നല്ല ഫ്രഷ് മീൻ കഴിച്ചാൽ മതി സൗന്ദര്യമൊക്കെ അങ്ങ് വന്നോളും : ധർമ്മജൻ ബോൾഗാട്ടി
Mail This Article
നല്ല ഫ്രഷ് മീൻ കഴിച്ചാൽ മതി സൗന്ദര്യമൊക്കെ അങ്ങ് വന്നോളും , സംശയമുണ്ടെങ്കിൽ ഈ ആർട്ടിക്കിൾ വായിച്ചു നോക്കൂ എന്ന കുറിപ്പോടെ സമൂഹമാധ്യമത്തിൽ ധർമ്മജൻ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്. മീൻകഴിച്ചാലുള്ള ഗുണഗണങ്ങളാണ് ഇതിൽ പറഞ്ഞിരിക്കുന്നത്.
സൗന്ദര്യം വരാൻ ഏതു ക്രീമാ ചേട്ടാ നല്ലത്?
ക്രീമോ...മോൾ ഈ ആർട്ടിക്കിൾ ഒന്ന് വായിച്ചു നോക്കിക്കേ. നല്ല ഫ്രഷ് മീൻ കഴിച്ചാൽ മതി സൗന്ദര്യമൊക്കെ അങ്ങ് വന്നോളും. എന്നൊരു ധർമ്മൂസ് ട്രോളും ഉൾപ്പെടുത്തിയിട്ടുണ്ട്.
ധർമ്മജന്റെ ഫെയ്സ് ബുക്ക് കുറിപ്പ് വായിക്കാം
മത്സ്യം രുചികരമാണ്. ഒപ്പം നിരവധി ഗുണങ്ങളും ആരോഗ്യത്തിന് സമ്മാനിക്കുന്നുണ്ട്. മീനിലുള്ള എണ്ണ ശരീരത്തിൽ കൊഴുപ്പ് അടിയുന്നതിനെ പ്രതിരോധിക്കും. മാത്രമല്ല ഒമേഗ ത്രീ ഫാറ്റി ആസിഡ് ഹൃദയാരോഗ്യം സംരക്ഷിക്കും. മത്സ്യം ഹൃദയത്തിന് ഹാനികരമായ ട്രൈഗ്ലിസറൈഡ്സ് കുറയ്‌ക്കുകയും അതേസമയം നല്ല കൊളസ്‌ട്രോൾ വർദ്ധിപ്പിക്കുകയും ചെയ്യുന്നു.ഒമേഗ ത്രീ ഫാറ്റി ആസിഡ് അർബുദ സാദ്ധ്യത കുറയ്‌ക്കുന്നതായി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ആർത്രൈറ്റിസ്, പ്രോസ്‌റ്റൈറ്റിസ് എന്നിവയ്‌ക്ക് പ്രതിവിധിയുമാണ് മത്സ്യം. തലച്ചോറിന്റെ പ്രവർത്തനം ഉദ്ദീപിപ്പിക്കാനും മീനിലെ ഒമേഗ ത്രി ഫാറ്റി ആസിഡിന് കഴിയും. ബുദ്ധിയും ഓർമശക്തിയും വർദ്ധിപ്പിക്കാനും മികച്ചതാണ് മത്സ്യം.
കാഴ്ചശക്തി വർദ്ധിപ്പിക്കുന്നതിനൊപ്പം ഗ്ലൂക്കോമ, മാക്യുലാർ ഡീജനറേഷൻ, ഡ്രൈ ഐ എന്നീ നേത്രരോഗങ്ങളെ പ്രതിരോധിക്കുകയും ചെയ്യും. മത്സ്യം നിത്യഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ചർമ്മത്തിന് തിളക്കവും യൗവനവും നൽകും.
ധർമ്മജന്റെ ചങ്ക് പിഷാരടി ഇതിനൊരു മറുപടി കൊടുക്കുമോ എന്ന കൗതുക ചോദ്യവും വായനക്കാർ ചോദിച്ചിട്ടുണ്ട്. ധർമ്മൂസ് ഫിഷ് ഹബ്ബിലൂടെ മത്സ്യ വിപണിയിൽ സജീവമാണ് ധർമ്മജൻ.