ജിൽ ജിൽ ചില്ലി ബീഫ്, ചൈനീസ് രുചിയുമായി ലക്ഷ്മി നായർ
മലയാളികളുടെ ഇഷ്ടവിഭവമാണ് ബീഫ്, നാവിൽ വെള്ളം നിറയാക്കുന്നൊരു ചില്ലി ബീഫ് രുചി പരിചയപ്പെടുത്തുകയാണ് പാചകവിദഗ്ധ ലക്ഷ്മി നായർ. ചൈനീസ് സ്പെഷൽ വിഭവമാണ്.
ചേരുവകൾ
- ബീഫ് – ½ കിലോ
- വെള്ളം – 1 ½ – 2 കപ്പ്
- വിനാഗിരി – 1 ടേബിള്‍ സ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
- സവോള അരിഞ്ഞത് (വലുത്) – 4 എണ്ണം
- പച്ചമുളക് – 10–15 എണ്ണം
- വെളുത്തുള്ളി ( ചെറുതായി അരിഞ്ഞത്) – 1 ടേബിൾ സ്പൂൺ
- ഇഞ്ചി (ചെറുതായി അരിഞ്ഞത്) – 1 ടേബിൾ സ്പൂൺ
- റിഫൈൻഡ് ഓയിൽ – 2 ടേബിൾ സ്പൂൺ
- സോയാ സോസ് – 3 ടേബിൾസ്പൂണ്‍
- ചില്ലി സോസ് – 2 ടേബിൾ സ്പൂൺ
- കുരുമുളകു പൊടി – ½ – 1 ടീസ്പൂൺ
- ബീഫ് സ്റ്റോക് – 1 കപ്പ്
- കോൺഫ്ലവർ – ½ – 1 ടീസ്പൂൺ
- സ്പ്രിങ് ഒനിയൺ
- സെലറി
- പഞ്ചസാര – ¼ ടീസ്പൂൺ
തയാറാക്കുന്ന വിധം
- കഴുകി വൃത്തിയാക്കിയ ബീഫ് (അര കിലോ) ഒരു കുക്കറിൽ ഒന്നര കപ്പ് വെള്ളവും ഒരു ടേബിള്‍ സ്പൂൺ വിനാഗിരിയും പാകത്തിന് ഉപ്പും ചേർത്ത് വേവിക്കുക (ആദ്യ വിസിൽ വന്നശേഷം തീ കുറച്ചു (മീഡിയം) വച്ച് അരമണിക്കൂർ വേവിക്കുക അതാണ് പാകം). വെന്തു കഴിയുമ്പോൾ ഒരു കപ്പ് ബീഫ് സ്റ്റോക്ക് (ബീഫ് വെന്ത വെള്ളം) വേണം. അതിനനുസരിച്ച് വെള്ളം ചേർക്കുക.
- സവാള നീളത്തിൽ അരിയുക.
- സ്പ്രിങ് ഒനിയൻ, സെലറി എന്നിവ അരിഞ്ഞെടുക്കാം. പച്ചമുളക് (15 എണ്ണം) കീറിയിടുക. വെളുത്തുള്ളിയും ഇഞ്ചിയും ഓരോ ടേബിൾ സ്പൂൺ ചെറുതായി അരിഞ്ഞതും റെഡിയാക്കി വച്ചതിനു ശേഷം സോയാ സോസും ചില്ലി സോസും എടുത്തു വയ്ക്കുക.
- ബീഫ് വെന്തത് ഒരു പാത്രത്തിലേക്കു മാറ്റി ബീഫിന്റെ സ്റ്റോക് ഒരു ബൗളിലേക്ക് ഒഴിച്ച് മാറ്റി വയ്ക്കുക.
- ഒരു ഫ്രൈ പാനിൽ ഏതെങ്കിലും റിഫൈൻഡ് ഓയിൽ 2 ടേബിൾ സ്പൂൺ ഒഴിച്ച് ചൂടാക്കി ആദ്യം അതിലേക്ക് വെളു ത്തുള്ളി ഇഞ്ചി എന്നിവ ഇടുക ഇവ ചെറുതായി വാടിക്കഴി യുമ്പോൾ പച്ചമുളകും അരിഞ്ഞുവച്ചിരിക്കുന്ന സവാളയും ചേർത്ത് ഇളക്കുക. സവാള ബ്രൗൺ നിറമാകേണ്ട ആവശ്യ മില്ല. ഒന്നു വഴന്നു വന്നശേഷം വെന്ത ബീഫ് കഷണങ്ങളും കൂടി ഇട്ട് ഇളക്കുക. അഞ്ചു മിനിറ്റിനു ശേഷം മൂന്നു ടീസ്പൂൺ സോയാ സോസും രണ്ട് ടീസ്പൂൺ ചില്ലി സോസും കൂടി ചേർത്ത് ഇളക്കുക. നല്ല തീയിൽ ഒരു രണ്ട് മിനിറ്റ് ഇങ്ങനെ ഇളക്കുക. ഒരു ടീസ്പൂൺ കുരുമുളകു പൊടിയും (എരിവനുസരിച്ച് അര ടീസ്പൂൺ ആയാലും മതി) ചേർക്കുക. ഇതിലേക്ക് ഒരു കപ്പ് ബീഫ് സ്റ്റോക്കും അര ടീസ്പൂൺ കോണ്‍ഫ്ലവർ (വെള്ളം ഒഴിച്ചു കലക്കിയതും) കൂടി ചേര്‍ക്കാം. ചെറിയൊരു ഗ്ലേസിങ്ങ് കിട്ടാൻ വേണ്ടിയാണിത് ചേർക്കുന്നത്. സ്പ്രിങ് ഒനിയനും െസലറിയും ചേര്‍ക്കാം. സെലറിയുടെ തണ്ട് മാത്രം അരിഞ്ഞ് ചേർക്കാം. ആവശ്യമെങ്കിൽ കാൽ ടീസ്പൂൺ പഞ്ചസാരയും ചേർക്കാം (നിർബന്ധമില്ല).