ജീവിതത്തിൽ മുന്നോട്ടു പോകാൻ മറ്റു മാർഗങ്ങളൊന്നുമില്ലാതായ അവസ്ഥയിൽ ആ കുടുംബത്തെ കൈപിടിച്ചുനടത്തിയത് വീട്ടമ്മ ബിന്ദു വെങ്കിടേശ്വരന്റെ  കൈപ്പുണ്യം ഒന്നു മാത്രമാണ്. ഇപ്പോൾ തൃശ്ശൂർ തിരുവമ്പാടി ക്ഷേത്രത്തിനു സമീപം അമൃത ഫുഡ് പ്രോഡക്ട്സ് എന്ന പേരിലുള്ള ഷോപ്പ് ബ്രാഹ്മിൻ സ്പെഷൽ വിഭവങ്ങൾക്കു പേരു കേട്ടതാണ്. തമിഴ് സ്പെഷൽ കൊണ്ടാട്ടങ്ങൾ, ബജി, പരിപ്പുവട, ഇഡ്‌ലിപ്പൊടി, അച്ചാർ എല്ലാം രുചിയിൽ ഒന്നിനൊന്നു മെച്ചം. ഭർത്താവിന്റെയും മകളുടെയും പിന്തുണയോടെ ബിന്ദു നടത്തുന്ന ഈ ചെറിയ സംരംഭമാണ് അവരെ സൗത്ത് ഇന്ത്യൻ വുമൺ അച്ചീവേഴ്സ് അവാർഡിന്റെ നോമിനേഷന് അർഹയാക്കിയത്. ജീവിതത്തിൽ നേട്ടങ്ങൾ കൊയ്തിട്ടും അർഹിച്ച അംഗീകാരം കിട്ടാതെ പോയ വനിതകളെ ആദരിക്കുന്നതിനുള്ള അവാർഡാണിത്. 

രുചികരമായ വിഭവങ്ങൾ തയാറാക്കുന്നതു പോലെ അത്ര എളുപ്പമല്ലായിരുന്നു ജീവിതാനുഭവങ്ങൾ. ജീവിതം മധുരമെന്നു തോന്നിയ നിമിഷത്തിൽ കടബാധ്യതകൾ മുറുകി കൈവിട്ടു പോയി, പക്ഷേ കൈപ്പുണ്യമെന്ന വരദാനം ഈശ്വരന്റെ സമ്മാനമായി കൂടെയുണ്ടായിരുന്നുവെന്നു ബിന്ദു പറയുന്നു. നഷ്ടപ്പെട്ടതെല്ലാം തിരിച്ചു വന്നു കൊണ്ടിരിക്കുകയാണ്. ബിന്ദുവിന്റെ ജീവിതത്തിലൂടെ...

കച്ചേരികൾ പാടാൻ ഇഷ്ടപ്പെട്ടിരുന്ന, സിഎക്കാരിയാകാൻ മോഹിച്ച കൊല്ലങ്കോട് സ്വദേശിനി ബിന്ദു വാഹനക്കമ്പനികളിൽ എക്സിക്യൂട്ടീവ് മാനേജരായി ജോലിചെയ്തിരുന്നു ടി. എസ്. വെങ്കിടേശ്വരന്റെ ഭാര്യയായി. മകൾ ഉണ്ടായ ശേഷം തന്റെ മോഹങ്ങളൊക്കെ വേണ്ടെന്നു വച്ച് ബിന്ദു വീട്ടമ്മയായി. വീട്ടിലെ ജോലി കഴിഞ്ഞു ബാക്കിയുള്ള സമയം ബിന്ദു പാചക പരീക്ഷണങ്ങൾ ആരംഭിച്ചു. ബിന്ദുവിന്റെ വിഭവങ്ങൾ അയൽക്കാരുടെയും സുഹൃത്തുക്കളുടെയും അഭിനന്ദനങ്ങൾ നേടി.  ഇതോടെ വീട്ടിൽഉണ്ടാക്കുന്ന അരികൊണ്ടാട്ടം, തേങ്ങാ ചമ്മന്തിപ്പൊടി, അരിപപ്പടം എന്നീ മൂന്നു വിഭവങ്ങൾ ചെറിയ രീതിയിൽ വിൽപ്പനയ്ക്ക് എത്തിക്കാനുള്ള ധൈര്യം ബിന്ദുവിനു ലഭിച്ചു.  അടുത്തുള്ള കടകളിൽ അഞ്ചാറ് പാക്കറ്റു വീതം വിതരണം ചെയ്താണ് തുടക്കം. അതിന് ആവശ്യക്കാർ കൂടി വന്നു. അതോടെ ആത്മവിശ്വാസം ഇരട്ടിയായി.

