അന്നു വെന്തതു പരിഹാസത്തിൽ; ഇന്ന് വിജയത്തിനെന്തു രുചി! ഷെഫ് സജിയുടെ ജീവിത ‘റെസിപ്പി’
സിനിമയിൽ എത്തിയില്ലായിരുന്നെങ്കിൽ ഒരു പക്ഷേ നല്ലൊരു ഷെഫ് ആകുമായിരുന്നു വിജയ് ബാബു. ഷെഫ് സജിയോടൊപ്പം മീൻ മപ്പാസ് തയാറാക്കുന്നതിനിടയിലാണ് ആ കഥ വിജയ് പൊട്ടിച്ചത്.
സിനിമയിൽ എത്തിയില്ലായിരുന്നെങ്കിൽ ഒരു പക്ഷേ നല്ലൊരു ഷെഫ് ആകുമായിരുന്നു വിജയ് ബാബു. ഷെഫ് സജിയോടൊപ്പം മീൻ മപ്പാസ് തയാറാക്കുന്നതിനിടയിലാണ് ആ കഥ വിജയ് പൊട്ടിച്ചത്.
സിനിമയിൽ എത്തിയില്ലായിരുന്നെങ്കിൽ ഒരു പക്ഷേ നല്ലൊരു ഷെഫ് ആകുമായിരുന്നു വിജയ് ബാബു. ഷെഫ് സജിയോടൊപ്പം മീൻ മപ്പാസ് തയാറാക്കുന്നതിനിടയിലാണ് ആ കഥ വിജയ് പൊട്ടിച്ചത്.
നല്ല മുളകു തേച്ചു വറുത്ത ചെമ്മീൻ, കല്ലിൽ ചുട്ട കലത്തപ്പവും കോട്ടയം സ്റ്റൈൽ മീൻ മപ്പാസും, ആവി പറക്കുന്ന മലബാറി മട്ടൺ ബിരിയാണിയും ചിക്കൻ ഫ്രൈയും... ഇത്രയും വിഭവങ്ങൾ ഒരുമിച്ചു നിരത്തി വച്ചാൽ ആരുടെയും മനസ്സൊന്നു ചാഞ്ചാടും. മിഥുൻ മാനുവൽ തോമസിന്റെ പുതിയ സിനിമയുടെ ചിത്രീകരണത്തിനിടയിൽ കൊച്ചിയിലെത്തിയ വിജയ് ബാബുവിന്റെ മനസ്സും ചെറുതായൊന്നു ചാഞ്ചാടി! കൊച്ചി മാരിയറ്റിലെ ഷെഫ് ദെ ക്യുസീൻ സജി അലക്സ് ഒരുക്കി വച്ച വിഭവസമൃദ്ധമായ വിരുന്നിലേക്കാണ് വിജയ് ബാബു ഷൂട്ടിങ് തിരക്കുകൾ മാറ്റിവച്ചെത്തിയത്. പാചകവും വാചകവും കഥകളുമായി ഷെഫിനൊപ്പം കുറച്ചു മണിക്കൂറുകൾ.
സിനിമയിൽ എത്തിയില്ലായിരുന്നെങ്കിൽ ഒരു പക്ഷേ നല്ലൊരു ഷെഫ് ആകുമായിരുന്നു വിജയ് ബാബു. ഷെഫ് സജിയോടൊപ്പം മീൻ മപ്പാസ് തയാറാക്കുന്നതിനിടയിലാണ് ആ കഥ വിജയ് പൊട്ടിച്ചത്. ‘‘ബിഎച്ച്എമ്മിനു പഠിക്കാൻ എനിക്ക് ഭയങ്കര ആഗ്രഹമായിരുന്നു. ഞാൻ വീട്ടിൽ പോയി പറഞ്ഞപ്പോൾ ചൂല് എടുക്കുമെന്നു പറഞ്ഞു അമ്മ. നിനക്ക് കുക്ക് ആവണോടാ എന്നൊരു ചോദ്യവും!’’ – അതോടെ ഷെഫ് ആവുക എന്ന സ്വപ്നം തകർന്നു പോയെന്ന് വിജയ് ബാബു.
