വേദനാജനകമാണ് ആ വാർത്ത; അടച്ചു പൂട്ടിയ ഹോട്ടലിന് ഒരു ആരാധകന്റെ സ്നേഹാദരം
കയ്യിൽ ഒതുങ്ങുന്ന ഒരു വട്ടപ്പാത്രത്തിൽ നിറച്ച് സാമ്പാർ. അതിനുള്ളിൽ മുങ്ങിക്കുളിച്ച്, നാണിച്ചൊളിച്ച് രണ്ടു ഉഴുന്നുവടകൾ. രണ്ടു സ്പൂൺ. അപ്പോഴേക്കും നാവിൽ വെള്ളമൂറിയിട്ടുണ്ടാകും. പക്ഷേ, സ്പൂൺ കയ്യിലെടുക്കരുത്. കുറച്ചു ചട്നി കൂടി തരാമോ എന്നു ചോദിക്കണം. അത് സത്യത്തിൽ രേഖകളിലുള്ളതല്ല. നമ്മൾ സൂത്രത്തിൽ എക്സ്ട്രാ (ഫ്രീയായി) സംഘടിപ്പിക്കേണ്ടതാണ്. കിട്ടുന്ന ചട്നി സാമ്പാറിനു മുകളിലേക്ക് അൽപം ഒഴിച്ചു കൊടുക്കണം. സാമ്പാറിന്റെ ബ്രൗൺ നിറത്തിനുമേൽ പൊട്ടുകടലച്ചട്നിയുടെ തൂവെള്ള പരന്നുണ്ടാകുന്ന ആ കാഴ്ചയുടെ ഭംഗി ഏതു കളർഫുളായ പുഡ്ഡിങ്ങിനെയും അതിശയിക്കും. അതു തന്നെ ആനന്ദമാണ്.
സാധാരണ ഉഴുന്നു വടയല്ല, സാമ്പാർ വടയിലെ വട. സാധാരണ ഉഴുന്നുവടയുണ്ടാക്കി സാമ്പാറിലിട്ടാൽ സാമ്പാർ വടയാകില്ലെന്നർഥം. അതു വേറൊരു കൂട്ടാണ്. സാമ്പാറിൽ കിടന്നു കുതിർന്ന്, ഉള്ളറകളിലാകെ നനഞ്ഞ്, നാവിൽ തൊട്ടാൽ അലിഞ്ഞുപോകുന്നത്രയും മൃദുവായി...കൂടുതൽ എഴുതാൻ കഴിയാതാകുന്നു; നാവിൽ വെള്ളമൂറി, കണ്ണു നിറഞ്ഞിട്ടാണ്! അതിശോക്തിയല്ല, ഇത്രയും എഴുതിയത് അത്രയും ഫീൽ ചെയ്തിട്ടു തന്നെയാണ്!
∙∙∙
എന്നെപ്പോലുള്ള എല്ലാ ഭക്ഷണപ്രിയരെയും രുചിയുടെ ഇത്തരം ചില മാന്ത്രികതകൾ കൊണ്ട് ആനന്ദലഹരിയിലാഴ്ത്തിയ ഹോട്ടലായിരുന്നു പാലക്കാട്ടെ അശോക് ഭവൻ. സാമ്പാർ വട മാത്രമല്ല, അങ്ങനെയുള്ള എന്തെന്തെല്ലാം വിഭവങ്ങൾ. നെയ്റോസ്റ്റെന്നു പറഞ്ഞ് മിക്ക ഹോട്ടലുകളിലും ഇപ്പോൾ കിട്ടുന്നത് പുളിക്കാത്ത ദോശമാവിൽ, റവ ചേർത്തുണ്ടാക്കിയ പപ്പടസമാനമായ വ്യാജസൃഷ്ടിയാണെങ്കിൽ, അശോക് ഭവനിൽ കിട്ടിയിരുന്നത്, തലേരാത്രിയിലെ ഗാഢനിദ്രയിൽ പുളിച്ചുപൊന്തിയ നല്ല ഒന്നാന്തരം ദോശമാവു കൊണ്ടുണ്ടാക്കിയ യഥാർഥ്യമായിരുന്നു.