വലിയ ശമ്പളമില്ലായിരുന്ന വെങ്കിടേശ്വരനും ഇതൊരു ബിസിനസായി തുടങ്ങാമെന്ന് തോന്നി . ഒരു മാസം കഷ്ടപ്പെട്ടാൽ കിട്ടുന്ന വരുമാനം ഒരാഴ്ച കൊണ്ട് കിട്ടാൻ സാധ്യതയുണ്ട്. ജോലി രാജിവച്ച്, കാറ്ററിങ് ബിസിനസ് ആരംഭിച്ചു. ചുക്കു വെള്ളം അടക്കം പാക്കറ്റായി മീൽസ് വിതരണം ചെയ്തു. ചപ്പാത്തി വിതരണവും നടത്തിയിരുന്നു. സഹായത്തിനു രണ്ടു ജോലിക്കാരും ഉണ്ടായിരുന്നു. ഈ കച്ചവടത്തിൽ നിന്നു നല്ല വീടും അത്യാവശ്യം സമ്പാദ്യവുമായി ജീവിതം പച്ചപിടിച്ചു. 

ഇതേ സമയം തിരുവമ്പാടിയിലുള്ള ഒരു സ്ഥാപനം കച്ചവടം കുറഞ്ഞതിനെ തുടർന്ന് പ്രവർത്തനം നിർത്തി. ബിന്ദുവും വെങ്കിടേശ്വരനും ആ ഷോപ്പ് ഏറ്റെടുത്തു. ബിസിനസ് നന്നായി പോകുന്നതിനിടെയാണ് അവിചാരിതമായി കടയ്ക്ക് ചില അറ്റകുറ്റപ്പണികൾ വന്നത്. ഇതിനു വേണ്ട പണം പലിശയ്ക്ക് എടുത്തു. എന്നാൽ ജീവിതത്തിലെ പ്രതിസന്ധി ഘട്ടം ഇവിടെ തുടങ്ങുകയാണെന്ന് അപ്പോൾ അവർ അറിഞ്ഞില്ല. പലിശ കൊടുത്ത് കച്ചവടം നഷ്ടത്തിലേക്കു നീങ്ങി. കൂനിൻമേൽ കുരുപോലെ ബിന്ദുവിന് ഈ സമയത്ത് സ്ട്രോക്ക് വന്നു. ഒരു വശം തളർന്നു കിടപ്പിലായി. സാമ്പത്തികമായി തകർച്ച തുടങ്ങി. കടയിൽ നിന്നു കിട്ടുന്ന വരുമാനം പലിശ അടയ്ക്കാൻ പോലും തികഞ്ഞില്ല. കേസുകൾ, നിയമനടപടികൾ ഒടുവിൽ വീട് ജപ്തിയായി...അതെല്ലാം  കുടുംബം ഒറ്റക്കെട്ടായി നേരിട്ടു. 

ആറുമാസം പോലും ജീവിക്കുമോ എന്ന് ഉറപ്പില്ലാത്ത സാഹചര്യത്തിൽ നിന്ന് ബിന്ദു ജീവിതത്തിലേക്ക് തിരിച്ചെത്തി. വേച്ചുവേച്ച് നടന്ന് കടയിലെത്തി. ആരോഗ്യപരമായ ചില ബുദ്ധിമുട്ടുകളൊക്കെയുണ്ടെങ്കിലും പാചകമാണ് ഇപ്പോഴും ഇവരുടെ ജീവവായു. ഏതു വിഭവം രുചിച്ചു നോക്കിയാലും അത് അതുപോലെ അല്ലെങ്കിൽ അതിനേക്കാൾ മികവോടെ തയാറാക്കാനുള്ള കഴിവ് ബിന്ദുവിനുണ്ട്. 

