മിനിസ്ക്രീനിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ ബഷീർ ബഷി മോഡലിങ്ങിൽ മാത്രമല്ല പാചകവിഡിയോയിലും ഒരു കൈ വച്ചിരിക്കുകയാണ്. ബഷീറും രണ്ടു ഭാര്യമാരും ചേർന്നുള്ള പാചകത്തിന് നിരവധി ആരാധകരാണുള്ളത്. ഭാര്യമാരായ സുഹാനയും മഷൂരയും ചേർന്നാണ് പാചകം. നാവിൽ രുചിയൂറുന്ന ബീഫ് സുക്കയാണ് മഷൂരയെന്ന മഷൂ തയാറാക്കുന്നത്. കാസർഗോഡും മംഗലാപുരത്തും പ്രസിദ്ധമായ വിഭവമാണ് ബീഫ് സുക്ക. പത്തിരിക്കൊപ്പം തേങ്ങചേർത്ത ബീഫ് സുക്ക അടിപൊളിയാണെന്നാണ് ബഷീന്റെയും സുഹാനയുടെയും അഭിപ്രായം.

ചേരുവകൾ

  • ബീഫ് ചെറിയ കഷണങ്ങളാക്കിയത് – 500 ഗ്രാം
  • വെളിച്ചെണ്ണ – ആവശ്യത്തിന്
  • ഉപ്പ് – ആവശ്യത്തിന്
  • മഞ്ഞൾപ്പൊടി – ½ ടേബിൾ സ്പൂൺ
  • മല്ലിപ്പൊടി– ½ ടേബിൾ സ്പൂൺ
  • കുരുമുളക്പൊടി – എരിവ് അനുസരിച്ച്
  • മീറ്റ് മസാല– 1 ½ ടേബിൾ സ്പൂൺ
  • വെളുത്തുള്ളി– ഇ‍ഞ്ചി പേസ്റ്റ് – 1 ടേബിൾ സ്പൂൺ
  • ഉണക്ക മുളക് – 12 എണ്ണം (ഒരു പാനിൽ ചൂടാക്കി തണുത്ത ശേഷം മികിസിയിലിട്ട് പൊടിച്ചെടുക്കാം)
  • പച്ചമുളക് – 6 എണ്ണം
  • സവാള – 3 എണ്ണം
  • വെളുത്തുള്ളി അല്ലി – 7 എണ്ണം
  • മല്ലിയില – ആവശ്യത്തിന്
  • കറിവേപ്പില – ആവശ്യത്തിന്
  • സോസ് (ആവശ്യമെങ്കിൽ)
  • തേങ്ങ ചിരകിയത് – 1 തേങ്ങയുടേത്
  • നെയ്യ്– തേങ്ങ വറുക്കാൻ ആവശ്യത്തിന്

തയാറാക്കുന്ന വിധം

  • വൃത്തിയാക്കിയ ബീഫ് മഞ്ഞൾപ്പൊടിയും ഉപ്പും കുറച്ച് വെള്ളവും ചേർത്ത് കുക്കറിൽ വേവിച്ചെടുക്കാം.
  • പാനിൽ എണ്ണ ചൂടായി കഴിയുമ്പോൾ കറിവേപ്പിലയും സവാളയും നന്നായി വഴറ്റി എടുക്കുക. ഇതിലേക്ക് പച്ചമുളകും വെളുത്തുള്ളിയും ചേർത്ത് വഴറ്റിയെടുക്കാം. നന്നായി വഴന്ന ശേഷം മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, കുരുമുളകുപൊടി, മീറ്റ്മസാല, ഉണക്കമുളക് പൊടിച്ചതും ചേർക്കാം, കുറച്ച് വെള്ളം ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കാം. മസാലയുടെ പച്ചമണം പോയ ശേഷം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർക്കാം. ആവശ്യമെങ്കിൽ ടുമാറ്റോ ചില്ലി സോസും സോയാ സോസും ചേർക്കാം. ഇതിലേക്ക് വേവിച്ചു വച്ചിരിക്കുന്ന ബീഫും ചേർത്ത് നന്നായി ഡ്രൈയാക്കിയെടുക്കാം.
  • ഒരു പാനിൽ നെയ്യൊഴിച്ച് തേങ്ങ വറുത്തെടുത്ത് ബീഫിലേക്ക് ചേർത്ത് നന്നായി യോജിപ്പിച്ചെടുത്താൽ ബീഫ് സുക്ക റെഡി.