ഹോട്ടലിലെ ഭക്ഷണം കഴിച്ചാലുള്ള അപകടങ്ങളെക്കുറിച്ച് ഐക്യരാഷ്ട്രസംഘടനയുടെ ദുരന്തലഘൂകരണ വിഭാഗം തലവൻ മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാവുകയാണ്.

ഒരു മണിക്കൂറിനകം പാചകം നടത്തുന്നതിനെ പറ്റിയുള്ള എന്റെ പോസ്റ്റിന്റെ താഴെ "ഹോട്ടലിൽ നിന്നും ഓർഡർ ചെയ്താൽ അതിലും കുറച്ചു സമയം മതി" എന്ന് കുറച്ചു പേർ കളിയായും കുറച്ചു പേർ കാര്യമായും പറഞ്ഞു.

വാസ്തവത്തിൽ എല്ലാവരും എല്ലാ ദിവസവും വീട്ടിൽ പാചകം ചെയ്യണം എന്നെനിക്ക് ഒരു നിർബന്ധവും ഇല്ല. നമ്മുടെ തൊഴിൽ വേറെ ആവുകയും എല്ലാ ദിവസവും പുറത്തു നിന്ന് കഴിക്കുകയും ചെയ്താൽ അതിനും ഒരു പരാതിയില്ല. പക്ഷെ കേരളത്തിലെ ഹോട്ടലിൽ നിന്നും സ്ഥിരം ഭക്ഷണം കഴിക്കുന്നത് അപകടം വിളിച്ചു വരുത്തൽ ആണ്, സംശയമില്ല.

പല തരത്തിൽ ആണ് നമ്മുടെ പൊതുവെ ഹോട്ടലുകൾ നമ്മുടെ ആരോഗ്യം കുഴപ്പത്തിൽ ആക്കുന്നത്.

1. പരമാവധി ലാഭം ഉണ്ടാക്കുക എന്നതാണ് പൊതുവെ ഹോട്ടലുകാരുടെ ഉദ്ദേശം അതുകൊണ്ട് ഗുണ നിലവാരം ഉള്ളതോ ആരോഗ്യകരമായതോ ആയ വസ്തുക്കൾ ഉപയോഗിച്ച് പാചകം ചെയ്യാൻ അവർക്ക് പ്രത്യേകിച്ച് ഒരു താല്പര്യവും ഇല്ല. ഉപയോഗിക്കുന്ന എണ്ണ, നിറമുണ്ടാക്കാൻ ഉപയോഗിക്കുന്ന വസ്തുക്കൾ, മസാലകൾ ഇതിലൊന്നും കസ്റ്റമറുടെ ആരോഗ്യം അല്ല പ്രധാനം. ലാഭം കൂട്ടുന്ന ആരോഗ്യകരമല്ലാത്ത പല പൊടിക്കൈകളും റെസ്റ്റോറന്റുകാരുടെ കയ്യിൽ ഉണ്ട്.

2. നമ്മുടെ മിക്കവാറും ഹോട്ടലുകളിൽ പാചകം ചെയ്യുന്നത് പാചകത്തെ പറ്റി പ്രത്യേകിച്ച് ഒരു പരിശീലനവും ഇല്ലാത്തവർ ആണ്, കൂടെ നിൽക്കുന്നവരുടെ കാര്യം പറയാനുമില്ല. കസ്റ്റമറുടെ ആരോഗ്യത്തെ പറ്റി രണ്ടാമതൊന്നു ചിന്തിക്കാതെ ഓരോന്ന് ചെയ്യാനും അവർക്ക് ഒരു മടിയും ഇല്ല. പാചകം ചെയ്യാൻ ഉപയോഗിക്കുന്ന എണ്ണ അനന്തമായി പുനരുപയോഗം ചെയ്യുന്നത് കൂടാതെ അതിലേക്ക് പുതിയതായി എണ്ണ ഒഴിക്കേണ്ടി വരുമ്പോൾ പ്ലാസ്റ്റിഗ് ബാഗിൽ ഉള്ള എണ്ണ ഒന്ന് പൊട്ടിച്ചൊഴിക്കാൻ കൂട്ടാക്കാതെ ബാഗ് മൊത്തമായി തിളച്ച എണ്ണയിൽ ഇടുന്നത് ഞാൻ കണ്ടിട്ടുണ്ട് (വലിയ സദ്യ ഉണ്ടാക്കുന്ന സ്ഥലത്താണ് കേട്ടോ).

