സവാളയ്ക്ക് ഇപ്പോൾ എന്താ വില? പച്ചക്കറി കടയിൽ ചെന്നാൽ ആദ്യം ചോദിക്കുന്നത് ഇതായിരിക്കും. വില കൂടിയാലും കുറഞ്ഞാലും സവാള ഇല്ലാതെ നമ്മുടെ രുചികളൊന്നും പൂർണമാകില്ല. സവാള ഉപയോഗിച്ച് തയാറാക്കുന്ന ഒരു കിടിലൻ യൂറോപ്യൻ സ്നാക്സ് ഉണ്ട്. ഒനിയൻ റിംഗ്സ്! നല്ല മലയാളത്തിൽ പറഞ്ഞാൽ ഉള്ളി വളകൾ! കാണാനും കഴിക്കാനും ഉഗ്രനാണ് ഈ സ്നാക്ക് ഐറ്റം. ഈ യൂറോപ്യൻ വിഭവത്തെ കേരളീയ ശൈലിയിൽ പരിചയപ്പെടുത്തുകയാണ് ഷെഫ് അശ്വനി ഗീത ഗോപലാക‍ൃഷ്ണൻ. 

പെട്ടെന്നുണ്ടാക്കാം

വളരെ കുറച്ച് സാധനങ്ങൾ ഉപയോഗിച്ച് പെട്ടെന്ന് തയാറാക്കാവുന്ന ഒന്നാണ് ഒനിയൻ റിംഗ്സ്. സാധാരണ ഇതുണ്ടാക്കുന്നത് റസ്ക് പൊടി ഉപയോഗിച്ചാണ്. എന്നാൽ, കേരളീയ രുചി കൊണ്ടുവരുന്നതിന് ഇവിടെ ഇതിനു പകരം ഉപയോഗിക്കുന്നത് ജലാംശം ഇല്ലാത്ത നാളികേരമാണ് (Desiccated Coconut). ഇതുപയോഗിച്ച് പൊതിഞ്ഞെടുക്കുന്ന ഒനിയൻ റിംഗ്സ് വറുത്തെടുക്കുമ്പോൾ ഉള്ളിയുടെ മൊരിഞ്ഞ രുചിക്കൊപ്പം നാളികേരത്തിന്റെ രസികൻ രുചിയും ആസ്വദിക്കാം. 

ചേരുവകൾ

  • സവാള– 1
  • ഡെസിക്കേറ്റഡ് കോക്കനട്ട് - 200 ഗ്രാം
  • മൈദ - 200 ഗ്രാം
  • പാൽ– 200 മില്ലി ലിറ്റർ 

തയാറാക്കുന്ന വിധം

നല്ല വലിപ്പമുള്ള സവാള വട്ടത്തിൽ ചെറിയ കനത്തിൽ റിംഗ് പോലെ മുറിച്ചെടുക്കുക. ഒരോ വളയത്തിലെയും ആവരണം നീക്കം ചെയ്തു വേണം പാലിൽ മുക്കാൻ. ഓരോ വളയവും ആദ്യം പാലിൽ മുക്കി, പിന്നീട് പൊടിയിൽ മുക്കിയെടുക്കണം. ഇതു രണ്ടു തവണ ചെയ്തതിനുശേഷം വീണ്ടും പാലിൽ മുക്കി ജലാംശം ഇല്ലാത്ത നാളികേരം കൊണ്ട് നന്നായി പൊതിഞ്ഞെടുത്ത് എണ്ണയിൽ വറുത്തു കോരാം. ടുമാറ്റോ സോസിനൊപ്പം ചൂടോടെ വിളമ്പിയാൽ വൈകുന്നേരത്തെ സ്നാക്ക്സ് റെഡി.