റിബൺ പക്കോഡ, കോക്കനട്ട് ബർഫി, കൊള്ളി മസാല, നാരങ്ങാ

തിരുവമ്പാടിയിലെ പുതിയ കട മകൾ ശ്രീലക്ഷ്മിയുടെ പേരിലാണ്. സി എ വിദ്യാർഥിനിയാണ്. ഓൺലൈൻ ജോലിക്കൊപ്പമാണ് പഠിത്തവും. ബിസിനസിൽ സഹായിക്കാൻ ശ്രീലക്ഷ്മിയാണ് ഇപ്പോൾ മുന്നിൽ നിൽക്കുന്നത്. തത്കാലികമായി പഠിത്തം നിർത്തിവച്ചിരിക്കുകയാണ് ശ്രീലക്ഷ്മി. പഠിത്തം രണ്ടു വർഷം കഴിഞ്ഞും തുടരാം, അച്ഛനും അമ്മയ്ക്കും ഒപ്പം നിൽക്കുകയാണ് ഇപ്പോൾ ആവശ്യമെന്നതാണ് ശ്രീലക്ഷ്മിയുടെ അഭിപ്രായം. വ്യക്തിപരമായി ഷെഫ് ജോലിയാണ് ഇഷ്ടമെങ്കിലും ജീവിതം കുറച്ചു കൂടി സുരക്ഷിതമാക്കാൻ നല്ലത് സിഎ ആണെന്ന തോന്നലിലാണ് ഷെഫ് മോഹം ഉപേക്ഷിച്ചത്. എല്ലാം തിരിച്ചു പിടിക്കാമെന്ന ആത്മവിശ്വാസത്തിലാണ് ഇവരുടെ ഓരോ പ്രഭാതവും ആരംഭിക്കുന്നത്.

ഓർഡർ അനുസരിച്ചാണ് ഇവിടെ ഭക്ഷണം തയാറാക്കുന്നത്. കസ്റ്റമേഴ്സിന് വാട്സാപ്പിലൂടെ എല്ലാ ദിവസവും എന്തൊക്കെ വിഭവങ്ങൾ ലഭിക്കുമെന്ന് ശ്രീലക്ഷ്മി മെസേജ് അയയ്ക്കും. ഇവിടെ  തയാറാക്കിയ പൊടികളും വിൽപനയ്ക്കുണ്ട്. തമിഴ് ബ്രാഹ്മിൻസ് പാചകത്തിന് ഉപയോഗിക്കുന്ന,  പരമ്പരാഗത രീതിയിൽ തയാറാക്കിയ സാമ്പാർപൊടി, കുരുമുളക് മാത്രം ഉപയോഗിച്ച് തയാറാക്കിയ രസംപൊടി, ഇഡ്ഡലിപ്പൊടി, മല്ലയില ചമ്മന്തിപൊടി തുടങ്ങിയ പൊടികളും ഇവിടെ വിൽക്കുന്നുണ്ട്. ഇതിന് ഒരുപാട് ആവശ്യക്കാരുണ്ട്. പുറത്തുനിന്നു പോലും ആളുകൾ വന്നു വാങ്ങാറുണ്ട്. അതുകൊണ്ടുതന്നെ ഇത് ഓൺലൈൻ ബിസിനസാക്കാനും ശ്രീലക്ഷ്മിക്ക് പ്ലാനുണ്ട്. സുരാജ് വെഞ്ഞാറമൂട്, അനന്യ, വിജയ് യേശുദാസ്, ഗായിക ജ്യോത്സന, ഗായകൻ ജയചന്ദ്രൻ ഇവരെല്ലാം ഇവിടുത്തെ  ഭക്ഷണത്തെ ഇഷ്ടപ്പെടുന്നവരാണെന്നും ശ്രീലക്ഷ്മി പറഞ്ഞു.

എണ്ണ കത്തിരിക്കയും തൈര് സാദവും രുചികരമായി തയാറാക്കുന്നതെങ്ങനെയെന്ന് ബിന്ദു വെങ്കിടേശ്വരൻ പരിചയപ്പെടുക്കുന്നു.

