പാട്ടിൽ മാത്രമല്ല പാചകത്തിലുമുണ്ട് പിടി; വിഡിയോയുമായി അമൃതയും അഭിരാമിയും
പാട്ട് മാത്രമല്ല പാചകവും കൂളായി ചെയ്യും; രസകരമായ വിഡിയോ പങ്കുവച്ച് സുരേഷ് സിസ്റ്റേഴ്സ്! അമ്മുവിന്റെ കപ്പയും അഭിയുടെ മീൻ കറിയും ഒഴിവു ദിവസം ഭക്ഷണം വച്ച് രസകരമാക്കിയിരിക്കുകയാണ് അമൃതയും അഭിരാമിയും. വരാപ്പുഴ മീൻ ചന്തയിൽ നിന്നും നല്ല കേര മീൻ മേടിച്ച് നാടൻ കപ്പപ്പുഴുക്കും തയാറാക്കി കഴിക്കുന്ന വിഡിയോ രസകരമായി അവതരിപ്പിച്ചിരിക്കുകാണ് അമൃതാ സുരേഷും അഭിരാമി സുരേഷും. സംഗീതം മാത്രമല്ല പാചകവും കൂളായി കൂളിങ് ഗ്ലാസും വച്ച് ചെയ്യാൻ പറ്റുമെന്ന് ! അമൃത കപ്പപ്പുഴുക്ക് റെഡിയാക്കിയപ്പോൾ അനിയത്തി അഭിരാമി മുളകിട്ട മീൻ കറി റെഡിയാക്കി. ചേടത്തിയും അനുജത്തിയും പരസ്പരം ട്രോളി രസകരമായിട്ടാണ് വിഡിയോയും പാചകവും മുന്നേറുന്നത്.
അമ്മ പറഞ്ഞു കൊടുത്ത ചില ടിപ്സും അഭിരാമി പങ്കുവയ്ക്കുന്നുണ്ട് മീൻ കഴുകി വൃത്തിയാക്കുന്ന വെള്ളത്തിൽ മുഖം കഴുകാൻ പറ്റണം. അത്രയ്ക്കു വൃത്തി വേണം! എന്തായാലും അമ്മവയ്ക്കുന്ന മീൻ കറിയുടെ അത്ര രുചിവരില്ലേ എന്ന സംശയം ഉള്ളതു കൊണ്ട് ദശകട്ടിയുള്ള മീനാണ് കറി വയ്ക്കാൻ എടുത്തത്.
മീൻ കറി
- കേര – 1 കിലോഗ്രാം
- മുളകുപൊടി – 3 ടീസ്പൂൺ
- മല്ലിപ്പൊടി – 1 ടീസ്പൂൺ
- മഞ്ഞൾപ്പൊടി – 1 ടീസ്പൂൺ
- ചെറിയ ഉള്ളി – 12 എണ്ണം
- ഇഞ്ചി–വെളുത്തുള്ളി ചതച്ചത് – 1 ടീസ്പൂൺ
- പച്ചമുളക് – ആവശ്യത്തിന്
- വെളിച്ചെണ്ണ – ആവശ്യത്തിന്
- കടുക് – 1 ടീസ്പൂൺ
- ഉലുവ – അര ടീസ്പൂൺ
തയാറാക്കുന്ന വിധം
ചട്ടി ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ച് കടുകും ഉലവയും ചേർക്കുക. ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർക്കുക. ഇതിലേക്ക് ചെറിയ ഉള്ളി അരിഞ്ഞു വച്ചത് ചേർക്കുക. അൽപം ഉപ്പ് ചേർത്തു കൊടുക്കാം. നിറം മാറിതുടങ്ങുമ്പോൾ ഇതിലേക്ക് പച്ചമുളകും കറിവേപ്പിലയും ആവശ്യത്തിന് ചേർക്കാം. മുളകുപൊടിയും മല്ലിപ്പൊടിയും മഞ്ഞൾപ്പൊടിയും വെള്ളത്തിൽ കലക്കിയതും ചേർക്കാം. മൂത്തശേഷം ഇതിലേക്ക് ആവശ്യത്തിന് ചൂടുവെള്ളം ചേർക്കാം. രണ്ടു മിനിറ്റ് ഈ അരപ്പ് അടച്ചു വയ്ക്കാം. ഇതിലേക്ക് ആവശ്യത്തിന് വെള്ളവും ഉപ്പും കുടംപുളിയും ചേർക്കാം. ഇതിലേക്ക് വൃത്തിയാക്കിയ മീൻ കഷണങ്ങൾ ചേർക്കാം. തീ കുറച്ചു വച്ച് 15 മിനിറ്റ് വേവിച്ചെടുക്കാം. പച്ചവെളിച്ചെണ്ണയും പച്ചമുളകും ചേർത്ത് വാങ്ങാം.
English Summary: Kappa and fish curry experiment, AG Vlogs , Amritha Suresh , Abhirami Suresh