ചക്കക്കഥ #1: െഎസക് ന്യൂട്ടൻ കേരളത്തിലായിരുന്നെങ്കിൽ തലയിൽ ചക്ക വീണു ചത്തേനേ !
ഐസക് ന്യൂട്ടൻ കേരളത്തിലായിരുന്നെങ്കിൽ ചക്ക തലയിൽ വീണ് ചത്തേനേ എന്ന്് സ്കൂൾകുട്ടികൾ പറയാറുണ്ട്. ചക്കയുമായി ബന്ധപ്പെട്ട് എണ്ണിയാൽ തീരാത്തത്ര കഥകളുണ്ട്. ‘ചക്ക വീണ് മുയലു ചാവുന്നതു’ കൊണ്ട് മാത്രം ശിക്കാരിയായ ശിക്കാരിശംഭുവിന്റെ കഥ തന്നെയാവും അതിൽ ഏറെ പ്രസിദ്ധം.
ശക്തൻ തമ്പുരാന്റെ സദ്യ
നാട്ടിലൊരിടത്തും ചക്കയില്ലാത്ത കാലത്ത് ചക്ക കൊണ്ട് സദ്യ ഒരുക്കിയ ശക്തൻ തമ്പുരാന്റെ കഥ രസകരമാണ്. 1805 സെപ്റ്റംബർ 26നാണ് അഥവാ കന്നിമാസം 12നാണ് ശക്തൻ തമ്പുരാൻ മരിച്ചത്. അസുഖബാധിതനായിരുന്ന അദ്ദേഹത്തിനു ഒരു ഭക്ഷണത്തിന്റെയും രുചി പിടിക്കുന്നില്ലായിരുന്നു. കന്നിമാസം തുടങ്ങുന്ന ദിവസം അദ്ദേഹത്തെ രണ്ട് അനന്തരാവകശികൾ സന്ദർശിച്ച് സുഖവിവരം തിരക്കി.
ഭക്ഷണം കഴിക്കുന്നില്ലെന്നറിഞ്ഞ അവർ ശക്തൻ തമ്പുരാന് ഏറ്റവും പ്രിയപ്പെട്ട വിഭവം എതാണെന്നു പറഞ്ഞാൽ അടുത്തദിവസം രാവിലെ അതുതയാറാക്കാം എന്നു പറഞ്ഞു. തന്റെ കാലശേഷം രാജ്യം ഭരിക്കാൻ പോവുന്ന ഇളമുറക്കാരാണ്. അവരുടെ കാര്യശേഷി പരീക്ഷിക്കാൻ ശക്തൻ തമ്പുരാനും തീരുമാനിച്ചു.
കന്നിമാസമാണ്, നാട്ടിലെ പ്ലാവുകളിൽ ചക്കയുണ്ടാവാത്ത കാലവുമാണ്.
തനിക്ക് രാവിലെ കഞ്ഞിക്കൊപ്പം അൽപം ചക്ക കറിവച്ചത് കഴിക്കണമെന്ന് ശക്തൻ തമ്പുരാൻ പറഞ്ഞു. ദിപ്പ ശരിയാക്കിത്തരാം എന്ന മട്ടിൽ ഇളമുറത്തമ്പുരാൻമാർ പരിചാരകരെ പല ദിക്കുകളിലേക്കും ചക്ക കൊണ്ടുവരാൻ പറഞ്ഞുവിട്ടു. പക്ഷേ രാത്രിയായിട്ടും ചക്കയുടെ പൊടിപോലുമില്ല കണ്ടുപിടിക്കാൻ.
രാവിലെ അമൃതേത്തിനു വന്ന ശക്തൻ തമ്പുരാൻ ചക്ക കൂട്ടാൻ എവിടെ എന്ന് ചോദിച്ചപ്പോൾ അൽപം ലജ്ജയോടെ ഇതു ചക്കയുണ്ടാവാത്ത മാസമാണ് എന്ന് അവർ മറുപടി പറഞ്ഞു. ഒരു ചക്ക കൊണ്ടുവരാൻ കഴിയാത്ത നീയൊക്കെയാണോ ഈ രാജ്യം ഭരിക്കുന്നത് എന്ന ഭാവത്തിൽ ശക്തൻ തമ്പുരാൻ വലിയ കപ്പിത്താനെ വിളിച്ചു. ഇളമുറതത്തമ്പുരാൻമാരുടെ മുന്നിൽവച്ച് കപ്പിത്താനോട് പറഞ്ഞു: ‘നാളെ രാവിലെ കുറച്ചാളുകൾക്ക് ചക്ക കൊണ്ട് ഒരു സദ്യ കൊടുക്കണം. എരിശ്ശേരി മുതൽ ഉപ്പേരി വരെ എല്ലാം ചക്ക കൊണ്ടു വേണം. അതിനുള്ള ചക്ക രാത്രി തന്നെ എത്തിക്കണം’.
അന്നുരാത്രി കൊട്ടാരമുറ്റത്ത് പല നാടുകളിൽനിന്ന് ചക്കകളുമായി അനേകമാളുകൾ വന്നെത്തി. ഒരു മല പോലെ ചക്ക കൂട്ടിയിട്ടു എന്നാണ് ഐതീഹ്യമാലയിൽ കൊട്ടാരത്തിൽ ശങ്കുണ്ണി പറയുന്നത്. ചരിത്രത്തിലാദ്യമായി ചക്ക സദ്യ നടത്തിയത് ശക്തൻതമ്പുരാൻ ആയിരിക്കും.
ചക്ക സിനിമ
ചക്കയെ പ്രധാന വിഷയമാക്കി മലയാളത്തിൽ ഒരു സിനിമയിറങ്ങിയത് കഴിഞ്ഞ വർഷമാണ്. ജീൻ മാർക്കോസ് സംവിധാനം ചെയ്ത ‘കുട്ടൻപിള്ളയുടെ ശിവരാത്രി’ ചക്കപ്രേമിയായ ഹെഡ് കോൺസ്റ്റബിൾ കുട്ടൻപിള്ളയുടെ കഥയാണ്. പിള്ളയുടെ വീട്ടുപേര് പോലും ‘പ്ലാഞ്ചോട്’ എന്നാണ്.
വീട്ടിലെ തൊടിയിൽ കുട്ടൻപിള്ള ജീവനുതുല്യം സ്നേഹിക്കുന്ന പ്ലാവുണ്ട്. ശിവരാത്രിക്കാലത്ത് വീട്ടിൽ വരുന്ന എല്ലാ ബന്ധുക്കൾക്കും ചക്ക കൊണ്ടുള്ള വിഭവങ്ങളാണ് വിളമ്പാറുള്ളത്. എന്നാൽ ആ പ്ലാവ് തന്റെ വീടുപണിക്കു വേണ്ടി മുറിച്ചുനൽകണമെന്നാണ് കുട്ടൻപിള്ളയുടെ മരുമകന്റെ ആവശ്യം. അതേ പ്ലാവിലെ ചക്ക തലയിൽ വീണ് കുട്ടൻപിള്ള ഒരു ദിവസം മരിക്കുന്നു. ആപ്ലാവിന്റെ അതിജീവനകഥയാണ് സിനിമ പറയുന്നത്.
‘ചക്കപ്പുഴുക്കു വരട്ടി എരിശ്ശേരി, അവിയല് കൊണ്ടാട്ടം ചക്കത്തോരൻ’ എന്നിങ്ങനെ ചക്ക വിഭവങ്ങളഅ വർണിക്കുന്ന ഒരു ചക്കപ്പാട്ടു സയനോര ഫിലിപ്പ് ഇൗ ചിത്രത്തിനുവേണ്ടി പാടിയിരുന്നു.