എണ്ണ കത്തിരിക്കയും തൈര് സാദവും രണ്ടു ദിവസം ഫ്രിജിൽ വച്ചില്ലെങ്കിലും കേടാകാത്ത വിഭവങ്ങളാണ്. ജോലിക്കാർക്കും യാത്ര ചെയ്യുമ്പോൾ വീട്ടിലെ ഭക്ഷണം കഴിക്കാൻ ആഗ്രഹിക്കുന്നവർക്കും കൂടെ കരുതാവുന്നതുമാണ്.

ചേരുവകൾ

  • വഴുതനങ്ങ – 750 ഗ്രാം
  • നിലക്കടല – 100 ഗ്രാം
  • മല്ലി – 50 ഗ്രാം
  • വറ്റൽ മുളക് – 15 എണ്ണം
  • ഇടത്തരം വലുപ്പമുള്ള തേങ്ങ – 1 എണ്ണം
  • സവാള (വലുത്) – 1 എണ്ണം
  • തക്കാളി (വലുത്) – 1 എണ്ണം
  • മല്ലിയില – 2 തണ്ട്
  • വെളിച്ചെണ്ണ – 300 മില്ലി
  • കടുക് – 2 ടേബിൾ സ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്
  • മഞ്ഞൾപ്പൊടി – ആവശ്യത്തിന്
  • കറിവേപ്പില – 1 തണ്ട്

തയാറാക്കുന്ന വിധം

വഴുതനങ്ങ വലിയ കഷണങ്ങളായി മുറിച്ച് റെഡിയാക്കി വയ്ക്കുക. 

ഈ വിഭവം നല്ലെണ്ണയും വെളിച്ചെണ്ണയും ഉപയോഗിച്ച് തയാറാക്കാം. ഇവിടെ വെളിച്ചെണ്ണയാണ് ഉപയോഗിച്ചിരിക്കുന്നത്. 

ഈ വിഭവത്തിന്റെ പ്രത്യേകത ഇതിന്റെ ഗ്രേവിയാണ്. ഗ്രേവിക്കാവശ്യമുള്ള ചില ചേരുവകൾ വറുത്തെടുക്കേണ്ടവയാണ്. നിലക്കടല, വറ്റൽ മുളക്, മല്ലി, സവാള ചെറുതായി വഴറ്റിയത് ഇവ ഓരോന്നും ഓരോ സ്പൂൺ വെളിച്ചെണ്ണയിൽ വെവ്വേറെ വറുത്തെടുക്കേണ്ടതാണ്. ഒരു ചീനച്ചട്ടി ചൂടാക്കി അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി കടുക് ഇട്ട് പൊട്ടിക്കുക. അതിനുശേഷം നുറുക്കി വച്ചിരിക്കുന്ന വഴുതനങ്ങ ഇട്ട് നന്നായി ഇളക്കി കൊടുക്കുക. അഞ്ച് മിനിറ്റ് മതിയാവും വഴുതനങ്ങ വേവാൻ. ആവശ്യത്തിന് ഉപ്പും മഞ്ഞൾപ്പൊടിയും ചേർക്കാം. ഗ്രേവി വേവാൻ പത്ത് മിനിറ്റ് വേണ്ടി വരും. ഗ്രേവിക്കു വേണ്ട ചേരുവകളെല്ലാം അരച്ചാണ് ചേർക്കുന്നത്. വഴുതനങ്ങ അഞ്ചുമിനിറ്റ് വെന്തശേഷം അതിലേക്ക് ഗ്രേവിയുടെ അരച്ച ചേരുവകൾ മിക്സ് ചെയ്യുന്നു. നന്നായി ഇളക്കി കൊടുക്കുക. വഴുതനങ്ങയിൽ അരപ്പ് നന്നായി  പിടിക്കണം. തീ നന്നായി കുറച്ച് വയ്ക്കുക. ആവശ്യത്തിനനുസരിച്ച് എണ്ണ ഒഴിച്ച് കൊടുക്കുക. എണ്ണയാണ് ഇതിന്റെ പ്രധാന ചേരുവ. 

