കാത്സ്യത്തിന്റെ അക്ഷയ ഖനിയായ കക്കാ ഇറച്ചി പെരും ജീരകവും തേങ്ങാക്കൊത്തും  ചേർത്ത് ഉലർത്തിയത്. ലോക് ഡൗൺ കാലത്ത് ചെയ്യാവുന്ന രുചിയേറിയ വിഭവം. വേമ്പനാട്ട് കായലിന്റെ പടിഞ്ഞാറേ കൈവഴിയായ കൈതപ്പുഴ കായലിന്റെ പൂച്ചാക്കൽ  ഒളേപ്പ് ഭാഗത്ത് നടുക്കായലിൽ നിന്നും കൊല്ലി കൊണ്ട് വാരി കരയിലെ കൽക്കെട്ടിനോട് ചേർത്ത് നിക്ഷേപിച്ചിരിക്കുന്ന കക്കാ ആവശ്യത്തിന് മുങ്ങി വാരി എടുക്കുകയാണ് ഉദയൻ. രാവിലെ വാരുന്ന കക്കാ ഉച്ചയോടെ പുഴുങ്ങി വൈകും മുൻപേ വിപണിയിലെത്തിക്കണം. അത് മുറിയാതെ കാക്കേണ്ട ഒരു ശ്രംഖലയാണ്. വാരി തോണിയിലേക്ക് ഇടുന്ന കക്കാ നേരേ കൊണ്ടു വന്ന് കായൽക്കരയിൽ ഒരുക്കിയ വിറക് അടുപ്പിൽ പുഴുങ്ങി എടുക്കുകയാണ് ചെയ്യുന്നത്. 

വലിയ ചരുവത്തിൽ പുഴുങ്ങിയ ശേഷം അരിപ്പയിലിട്ട് കറക്കി കഴിയുമ്പോൾ ഇറച്ചിയും കക്കായുടെ ഇത്തിലും വേർപെടും. ഇത്തിൽ നീറ്റി കുമ്മായം നിർമിക്കാൻ ഉപയോഗിക്കും. ഇത്തിൾ വിറ്റു കിട്ടുന്ന പണം ഇവരുടെ അധ്വാനത്തിന് കിട്ടുന്ന ചെറിയൊരു ബോണസാണ്. 

ചേരുവകൾ

  • കക്കാ ഇറച്ചി – 1 കിലോ
  • തേങ്ങാ – ഒരു മുറി ( ചിരകിയതും കൊത്തായി അരിഞ്ഞതും ) 
  • പെരുംജീരകം – 2 സ്പൂൺ
  • കുരുമുളക് – 1 സ്പൂൺ
  • മഞ്ഞൾപ്പൊടി – 2 സ്പൂൺ
  • ഉള്ളി – 6 
  • സവാള – 1
  • വെളുത്തുള്ളി – ഒരു കുടം 
  • ഇഞ്ചി – ഒരു കഷണം
  • പച്ചമുളക് – 4 
  • വെളിച്ചെണ്ണ – പാകത്തിന്
  • ഉപ്പ് – പാകത്തിന്

തയാറാക്കുന്ന വിധം

വൃത്തിയാക്കിയെടുത്ത കക്കാ ഇറച്ചി മഞ്ഞളും ഉപ്പും ചേർത്ത് വേവിച്ച ശേഷം എണ്ണയിൽ ചെറുതായി ഒന്നു വഴറ്റി മാറ്റി വയ്ക്കണം. തേങ്ങാ ചിരകിയും അരിഞ്ഞ് കൊത്തായും എടുക്കണം. ഇഞ്ചി , വെളുത്തുള്ളി , ഉള്ളി എന്നിവ ചതച്ചെടുക്കണം. പച്ചമുളകും ഉള്ളിയും സവാളയും ചെറുതായി അരിയണം. പെരുംജീരകം, കുരുമുളക് എന്നിവ ചതച്ച് പൊടിക്കണം. 

പാനിൽ എണ്ണ ചൂടാകുമ്പോൾ ഉള്ളി , സവാള , വെളുത്തുള്ളി , ഇഞ്ചി , പച്ചമുളക് എന്നിവ വഴറ്റണം. വഴന്നു വരുമ്പോൾ കറിവേപ്പില ചേർത്ത ശേഷം ചതച്ച പെരുജീരകവും കുരുമുളകും ഉപ്പും ചേർത്ത് ഇളക്കണം. എന്നിട്ട് തേങ്ങാക്കൊത്തും മഞ്ഞൾപ്പൊടിയും ചിരകിയെടുത്ത തേങ്ങായും ഇടണം. ഇത് നന്നായി മൂത്ത് വരുമ്പോൾ കക്കാ ഇറച്ചി ചേർത്ത് യോജിപ്പിക്കണം. നനവിനായി അല്പം വെള്ളവും ചേർത്ത് മൂടി വെച്ച് ഇളം തീയിൽ വേവിക്കാം. 

English Summary: Kakka Thoran Recipe 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT