വാചകത്തിലെപ്പോലെ പാചകത്തിലും മിടുക്ക് തെളിയിച്ച താരമാണ് പൊന്നമ്മ ബാബു. വിവിധ ടെലിവിഷൻ ചാനലുകളിലും സ്വന്തം യുട്യൂബ് ചാനലിലും പൊന്നമ്മ ബാബു പങ്കുവയ്ക്കുന്ന രുചിക്കൂട്ടുകൾക്ക് ആരാധകർ നിരവധിയാണ്. ഓൺലൈൻ മാധ്യമങ്ങൾ സജീവമല്ലാതിരുന്ന കാലത്ത്, ടെലിവിഷനിൽ അവതരിപ്പിച്ച കുക്കറി ഷോ മുഴുവൻ കാണാൻ സാധിക്കാതെ വന്ന ഒരു പ്രേക്ഷക വഴിയിൽ വച്ചു കണ്ടപ്പോൾ പിടിച്ചു നിറുത്തി പാചകക്കുറിപ്പ് ചോദിച്ചിട്ടുണ്ടെന്ന് പൊന്നമ്മ ബാബു ഓർത്തെടുത്തു. പാചകത്തോടുള്ള ഇഷ്ടം വന്ന വഴിയെക്കുറിച്ചും വീട്ടിൽ എളുപ്പത്തിൽ തയാറാക്കാവുന്ന ഒരു മീൻകറിയുടെ രുചിക്കൂട്ടും മനോരമ ഓൺലൈൻ വായനക്കാർക്കായി പൊന്നമ്മ ബാബു പങ്കുവയ്ക്കുന്നു. 

പാചകം പഠിച്ചത് വിവാഹത്തോടെ 

പാചകത്തിൽ ആദ്യമൊക്കെ വൻ പരാജയമായിരുന്നു ഞാൻ. അക്കാര്യത്തിൽ എന്റെ ഭർത്താവ് എന്നെ ഒത്തിരി സഹിച്ചിട്ടുണ്ട്. അദ്ദേഹം നന്നായി പാചകം ചെയ്യും. അദ്ദേഹത്തിന്റെ പെങ്ങളും നന്നായി പാചകം ചെയ്യുമായിരുന്നു. വിവാഹം കഴിഞ്ഞ് ബാബു ചേട്ടന്റെ വീട്ടിൽ ചെന്നപ്പോഴാണ് ഞാൻ പാചകമൊക്കെ പഠിക്കുന്നത്. ആലപ്പുഴയിലായിരുന്നു അദ്ദേഹത്തിന്റെ വീട്. അവിടെ നിന്നാണ് ഞാൻ യഥാർത്ഥത്തിൽ പാചകം പഠിച്ചത്. 

ഞാൻ തനി നാടൻ

നാടൻ ഭക്ഷണം ഞാൻ നന്നായി ഉണ്ടാക്കും. പലപ്പോഴും ടെലിവിഷനിൽ കുക്കറി ഷോ ചെയ്യാറുമുണ്ട്. ഇപ്പോൾ എന്റെ ഔദ്യോഗിക യുട്യൂബ് ചാനലിലൂടെ പല വിഭവങ്ങളും പരിചയപ്പെടുത്താറുണ്ട്. അങ്ങനെ ചെയ്തതുകൊണ്ട് എന്റെ മക്കൾക്കും വലിയ ഉപകാരമാണ്. അവർ എന്തെങ്കിലുമൊക്കെ ഉണ്ടാക്കുമ്പോൾ സംശയം തോന്നിയാൽ യുട്യൂബിൽ എടുത്തു നോക്കിയാൽ മതിയല്ലോ! പിന്നെ, ഞാൻ ഇല്ലാതായിക്കഴിഞ്ഞാലും അവരുടെ മക്കൾക്കും അടുത്ത തലമുറകൾക്കും ഞാൻ പാചകം ചെയ്യുന്നതൊക്കെ കാണാം. അതിനുള്ളതൊക്കെ ഞാൻ ചെയ്തു വച്ചിട്ടുണ്ട്. 

പൊന്നമ്മാസ് കലവറ

പാചകവുമായി ബന്ധപ്പെട്ട് ഒരു പ്രൊജക്ട് തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ. ഭക്ഷണത്തിന്റെ ഹോം ഡെലിവറി ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. 'പൊന്നമ്മാസ് കലവറ' എന്നാണ് പേരിട്ടിരിക്കുന്നത്. നാടൻ ഭക്ഷണമാണ് നൽകുക. എന്റെ പാചകശൈലിയിൽ വീട്ടിലുണ്ടാക്കുന്ന ഭക്ഷണമാകും വിതരണം ചെയ്യുക. ഓൺലൈൻ ഫുഡ് വിതരണ ശൃംഖലകളുമായി സഹകരിച്ചായിരിക്കും ഡെലിവറി. തൽക്കാലം കൊച്ചി കേന്ദ്രീകരിച്ചു മാത്രമായിരിക്കും 'പൊന്നമ്മാസ് കലവറ'യുടെ ഭക്ഷണ പാഴ്സൽ സേവനം.  

പെട്ടന്ന് തയാറാക്കാവുന്ന മീൻ കറി

തിലോപ്പിയ ചെറിയ കഷണങ്ങളാക്കി മുറിച്ച് എടുക്കുക. ഒരു ചട്ടി അടുപ്പത്ത് വച്ച് ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ച്  കുറച്ച് ഉലുവ ഇട്ട് പൊട്ടിച്ച് കഴിയുമ്പോൾ  പച്ചമുളകും ഇഞ്ചിയും വെളുത്തുള്ളിയും കറിവേപ്പിലയും ഇട്ട് വഴറ്റുക. മൂത്തു വരുമ്പോൾ നല്ല നിറമുളള കശ്മീരി മുളകുപൊടിയും മഞ്ഞൾപ്പൊടിയും ചേർത്ത് വഴറ്റാം. ഇതിലേക്ക് ചെറുതായി അരിഞ്ഞ തക്കാളിയും കുടംപുളിയും ആവശ്യത്തിന് വെള്ളവും ഉപ്പും ചേർക്കാം. ചൂടായ ശേഷം മീൻ കഷണങ്ങൾ ഇടാം. വെന്തശേഷം വാങ്ങിവയ്ക്കാം. ചാറ് കുറിക്കി പറ്റിച്ചെടുത്തും ഈ മീൻ കറി തയാറാക്കാം. കപ്പയ്ക്കൊപ്പം കഴിക്കാൻ സൂപ്പർ കറിയാണിത്.

English Summary: Actor Ponnamma Babu's Easy Fish Curry Video