ഫ്രിഡ്ജിൽ വയ്ക്കാതെ മൂന്ന് നാല് ദിവസം വരെയും ഫ്രിജിൽ 14 ദിവസം വരെയും കേടുകൂടാതെ ഇരിക്കും. തൈര് സാദത്തിനൊപ്പം ഇത് നല്ല കറിയാണ്. ഫ്രൈഡ് റൈസ്, ചപ്പാത്തി, ദോശ തുടങ്ങിയവയ്ക്കൊപ്പവും ഉപയോഗിക്കാം. വഴുതനങ്ങ സോഫ്റ്റ് ആയതു കൊണ്ട് വെന്ത് ഉടഞ്ഞുപോകാതിരിക്കാൻ പാത്രം അടയ്ക്കാതെ തുറന്നു വച്ചു വേണം പാകം ചെയ്യാൻ. കുറഞ്ഞ തീയിൽ വേവിക്കണം. 15 മിനിറ്റു മതി എണ്ണ കത്തിരിക്ക റെഡിയാവാൻ. പതിനഞ്ചു മിനിറ്റു കഴിയുമ്പോൾ തീ ഓഫ് ചെയ്ത് വീണ്ടും അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് കറിവേപ്പിലയും ചേർത്തിളക്കി ഉപയോഗിക്കാം. ഫ്രിജിൽ സൂക്ഷിക്കുകയാണെങ്കിൽ പുറത്തെടുത്ത് 20 മിനിറ്റ് വച്ച ശേഷം ചൂടാക്കി ഉപയോഗിക്കാം. 

തൈര് സാദം

  • പൊന്നി അരി – 200 ഗ്രാം
  • കട്ടിത്തൈര് – 200 ഗ്രാം
  • വറ്റൽ മുളക് – 6 എണ്ണം
  • ഉഴുന്ന് – 2 ടേബിൾ സ്പൂൺ
  • തേങ്ങ ചിരകിയത് – 4 ടേബിൾസ്പൂൺ
  • കടുക് – 1 ടേബിൾസ്പൂൺ
  • മല്ലിയില – 1 തണ്ട്
  • കറിവേപ്പില – 1 തണ്ട്
  • ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

ആദ്യം ഒരു ചീനച്ചട്ടിയിൽ രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കുക. പൊന്നി അരി അധികം വേവാതെ ഒന്നോടൊന്നു തൊടാതെ വേവിച്ചെടുക്കുക. ചൂടായ എണ്ണയിലേക്ക് കടുകിട്ട് പൊട്ടിയശേഷം അതിലേക്ക് തൊലി കളഞ്ഞ ഉഴുന്നു പരിപ്പ് ചേർക്കുക. ഉഴുന്ന് പരിപ്പ് ചുവന്നശേഷം വറ്റൽ മുളക് മുറിച്ചിട്ട് മൂപ്പിക്കുക. ഇതിലേക്ക് റൈസ് കുറേശ്ശെ ചേർക്കുന്നു. ആവശ്യത്തിന് ഉപ്പും നാളികേരവും (സ്പെഷൽ റൈസ് ആയതുകൊണ്ടാണ് തേങ്ങ ചേർക്കുന്നത്) മല്ലിയിലയും ചേർത്ത് നന്നായി ഇളക്കുക. തീ കുറച്ചു വച്ച് വേണം ഇതെല്ലാം േചർക്കാൻ. ഇനി പുളിയില്ലാത്ത തൈരും ചേർത്ത് ഇളക്കി കുറച്ച് കറിവേപ്പിലയും മല്ലിയിലയും കൂടി ചേർത്തു വീണ്ടും കുറച്ച് തൈരും കൂടി ഒഴിച്ചിളക്കുക. സ്പെഷൽ കേർഡ് റൈസ് റെഡി. യാത്രയ്ക്കൊക്കെ പോകുമ്പോൾ ഒരു വാഴയിലയിൽ പൊതിഞ്ഞ് ഈ റൈസും എണ്ണകത്തിരിക്കയും ചേർത്ത് കൊണ്ടു പോകാം. രണ്ടു ദിവസം വരെ കേടാകാതെ ഉപയോഗിക്കാം.  

ശ്രദ്ധിക്കാൻ

  • ‌അധികം പുളിയുള്ള തൈരാണെങ്കിൽ അരഗ്ലാസ് വെള്ളം ചേർക്കാതെ തിളപ്പിച്ച പാൽ ചേർത്താൽ മതി. 

English Summary: Housewife turned Eatery Business into profitable Business.