ADVERTISEMENT

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ് ഉപ്പും മുളകും എന്ന പരമ്പരയിലൂടെ ശ്രദ്ധേയനായ ബിജു സോപാനം. സ്വന്തം പേരിനേക്കാൾ സീരിയലിലെ ബാലു എന്ന പേരിലാണ് ആരാധകർക്കിടയിൽ ഇദ്ദേഹം അറിയപ്പെടുന്നത്. നാടകത്തിൽ നിന്നും തുടങ്ങി മിനിസ്‌ക്രീനിലൂടെ ശ്രദ്ധിക്കപ്പെട്ട്, ഇപ്പോൾ  സിനിമയിലും സജീവമാണ് ബിജു സോപാനം. താരം  കുടുംബസമേതം പാചക ഇഷ്ടങ്ങൾ പങ്കുവയ്ക്കുന്നു.

ഞാനൊരു ഭക്ഷണപ്രിയനാണെന്ന്  ഈ കുടവയർ കാണുമ്പോൾത്തന്നെ എല്ലാവർക്കും പിടികിട്ടും. തിരിച്ചു കടിക്കാത്തതെന്തും കഴിക്കുക എന്നതാണ് എന്റെ പോളിസി. പുതിയ വീട്ടിലേക്ക് താമസം മാറുന്നതേയുള്ളൂ.അടുക്കളയിൽ അധികം സാധനങ്ങൾ ഒന്നും സ്റ്റോക്കായിട്ടില്ല.  പാലുകാച്ചൽ കഴിഞ്ഞശേഷം ആദ്യമായി അടുക്കളയിൽ എന്തെങ്കിലും ഉണ്ടാക്കുന്നത് ഇപ്പോഴാണ്. എന്നാൽ ഉള്ളത് കൊണ്ട് എനിക്കിഷ്ടപ്പെട്ട ഒരു ഓംലറ്റ് അങ്ങ് കാച്ചാം എന്നുകരുതി..

Biju Sopanam Cooking

പത്തിരുപത് വർഷം  നാടകമായിരുന്നു എന്റെ തട്ടകം. നാടകക്കാരും തട്ടുകടകളും തമ്മിൽ അഭേദ്യമായ ഒരു ബന്ധമുണ്ട്. പാതിരാത്രി നാടകവും കഴിഞ്ഞു യാത്ര ചെയ്യുമ്പോൾ ഒരുവിധം ഹോട്ടലുകൾ എല്ലാം അടച്ചു കഴിഞ്ഞിരിക്കും. പിന്നെ വഴിയരികിലെ തട്ടുകടകളിൽ നിന്ന് ചൂട് തട്ടുദോശയും ഓംലറ്റും കഴിച്ചാണ് വിശപ്പടക്കുക. അതിൽ മറ്റൊരു കാര്യവുമുണ്ട്. പലപ്പോഴും ഹോട്ടലുകളിൽ നിന്നും സുഭിക്ഷമായി കഴിക്കാനുള്ള പണമൊന്നും അന്ന് കയ്യിൽ കാണില്ല. ഇതാകുമ്പോൾ അധികം കാശ് ചെലവാക്കാതെ വയർ നിറയുകയും ചെയ്യും. അന്നേ നാവിൽ കൂടിയതാണ് ഓംലറ്റ്. തട്ടുകടകളിൽ ഓംലറ്റ് അടിക്കുന്നതും വെന്ത ഓംലറ്റ് പൊട്ടാതെ തിരിച്ചിടുന്നതുമൊക്കെ ഒരു കലതന്നെയാണ് .

മാമ്പഴപ്പുളിശേരി, കുടംപുളിയിട്ട മീൻ, വെണ്ടയ്ക്ക മെഴുക്കു പുരട്ടി, ഉള്ളിത്തീയൽ, ഓംലറ്റ്...ഇതൊക്കെയാണ് പ്രിയപ്പെട്ട വിഭവങ്ങൾ. ഇതിലേതെങ്കിലും ഉണ്ടെങ്കിൽ ചോറ് തീരുന്നതറിയില്ല. സ്വന്തമായി ഉണ്ടാക്കിക്കഴിക്കാൻ ഏറ്റവുമിഷ്ടം മീൻകറിയാണ്. 

നാടകത്തിന്റെ ഭാഗമായി നിരവധി രാജ്യങ്ങൾ സന്ദർശിക്കാൻ കഴിഞ്ഞിട്ടുണ്ട്. അപ്പോൾ അവിടുത്തെ ഭക്ഷണമൊക്കെ പരീക്ഷിച്ചിട്ടുണ്ട്. ഒരിക്കൽ കൊറിയയിൽ പോയപ്പോൾ പാമ്പിനെ കഴിച്ചിട്ടുണ്ട്. കഴിച്ചോണ്ട് ഇരിക്കുമ്പോഴാണ് സാധനം പാമ്പാണെന്ന് അറിഞ്ഞത് . ആദ്യം തൊണ്ടയിൽ നിന്നും താഴോട്ടിറക്കണോ  തുപ്പിക്കളയണോ എന്നുതോന്നിപ്പോയി. വല്ല വിഷപ്പാമ്പുമാണെങ്കിൽ തട്ടിപ്പോയാലോ എന്നോർത്തു.. പിന്നെ നീരാളി കുഞ്ഞുങ്ങളെ വറുത്തത് കിട്ടും. നമ്മുടെ നാട്ടിൽ ഞണ്ടും കൂന്തലുമൊക്കെ  വറുത്ത് കിട്ടുംപോലെ..  കറുമുറെ കഴിക്കാൻ നല്ല  രുചിയാണ്. 

ഇത്രയും നേരം അച്ഛൻ വാചകമടിച്ചു കൊണ്ടു  പാചകം ചെയ്യുന്നത് കണ്ടു നിൽക്കുകയായിരുന്നു മകൾ ഗൗരി ലക്ഷ്മി എന്ന പൊന്നു. ബിജു പൊന്നുവിനോട് ഒരു പന്തയം വച്ചു. ഓംലറ്റ് പൊട്ടാതെ തിരിച്ചിട്ടാൽ ഒരു ചോക്ലേറ്റ് സമ്മാനം! വെല്ലുവിളി ഏറ്റെടുത്ത പൊന്നു പുല്ലുപോലെ ഓംലറ്റ് തിരിച്ചിട്ടു. അതോടെ ബിജു പന്തയത്തിൽ നിന്നും കാലുമാറി...

ഉച്ചയൂണിനു സമയമായി. പുതിയ വീട്ടിൽ ആദ്യമായി ഉണ്ടാക്കിയ ഓംലറ്റും കൂട്ടി ഊണു കഴിക്കാൻ എല്ലാവരും ഊണുമേശയിലേക്ക് മാർച്ച് ചെയ്തു.

English Summary: Uppum Mulakum Fame Biju Sopanam Cooking Video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com