ഇപ്രാവശ്യം ഓണത്തിന് അടുക്കളയില്ലാതെ സദ്യ തയാറാക്കിയാലോ? ‘പത്തായം’ പ്രകൃതി ആരോഗ്യ ഭക്ഷണശാലയിലേ ഡോ. ഗംഗാധരനാണ് പച്ചക്കറികൾ വേവിക്കാതെ സദ്യയൊരുക്കുന്നതെങ്ങനെയെന്നു പരിചയപ്പെടുത്തുന്നത്.

കഴിഞ്ഞ 22 വർഷമായി പത്തായം ഒരു പ്രകൃതി ആരോഗ്യ ഭക്ഷണശാല ഞാൻ നടത്തുന്നു. കഴിഞ്ഞ അഞ്ചു വർഷമായിട്ട് അതോടൊപ്പം തന്നെ വേവിക്കാത്ത ഭക്ഷണങ്ങളും കൊടുത്തു തുടങ്ങിയിട്ടുണ്ട്. എന്താണ് വേവിക്കാത്ത ഭക്ഷണത്തിന്റെ പ്രത്യേകത? എന്താണ് പച്ചക്കറി? പച്ചക്കറി എന്നു പറഞ്ഞാൽ പച്ചയിൽ കറിവച്ചു കഴിക്കുക. അതാണ് പച്ചക്കറി. എല്ലാ രോഗങ്ങളുടെയും അടിസ്ഥാന കാരണം ഭക്ഷണം തന്നെയാണ്. ഭക്ഷണം ശരിയാവാതെ ഇന്ന് നിലവിലുള്ള അസുഖങ്ങൾ ഒന്നും മാറില്ല. സത്യത്തിൽ ഭക്ഷണം എന്താണെന്ന് നമ്മൾ പഠിക്കുന്നുമില്ല. 

മൂന്ന് സ്പൂൺ ചെറുപയർ മുളപ്പിക്കുക. അതിന്റെ കൂടെ അല്പം കാരറ്റ് ചുരണ്ടി ചേർക്കുക. ഒരു തക്കാളി മുറിച്ചു ചേർക്കുക. അതിന്റെ കൂടെ അല്പം തേങ്ങ ചുരണ്ടിയതും അല്പം നാരങ്ങാ നീരും കൂടി ഒഴിച്ചാൽ ബ്രേക് ഫാസ്റ്റായി. ബ്രേക് ഫാസ്റ്റിന് ഇത് മതിയാവും. ഇത് കഴിച്ചാൽ അഞ്ച് ഇഡ്ഡലി കഴിക്കുന്നതിന് തുല്യമാണ്. 

ലഞ്ചിനു വേണ്ടി കുറച്ച് അവൽ കുഴയ്ക്കാം. ഗോതമ്പിന്റയും ചോളത്തിന്റെയും അരിയുടെയും യവത്തിന്റെയും മുത്താര (റാഗി)യുടെയും അവൽ കിട്ടും. അഞ്ചു ദിവസവും അഞ്ച് തരം ഭക്ഷണം കഴിക്കാം. അഞ്ച് തരം ചോറ് കഴിക്കാം. അതിൽ അല്പം തേങ്ങാപ്പാൽ ചേർത്ത് കൂട്ടിക്കുഴച്ച് കഴിക്കാം. അത് ലൂസായി കഴിഞ്ഞാൽ ചോറായി. അവൽ കഴിക്കുന്നതും ചോറു  കഴിക്കുന്നതും എല്ലാം ഒന്നു തന്നെയാണ്. 

ഈ പ്രാവശ്യം അടുക്കളയില്ലാതെ എങ്ങനെ ഓണസദ്യ ഒരുക്കാം എന്ന് നോക്കാം. വേവിക്കാത്ത പായസം, വേവിക്കാതെ വെജിറ്റബിൾ സലാഡ്, സ്പ്രൗട്ട് സലാഡ്, രണ്ടുതരം ചോറുണ്ടാക്കാം ഗോതമ്പിന്റെ ചോറ് അരിയുടെ ചോറ് (അവൽ ചോറ് ), വാഴപ്പിണ്ടി കൊണ്ടുള്ള പച്ചടി, രണ്ട് മൂന്ന് തരം പായസമുണ്ടാക്കാം വേവിക്കാതെ. തക്കാളി കൊണ്ട് അച്ചാറുണ്ടാക്കാം. വിഭവസമൃദ്ധമായ സദ്യ അടുക്കളയില്ലാതെയും തയാറാക്കാം. 

തക്കാളി അച്ചാർ

തക്കാളി ചെറുതായി അരിയുക ഇടിച്ച് ഉടയ്ക്കുക. അതിൽ അല്പം ഉലുവ പൊടിച്ചതും അരി പൊടിച്ചതും ബീറ്റ്റൂട്ടും പച്ചമുളകു കൂടി അരച്ചതും അല്പം നാരങ്ങാ നീരും കൂടി ഒഴിച്ച് ഇളക്കിയാൽ ഉഗ്രൻ തക്കാളി അച്ചാർ റെഡി. പക്ഷേ ഈ അച്ചാർ മൂന്നു ദിവസത്തിൽ കൂടുതൽ ഉപയോഗിക്കാൻ പറ്റില്ല. 

സ്വീറ്റ് സലാഡ്

ബീറ്റ്റൂട്ട് ചുരണ്ടിയെടുക്കുക. നാരങ്ങാ നീര് ഒഴിക്കുക. തക്കാളി മുറിച്ചെടുക്കാം, പൈനാപ്പിൾ മുറിച്ചു ചേർക്കാം കപ്പലണ്ടി മുളപ്പിച്ചത് ചേർക്കാം ശർക്കര അല്ലെങ്കിൽ തേൻചേർക്കാം ഇതെല്ലാം കൂടി ചേർത്താൽ സ്വീറ്റ് സലാഡായി. 

സ്പ്രൗട്ട് സലാഡ്

ചെറുപയർ മുളപ്പിച്ചത്, കപ്പലണ്ടി മുളപ്പിച്ചത്, മുതിര മുളപ്പി ച്ചത്, ഗോതമ്പ് മുളപ്പിച്ചത്. അല്പം കാരറ്റ് ചുരണ്ടിയതും, കാബേജും, തക്കാളിയും അല്പം േതങ്ങ ചുരണ്ടിയതും കൂടെ അല്പം നാരങ്ങാ നീരും ചേർത്താൽ സ്പ്രൗട്ട് സലാഡ് ആയി. അതും ഒരു നേരത്തെ ഭക്ഷണമായി സ്വീകരിക്കാവുന്നതാണ്. 

പച്ചടി 

വേവിക്കാത്ത പച്ചടിക്ക് ആദ്യം വാഴപ്പിണ്ടി ചെറുതായി മുറി യ്ക്കുന്നു. അതിലേക്ക് തൈരും തക്കാളി മുറിച്ചതും ചേർക്കു ന്നു. ജീരകവും നാളികേരവും പച്ചമുളകും അരച്ച് ചേർത്ത് ഇളക്കിയാൽ വേവിക്കാത്ത പച്ചടിയായി. 

വെജിറ്റബിൾ സാലഡ്

കാരറ്റ്, കാബേജ്, തക്കാളി,വെണ്ടയ്ക്ക, കോവയ്ക്ക ഇതെല്ലാം അരിഞ്ഞ് ചേർത്തിളക്കിയാൽ വെജിറ്റബിൾ സലാഡായി. ഇത് ഭക്ഷണമായി മാത്രം കഴിക്കാവുന്നതാണ്. പിന്നെ വേണമെ ങ്കിൽ വെള്ളരിക്ക ഒന്നു രണ്ട് കഷ്ണം കഴിക്കാം. പിന്നെ ഒന്നു രണ്ട് പഴങ്ങൾ കഴിക്കാം (പൈനാപ്പിൾ, തണ്ണിമത്തൻ....) അതു കഴിഞ്ഞ് തേങ്ങ അരച്ചു മോര് തയാറാക്കാം. അതു കഴിഞ്ഞ് അവൽ കുതിർത്തു കഴിഞ്ഞാൽ ചോറ് റെഡിയായി. അവൽ മുഴുവൻ കാർബോ ഹൈഡ്രേറ്റാണ്. അവലിന്റെ കൂടെ കാരറ്റും, കാബേജും, തക്കാളിയും ഇളം വെണ്ടയ്ക്കയും കോവയ്ക്കയും ചേർക്കാം അതിന്റെ കൂടെ തേങ്ങ ചുരണ്ടി യതും ചേർക്കാം. മധുരം വേണമെങ്കിൽ ശർക്കര ചേർക്കാം. അല്ലെങ്കിൽ കുരുമുളക് പൊടി ചേർക്കാം. കുറച്ച് നാരങ്ങാ നീരും കൂടി ചേർത്തിളക്കിയാൽ ചോറ് റെഡി.

വേവിക്കാത്ത പായസം

റോബസ്റ്റ പഴം ഒരു പാത്രത്തിൽ വച്ച് ഇടിച്ച് ഉടയ്ക്കുന്നു. അതിലേക്ക് പൊടിച്ച ശർക്കര ചേർക്കുന്നു ഇനി ഇതിലേക്ക് കുറച്ച് തേങ്ങാപ്പാലും കൂടി ചേർത്താൽ പായസം റെഡി. നമുക്ക് ഒന്നും രണ്ടും മൂന്നും നാലും ഓണം ഉണ്ടല്ലോ. ഒരു ദിവസമെങ്കിലും നിർബന്ധമായും ഇങ്ങനത്തെ ഒരു സദ്യ ഉണ്ടാക്കി കഴിക്കണം.