ഈ ഐസ് ടീ കുടിച്ചാൽ രണ്ടുണ്ട് കാര്യം! സമ്മർ കൂൾ ഡ്രിങ്ക് പരിചയപ്പെടുത്തി ലക്ഷ്മിനായർ
ചിലർക്ക് വേനൽച്ചൂടിനെ പ്രതിരോധിക്കാൻ ചൂട് ചായയെക്കാൾ ഇഷ്ടം ഐസ് ടീ ആണ്. പൊണ്ണത്തടി ഉള്ളവർക്ക് ഐസ് ടീ നല്ലതാണ്. മധുരം ഇടാത്ത ഐസ് ടീ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറെ നല്ലതാണ്. രക്താതിമർദം, ഹൃദയസംബന്ധമായ രോഗങ്ങൾ ഇവ മൂലം ബുദ്ധിമുട്ടുന്ന, പൊണ്ണത്തടിയുള്ളവർക്കും ഐസ് ടീ നല്ലതാണ്. ആന്റി ഓക്സിഡന്റുകൾ മാത്രമല്ല നിരവധി പോഷകങ്ങളും ചായയിലുണ്ട്. ഈ ഗുണങ്ങളെല്ലാം ലഭിക്കണമെങ്കിൽ തണുത്ത ചായ അല്ലെങ്കിൽ ഐസ് ടീ കുടിക്കണമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. പാചക വിദഗ്ധ ലക്ഷ്മിനായർ വീട്ടിൽ തയാറാക്കാവുന്ന രുചികരമായ ഐസ് ടീയുടെ റെസിപ്പി പരിചയപ്പെടുത്തുന്നു.
ചേരുവകൾ
- വെള്ളം – 1 കപ്പ്
- തേയില പൊടി – ¾ ടീസ്പൂൺ
- തേൻ – 1–2 ടേബിൾ സ്പൂൺ
- നാരങ്ങാ നീര് –1 ടേബിള്‍ സ്പൂൺ
- മുന്തിരി
- പുതിന ഇല
- ഐസ് ക്യൂബ്സ്
തയാറാക്കുന്ന വിധം
ഗ്യാസ് സ്റ്റൗ കത്തിച്ച് ഒരു പാത്രത്തിൽ ഒരു കപ്പ് വെള്ളവും മുക്കാൽ ടീസ്പൂൺ തേയിലപൊടിയും ഇട്ട് ആദ്യം ചായ തിളപ്പിച്ച് ഒരു പാത്രത്തിലേക്ക് അരിച്ച് ഒഴിക്കുക. ഇനി ഒരു ഗ്ലാസെടുത്ത് അതിൽ ഒന്നോ രണ്ടോ ടേബിൾ സ്പൂൺ തേൻ ഒഴിക്കുക. അതിന്റെ മുകളിലായി കുറച്ച് പൊടിച്ച ഐസ് ഇട്ടുകൊടുക്കുക. അതിന്റെ മേലെ ഒരു ടേബിൾ സ്പൂൺ നാരങ്ങാ നീര് ഒഴിച്ചു കൊടുക്കുക. അതിന്റെ മുകളിലായി പൊട്ടിച്ച ഐസ് അതിന്റെ മുകളിലായി അര കപ്പ് കട്ടൻ ചായ അതിന്റെ മുകളിൽ വീണ്ടും ഐസ് കട്ടകൾ... ഇതിനു മുകളിലായി ഒരു മുന്തിരിങ്ങയും പുതിനയിലയും വച്ച് അലങ്കരിച്ച് ഉപയോഗിക്കാം.
English Summary: How to make Ice Tea