3. ഒട്ടും ആരോഗ്യകരമല്ലാത്ത സാഹചര്യത്തിലാണ് പാചകം നടക്കുന്നത്. നമ്മുടെ നല്ല ഹോട്ടലുകളുടെ പോലും അടുക്കള പോയി കണ്ടാൽ പിന്നെ അവിടെ നിന്ന് കഴിക്കാൻ തോന്നില്ല.

4. ഭക്ഷണം ഉണ്ടാക്കുന്നതിന് മുൻപും ഉണ്ടാക്കിയതിന് ശേഷവും മാംസവും പച്ചക്കറികളും പാചകം ചെയ്ത വിഭവങ്ങളും ഒക്കെ സ്റ്റോർ ചെയ്യുന്നതും ആരോഗ്യകരമായിട്ടല്ല. എന്നാണ് ഒരു വസ്തു ഉണ്ടാക്കിയത്, എത്ര നാളായി പുറത്തോ കോൾഡ് സ്റ്റോറിലോ ഫ്രിഡ്ജിലോ ഒക്കെ ഇരിക്കുന്നു എന്നതിന് പ്രത്യേകിച്ച് കണക്കുകൾ ഒന്നുമില്ല.

പൊതുജനങ്ങൾക്ക് ഭക്ഷണം ഉണ്ടാക്കാൻ ഉള്ള സ്ഥലങ്ങളുടെ വൃത്തിയും സുരക്ഷയും ഒക്കെ നോക്കാൻ നമുക്ക് വകുപ്പുകൾ ഉണ്ട്, ആവശ്യത്തിന് നിയമങ്ങളും. പക്ഷെ ഈ വകുപ്പിൽ ജീവനക്കാരുടെ എണ്ണം തീരെ കുറവാണ്, ഉള്ളവരിൽ ഒരു ഭാഗത്ത് അഴിമതിയും ഒരു ഭാഗത്ത് സമ്മർദ്ദങ്ങളും ആണ്. കാരണം എന്താണെങ്കിലും ഈ സംവിധാനം വേണ്ട തരത്തിൽ നടക്കുന്നില്ല എന്നതിന് തെളിവ് നമ്മുടെ ചുറ്റും എവിടേയും ഉണ്ട്. "Proof of the pudding is in eating" എന്ന ചൊല്ലിന് ഇവിടെ പല അർത്ഥങ്ങൾ ആണ്.

പക്ഷെ ഒന്ന് കൂടി പറയണം, നിയമങ്ങൾ ഒക്കെ പാലിച്ച്, വൃത്തിയായി, നല്ല വസ്തുക്കൾ ഉപയോഗിച്ച്, പാചകത്തിൽ എന്തെങ്കിലും പരിശീലനം ഉള്ളവരെ കൊണ്ട് മാത്രം പാചകം ചെയ്യിച്ച്, പാചകം ചെയ്ത് ബാക്കി വരുന്നവ അനന്തമായി സ്റ്റോർ ചെയ്യാതെ, ഒരിക്കൽ ഉപയോഗിച്ച എണ്ണ പത്താമതും ഇരുപതാമതും ഉപയോഗിക്കാതെ ഒക്കെ ഒരു റെസ്റ്റോറന്റ് നടത്തണമെങ്കിൽ നൂറു രൂപക്ക് ബിരിയാണിയും അമ്പത് രൂപക്ക് മസാലദോശയും കൊടുക്കാൻ പറ്റിയെന്ന് വരില്ല. സംവിധാനങ്ങളിൽ അഴിമതി ഉള്ളതിനാൽ കുറച്ചു പേർക്ക് നിയമങ്ങൾ പാലിക്കാതെ പ്രസ്ഥാനങ്ങൾ നടത്താനുള്ള അവസരം ഉള്ളിടത്തോളം ഈ സ്ഥിതി തുടരും.

കാര്യങ്ങൾ മാറാൻ സമയം എടുക്കും, എന്നാലും ഒരു പഞ്ചായത്തിനും കോർപ്പറേഷനും ചെയ്യാവുന്ന ചില കാര്യങ്ങൾ ഉണ്ട്.

1. ആരോഗ്യകരമായി ഭക്ഷണം ഉണ്ടാക്കുന്നതിനെ പറ്റി ഒരു ദിവസത്തെ പരിശീലനം മറ്റുള്ളവർക്ക് വേണ്ടി ഭക്ഷണം ഉണ്ടാക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്ന എല്ലാവർക്കും നിർബന്ധം ആക്കുക (കാറ്ററിങ് ആളുകൾ ഉൾപ്പടെ). ഒരു വർഷത്തിനകം ഇത്തരം സർട്ടിഫിക്കറ്റ് ഇല്ലാത്തവർ ഹോട്ടലുകളിൽ പാടില്ല എന്ന് നിബന്ധന വക്കുക.

