ഓരോ വീട്ടമ്മമാർക്കും പറയാനുണ്ടാകും ചില പൊടികൈകൾ, രുചികൂട്ടാൻ വീട്ടിൽ ശ്രദ്ധിക്കാവുന്ന ചില കാര്യങ്ങൾ.

1. മീൻ വറുക്കുമ്പോൾ പച്ച കുരുമുളക് ചേർത്താൽ മീൻ വറുത്തതിന് നല്ല മണവും രുചിയും കിട്ടും.

2. മുട്ട വലിയ തീയിൽ പാകം ചെയ്യരുത്. അധികം വെന്താൽ രുചി നഷ്‌ടപ്പെടും.

3. ഫ്ലാസ്‌കിനകത്തു ചൂടുള്ള ദ്രാവകങ്ങൾ ഒഴിക്കുമ്പോൾ അതിനകത്ത് ഒരു ടീസ്‌പൂൺ ഇട്ടിരുന്നാൽ റീഫിൽ പൊട്ടിപ്പോകാതെയിരിക്കും.

4. പ്ലാസ്‌റ്റിക്ക് കുപ്പികളോ പാത്രങ്ങളോ അൽപം നാരങ്ങ ഉപയോഗിച്ചു കഴുകിയാൽ അതിലെ ‘പ്ലാസ്‌റ്റിക്’ മണം മാറും.

5. ഇറച്ചിക്കു സവാള വഴറ്റുമ്പോൾ അൽപം പഞ്ചസാര ചേർത്താൽ പെട്ടെന്നു മൂക്കും. നല്ല സ്വാദും ഉണ്ടായിരിക്കും.

6. കട്‌ലറ്റിനു സവാള മൂക്കുമ്പോൾ സ്വല്‌പം നാരങ്ങനീര് ഒഴിച്ചാൽ നല്ല സ്വാദ് കിട്ടും. പ്രത്യേകിച്ചും ചിക്കൻ കട്‌ലറ്റിന്.

7. പഴുത്ത ചക്കപ്പഴം മിക്‌സിയിൽ അടിച്ചു ശർക്കരയും ചേർത്തു വഴറ്റി, തണുക്കുമ്പോൾ ഫ്രീസറിൽ സൂക്ഷിച്ചാൽ കേട് കൂടാതെ ഒരുവർഷക്കാലം ഇരിക്കും. ഇത് ആവശ്യാനുസരണം എടുത്ത് അരിപ്പൊടി, ഏലയ്‌ക്കാ, ജീരകം, തേങ്ങ, ഉപ്പ്, ശർക്കര എന്നിവ ചേർത്ത് വയണ ഇലയിൽ കുമ്പിളപ്പം ഉണ്ടാക്കാം.