പച്ചമീൻ എളുപ്പം വെട്ടി വൃത്തിയാക്കാം; ടിപ്സുമായി ലക്ഷ്മി നായർ; വിഡിയോ
പുതിയ തലമുറയിലുള്ള വീട്ടമ്മമാർ ചെയ്യാൻ മടിച്ചു നിൽക്കുന്ന ഒരു പണിയാണിത്. മീൻ വെട്ടൽ ഇനി തലവേദനയല്ല; എളുപ്പവഴിയുമായി ലക്ഷ്മി നായരുടെ പുതിയ വിഡിയോ. പച്ച മീൻ മുറിച്ചു വൃത്തിയാക്കുന്നതെങ്ങനെയെന്നു പരിചപ്പെടുത്തുകയാണ്. ചൂര, അയല മത്സ്യങ്ങൾ എങ്ങനെ വൃത്തിയാക്കാമെന്നാണ് കാണിച്ചു തരുന്നത്. ഇതേ രീതിയിൽ ഏതു മത്സ്യവും വൃത്തിയാക്കി എടുക്കാം.
ആദ്യം ചൂര എങ്ങനെ വൃത്തിയാക്കാം എന്ന് നോക്കാം. ഒരു കത്തി ഉപയോഗിച്ച് മീനിന്റെ രണ്ട് സൈഡിലുമുള്ള മുള്ള് ആദ്യം കളയുക. പിന്നീട് തലയുടെ ഭാഗം മുറിച്ചു മാറ്റുക. അതിനു ശേഷം വയറിന്റെ ഭാഗം ക്ലീൻ ചെയ്യുക. വീണ്ടും മീൻ രണ്ടായി മുറിച്ച് അതിലൊരുകഷണത്തിന്റെ നടുഭാഗം വച്ച് നടുക്കുള്ള മുള്ളിന്റെ സൈഡ് വച്ച് രണ്ടായി മുറിക്കുക അതിനുശേഷം നടുക്കുള്ള മുള്ള് മാത്രമായി മുറിച്ച് കളയുക. ഇങ്ങനെ കിട്ടുന്ന കഷണത്തെ വീണ്ടും രണ്ടായി മുറിക്കുക. അപ്പോൾ അതിന്റെ തോലും പൊളിച്ചെടുക്കാൻ പറ്റും. ഇറച്ചി പോലെയിരിക്കും ചൂര കറിവച്ചാൽ. അതിനു ശേഷം തലയുടെ ചെകിളപ്പൂക്കൾ (gills) ആദ്യം കളയുക. അത് ക്ലീനാക്കി മുള്ളും തലയും കഷണങ്ങളും കൂടി വീണ്ടും കഴുകി ഉപയോഗിക്കാം.
അയല വൃത്തിയാക്കുന്നത്
ആദ്യം സൈഡിലുള്ള മുള്ളുകളൊക്കെ നീക്കം ചെയ്തശേഷം തലയും ശരീരവും ചേരുന്ന ഭാഗംഒന്ന് കീറി പതിയെ അതിലെ തൊലി വലിച്ചു കളയാം. ചിലർ തൊലി കളയാതെയും ഉപയോഗിക്കും. അതിനു ശേഷം തലയുടെ ഭാഗം വൃത്തിയാക്കുന്നതിനായി ചെകിളയും പൂവും കൂടി ഒരുമിച്ച് വലിച്ചു കളയാം. വാല് വേണമെന്നുള്ളവർക്ക് കളയാതെ ഉപയോഗിക്കാം. അല്ലെങ്കിൽ വാല് മുറിച്ച് കളയാം.