ഭക്ഷണം പാഴക്കരുത് എന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്, അതു പോലെ തന്നെ ഒാരോ വീട്ടിലും പാഴാക്കി കളയുന്ന വസ്തുവാണ് പച്ചക്കറികൾ, കൂടുതൽ മേടിച്ചാൽ കുറെയൊക്കെ ചീത്തയായി പോകാറുണ്ടോ? പച്ചക്കറികൾ എങ്ങനെ കേടു കൂടാതെ സൂക്ഷിക്കാം എന്നതിനെക്കുറിച്ചാണ് പാചകവിദഗ്ധ ലക്ഷ്മി നായരുടെ പുതിയ വ്ലോഗ്.

പച്ചക്കറികൾ ഫ്രിഡ്ജിൽ സൂക്ഷിച്ചാലും കേടാകുന്നത് അതിൽ ഈർപ്പം നില നിൽക്കുന്നതു കൊണ്ടാണ്. ചില പച്ചക്കറികൾ കഴുകാതെയും കഴുകിയ പച്ചക്കറികൾ നന്നായി വെള്ളം തുടച്ചുമാറ്റിയ ശേഷവും സൂക്ഷിച്ചാൽ പുതുമ നിലനിർത്താം.

കഴുകാതെ സൂക്ഷിക്കാം

  • മല്ലിയില തണ്ട് മുറിച്ചുമാറ്റി കഴുകാതെ തന്നെ പ്ലാസ്റ്റിക് കണ്ടെയ്നറിൽ കിച്ചൺ ടിഷ്യു പേപ്പർ വിരിച്ച് മല്ലിയിലയിട്ട് മുകളിൽ ഒരു മടക്കു ടിഷ്യു വച്ച്  അടച്ച് ഫ്രിഡ്ജിന്റെ അടിത്തട്ടിൽ വയ്ക്കാം. പുതിനയിലയും കറിവേപ്പിലയും ഇതേ രീതിയിൽ സൂക്ഷിക്കാം. മല്ലിയില സൂക്ഷിക്കാൻ കഴുകേണ്ട ആവശ്യമില്ല. ഉപയോഗിക്കുന്നതിനു മുൻപ് നന്നായി കഴുകണം.
  • പടവലങ്ങ ചെറിയ കഷണങ്ങളാക്കി മുറിച്ച് ക്ലിങ് ഫിലിം(അലുമിനിയം ഫോയിൽ or പത്രക്കടലാസ്) കൊണ്ട് പൊതിഞ്ഞ് പാത്രത്തിലാക്കി ഫ്രിഡ്ജിന്റെ താഴത്തെ തട്ടിൽ വയ്ക്കാം. വെള്ളരിക്കയും കാരറ്റും ഇതു പോലെ സൂക്ഷിക്കാം.
  • ബീൻസ് രണ്ടു വശത്തെയും നാര് കളഞ്ഞ് കിച്ചൺ ടിഷ്യുവിലോ ന്യൂസ് പേപ്പറിൽ പൊതിഞ്ഞ് പാത്രത്തിൽ അടച്ച് സൂക്ഷിക്കാം. അല്ലെങ്കിൽ ചെറിയ കഷണങ്ങളാക്കി മുറിച്ച് സിപ്​ലോക്ക് ബാഗിനുള്ളിൽ വച്ച് ഫ്രീസറിൽ സൂക്ഷിക്കാം.
  • മത്തങ്ങ അരികളഞ്ഞ് വശങ്ങളും വൃത്തിയാക്കി ചെറിയ കഷണങ്ങളാക്കി മുറിച്ച് പാത്രത്തിനകത്ത് കിച്ചൺ ടിഷ്യു വച്ച് ഫ്രിഡ്ജിന്റെ താഴത്തെ തട്ടിൽ സൂക്ഷിക്കാം.
  • പച്ച ഏത്തയ്ക്കയും മുരിങ്ങക്കായയും ന്യൂസ് പേപ്പറിൽ പൊതിഞ്ഞ് പ്ലാസ്റ്റ് പാത്രത്തിൽ അടച്ച് സൂക്ഷിക്കാം.

കഴുകി സൂക്ഷിക്കാം

  • ഒരു പാത്രത്തിൽ വെള്ളവും ഉപ്പും വിനാഗിരിയും ചേർത്ത് തക്കാളി 15 മിനിറ്റ് ഇട്ടു വയ്ക്കണം. അതിനു ശേഷം കഴുകി തുടച്ച് എടുക്കാം. സൂക്ഷിക്കാനുള്ള പാത്രത്തിൽ ടിഷ്യു വിരിച്ച് ഞെടുപ്പു വശം താഴെ വരുന്ന രീതിയിൽ നിരത്തി ഇതിനു മുകളിൽ ടിഷ്യു ഇട്ട് മൂടി ഫ്രിഡ്ജിൽ വയ്ക്കാം.
  • ഇഞ്ചി ചെറുതായി ഒടിച്ച ശേഷം കഴുകി വൃത്തിയാക്കി ഒരു ജാറിൽ വെള്ളം എടുത്ത് അതിൽ ഇഞ്ചി നിറച്ച് ഫ്രിഡ്ജിന്റെ താഴത്തെ തട്ടിൽ സൂക്ഷിക്കാം. ഇടയ്ക്ക് വെള്ളം മാറ്റി കൊടുക്കണം.
  • പച്ചമുളക് കഴുകി വൃത്തിയാക്കി ഈർപ്പം കളഞ്ഞെടുക്കണം. ഞെട്ട് കളഞ്ഞ ശേഷം ടിഷ്യു പേപ്പർ ഇട്ട കണ്ടെയ്നറിൽ സൂക്ഷിക്കാം.

ഫ്രിഡ്ജിൽ വയ്ക്കാതെ സൂക്ഷിക്കാം

ചേന,ചേമ്പ്, ഉരുളക്കിഴങ്ങ് എന്നിവ ഫ്രിഡ്ജിൽ വയ്ക്കാതെ പുറത്തു തന്നെ സൂക്ഷിക്കാവുന്നവയാണ്.