ഈ 8 പച്ചക്കറികൾ വേവിച്ച് ചവറാക്കാതെ കഴിച്ചാൽ ഇരട്ടി ഗുണം!
പാചക പുസ്തകം നോക്കിയോ അല്ലാതെയോ പലതരം പാചകരീതികൾ പരീക്ഷിക്കുമ്പോൾ നമ്മൾ അറിയുന്നില്ല, വേവിച്ച് ആവിയാക്കി കളയുന്നത് പച്ചക്കറിയിലടങ്ങിയിരിക്കുന്ന നല്ല ഒന്നാന്തരം പോഷകങ്ങളാണെന്ന്. വറക്കലും വേവിക്കലും എല്ലാം കഴിഞ്ഞ് നമ്മൾ കഴിക്കുന്നതാകട്ടെ വെറും ‘ചപ്പുചവറ്’. വാദത്തിനു വേണ്ടി ഇങ്ങനെയൊക്കെ പറയാമെങ്കിലും എല്ലാ പച്ചക്കറികളും പച്ചയ്ക്കു തിന്നാൻ പറ്റുകയുമില്ല.
പച്ചക്കറികളുടെ പുറത്തുള്ള രാസമാലിന്യങ്ങളെപ്പറ്റി ഓർക്കുമ്പോൾ ഒട്ടും വയ്യ. എന്നാൽ, വേവിക്കാതെ കഴിക്കാൻ പറ്റുന്ന ചിലതും നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലുണ്ട് എന്ന് ഒന്നറിഞ്ഞു വച്ചേക്കുക. ടേസ്റ്റില്ലേ... എന്നാണ് എന്നിട്ടും പരാതിയെങ്കിൽ കുറച്ച് നാരങ്ങാ നീര്, കുറച്ച് ഒലിവ് എണ്ണ ചേർത്തു തിരുമ്മി കഴിച്ചേക്കണം.
ഇങ്ങനെ കഴിക്കാവുന്ന എട്ട് ഭക്ഷണസാധനങ്ങളുടെ ‘പച്ചയായ’ വിവരങ്ങൾ വായിച്ചാലോ?
∙ബ്രൊക്കോളി: വൈറ്റമിൻ സി, കാൽസ്യം തുടങ്ങിയവയുടെ തലവൻ ആണെങ്കിലും ബ്രൊക്കോളി ബ്രോ അറിയപ്പെടുന്നത് ഇതിൽ അടങ്ങിയിരിക്കുന്ന സൾഫോറാഫേയ്ൻ എന്ന ഘടകത്തിന്റെ പേരിലാണ്. ഇതാകട്ടെ രക്തസമ്മർദം കുറയ്ക്കുകയും ഹൃദയാരോഗ്യം കൂട്ടുകയും ചെയ്യുന്നുണ്ട്. ചൂടാക്കിയാൽ 70 ശതമാനം വരെ നശിക്കും.
∙മുളപ്പിച്ച പയർ: പയർ മുളപ്പിച്ചത് എന്നു പറയുന്ന രാജകീയ വിഭവത്തിൽ ഉള്ള പോഷകത്തെപ്പറ്റി കേട്ടാൽ തന്നെ ഞെട്ടും. വൈറ്റമിൻ സി, ഫോളേറ്റ്, ഫൈബർ, കോപ്പർ, മാംഗനീസ് ഇങ്ങനെ പോകുന്നു. ഇവയെല്ലാം വേവിച്ചു കളഞ്ഞിട്ടു പിന്നെ കഴിക്കണോ.
∙കോളിഫ്ലവർ– കാബേജ് പോലെതന്നെ കാൻസറിനെതിരെ പോരാടും കോളിഫ്ലവറും. കൂടാതെ ദഹനശക്തി കൂട്ടാനും സഹായിക്കുന്നുണ്ട്. വേവിച്ചു കഴിച്ചാൽ 50 മുതൽ 60 ശതമാനം പോഷകങ്ങൾ ആവിയായി പോകുമെന്നു വിദഗ്ധർ.
∙ഉള്ളി– നമ്മൾ കുറച്ചെങ്കിലും പച്ചയ്ക്കു കഴിക്കുന്ന വിഭവമാണ് ഉള്ളി. ഉള്ളിയിൽ അടങ്ങിയ ആലിസിൻ എന്ന ഘടകം അമിത വിശപ്പ് തടയൽ, കാൻസറിനെതിരെ പ്രതിരോധം, ഹൃദയാരോഗ്യം സംരക്ഷിക്കൽ, രക്തസമ്മർദം കുറയ്ക്കൽ തുടങ്ങി ഒട്ടേറെ കാര്യങ്ങൾ ചെയ്തു തരുന്ന ഭക്ഷണമാണ്. പച്ചയ്ക്ക് കഴിച്ചാൽ അവ നന്നായി രക്തത്തിലെത്തും.
∙ വെളുത്തുള്ളി– കേരളീയ പാചകത്തിൽ അത്യന്താപേക്ഷിത ഘടകമായ വെളുത്തുള്ളിയിലും ഉണ്ട് വൈറ്റമിൻ ബി6, സി, ഫൈബർ തുടങ്ങിയവ. പാകം ചെയ്യാതെ കഴിക്കുന്ന വെളുത്തുള്ളി ശ്വാസകോശത്തെ ബാധിക്കുന്ന കാൻസറിനെ ചെറുക്കുകയും ചെയ്യുന്നു. ഇനി അടുത്ത തവണ സാലഡോ മറ്റോ ഉണ്ടാക്കുമ്പോൾ വെളുത്തുള്ളിയും ഇട്ടേക്കണം, പാകം ചെയ്യാതെ.
∙നട്ട്സ്: ആൽമണ്ട്സ്, ഹേസൽനട്ട്സ്, വാൽനട്ട്, അണ്ടിപ്പരിപ്പ്, നിലക്കടല തുടങ്ങിയവയൊന്നും റോസ്റ്റ് ചെയ്യുകയോ ഉപ്പിൽ പൊതിഞ്ഞു കഴിക്കുകയോ ചെയ്യാതിരുന്നാൽ നന്ന്. കാരണം, കൊളസ്ട്രോൾ കുറയ്ക്കുക, രക്തം കട്ടപിടിക്കുന്നത് ഒഴിവാക്കുക, രക്തസമ്മർദം കുറയ്ക്കുക തുടങ്ങിയ നല്ല കാര്യങ്ങൾ ചെയ്യുന്നതാണ് ഇവ.
അൽപം ശ്രദ്ധ
എന്നാൽ ഇനി ഇലക്കറികളും മറ്റും വേവിക്കാതെ കഴിച്ചേക്കാം എന്നു തീരുമാനിക്കാൻ വരട്ടെ. ചന്തയിൽ നിന്നു വാങ്ങുന്ന പച്ചക്കറികളിലും മറ്റും അടങ്ങിയിരിക്കുന്നത് പോഷകങ്ങളേക്കാൾ കൂടുതൽ വിഷാംശമാകാം. അതിനാൽ നന്നായി കഴുകി വൃത്തിയാക്കി എന്നുറപ്പു വരുത്തുക. നാടൻ ജൈവപച്ചക്കറികളാണെന്നു ഉറപ്പുണ്ടെങ്കിൽ നന്ന്. വീട്ടുമുറ്റത്ത് നട്ടുവളർത്തുന്നവയാണെങ്കിൽ അതിലും നന്ന്.