2. ഓരോ ഹോട്ടലിലും ഓരോ ദിവസവും ഒരു സോഷ്യൽ ഓഡിറ്റ് നിർബന്ധം ആക്കുക. ഹോട്ടലിലെ വൃത്തി അളക്കാൻ പറ്റിയ അഞ്ചോ ആറോ വിഷയങ്ങൾ ഒരു ചെക്ക് ലിസ്റ്റ് ആയിട്ട് ഉണ്ടാക്കുക (ടേബിൾ വൃത്തിയാണോ, അടുക്കള എങ്ങനെ ഉണ്ട്, കോൾഡ് സ്റ്റോറേജിൽ എത്ര പഴയ സാധനങ്ങൾ ഉണ്ട്, ഭക്ഷണം എങ്ങനെയാണ് സ്റ്റോർ ചെയ്തിരിക്കുന്നത്, ഭക്ഷണം കൈകാര്യം ചെയ്യുന്നവർ അതെങ്ങനെ ചെയ്യുന്നു എന്നിങ്ങനെ). ഇതിൽ ഓരോന്നിലും "വളരെ നല്ലത്" തൊട്ട് "ഏറ്റവും അതൃപ്‌തികരം" വരെ ഉള്ള ഗ്രേഡിംഗ് വക്കുക. എന്നിട്ട് ഓരോ ദിവസവും ഹോട്ടലിൽ വരുന്ന ഒരു കസ്റ്റമറെ കൊണ്ട് ഇത് പൂരിപ്പിക്കാൻ പറയുക, ആ സർട്ടിഫിക്കറ്റ് കസ്റ്റമറുടെ പേരും ഒപ്പും സഹിതം ഹോട്ടലിൽ പബ്ലിക്ക് ആയി പ്രദർശിപ്പിക്കുക.

വളരെ പ്രൊഫഷണൽ ആയും വൃത്തിയായും നടക്കുന്ന ഹോട്ടലുകൾ ഇല്ല എന്നല്ല കേട്ടോ, മൊത്തത്തിൽ നോക്കിയാൽ അത് കുറവാണ്. ഹോട്ടലിന്റെ ഗ്രേഡിങ്ങും, പെരുമയും രുചിയും ഒന്നുമായി അവിടുത്തെ വൃത്തിക്ക് ബന്ധമില്ല.

നാട്ടിൽ പോകുമ്പോൾ സ്ഥിരമായി ഹോട്ടലുകളിൽ ഭക്ഷണം കഴിക്കുന്ന ആളാണ് ഞാൻ. ഉടനടി വയറിളക്കം ഉണ്ടാകാതെ നോക്കുക എന്നത് മാത്രമാണ് ശ്രദ്ധിക്കാറുള്ളൂ. പാചകം ചെയ്യാത്ത ഒന്നും കഴിക്കാതിരിക്കുക (സാലഡ്), ജ്യൂസ് വാങ്ങിയാൽ അതിൽ ഒരിക്കലും ഐസ് ഇടാതിരിക്കുക പറ്റിയാൽ മധുരവും (പഞ്ചസാരയ്ക്ക് പകരം എന്താണ് ഉപയോഗിക്കുന്നത് എന്ന് പറയാൻ പറ്റില്ല), പച്ചവെള്ളമോ കുപ്പി വെള്ളമോ കുടിക്കാതിരിക്കുക (ചൂടാക്കിയ വെള്ളം ആണ് സേഫ്) എന്നിങ്ങനെ മിനിമം മുൻകരുതലുകൾ എടുക്കും. ചിക്കൻ തന്തൂരിക്ക് കളർ ഉണ്ടാക്കുന്ന വസ്തുക്കളും എണ്ണയിൽ അലിയുന്ന പ്ലാസ്റ്റിക്കും ഒക്കെ എന്നെങ്കിലും ഒക്കെ കാൻസർ പിടിപ്പിച്ച് എന്നെ കൊല്ലും എന്ന് ഞാൻ പ്രതീക്ഷിക്കുന്നുണ്ട്. സ്ഥിരമായി ഹോട്ടലിൽ നിന്നും കഴിക്കുന്നവർക്ക് ആ പേടി വേണ്ട, കാരണം അമിതാഹാരം കാരണം ഹാർട്ട് അറ്റാക്ക് വന്ന് അവരതിന് മുൻപേ പോകും.