ചക്കപ്പുഴുക്കെന്നു കേൾക്കുമ്പോൾ വായിൽ വെള്ളമൂറത്തവരുണ്ടോ? അമ്മിക്കല്ലിൽ ചതച്ചെടുത്ത തേങ്ങ അരപ്പ്, വേവിച്ച ചക്കയ്ക്ക് മുകളിലിട്ട് വാഴയിലകൊണ്ട് മൂടി വേവിച്ചെടുക്കുക... വേറൊരു കറി ഇല്ലെങ്കിലും ഈ ചക്കപ്പുഴുക്ക് വയറു നിറയേ കഴിക്കാം.

ചേരുവകൾ

  • ചക്ക – 500 ഗ്രാം
  • തേങ്ങ ചിരകിയത് – 2 കപ്പ്
  • മഞ്ഞൾപ്പൊടി – 1 നുള്ള്
  • ചെറിയ ഉള്ളി – 5 എണ്ണം
  • പച്ചമുളക് – 6 എണ്ണം
  • ജീരകം – 1 നുള്ള്
  • വെളുത്തുള്ളി (അല്ലി) – 9 എണ്ണം
  • കറിവേപ്പില – 3 തണ്ട്
  • വെളിച്ചെണ്ണ – 3 ടീസ്പൂൺ
  • വെള്ളം – 1 കപ്പ്
  • ഉപ്പ് – ആവശ്യത്തിന്


പാകം ചെയ്യുന്ന വിധം

  • ഒരു പാത്രത്തിൽ ആവശ്യത്തിനുള്ള ചക്ക ചെറുതായി അരിഞ്ഞ് അതിൽ ഉപ്പും വെളിച്ചെണ്ണയും കറിവേപ്പിലയും കുറച്ച് മഞ്ഞൾപ്പൊടിയും വെള്ളവും കൂടി ഒഴിച്ച് അടച്ച് വച്ച് വേവിക്കുക.
  • അരപ്പ് തയാറാക്കാനായി തേങ്ങ ചിരകിയതിൽ കുറച്ച് കറിവേപ്പിലയും ചെറിയ ഉള്ളിയും ജീരകവും പച്ചമുളകും വെളുത്തുള്ളിയും കൂടി ഒന്നു ചതച്ചെടുക്കുക (നന്നായി അരയണ്ട). ഈ അരപ്പ് വെന്ത ചക്കയിലേക്ക് ഇട്ട് (അടിക്കു പിടിക്കാതിരിക്കാനായി ആവശ്യമെങ്കിൽ അരപ്പിന്റെ കൂടെ കുറച്ച് വെള്ളവും കൂടി ഒഴിക്കുക) നന്നായി ഇളക്കി മൂടി വച്ച് കുറച്ചു സമയം കൂടി വേവിക്കുക (നന്നായി വെന്ത് കുഴഞ്ഞു വരുന്നതാണ് പാകം, എല്ലാം കൂടി 15 മിനിറ്റ് മതിയാകും). അതിനുശേഷം നന്നായി ഇളക്കി കുറച്ച് പച്ചവെളിച്ചെണ്ണയും കൂടി ഒഴിച്ചാൽ ചക്കപ്പുഴുക്ക് റെഡി.