ്
  • ഉപ്പ് – ആവശ്യത്തിന്
  • വെള്ളം – ½ കപ്പ് + 2 ടേബിൾ സ്പൂൺ
  • തേങ്ങ ചിരകിയത് 

തയാറാക്കുന്ന വിധം

ആദ്യം ഒരു കപ്പ് വറുത്ത അരിപ്പൊടി എടുത്ത് അരകപ്പ് വെള്ളം എടുത്ത് കുറേശ്ശെ കുറേശ്ശെ വെള്ളം ചേർത്ത് പൊടി നനയ്ക്കുക. ഇടയ്ക്കിടയ്ക്ക് കട്ടകളൊക്കെ വരും സാരമില്ല അത് ഒരു മിക്സിയുടെ ചെറിയ ജാറിൽ ഒന്നു കറക്കിയെടു ക്കുമ്പോൾ കട്ടയൊക്കെ മാറി നന്നായി പൊടിഞ്ഞു കിട്ടും. അരക്കപ്പ് വെള്ളം ഒഴിച്ചു നനച്ചുകഴിയുമ്പോൾ വീണ്ടും വെള്ളം വേണമെങ്കിൽ ഒന്നോ രണ്ടോ ടേബിൾ സ്പൂണ്‍ വെള്ളവും ഉപ്പും കൂടി ചേർത്ത് നനയ്ക്കാം. ഇനി മിക്സിയിൽ ഒന്നു കറക്കിയെടുക്കുമ്പോൾ ഈർപ്പം കൂടുതലാണെങ്കിൽ ഓരോ ടീസ്പൂൺ നനയ്ക്കാതെ വച്ചിരിക്കുന്ന അരിപ്പൊടി ചേർത്ത് മിക്സിയിൽ കറക്കിയെടുക്കുക ഈർപ്പം കുറഞ്ഞ് കിട്ടും. അപ്പോൾ പുട്ടിനുള്ള പൊടി റെഡി. ഇനി പുട്ടുകുടത്തിൽ വെള്ളം വച്ച് ചൂടാക്കുക പുട്ടുകുറ്റിയിൽ ചിരകി വച്ചിരിക്കുന്ന  തേങ്ങ ആദ്യം ഇട്ട് കൊടുക്കുക അതിനുശേഷം നനച്ചു വച്ചിരിക്കുന്ന പൊടി ഇടുക നടുക്ക് തേങ്ങ ഇട്ടു കൊടുക്കുക വീണ്ടും പൊടി നിറയ്ക്കുക മുകളിൽ വീണ്ടും തേങ്ങപ്പീര ഇട്ട് വേകാൻ വയ്ക്കുക. പുട്ടകുറ്റിയിൽ ആവി വന്ന് 3 മിനിറ്റ് കഴിയുമ്പോൾ തീ കുറച്ച് പുട്ടു കുറ്റി വാങ്ങി ഒരു തടി തവിയോ മറ്റോ വച്ച് പുട്ട് കുത്തിയെടുക്കുക.

ഗോതമ്പ് പുട്ട്

  • ഗോതമ്പു പൊടി – 2 കപ്പ്
  • ഉപ്പ് – ആവശ്യത്തിന് 
  • തിളച്ച വെള്ളം –  ഒരു കപ്പ് 
  • പഞ്ചസാര – 1 ടീസ്പൂൺ (ആവശ്യമെങ്കിൽ)

