മസാല സോഡയും മോര് സോഡയും മാത്രമല്ല, വെറൈറ്റി ചായ കുടിക്കാനും ഈ സ്പോട്ട് അടിപൊളി
Mail This Article
ദുൽഖർ സൽമാൻ പറയുന്നതുപോലെ കട്ടൻചായ, മഴ, പരിപ്പുവട പിന്നെ ജോൺസൺ മാഷിന്റെ പാട്ടും.. ആഹാ അന്തസ്.. മഴയിങ്ങനെ തകർത്തു പെയ്യുമ്പോൾ തണുപ്പത്ത് നല്ല ചൂടു കട്ടൻചായ ഊതിയൂതി കുടിക്കാൻ തോന്നുന്നുണ്ടോ? കട്ടൻ ചായ മാത്രമല്ല പലതരത്തിലുള്ള വെറൈറ്റി ചായകളും കുടിക്കാം. അതിന് പറ്റിയ കിടിലൻ സ്പോട്ടുണ്ട്. എറണാകുളം കളമശേരിയിലൂടെ പോകുമ്പോൾ തിരക്കിൽ നിന്നും മാറി വെറൈറ്റി ചായകൾ പരീക്ഷിക്കാനൊരിടം. ടീ കഫേ കൊച്ചി. കളമശേരിയും പുതിയ സിപോർട്ട്- എയർപോർട്ട് റോഡും ചേരുന്ന നാലുവരിപ്പാതയിലാണ് യുവാക്കൾക്കിടയിലും ഫാമിലിയ്ക്കിടയിലും ട്രെൻഡിങ്ങായിക്കൊണ്ടിരിക്കുന്ന ടി കഫേ. വെറൈറ്റി ചായകൾ തന്നെയാണ് ഇവിടയേക്ക് ആളുകളെ ആകർഷിക്കുന്നതും. ഒപ്പം നല്ല രുചിയേറും തലശ്ശേരി കടികളും അവിൽ മിൽക്കും.
ചായപ്രേമിയാണ് കേട്ടോ
നല്ലൊരു ചായപ്രേമിയാണ് മുഹമ്മദ് റാഷിദ്. നല്ല ചായ അന്വേഷിച്ച് നടന്ന് അവസാനം സ്വന്തമായി കഫേ തുടങ്ങിയ കൊച്ചിക്കാരൻ. ചായ കുടിയ്ക്കാനെത്തുന്നവർക്ക് മനസുനിറച്ച് വെറൈറ്റി ചായകളും കടികളും നൽകി റാഷിദ് ഇന്ന് നാട്ടിൽ താരമായി കഴിഞ്ഞു.
ടീ കഫേ എന്നാണ് പേരെങ്കിലും ചായയ്ക്ക് പുറമേ വിവിധ തരം അവിൽമിൽക്കും ഷേയ്ക്കുകളും ഇവിടെ ലഭ്യമാണ്. ഒപ്പം പലതരത്തിലുള്ള കടികളും. എന്നാൽ ഇപ്പോൾ പ്രധാന താരം ചുരണ്ടി ഐസ് തന്നെ.കോഴിക്കോട് ബീച്ചിന്റെ ട്രേഡ് മാർക്ക് ആയ ചുരണ്ടി ഐസ് ഇവിടെ കൊച്ചിയിലും എത്തിച്ച് ഫാൻസിനെ ഉണ്ടാക്കി എടുത്തിട്ടുണ്ട് റാഷിദ്. കഫേയിലെത്തുന്നവരിൽ ഭൂരിഭാഗവും ഫാമിലിയാണെന്ന് റാഷിദ് പറയുന്നു. വൈകുന്നേരം നാലുമണിയോടെ തിരക്കാരംഭിക്കുന്ന ടീ കഫേയിൽ രാത്രി ഏറെ വൈകിയും ചായ കുടിക്കാനായി ആളുകളെത്തുന്നുണ്ട്.
നാലുവരിപ്പാതയുടെ നിർമാണം നിർത്തിവച്ചിരിക്കുന്നതിനാലും തിരക്കുകുറവായതിനാലും ടി കഫേയിലെത്തി ഒരു സ്പെഷ്യൽ ചായ കുടിയ്ക്കാൻ നിരവധിപ്പേരാണ് ഓരോ ദിവസവും എത്തുന്നത്. സിറ്റിയിൽ തന്നെയാണെങ്കിലും വാഹനങ്ങളുടെ തിരക്കില്ലാതെ സ്വസ്ഥമായി സുഹൃത്തുക്കൾക്കും ഫാമിലിയ്ക്കുമൊപ്പവും കുറച്ചുസമയം ചെലവഴിയ്ക്കാൻ മികച്ചൊരു ഇടമാണ് ടീ കഫേ. വൈകുന്നേരങ്ങളിൽ ചായ കുടിക്കുന്നതിന്റെ ഒപ്പം നല്ല പാട്ടും ആസ്വദിക്കാം.
ചായ മാത്രമല്ല, മസാല സോഡയും മോര് സോഡയും പൊളിയാണ്
ഇവിടുത്തെ മറ്റൊരു സ്പെഷ്യാലിറ്റിയാണ് മോര് സോഡ. അധികം കേട്ടുപരിചിതമല്ലാത്ത ഈ ഐറ്റവും ഏറ്റവും കൂടുതൽ ഇവിടെ ആളുകൾ അന്വേഷിച്ചെത്തുന്നുണ്ട്. മോരു സോഡ കുടിക്കാൻ വേണ്ടി മാത്രം വണ്ടിയോടിച്ച് ഇവിടെയെത്തുന്നവർ ഉണ്ടെന്നാണ് പറയുന്നത്.പലതരത്തിലുള്ള ചായകളുടെ നീണ്ട നിര തന്നെയുണ്ട് ടീ കഫേയിൽ. ഉപ്പുമാങ്ങ സോഡാ മസാല സോഡ, മുന്തിരി സോഡാ, കുടം കിടു സോഡാ അങ്ങനെ വ്യത്യസ്ത മാറുന്ന സോഡകളും ഇവിടെ കിട്ടും.
ചായയെ പ്രണയിക്കുന്ന ഒരാൾ ഉണ്ടാക്കുന്ന ചായ ഒരിക്കലും നമ്മളെ നിരാശരാക്കില്ലെന്ന് ഉറപ്പാണ്. 24 മണിക്കൂറും തുറന്നിരിക്കുന്നു. അപ്പോൾ ഇനി ടി കഫേയിലെത്തി ഒരു ചായക്കൊപ്പം മനസ്സുനിറച്ച് നല്ല കിടുക്കൻ കടികൾ കൂടി കഴിച്ച് വൈകുന്നേരം അടിപൊളി ആക്കാം.