https://www.facebook.com/SachinTendulkar/videos/668097860313525/
https://www.facebook.com/SachinTendulkar/videos/668097860313525/

ക്രിക്കറ്റിൽനിന്നു വിരമിച്ച ശേഷം മാസ്റ്റർ ബ്ലാസ്റ്റർ ഒഴിവു നേരങ്ങളിലെന്താകും ചെയ്യുക. കുടുംബത്തോടൊപ്പം മുഴുവൻ സമയവും ചെലവഴിക്കുമെന്ന് കരുതിയാലും തെറ്റില്ല. പോയ വനിതാദിനത്തിൽ സച്ചിൻ അടുക്കളയിൽ ഒരു മികച്ച 'പാചക' ഇന്നിങ്സ് വിജയകരമായി പൂർത്തിയാക്കി. തന്റെ അമ്മയ്ക്കും ഭാര്യ അഞ്ജലിക്കും മകൾ സാറയ്ക്കും വേണ്ടി രുചികരമായൊരു വിഭവം. വഴുതനയും സവോളയും തക്കാളിയും പാകത്തിനു മസാലകളും ചേർത്ത ബാൻഗൻ കാ ബർത്തയെന്ന പഞ്ചാബി രുചിക്കൂട്ടാണ് സച്ചിൻ തന്റെ വീട്ടുകാർക്കു വേണ്ടി തയാറാക്കിയത്. ‘ഇത് ആദ്യം എന്റെ അമ്മയ്ക്ക് രുചിക്കാൻ കൊടുക്കണം, കാരണം കുട്ടിക്കാലത്ത് എനിക്കിതു തയാറാക്കിത്തരാൻ എത്രയോ സമയം  അവർ ചെലവഴിച്ചിട്ടുണ്ട്’ - ബർത്ത തയാറാക്കിയ ശേഷം സച്ചിൻ പറഞ്ഞു.

എന്തായാലും അധികം എരിവില്ലാതെ തയാറാക്കിയ ബർത്ത സച്ചിന്റെ അമ്മയ്ക്ക് ഏറെ ഇഷ്ടപ്പെട്ടെന്ന് സച്ചിൻ ഫെയ്സ്ബുക്കിൽ വിഡിയോ സഹിതം കുറിച്ചു. മാസ്റ്റർ ബ്ലാസ്റ്ററിന്റെ കൈയടി നേടിയ ബാൻഗൻ കാ ബർത്തയുടെ പാചകക്കുറിപ്പ് ചുവടെ

ബാൻഗൻ കാ ബർത്ത

  • വഴുതനങ്ങ – 2 വലുത്
  • സവാള – 2
  • തക്കാളി – 3
  • യോഗർട്ട് – 250 ഗ്രാം
  • മുളകുപൊടി – 2 ടീസ്പൂൺ
  • മഞ്ഞൾപ്പൊടി – 1 ടീസ്പൂൺ
  • മല്ലിപ്പൊടി – 1 ടീസ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്
  • എണ്ണ – അര കപ്പ്
  • ഇഞ്ചി വെളുത്തുളളി പേസ്റ്റ് – 2 ടീസ്പൂൺ
  • ഗരം മസാല – 1 ടീസ്പൂൺ

അലങ്കരിക്കാൻ 

പച്ചമുളക്

മല്ലിയില

തയാറാക്കുന്ന വിധം

∙ വഴുതനങ്ങ വരഞ്ഞ് ഗ്യാസ് സ്റ്റൗവിൽ  ചുട്ടെടുക്കുക. പുറ ഭാഗം നിറം മാറിക്കഴിയുമ്പോൾ ഇതിന്റെ തൊലി മാറ്റി, നന്നായി ഉടച്ചെടുക്കണം.

∙ ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി സവാള ഇട്ട് നന്നായി വഴറ്റിയെടുക്കുക. ഇതിലേക്കു ഇഞ്ചി വെളുത്തുള്ളി പേസ്റ്റും തക്കാളിയും ചേർത്ത് എണ്ണ തെളിയുന്നതുവരെ വഴറ്റണം.

∙ മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, ഗരംമസാല, ഉപ്പ് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കാം. ഇതിലേക്കു യോഗർട്ട് ചേർക്കാം. തയാറാക്കിയ വഴുതനങ്ങയും ചേർത്ത് ചെറുതീയിൽ 5 മിനിറ്റ് വേവിക്കാം.

∙പച്ചമുളകും മല്ലിയിലയും അൽപം ഗരം മസാലയും വിതറി വിളമ്പാം.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT