സമകാലീന സംഭവങ്ങളെ ആഴത്തിൽ അപഗ്രഥിച്ച് സമൂഹമാധ്യമങ്ങളിൽ തരംഗമായ ‘ബല്ലാത്ത പഹയൻ’ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന വിനോദ് നാരായൺ, പാചകത്തിലും ഒരു കൈ വച്ചിരിക്കുകയാണ്. കോഴിക്കോട് സ്റ്റൈലിൽ വിഭവത്തിന്റെ പേര് ബീഫ് അലുക്കുലുത്ത്, പാചകവിഡിയോ ചെയ്യാൻ പെട്ടെന്നുള്ള കാരണം പഹയൻ പറയും:

‘ഇന്നലെ ഞാൻ ബീഫ്ണ്ടാക്കാൻ റെഡി ആവുമ്പം ഒരാൾ കമന്റിട്ടു 'ങ്ങക്ക് ഭക്ഷണത്തിന്റെ ഒരു വീഡിയോ ചെയ്തൂടെ' ന്നാപ്പിന്നെ മ്മളുടെ ബീഫുണ്ടാക്കൽ തന്നെ വീഡിയോ ആക്കാലോ... ലെ.... ഈ കറിയുടെ അഥവാ വിഭവത്തിന്റെ പേരാണ് ബീഫ് അലുക്കുലുത്ത്....ന്നാപ്പിന്നങ്ങന്യാക്കാം’

ഉള്ളിക്കറിയല്ല ഇത് ബീഫ് കറി തന്നെയാണെന്ന ആമുഖത്തോടെയാണ് വിഡിയോ തുടങ്ങുന്നത്. ബീഫ് കറിയുണ്ടാക്കുമ്പോൾ ബീഫുണ്ടായാൽ മതി ബാക്കിയുള്ളതൊക്കെ നമുക്ക് അഡ്ജസ്റ്റ് ചെയ്യാവുന്നതേയുള്ളു എന്നതാണ് പ്രധാന കാര്യം.

ചേരുവകൾ ബീഫ്, ഉള്ളി അരിഞ്ഞത്, 5 പച്ചമുളക്, മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, ഉണക്കമുളക്, ബീഫ് മസാല, വെളുത്തുള്ളി, ഇഞ്ചി, കറിവേപ്പില. (പച്ചമുളകും ഇഞ്ചി,വെളുത്തുള്ളി മിക്സിയിൽ അടിച്ചെടുക്കുക).

പ്രഷർ കുക്കറിലാണ് കുക്കിങ്, ബീഫ് മാസാലയും ഉപ്പും പുരട്ടി ബീഫ് മാറ്റിവയ്ക്കുക. പ്രഷർ കുക്കർ ചൂടായികഴിയുമ്പോൾ വറ്റൽ മുളകും സവോള അരിഞ്ഞതും ഇഞ്ചി വെളുത്തുള്ളി പേസ്റ്റും  ഇട്ട് വഴറ്റുക. ആവശ്യത്തിന് മഞ്ഞൾപ്പൊടിയും മുളകുപൊടിയും ചേർക്കാം (എരിവ് കൂടും).

പഹയന്റെ വാക്കുകളിൽ കുക്കിങ് ന്ന് പറഞ്ഞാൽ നല്ല രസാണ്...നമുക്ക് ആവശ്യമുള്ളത് നമ്മൾ ഉണ്ടാക്കി കഴിക്കുക. പലരെയും കണ്ടിട്ടുണ്ട് കുക്കിങ് തീരെ അറിയില്ലാത്തവരെ... ഇതൊക്കെയങ്ങ് പഠിക്കുക.

ബിഫ് എന്ന് പറഞ്ഞാൽ ഉള്ളിയിടാതെങ്ങനെയാണ്...ഉള്ളിക്കറിയേ പോലും ബീഫാക്കുന്ന കാലമാണ്. അതു കൊണ്ട് ഉള്ളിയുടെ കാര്യം മറക്കരുത്. കറിവേപ്പില ഇടാൻ മറന്നു ഇപ്പോൾ ഇടുന്നു. എന്തെങ്കിലും മറന്നാൽ അത് അനുസരിച്ച് അങ്ങ് ചെയ്യുക. തക്കാളിയും ചേർക്കാൻ മറന്നു അതും ചേർക്കുന്നു. തക്കാളിയും വെന്തു കഴിഞ്ഞ് ഇതിലേക്ക് ബീഫ് ചേർക്കാം. ആവശ്യത്തിന് മല്ലിപ്പൊടിയും മുളകുപൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.

ഇത്രയും അയപ്പോൾ പഹയനു സംശയം ഭാര്യയോട് ഇതിൽ കുറച്ച് സാമ്പാർപൊടിയിട്ടാലോന്ന്? വേണ്ട ...

കുറച്ചു രസപ്പൊടിയായാലോ? ...ഇങ്ങനെ സംശയങ്ങൾ ചോദിച്ച് ചോദിച്ചാണ് പാചകം മുന്നേറുന്നത്. മസാല എല്ലാം ചേർത്ത് കുക്കർ അടച്ച് വിസിൽ വരാൻ കാത്തിരിക്കുന്ന സമയം. കുക്കിങ് കഴിഞ്ഞ് അടുക്കള വൃത്തിയാക്കാലും നടത്തിക്കഴിഞ്ഞപ്പോൾ അഞ്ച് വിസിലടിച്ച് ബീഫ് റെഡി.

ചോറും ബീഫും തൈരും പച്ചമുളകിട്ട് ഞെരടി കഴിച്ചാണ് വീഡിയോ അവസാനിപ്പിക്കുന്നത്. അതു വരെ പിടിച്ചു നിന്നവർക്കു വരെ വായിൽ കപ്പലോടും!.

കോഴിക്കോട്ടുകാരനായ ‘ബല്ലാത്ത പഹയൻ വിനോദ് നാരായൺ’ കോഴിക്കോട് ആർഇസിയിൽ  (ഇന്നത്തെ എൻഐടി) നിന്നും ഇലക്ട്രിക്കൽ എഞ്ചിനീയറിങ് കഴിഞ്ഞ് ഇന്ത്യയിലും ദുബായിലും ലണ്ടനിലും ജോലിയും ബിസിനസ്സും ചെയ്ത ശേഷം, കഴിഞ്ഞ 19 വർഷമായി അമേരിക്കയിലെ സൻഫ്രാൻസിസ്കോയിൽ താമസിക്കുന്നു. 2016 ൽ ബല്ലാത്ത പഹയൻ  യൂട്യൂബിൽ തുടങ്ങി, സമകാലീന സംഭവങ്ങളും അതിനെ കുറിച്ചുള്ള സ്വതന്ത്രമായ അഭിപ്രായങ്ങളാണ് വിഡിയോയിൽ.