പുതിയ വീട്ടിലേക്ക് താമസം മാറിയതിനു ശേഷമുള്ള ആദ്യ ക്രിസ്‌മസാണ് ടിനി ടോമിനും കുടുംബത്തിനും. മിമിക്രിയാണ് തട്ടകമെങ്കിലും സാക്ഷാൽ മമ്മൂട്ടിയുടെ 'അപരശരീര'മായാണ് ടിനി സിനിമയിൽ സജീവമായത്. മമ്മൂട്ടി ഇരട്ടവേഷത്തിൽ എത്തിയ പല സിനിമകളിലും ഡ്യൂപ്പായി ടിനിയുടെ സാന്നിധ്യമുണ്ടായിരുന്നു. തന്റെ തടിയുടെയും ആരോഗ്യത്തിന്റെയും ക്രെഡിറ്റ് ടിനി നൽകുന്നത് ഭാര്യ രൂപയ്ക്കാണ്. നല്ലൊരു പാചകവിദഗ്ധയാണ് രൂപ. മനോരമ ഓൺലൈന് വേണ്ടി ക്രിസ്‌മസ്‌ സ്‌പെഷൽ വിഭവവുമായി ടിനിയും രൂപയും എത്തുകയാണ്.

മിഡിൽ ഈസ്റ്റേൺ യെലോ റൈസ് എന്ന വിഭവമാണ് ഇരുവരും അവതരിപ്പിക്കുന്നത്. നമ്മുടെ ബിരിയാണി പോലെ തന്നെ എന്നാൽ വ്യത്യസ്തമായ രുചിയും മണവുമുള്ള ഈ വിഭവം വളരെ എളുപ്പത്തിൽ തയാറാക്കാം. കുട്ടികൾക്കും വളരെ ഇഷ്ടമാകും.

ചേരുവകൾ

മിഡിൽ ഈസ്റ്റേൺ യെലോ റൈസ്
  • ബസ്മതി റൈസ്(പകുതി വേവിച്ചത്) – 2 കപ്പ്
  • സവാള ചെറുതായി അരിഞ്ഞത് – 1 എണ്ണം
  • വെളുത്തുള്ളി പേസ്റ്റ് – 2 ടീ സ്പൂൺ
  • ചിക്കൻ സ്റ്റോക്ക്/ വെജിറ്റബിൾ സ്റ്റോക്ക് – 2 കപ്പ്
  • ഒലിവ് ഓയിൽ / വെളിച്ചെണ്ണ – 2 ടേബിൾ സ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്
  • ബട്ടർ - ആവശ്യത്തിന്

തയാറാക്കുന്ന വിധം

പാൻ ചൂടാക്കി 2 ടേബിള്‍ സ്പൂൺ ഒലിവ് എണ്ണയൊഴിച്ച് അതിനൊപ്പം ഒരു സ്പൂൺ ബട്ടറും ചേർത്ത് ചൂടാക്കിയ ശേഷം അതിലേക്ക് സവാള അരിഞ്ഞതും വെളുത്തുള്ളി പേസ്റ്റും കൂടി ഇട്ട് വഴറ്റുക. ഒന്നു വഴന്നു വരുമ്പോഴേക്കും ഉപ്പിട്ട് വീണ്ടും വഴറ്റുക. ഇതിലേക്ക് പ്രധാന ചേരുവയായ മഞ്ഞൾപ്പൊടി ഒരു ടേബിൾ സ്പൂൺ ചേർത്തിളക്കുന്നു. അതിനുശേഷം രണ്ട് കപ്പ് ചിക്കൻ സ്റ്റോക്ക് (കുരുമുളകും ഉപ്പും ഇട്ട് ചിക്കൻ വേവിച്ച വെള്ളം) ഒഴിക്കുന്നു. ഇതൊന്നു തിളച്ചു കഴിയുമ്പോൾ പാതി വേവിച്ച ബസ്മതി റൈസ് ഇട്ടു കൊടുക്കുന്നു. റൈസിന്റെ മൊത്തം വേവ് 20 മിനിട്ടാണ്. പകുതി വെന്തതായതിനാൽ ഒരു 10 മിനിറ്റു കൂടി മതിയാവും റൈസ് പാകത്തിന് വേകാൻ. പാത്രം മൂടി വച്ച്, തീ കുറച്ചു വേണം വേവിക്കാൻ. 10 മിനിറ്റു കഴിയുമ്പോൾ തീ ഓഫ് ചെയ്ത് മറ്റൊരു പാത്രത്തിലേക്ക് മാറ്റാം. വളരെ എളുപ്പത്തിൽ സ്വാദിഷ്ഠമായ മിഡിൽ ഈസ്റ്റ് യെല്ലോ റൈസ് റെഡി.  

ഈ ക്രിസ്‌മസ്‌ കാലത്ത് വീട്ടിൽ എല്ലാവരും ഒത്തുകൂടുമ്പോൾ വിളമ്പാൻ പറ്റിയ വിഭവമാണിത്. വളരെ കുറഞ്ഞ സമയം കൊണ്ട് തയാറാക്കാം. ഒപ്പം സ്വാദിഷ്ടവും ആരോഗ്യകരവുമാണ്. ടിനിയും രൂപയും പറയുന്നു. അപ്പോൾ എല്ലാവർക്കും ഹാപ്പി ക്രിസ്‌മസ്‌ ഇൻ അഡ്വാൻസ്!..

English Summary: Actor Tini Tom and wife cooking for christmas