മസാല ദോശയുടെ ഉള്ളിലെ ഫ്ലൂറസന്റ് മഞ്ഞ മസാലയരപ്പ്, നേരിയ തണുത്ത തൈരിൽ മുങ്ങിക്കിടന്ന് വിടർന്ന തൈരുവട, പൊറോട്ട - വെജിറ്റബിൾ കുറുമ കോംബിനേഷൻ എന്തൊക്കെ രുചിസമൃദ്ധികളായിരുന്നു. ദോശയാദി വിഭവങ്ങളുടെ ഒരു പ്രത്യേകത, അതിന്റെ രുചിപൂർണത ഒപ്പം കിട്ടുന്ന സാമ്പാറുമായും ചട്നിയുമായും അത്രമേൽ ഇഴുകുച്ചേർന്നിരിക്കുന്നു എന്നതാണ്.
ചട്നി മോശമായാൽ ലോകത്തിലെ ഏറ്റവും മനോഹരമായ ദോശ പോലും പരാജയപ്പെട്ടുവെന്നു വരും. അശോക്ഭവനിൽ ആ റിസ്ക് ഇല്ലായിരുന്നു. അവിടുത്തെ ദോശയും സാമ്പാറും ചട്നിയും ഒറ്റ പ്രസവത്തിലെ മൂന്നു കുട്ടികളായിരുന്നു. അങ്ങനെ വേണം, ഒരച്ഛനും ഒരമ്മയുമായിരിക്കണം ഈ മൂന്നിനും. എങ്കിലേ ചേർന്നു വരൂ. സംശയമുണ്ടെങ്കിൽ, ഒരു വീട്ടിലുണ്ടാക്കിയ ദോശ മറ്റൊരു വീട്ടിലുണ്ടാക്കിയ ചട്നിയും ചേർത്തു കഴിച്ചു നോക്കൂ. മിക്കപ്പോഴും യോജിച്ചു പോകില്ല! അടുക്കള, അവിടുത്തെ കാറ്റ്, മണങ്ങൾ, മനുഷ്യർ ഇതൊക്കെ അവിടെയുണ്ടാകുന്ന ഭക്ഷണത്തിന്റെ ഡിഎൻഎയിലുൾച്ചേർന്നിട്ടുണ്ടാകും.
ഉപ്പുമാവിന്റെ ഷേപ്പില്ലായ്ക്കുറിച്ച് എൻ.എസ്. മാധവൻ ഒരു കഥയിൽ എഴുതിയിട്ടുണ്ട്. ആകൃതിയില്ലാത്തതു കൊണ്ട് ഉപ്പുമാവ് ഇഷ്ടമില്ലാത്ത ഒരു കഥാപാത്രം. എന്നാൽ, അശോക്ഭവനിലെ അൽപം കുതിർന്ന ഉപ്പുമാവിനു പോലും വല്ലാത്ത രുചിയായിരുന്നു. പിന്നെ, പൊങ്കൽ പോലുള്ള തമിഴ് വിഭവങ്ങൾ. അങ്ങനെ എന്തെല്ലാമെന്തെല്ലാം...
∙∙∙
പാലക്കാടു ചെല്ലുമ്പോൾ ഇനി അശോക് ഭവൻ ഉണ്ടാവില്ല എന്നത് സങ്കൽപിക്കാൻ പോലും വയ്യ. അത്രയ്ക്കു വേദനാജനകമാണ് ആ അറിവ്. കുട്ടി – ചെറുപ്പകാലത്തൊക്കെ ഞങ്ങളുടെ വലിയ ആഡംബരങ്ങളിലൊന്നായിരുന്നു, അശോക് ഭവനിലെ വൈകുന്നേരങ്ങൾ.
ഭക്ഷണത്തിനു രുചി നൽകുന്നത്, അതിന്റെ കേവലമായ രുചി മാത്രമല്ല, നമ്മൾ ഇരുന്നു കഴിക്കുന്ന ഇടം, നമ്മുടെ ഒപ്പമുള്ള ആളുകൾ ഒക്കെക്കൂടി ചേർന്നാണെന്ന് എനിക്കു പലപ്പോഴും തോന്നിയിട്ടുണ്ട്. കഴിക്കുന്ന ഇടത്തോട് ഇഴുകിച്ചേരാൻ കഴിയുന്നില്ലെങ്കിൽ കഴിക്കുന്ന ഭക്ഷണത്തിന് രുചിയും കുറയും. ഭക്ഷണം, നാവിനെ മാത്രം തൊടുന്ന ഒരു അനുഭവമല്ല. അത് അനുഭവങ്ങളുടെ ഒരു ടോട്ടാലിറ്റിയാണ്. അശോക് ഭവൻ അത്രമേൽ രുചികരമായത്, അതിന്റെ ആകെ അന്തരീക്ഷവും അനുഭവസമഗ്രതയും കൊണ്ടു കൂടിയായിരുന്നു.
20 –25 വർഷമായി അശോക് ഭവനിലെ ടേബിളുകൾ പോലും മാറിയിട്ടില്ലെന്നു തോന്നുമായിരുന്നു. മെനുവിന് ഒരു മാറ്റവുമില്ല. അവിടെ സപ്ലൈയർമാരായി നിന്നിരുന്നവർക്ക് പ്രായമാകുന്നുമുണ്ടായിരുന്നില്ല! പരന്ന ഒരു ഹാൾ, ഇടുങ്ങിയ ഒരു ഫാമിലി സ്പേസ്, പിന്നെ മുകളിലെ ഏസി ഭാഗം. ഒന്നും മാറിയതേയില്ല. (മുകളിലെ എസി മുറികളിലേക്കൊക്കെ എത്രയോ കാലത്തിനു ശേഷമാണ് ഗ്രാജ്വേറ്റ് ചെയ്തെത്തിയത്. എസി മുറിയിലിരിക്കുക എന്നതൊക്കെ അത്യാഡംബരമായിരുന്ന ആ കാലം!)
മുൻ വശത്ത് കൗണ്ടറിനോടു ചേർന്നുള്ള ബേക്കറിയിലെ പലതരം പലഹാരങ്ങൾ. കൗണ്ടർ ടേബിളിനു മുകളിൽ വച്ച മധുരിക്കുന്ന പാൻ (1 രൂപയായിരുന്നു അന്നു വില, 1990കളിലെ കാര്യമാണ്) അതിനുപിന്നിൽ, ആ രണ്ട് ഉടമകൾ - സുധാകരേട്ടനും ദിവാകരേട്ടനും. അവരുടെ സൈഡിൽ, ഒട്ടിച്ചു വച്ച പോലെ എപ്പോഴും കാണുമായിരുന്ന പഴയ ഫുട്ബോൾ താരം വത്സേട്ടൻ.
അശോക് ഭവനിലെ സന്ധ്യകളും പകലുകളും രുചികളും ഒപ്പം പങ്കുവച്ച എല്ലാ കൂട്ടുകാരെയും ഓർക്കുന്നു. നേരത്തെ പറഞ്ഞല്ലോ, ഒപ്പം കഴിക്കുന്നവർ കൂടി ചേർന്നുണ്ടാകുന്ന പ്രിയമാണ് നമ്മുടെ അന്നത്തിന്റെ രുചി!
∙∙∙
ഇടക്കാലത്ത്, അശോക് ഭവനിപ്പോൾ പഴയ രുചിയില്ല, വൃത്തിയില്ല എന്നൊക്കെ പല കൂട്ടുകാരും പറഞ്ഞു കേട്ടിരുന്നു. എങ്കിലും ഓരോ തവണ പാലക്കാട് പോകുമ്പോഴും, മുടക്കമില്ലാതെ (നിർബന്ധമായും) അവിടെ പോയി, ഒരു സാമ്പാർ വടയെങ്കിലും കഴിച്ചിരുന്നു. അങ്ങനെ മുടക്കാതെ, മുടങ്ങാതെ പോയിരുന്ന രണ്ടിടങ്ങളേ പാലക്കാട് ഉണ്ടായിരുന്നുള്ളൂ – വിക്ടോറിയ കോളജും അശോക്ഭവനും. അതിൽ ഇനി വിക്ടോറിയ മാത്രമേ ബാക്കിയുള്ളൂ.