ഇത്ര വലിയ ഭീഷണിയൊന്നും നേരിടേണ്ടി വന്നിട്ടില്ലെങ്കിലും അൽപസ്വൽപം കളിയാക്കലുകൾ നേരിട്ടാണ് 30 വർഷം മുമ്പ് ഈ തൊഴിൽ മേഖലയിലേക്കു കടന്നു വന്നതെന്ന് ഷെഫ് സജി ഓർത്തെടുത്തു. ‘‘ഞാൻ ഡിഗ്രിക്ക് മലയാളമായിരുന്നു. അതു കഴിഞ്ഞു നിൽക്കുന്ന സമയത്താണ് ഇങ്ങനെയൊരു കോഴ്സിനെക്കുറിച്ച് എന്റെ ഒരു അങ്കിൾ പറയുന്നത്. കുറച്ചു കഷ്ടപ്പാടും ബുദ്ധിമുട്ടുമൊക്കെയുണ്ട്. പക്ഷേ, പെട്ടെന്നു ജോലി കിട്ടുമെന്ന് അദ്ദേഹം പറഞ്ഞു. പിന്നെ ഒന്നും നോക്കിയില്ല. നേരെയങ്ങു ചേർന്നു. ഒരു ദിവസം ക്ലാസ് കഴിഞ്ഞു വരുമ്പോൾ, ഞങ്ങളുടെ അടുത്തുള്ള ഒരു ചായക്കടക്കാരൻ എന്നെ ചൂണ്ടി ചിരിച്ചു കൊണ്ടു പറഞ്ഞു, ദാണ്ടെ ഒരു കുക്കർ വരുന്നു എന്ന്! അങ്ങനെയൊക്കെ ഒരു കാലം.’’ ഷെഫ് സജി പഠനകാലത്തെ രസകരമായ ഓർമകളുടെ കെട്ടഴിച്ചു.
വർത്തമാനങ്ങൾക്കിടയിൽ വിജയ് ബാബുവിനായി ഷെഫ് കോട്ടയം സ്റ്റൈൽ മീൻ മപ്പാസ് തയാറാക്കി. സാധാരണ കരിമീനാണ് മീൻ മപ്പാസിന് ഉപയോഗിക്കുന്നതെങ്കിലും ഒരു ചെയ്ഞ്ചിന് ഇത്തവണ നെയ്മീനായിരുന്നു. വെളിച്ചെണ്ണയിൽ ഉലുവ പൊട്ടിക്കുന്നതു മുതലുള്ള ഓരോ സ്റ്റെപ്പും വിശദമായി ചോദിച്ചറിഞ്ഞ് വിജയ് ബാബുവും കൂടിയപ്പോൾ കൊച്ചി മാരിയറ്റിലെ കസാവ റസ്റ്ററന്റിന്റെ അടുക്കള ലൈവായി.
മീൻ മപ്പാസും മുളകിട്ട ചെമ്മീൻ ഫ്രൈയും തയാറാക്കുന്നതിടയിലാണ് ദമ്മിട്ട ബിരിയാണിച്ചെമ്പിൽനിന്ന് രുചികരമായ മണം കിച്ചണിലാകെ പരന്നത്. ഉടൻ വിജയ് ബാബുവിന്റെ അഭ്യർഥന: ‘ഇനി ദം പൊട്ടിച്ചിട്ടാകാം ബാക്കി വർത്തമാനം!’ വലിയ ബിരിയാണിച്ചെമ്പിൽ നല്ല പച്ച മസാല തേച്ചു പിടിപ്പിച്ച ആട്ടിറച്ചിയും ബസ്മതി റൈസും ചെറു ചൂടിൽ വെന്തു പാകമായതിന്റെ കൊതി പിടിപ്പിക്കുന്ന മണം, ഇല്ലാത്ത വിശപ്പു പോലും ഉണ്ടാക്കും വിധമായിരുന്നു. അങ്ങനെ, ബിരിയാണിപ്രേമിയായ വിജയ് ബാബുവിനെ സാക്ഷിയാക്കി ഷെഫ് സജി ദം പൊട്ടിച്ചു. നല്ല മലബാറി മട്ടൺ ബിരിയാണി!!! മീൻ മപ്പാസിലും ചെമ്മീൻ ഫ്രൈയിലും ചെറുതായി ചാഞ്ചാടിപ്പോയ വിജയ് ബാബുവിന്റെ മനസ്സ് മട്ടൺ ബിരിയാണിയുടെ കൊതി പിടിപ്പിക്കുന്ന മണത്തിൽത്തട്ടിനിന്നു. ഇനി, ഓരോന്നും കഴിച്ചു നോക്കാതെ രക്ഷയില്ല. ബിരിയാണിയുടെ ആവി പോകും മുമ്പേ വിഭവങ്ങൾ മേശയിൽ നിരന്നു.
ഓരോ വിഭവവും സമയമെടുത്ത് ആസ്വദിച്ചു കഴിക്കുന്നതിനിടയിൽ, തന്നെ ബിരിയാണി ഉണ്ടാക്കാൻ പഠിപ്പിച്ച സുഹൃത്തും ചാകവിദഗ്ധനുമായ നൗഷാദിന്റെ ഓർമകൾ വിജയ് ബാബു പങ്കുവച്ചു. ‘‘എന്നെ ബിരിയാണി ഉണ്ടാക്കാൻ പഠിപ്പിച്ചത് നൗഷാദിക്കയാണ്. ഹൈദരാബാദിൽ വച്ചായിരുന്നു അത്. ഞങ്ങൾ നല്ല സുഹൃത്തുക്കളായിരുന്നു. കൊച്ചിയിൽ എപ്പോൾ ഫങ്ഷൻ ഉണ്ടെങ്കിലും ഒരു ചെമ്പ് ബിരിയാണി അദ്ദേഹം കൊടുത്തു വിടും. ഗരം മസാല അല്ലാതെ വേറെ ഒന്നും അദ്ദേഹം ബിരിയാണിയിൽ ഇടാറില്ല,’’ വിജയ് ബാബു വാചാലനായി. കൊച്ചിയിൽ മിതമായ നിരക്കിൽ നല്ല ഭക്ഷണം നൽകുന്ന ഒരു സ്ഥാപനം തുടങ്ങാനുള്ള തന്റെ ആഗ്രഹവും വിജയ് ബാബു വെളിപ്പെടുത്തി. ‘‘സ്ഥിരമായി അന്നദാനം ചെയ്യണമെന്നത് എന്റെ വലിയൊരു സ്വപ്നമാണ്. അല്ലെങ്കിൽ തുച്ഛമായ നിരക്കിൽ രുചികരമായ ഭക്ഷണം! പത്തു രൂപയ്ക്കോ 15 രൂപയ്ക്കോ ഭക്ഷണം കൊടുക്കുന്ന സ്ഥലം! അതെന്റെ ഒരു ഡ്രീം പ്രോജക്ട് ആണ്,’’ വിജയ് ബാബു പുഞ്ചിരിയോടെ പറഞ്ഞു നിർത്തി.
ഷൂട്ടിന്റെ തിരക്കുകളിലേക്ക് മടങ്ങുന്നതിനു മുമ്പ് ഒരു കാര്യം കൂടി ഷെഫിനോടു പറയാൻ വിജയ് മറന്നില്ല: ‘നല്ല ഭക്ഷണം തയാറാക്കി ഏതു മലമുകളിലേക്കും ഷെഫ് വിളിച്ചോളൂ.... എത്തിയിരിക്കും!’
Content Summary : Actor Vijay Babu And Chef Saji Alex Share Wonderful Memories On World Chef Day