കിടുക്കോവ്സ്ക്കി ഫിഷ് സയാദിയാ

വെണ്ണപോലെ വെന്ത ചോറ്. ചോറു വെണ്ണപോലെ വെന്താൽ ചേറുപോലെ ആവില്ലേ എന്നു ചോദിക്കുന്നവർക്കുള്ള ഉത്തരമാണിത്. ഫിഷ് സയാദിയാ. ഇതൊരു മീൻ ബിരിയാണിയല്ല. വറുത്ത മീനും ചോറും ചേർന്നൊരു വേറിട്ട വിഭവമാണ്. 

റഷ്യൻ തലസ്ഥാനമായ മോസ്കോയിലെ ജോർദാൻ സ്ഥാനപതി കാര്യാലയത്തിലെ എക്സിക്യുട്ടീവ് ഷെഫ്, കൊച്ചിക്കാരൻ ജോസ് തോമസിന്റെ കൈപ്പുണ്യത്തിലാണ് ഈ വിഭവം ‘രസഗുള’ വായനക്കാർക്കായി അവതരിക്കുന്നത്. 

വൈപ്പിൻ കർത്തേടത്ത് വെളിയിൽ വീട്ടിൽ ജോസ് തോമസ് സയാദിയായിൽ ഉപയോഗിക്കുന്നതു സീബാസ് അല്ലെങ്കിൽ ദൊറാഡോ എന്നീ മീനുകളിലൊന്നാണ്. കേരളത്തിൽ നെയ്മീൻ ഉപയോഗിക്കാം. കണമ്പും ആവാം.

സാധനങ്ങൾ:

മീൻ 1.5 കിഗ്രാം, 1.5’’ വലിപ്പത്തിൽ കഷണങ്ങളാക്കിയത്.
തല വേറെ മുറിച്ചു കഷണങ്ങളാക്കണം.

ചോറിന്:
ബസ്മതി അരി: 4 കപ്പ് (കുതിർത്തെടുത്തത്)
മീൻ മസാല
ജീരകപ്പൊടി: 1 ടേബിൾ സ്പൂൺ
മല്ലിപ്പൊടി: 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി: 1 ടീസ്പൂൺ
മുളകുപൊടി: 1 ടീസ്പൂൺ
കറുത്ത കുരുമുളകുപൊടി: 1 ടീസ്പൂൺ
വെളുത്തുള്ളി: 4 അല്ലി ചതച്ചത്
ഒരു നാരങ്ങയുടെ നീര്
ഉപ്പ്്: പാകത്തിന്

സ്റ്റോക്കിനുള്ള കൂട്ട്

മീൻതല
കഷണങ്ങളാക്കിയത്
സവാള അരിഞ്ഞത്: 1
കറുവാപ്പട്ട: 2 കഷണം
വെളുത്തുള്ളി: 2 അല്ലി
ഗ്രാമ്പൂ: 6
ഏലം: 6
ബേ ലീവ്സ്: 2
കറുത്ത കുരുമുളക്: 1 ടീസ്പൂൺ
തക്കാളി: 2
ഉപ്പ്്: ആവശ്യത്തിന്

മസാലക്കൂട്ടു മീൻ കഷണങ്ങളിൽ പുരട്ടിവയ്ക്കുക. കുറച്ചുസമയത്തിനുശേഷം വറുത്തെടുക്കുക.

ചൂടാക്കിയ എണ്ണയിൽ സവാള വഴറ്റിയശേഷം സുഗന്ധവ്യഞ്ജനങ്ങൾ ചേർക്കണം. എല്ലാം പാകമായിവരുമ്പോൾ വെള്ളവും മീൻതല കഷണങ്ങളും ചേർത്ത് 20 മിനിറ്റ് തിളപ്പിക്കുക. കഷണങ്ങൾ വെന്ത് ചാറുകുറുകുമ്പോൾ സ്റ്റോക്ക് അരിച്ചെടുക്കണം.

ചുവടുകട്ടിയുള്ള പാത്രത്തിൽ സവാള വട്ടത്തിൽ അരിഞ്ഞു നിരത്തണം അതിനു മുകളിൽ വറുത്ത മീൻ കഷണങ്ങൾ. അതിനും മു‍കളിലായി അരി നിരത്തണം. അതിലേക്ക് സ്റ്റോക്ക് ഒഴിക്കുക. അരി വേവാൻ ആവശ്യമുള്ളത്ര സ്റ്റോക്ക് ചേർക്കണം. ഇടത്തരം തീയിൽ 10 മിനിറ്റ് വേവിക്കണം. പിന്നീട് നേരിയ തീയിൽ വേവിക്കണം. അരിവെന്തുവരുമ്പോൾ ചൂടുനെയ് കുറേശ്ശേ മുകളിലൂടെ ഒഴിച്ചുകൊടുക്കണം. വിളമ്പുന്നതിനു മുൻപായി അരിയും മീനും നിരത്തിയ പാത്രം മറ്റൊന്നിലേക്കു അടിമുടി മറിക്കുക. അപ്പോൾ വറുത്ത മീൻ കഷണങ്ങൾ മുകളിലും അരി താഴെയുമായി വരും. വറുത്ത ബദാം, കശുവണ്ടി, നേർമയായി അരിഞ്ഞുവറുത്ത സവാള എന്നിവ മുകളിൽ വിതറി അലങ്കരിക്കാം. ചൂടോടെ വിളമ്പാം.