തയാറാക്കുന്ന വിധം

 രണ്ട് കപ്പ് ഗോതമ്പു പൊടി എടുത്ത് അതിൽ ആവശ്യത്തിന് ഉപ്പ് ചേർക്കുക. അതിനുശേഷം ഒരു കപ്പ് തിളച്ചവെള്ളം ( ഒരു ടീസ്പൂൺ പഞ്ചസാര (വേണമെങ്കിൽ) ഇട്ട് തിളപ്പിച്ചത് ) ഒഴിച്ച് ഒരു തടി തവികൊണ്ട് ഇളക്കുക. വെള്ളം തിളച്ച ഉടനെ തീ ഓഫ് ചെയ്യുക. ഇപ്പോൾ മാവ് നല്ല കുഴഞ്ഞിരിക്കും സാരമില്ല ഇത് ഒന്നു തണുക്കാൻ വയ്ക്കുക. ഒരു ആറ് ടീസ്പൂൺ ഗോതമ്പു മാവ് ഒരു പാത്രത്തിൽ എടുത്തു വച്ചേക്കുക. തണുത്ത മാവ് ഒരു മിക്സിയുടെ ചെറിയ ജാറിൽ ഇടുക ഇതിന്റെ കൂടെ എടുത്തു വച്ചിരിക്കുന്ന നനയ്ക്കാത്ത ഗോത മ്പുമാവിൽ നിന്ന് ഒന്നര ടീസ്പൂൺ ഗോതമ്പു പൊടി ഇട്ടു കൊടുത്തു വീണ്ടും ഒന്നു കറക്കിയെടുക്കുക പൊടി കുറശ്ശെ കുറേശ്ശെ ഇട്ടു വേണം പൊടിക്കാൻ ഇങ്ങനെ ചെയ്തു കഴി ഞ്ഞാൽ ഒട്ടും കട്ടയില്ലാതെ നല്ല പൊടി കിട്ടും. ഇനി പുട്ടു കുറ്റിയിലേക്ക് തേങ്ങയും പൊടിയും ഇട്ട് ആവി കേറ്റി എടുക്കാം. നല്ല സോഫ്റ്റ് ആയിട്ടുള്ള ഗോതമ്പ് പുട്ട് റെഡി. 

മൈദ പുട്ട് 

  • മൈദ – 2 കപ്പ്
  • ഉപ്പ് – ആവശ്യത്തിന്
  • തിളച്ച വെള്ളം – 1 കപ്പ് (ഉപ്പും പഞ്ചസാരയും ചേർത്ത് തിളപ്പിച്ചത്)
  • തേങ്ങ ചിരകിയത്

തയാറാക്കുന്ന വിധം

രണ്ട് കപ്പ് മൈദ മാവിൽ ഒരു കപ്പ് തിളച്ച വെള്ളം (ആദ്യം ഉപ്പ് ചേർക്കുക തിളയ്ക്കാറാകുമ്പോൾ ഒരു ടീസ്പൂൺ പഞ്ച സാരയും ചേർത്ത് തിളപ്പിക്കുക) ഒഴിച്ച് കുഴയ്ക്കുക. എന്നിട്ട് തണുക്കാൻ വയ്ക്കുക ഇനി ആറോ ഏഴോ ടേബിൾ സ്പൂൺ മൈദമാവ് എടുത്തു വച്ചിരിക്കുന്നതിൽ നിന്ന് ഒന്നര സ്പൂൺ വീതം മാവെടുത്ത് നനച്ചമാവിന്റെ കൂടെ മിക്സിയുടെ ചെറിയ ജാറിൽ ഇട്ടു കൊടുത്ത്  പൊടിച്ചെടുക്കുക. പുട്ടുകുറ്റിയിൽ തേങ്ങപീര ഇട്ട് സോഫ്റ്റ് ആയിട്ടുള്ള പുട്ടു പൊടി ഇട്ട് ആവി യിൽ വേവിച്ചെടുക്കുക. 

ശ്രദ്ധിക്കാൻ 

∙അരി പുട്ട് ഉണ്ടാക്കുമ്പോൾ പൊടി നനച്ച് കൈയ്യിൽ വച്ച് ഉരുളയാക്കി നോക്കുക എന്നിട്ട് പൊടിക്കുമ്പോൾ നന്നായി പൊടിയുന്നതാണ് അതിന്റെ പാകം

∙ആവി കേറ്റുമ്പോൾ ആവി വന്ന് മൂന്ന് മിനിറ്റെങ്കിലും കഴിഞ്ഞേ പുട്ട് കുത്തി എടുക്കാവൂ.